ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ ….

Share:
Personality development

എം ആർ കോപമേയർ                                                        പരിഭാഷ: എം ജി കെ നായർ

പ്രപഞ്ചത്തിനേയും അതിനുള്ളിലുള്ള സകലതിനേയും – നിങ്ങള്‍ ഉള്‍പ്പടെ- ഭരിക്കുന്ന അനശ്വരവും അജയ്യവുമായ പ്രാപഞ്ചിക നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഉദാഹരണം : ഗുരുത്വാകര്‍ഷണ നിയമം
കാര്യകാരണ നിയമം
വര്‍ദ്ധമാനസമൃദ്ധി നിയമം

നിങ്ങള്‍ ആഗ്രഹിക്കുന്നതു നേടിയെടുക്കാന്‍ ‘വര്‍ദ്ധമാനസമൃദ്ധി നിയമം’ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയാണ്, ഈ അദ്ധ്യായത്തില്‍. അതും ഏറ്റവും വദ്ധമാനഅളവില്‍ ലഭിക്കുന്നതിന്.

വര്‍ദ്ധമാനസമൃദ്ധി നിയമം അനുശാസിക്കുന്നത്, എല്ലാറ്റിനും നിങ്ങള്‍ നന്ദിയുള്ളവര്‍ ആയിരിക്കണമെന്നാണ് – നിങ്ങളുടെ നന്ദിക്കു പകരമായി, അതിന്‍റെ അളവനുസരിച്ച് നിങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അളവില്‍ നിങ്ങള്‍ക്ക് ലഭിക്കും.

യഥാര്‍ത്ഥത്തില്‍ കാര്യകാരണ നിയമത്തിന്‍റെ ഒരു പ്രയോഗം തന്നെയാണ് വര്‍ദ്ധമാന സമൃദ്ധി നിയമം, നിങ്ങള്‍ തീവ്രമായി നന്ദിയുള്ളവരായിരിക്കണമെന്നതാണ് “കാരണം”. അത് നിങ്ങള്‍ ആഗ്രഹിക്കുന്നതും തീവ്രമായി നന്ദി പ്രകാശിപ്പിക്കുന്നതുമായ എന്തും ധാരാളാമായി നിങ്ങളുടെ ജീവിതത്തിലേക്ക് കോരിച്ചൊരിയുന്നുവെന്നതാണ് “ഫലം”!

നിങ്ങളുടെ നന്ദി വര്‍ദ്ധിക്കുന്നതനുസരിച്ച് നിങ്ങളുടെ ഐശ്വര്യം (സമൃദ്ധി) വര്‍ദ്ധിക്കുന്നു.

എന്‍റെ വായനക്കാരുടെ മതവിശ്വാസങ്ങളില്‍ കടന്നു കൂടുകയെന്നത് ഒരിക്കലും എന്‍റെ ഒരു പുസ്തകത്തിന്‍റെയും ഉദ്ദേശ്യമല്ല. എന്നിരുന്നാലും ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളെ സംബന്ധിച്ചും സത്യമായ ഒരു കാര്യമുണ്ട് – സമൃദ്ധി ചൊരിയപ്പെടുന്നത് ഭക്തിപൂര്‍വ്വകമായി അതിനു നന്ദി പ്രകടിപ്പിക്കുന്നവരിലാണ്. അഹങ്കാരത്തോടെ നന്ദികേടുകാണിക്കുന്നവരില്‍ നിന്നും സമൃദ്ധി എടുത്തു മാറ്റപ്പെടുന്നു; അല്ലെങ്കില്‍ അതവര്‍ക്ക്‌ നിരസിക്കപ്പെടുന്നു.

ഈശ്വരാനുഗ്രഹത്തിനും ഐശ്വര്യസമൃദ്ധിക്കും ഭക്തിപൂര്‍വ്വകമായ നന്ദിപ്രകടനം ഒരത്യാവശ്യ ഘടകമാണെന്ന് നിങ്ങളുടെ മതം പഠിപ്പിച്ചേക്കാം; നന്ദികേടിനുള്ള ശിക്ഷയായി സമൃദ്ധി നിരസിക്കപ്പെടുകയോ എടുത്തു മാറ്റപ്പെടുകയോ ചെയ്യുന്നുവെന്നും.

അതല്ലെങ്കില്‍, സ്ഥിരമായി നിലനില്‍ക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കൃതജ്ഞതാമനോഭാവം എല്ലാറ്റിനേയും ആകര്‍ഷിക്കുകയും, സ്ഥിരമായി നിലനില്‍ക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കൃതഘ്നതാമനോഭാവം എല്ലാറ്റിനേയും വികര്‍ഷിക്കുകയും ചെയ്യുന്നു എന്ന വിശദീകരണം നിങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നിയേക്കാം – സമൃദ്ധിയെ സംബന്ധിച്ചിടത്തോളം അതും ബാധകമാണ്.

അല്ലെങ്കില്‍, എല്ലാ വസ്തുക്കളും അനുരൂപമായിരിക്കണമെന്ന അന്യോന്യ സമന്വയനിയമം അനുസരിച്ചുള്ള വിശദീകരണം നിങ്ങള്‍ക്ക് സ്വീകരിക്കാം. അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധിക്ക് നിങ്ങള്‍ തീവ്രമായി നന്ദി നിലനിര്‍ത്തിക്കൊണ്ടിരുന്നാല്‍, വര്‍ദ്ധമാന സമൃദ്ധി ഉണ്ടാകും –

നിങ്ങളുടെ നന്ദിക്ക് അനുരൂപമായ വിധത്തില്‍ എല്ലാ വസ്തുക്കളും അനുരൂപമായിരിക്കണമെന്നത് പ്രപഞ്ചത്തിന്‍റെ സ്വാഭാവിക ക്രമമാണ്. എല്ലാറ്റിലും അനുരൂപ്യം നിലനിര്‍ത്താന്‍ പ്രകൃതി അത്ഭുതകരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സ്ഥിരവും തീവ്രവുമായ നന്ദി പ്രകടനത്തിന് അനുരൂപമായ വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

നിങ്ങള്‍ എല്ലാറ്റിനും സ്ഥിരമായും തീവ്രമായും നന്ദിയുള്ളവനായിരിക്കണം – അന്യോന്യസമന്വയ നിയമം ഉപയോഗിക്കുന്നതിനുള്ള പ്രത്യേകാവശ്യകതകളില്‍ ഒന്നാണത്.

അതു ശരി! എല്ലാറ്റിനും! പ്രത്യക്ഷത്തില്‍ നല്ലതൊന്നു തോന്നുന്ന എന്തിനും നന്ദിയുള്ളവരായിരിക്കുക എളുപ്പമാണ്. എന്നാല്‍ മിക്ക ആളുകളും അതിനുപോലും തീവ്രമായ നന്ദി പ്രകടിപ്പിക്കാറില്ല.

എന്നാല്‍ അന്യോന്യസമന്വയ നിയമം അനുശാസിക്കുന്നത് നിങ്ങള്‍ തീവ്രമായി നന്ദി പ്രകടിപ്പിക്കണമെന്നാണ് – പ്രത്യക്ഷമായി, തുറന്ന മനസ്സോടെ, ആത്മാര്‍ത്ഥമായി, തീവ്രമായി എല്ലാറ്റിനും നന്ദി പ്രകടിപ്പിക്കണം. അങ്ങനെ ചിന്തിച്ചാല്‍ പോരാ, നിങ്ങള്‍ നന്ദിയുള്ളവനാണെന്ന് മറ്റുള്ളവരോടു തുറന്നു പറയുകയും വേണം.
എന്തുകൊണ്ടെന്നാല്‍, അതു നിങ്ങളുടെ ജീവിതത്തെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധിയുടെ വിളവെടുപ്പാക്കി മാറ്റും! ഐശ്വര്യത്തിൻറെയും സമ്പത്തിൻറെയും…

അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകുമെന്നാണ്…. എളുപ്പത്തില്‍!

( തുടരും)

Share: