പഠിക്കാൻ തുടങ്ങുന്നതിന് മുൻപ് …

Share:
  • ജി എസ് നായർ /

ഠിക്കാൻ തുടങ്ങുന്നതിന് മുൻപ് നാം തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചു രക്ഷിതാക്കളും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിശേഷിച്ചു പ്രൊഫഷണൽ കോളേജുകൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുമ്പോൾ. വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിനായി യൂനിവേഴ്സിറ്റി ഗ്രാന്‍ഡ് കമീഷനും മനുഷ്യവിഭവശേഷി മന്ത്രാലയവും നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോഴ്സുകള്‍ നടത്തുമ്പോള്‍ സര്‍വകലാശാലകളുടെ അംഗീകാരവും അനുമതിയും മാത്രം പോര, പ്രഫഷനല്‍ കൗണ്‍സിലുകളുടെ അംഗീകാരവും നിർബന്ധമാണ്. പ്രഫഷനല്‍ കൗണ്‍സിലുകള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് നല്‍കുന്ന അംഗീകാരം താല്‍ക്കാലികവും അഡ്മിഷന്‍ വര്‍ഷവുമായി ബന്ധപ്പെട്ടുമായിരിക്കും. പ്രഫഷനല്‍ കോഴ്സിന് ചേരുന്ന സ്ഥാപനത്തിന് മുന്‍ വര്‍ഷങ്ങളില്‍ അംഗീകാരമുണ്ടായിരുന്നു എന്ന കാരണത്താല്‍ നിലവിൽ അംഗീകാരം ഉണ്ടെന്ന് വിശ്വസിക്കരുത്.
നിശ്ചയിച്ച  കോഴ്സിന് ചേരുംമുമ്പ് പ്രസ്തുത കോഴ്സിന് പ്രഫഷനല്‍ കൗണ്‍സിലിന്‍െറ അംഗീകാരം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. അങ്ങനെ ഉറപ്പാക്കാന്‍ ഏതൊക്കെ പ്രഫഷനല്‍ കൗണ്‍സിലുകള്‍ ഉണ്ടെന്നും അവ ഏതൊക്കെ പ്രഫഷനല്‍ പഠനങ്ങളെയാണ് നിയന്ത്രിക്കുന്നതെന്നും താഴെ വിവരിക്കുന്നു .

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ)

1956ല്‍ നിലവില്‍വന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമാണ് എം.സി.ഐ നിലവില്‍വന്നത്. ആരോഗ്യരംഗത്തെ പഠനങ്ങളുടെ നിലവാരം നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം എം.സി.ഐക്കുണ്ട്. കോഴ്സുകളുടെ (എം.ബി.ബി.എസ്, ബി.ഡി.എസ്) പഠനകാലം, പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിലവാരം നിലനിര്‍ത്തുക, ഈ മേഖലയിലെ ജീവനക്കാരുടെയും ഉപകരണങ്ങളുടെയും നിലവാരം നിശ്ചയിക്കാനും നടപ്പാക്കാനും ഇടപെടുന്നു, പ്രഫഷനല്‍ പരീക്ഷകള്‍, പരീക്ഷ നടത്തുന്നവരുടെ യോഗ്യതകള്‍, ഇത്തരം പ്രഫഷനല്‍ പരീക്ഷകളുടെ പ്രവേശത്തിനുള്ള യോഗ്യത എന്നിവ നിശ്ചയിക്കേണ്ട ഉത്തരവാദിത്തവും എം.സി.ഐയുടേതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mciindia.org.

നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എജുക്കേഷന്‍ (എന്‍.സി.ടി.ഇ)

1993ലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച ഈ കൗണ്‍സില്‍ രാജ്യത്ത് നടക്കുന്ന എല്ലാ അധ്യാപക പരിശീലന വിദ്യാഭ്യാസത്തെയും നിയന്ത്രിക്കുന്ന സമിതിയാണ്. എന്‍.സി.ടി.ഇയുടെ അംഗീകാരം ലഭിക്കാതെ നടത്തുന്ന ബിരുദങ്ങള്‍ നേടിയാല്‍ അധ്യാപകനായി ജോലി നോക്കാന്‍ കഴിയില്ല. കൗണ്‍സിലിന്‍െറ പ്രധാന ചുമതലകള്‍ ഇവയാണ്. അധ്യാപക വിദ്യാഭ്യാസം നടത്തിപ്പിനെ നിയന്ത്രിക്കുക, അവശ്യയോഗ്യതകള്‍ നിശ്ചയിക്കുക, അധ്യാപകപഠനവുമായി ബന്ധപ്പെട്ട പരീക്ഷാരീതികളും പരിശീലന ക്ളാസുകള്‍ക്കും ആവശ്യം വേണ്ട നിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം നല്‍കുക എന്നിവ എന്‍.സി.ടി.ഇയുടെ ചുമതലയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ncteindia.org.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ)

1987ല്‍ എ.ഐ.സി.ടി.ഇ ആക്ട് പ്രകാരം നിലവില്‍വന്നതാണ് എ.ഐ.സി.ടി.ഇ. ടെക്നിക്കല്‍ പഠനത്തിന്‍െറ മികവിനും നിലവാരത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൂര്‍ണാധികാരം ഈ കൗണ്‍സിലിനുണ്ട്. ഇതുകൂടാതെ എല്ലാതരത്തിലുമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിന്‍െറയും കോഓഡിനേഷന്‍, സാങ്കേതികവിദ്യാഭ്യാസം നടത്തുന്ന സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും പ്രവര്‍ത്തനമികവ് വിലയിരുത്താന്‍ അവശ്യം വേണ്ട രീതിശാസ്ത്രവും പ്രയോഗവഴികളും നിശ്ചയിച്ച് നടപ്പില്‍വരുത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട നിലവാരം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, പുതിയ സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങാനും നിലവിലുള്ളവയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാനുമുള്ള അനുവാദം നല്‍കുക തുടങ്ങിയവയും എ.ഐ.സി.ടി.ഇയുടെ ചുമതലയാണ്. ഡല്‍ഹിയിലാണ് എ.ഐ.സി.ടിയുടെ ആസ്ഥാനം. വിവിധഭാഗത്ത് റീജ്യനല്‍ ഓഫിസുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aicte.ernet.in

ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി.സി.ഐ)

വിവിധ സര്‍വകലാശാലകളിലും കോളജുകളിലും നടക്കുന്ന ദന്തചികിത്സാവിദ്യാഭ്യാസത്തിന്‍െറ നിലവാരവും പ്രവര്‍ത്തനരീതികളും നിയന്ത്രിക്കുകയും കാലത്തിനാവശ്യമായ പരിഷ്കരണങ്ങള്‍ നടപ്പില്‍വരുത്തുകയുമാണ് ഡി.സി.ഐയുടെ പ്രഥമചുമതല. വെബ്സൈറ്റ് www.dciindia.org.in

ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ)

ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ 1948ലെ ‘ഫാര്‍മസി ആക്ടിലെ’ സെക്ഷന്‍ 3 പ്രകാരം ആരംഭിച്ചതാണ്. ബിരുദതലം വരെയുള്ള ഫാര്‍മസി വിദ്യാഭ്യാസവും അതുമായി ബന്ധപ്പെടുന്ന മുഴുവന്‍ അക്കാദമികവും അല്ലാത്തതുമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന കൗണ്‍സിലാണ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ. വെബ്സൈറ്റ്: www.pci.nic.in

ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ (ഐ.എന്‍.സി)

നഴ്സിങ് വിദ്യാഭ്യാസരംഗത്ത് രാജ്യത്താകമാനം ഏകസ്വഭാവവും രീതിയും നിലനിര്‍ത്താന്‍ 1947ലെ നഴ്സിങ് കൗണ്‍സില്‍ ആക്ട് പ്രകാരം നിലവില്‍വന്നതാണ് ഈ കൗണ്‍സില്‍. നഴ്സിങ് വിദ്യാഭ്യാസത്തിന്‍െറ രീതിശാസ്ത്രത്തെ നിയന്ത്രിക്കാനുള്ള അധികാരം ഈ കൗണ്‍സിലിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiannursingcouncil.org/

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച് (ഐ.സി.എ.ആര്‍)

കൃഷി അനുബന്ധ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനും ഈ മേഖലയില്‍ രാജ്യാന്തര നിലവാരം നിലനിര്‍ത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icar.org.in സന്ദര്‍ശിക്കുക.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി.സി.ഐ)

1961ലെ അഡ്വക്കറ്റ്സ് ആക്ട് പ്രകാരം നിലവില്‍വന്ന കൗണ്‍സിലിന് നിയമവിദ്യാഭ്യാസത്തിന്‍െറയും പ്രഫഷന്‍െറയും കാലികമായ മാറ്റങ്ങളെയും നിര്‍ദേശിക്കാന്‍ അധികാരമുണ്ട്.

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി (സി.സി.എച്ച്)

ഹോമിയോ വിദ്യാഭ്യാസത്തെയും അനുബന്ധ മേഖലയെയും നിയന്ത്രിക്കുന്ന കൗണ്‍സിലാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി.
1973ലെ ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമാണ് നിലവില്‍വന്നത്. ഈ കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഹോമിയോപ്പതി പ്രഫഷനില്‍ പ്രാക്ടീസ് നടത്താന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cchindia.com

സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ (സി.സി.ഐ.എം)

സെന്‍ട്രല്‍ സിസ്റ്റം ഓഫ് മെഡിസിനുകളായ ആയുര്‍വേദ, സിദ്ധ, യുനാനി അടക്കമുള്ള ചികിത്സാ സമ്പ്രദായത്തില്‍ നടക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ നിലവാരവും കൃത്യതയും നിയന്ത്രിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ട് 1970 പ്രകാരമാണ് കൗണ്‍സില്‍ നിലവില്‍വന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ccimindia.org.

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സി.ഒ.എ)

1972ലെ ആര്‍ക്കിടെക്ചര്‍ ആക്ട് പ്രകാരം നിലവില്‍വന്ന കൗണ്‍സില്‍ രാജ്യത്ത് നടക്കുന്ന ആര്‍ക്കിടെക്ട് വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന കൗണ്‍സിലാണ്. ആര്‍ക്കിടെക്ട് യോഗ്യത നേടുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.coa.gov.in.

ഇവ കൂടാതെ റീഹാബിറ്റേഷന്‍ കൗണ്‍സില്‍ (/rehabcouncil.nic.in), നാഷനല്‍ കൗണ്‍സില്‍ ഫോര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് (www.ncri.in), സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഹയര്‍ എജുക്കേഷന്‍ (www.kshec.kerala.gov.in) എന്നീ കൗണ്‍സിലുകളുമുണ്ട്.

 

Share: