@40- തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ

Share:

തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ
– കെ എ അബ്ബാസ്

പരീക്ഷാഫലം അറിയുന്നതോടൊപ്പം തന്നെ ചെറുപ്പക്കാർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമുണ്ട്.
ഇനി എന്ത്?
എങ്ങോട്ട്?
ഉപരിപഠനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തലവേദന വർദ്ധിക്കുന്നു. മാർക്കിൻറെ ശതമാനം. സീറ്റുകളുടെ എണ്ണം. സംവരണം ചെയ്യപ്പെട്ട സീറ്റുകൾ… പിന്നെ പണം.

പല രക്ഷകർത്താക്കളും ഉരുവിടുന്ന ഒരു പരാതിയുണ്ട്. മകന് അല്ലെങ്കിൽ മകൾക്ക് ബുദ്ധി പോരാ.
ബുദ്ധിയുണ്ടായിരുന്നെങ്കിൽ മെഡിസിനോ എൻജിനീയറിങ് അതല്ലെങ്കിൽ ലോ കോളജിലോ പഠിപ്പിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. നമ്മുടെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നത്തിലേക്ക് ഈ വാക്കുകൾ വിരൽ ചൂണ്ടുന്നു. രക്ഷകർത്താക്കളോ കുട്ടികളോ ആരുംതന്നെ ഒരു വ്യക്തിയുടെ അഭിരുചിയെക്കുറിച്ച് ആലോചിക്കുന്നില്ല. എൻജിനീയറാകാൻ ഒരാൾ യോഗ്യനാണോ ഡോക്ടർ ആകാനുള്ള താല്പര്യം ഒരാളിലുണ്ടോ ഇതൊന്നും ആർക്കും പ്രശ്നമല്ല. ഇതേക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. പ്രത്യേക വിഷയത്തിലുള്ള താല്പര്യത്തെക്കുറിച്ച് യാതൊരു പരിഗണനയും നൽകാതെ ഓരോരുത്തരിലും ഭാരം അടിച്ചേൽപ്പിക്കുകയാണ്.

ബുദ്ധിയില്ലാത്ത മനുഷ്യരുണ്ടോ? ഇല്ല എന്ന് തന്നെ പറയാം അഥവാ ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവമായി മാത്രം ഏർപ്പെടുന്ന കാര്യത്തിന് അനുയോജ്യരല്ലാത്തതു കൊണ്ട് മാത്രം പലരും പിന്തള്ളപ്പെടുകയാണ്.
തുന്നി തയ്യാറാക്കുന്ന തൊപ്പി പലരുടെയും തലയിൽ ചേരുന്നില്ല എന്ന് മാത്രം.

ഒരു വ്യക്തിയുടെ അഭിരുചി സംഗീതത്തിൽ ആണെങ്കിൽ അയാൾക്ക് വക്കീലായി ശോഭിക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്. കോളേജിൽ ആണെങ്കിലും കോടതിയിൽ ആണെങ്കിലും അയാൾക്കതിന് കഴിയില്ല. ചലച്ചിത്രകാരൻ ആകണം എന്നാണ് ആഗ്രഹം എന്നിരിക്കട്ടെ അയാൾക്ക് എങ്ങനെ ഒരു എൻജിനീയർ ആയി ശോഭിക്കാൻ കഴിയും? തീർച്ചയായും അയാൾക്കതിന് ആവില്ല. കലയോട് താൽപര്യമുള്ള ഒരു വ്യക്തി സയൻസോ കൊമേഴ്സ് പഠിക്കുന്നതിലൂടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. ഒരു ഡോക്ടർ ആകാനാണ് ഒരാൾക്ക് താല്പര്യം എങ്കിൽ അയാൾ രാഷ്ട്രീയം പഠിക്കുന്നതിൽ അർത്ഥമില്ല.

ഒരു വ്യക്തിയുടെ താൽപര്യം ഏത് വിഷയത്തിലാണ് എന്നാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. അയാളുടെ അഭിരുചിയും എന്നും അതിലായിരിക്കും. ഒരു റെയിൽവേ ഗാർഡ് ആകുക എന്നതായിരുന്നു വളരെ ചെറുപ്പത്തിൽ എൻറെ സ്വപ്നം. അഞ്ചാമത്തെയോ ആറാമത്തെയോ വയസ്സിൽ ചാർലി ചാപ്ലിൻറെ സിനിമ കാണാനിടയായ എന്നിൽ ഒരു ഫിലിം ഓപ്പറേറ്റർ ആകുക എന്ന മോഹം അങ്കരിച്ചു. സിനിമയെന്ന അത്ഭുതം എന്നും സൗജന്യമായി കാണാമല്ലോ എന്ന ചിന്തയാകണം അതിനു പിന്നിൽ. പിന്നീട് അച്ഛൻ ഉറുദുവിലുള്ള ഒരു കുട്ടികളുടെ മാസിക വാങ്ങാൻ തുടങ്ങിയതോടെ എൻറെ താല്പര്യം സാഹിത്യത്തിലേക്ക് തിരിഞ്ഞു. അതിൽ ഞാൻ കഥകളും മറ്റും എഴുതിത്തുടങ്ങി.

വളർന്നു വന്നതോടെ വീട്ടിൽ അച്ഛൻ വരുത്തിയിരുന്ന പത്രങ്ങൾ സ്ഥിരമായി വായിച്ചു തുടങ്ങി. അങ്ങനെ രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും ഒരുപോലെ താൽപര്യം വർദ്ധിക്കുകയും അതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുകയും ചെയ്തു.

കുട്ടികൾക്ക് എന്തിലാണ് താല്പര്യം എന്നറിയാൻ തുടക്കം മുതൽ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്.
കുട്ടികളുടെ മുന്നിൽ കലയുമായും ശാസ്ത്രവുമായും എൻജിനീയറിങ്ങുമായും ബന്ധപ്പെട്ട കളിപ്പാട്ടങ്ങൾ ഇട്ടുകൊടുക്കുക കുട്ടികളുടെ മനസ്സിൻറെ ചായ്‌വ് എന്തിലേക്കാണ് എന്ന് തുടക്കം മുതലേ അറിയുവാൻ ഇത് സഹായിക്കും. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുമ്പോൾ ഉയർന്നുവരുന്ന ‘ഇനി എന്ത്?’ എന്ന പ്രശ്നത്തിൽ നിന്നും അകന്നുനിൽക്കാൻ തീർച്ചയായും ഇത് സഹായിക്കും.

ഒരു കുട്ടി ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങളിലാണ് താൽപര്യം കാട്ടുന്നതെങ്കിൽ തീർച്ചയായും അയാളെ ആ രീതിയിലുള്ള പഠന സമ്പ്രദായത്തിലേക്ക് നയിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
അവൻ ഒരു പിയാനോയിൽ തൊട്ടു കളിക്കുകയും താല്പര്യപൂർവ്വം അത് പഠിക്കാൻ ശ്രമിക്കുന്നതായും കാണുന്നുണ്ടെങ്കിൽ ഒരു സംഗീതജ്ഞൻ ആകാനാണ് അവൻ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കണം.

ഒരു കാര്യം പ്രധാനമാണ് കുട്ടിയുടെ താൽപര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അതിന് വിദഗ്ധന്മാരുടെ സഹായം സ്വീകരിക്കാവുന്നതാണ്. സംഗീതത്തിൽ താൽപര്യം കാട്ടുന്ന ഒരു കുട്ടിയെ നിർബന്ധിച്ചു മെഡിക്കൽ കോളേജിൽ പറഞ്ഞയക്കുന്നതിലൂടെ പണം വൃഥാ കളയാം എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. എന്നാൽ ഒരു വിഷയത്തിൽ വെറുതെ കാട്ടുന്ന രസം ആഴത്തിലുള്ള താല്പര്യം ആണെന്ന് കരുതാൻ പാടില്ല. അതിനാണ് ഒരു വിദഗ്ദ്ധൻറെ ഉപദേശം ആരായണമെന്ന് പറയുന്നത്. വെറും താൽപര്യം മാത്രം കൊണ്ട് പൂർണ്ണമാകുന്നില്ല. അത് മനസ്സിൻറെ അടിത്തട്ടിൽ നിന്നും ജന്മം എടുക്കുന്ന വികാരമായിരിക്കണം. ആ വികാരത്തിന് പിന്നിൽ ശക്തമായ അഭിവാഞ്ചയും കഠിനാധ്വാനം ചെയ്യാനുള്ള സന്മനസ്സും ഉണ്ടെങ്കിൽ നൈസർഗികമായ അഭിരുചിയായി അത് മാറുന്നു. പ്രചോദനം, പ്രവർത്തിക്കാൻ വേണ്ട മനക്കരുത്തും ശക്തിയും നൽകുന്നു.

മാതാപിതാക്കളുടെയും അധ്യാപകരുടെയും മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും ലക്ഷ്യത്തിലെത്താൻ ഒരു കുട്ടിക്ക് സഹായകമായി തീരാറുണ്ട്. അവർ കുട്ടിയുടെ ചലനങ്ങളിൽ പോലും ശ്രദ്ധാലുക്കളായിരിക്കണം. അവൻറെ സൃഷ്ടിപരമായ ഓരോ നീക്കങ്ങളിലും ശ്രദ്ധിക്കുകയും അവ വികസിപ്പിച്ചെടുക്കുവാൻ കഴിയുന്നത്ര സഹായിക്കുകയും വേണം. അഭിരുചിയെന്നത് തുടക്കത്തിൽ വെറുമൊരു മാറ്റമായിരിക്കും ഈ അവസ്ഥയിൽ യോജിച്ച ഒരു തൊഴിലിനെക്കുറിച്ച് ചിന്തിക്കാൻ അധ്യാപകൻറെ സഹായം തീർച്ചയായും ഉണ്ടായിരിക്കണം. മലകയറ്റത്തിൽ അതീവ താൽപ്പര്യം കാട്ടുന്ന ഒരു കുട്ടി പർവ്വതാരോഹണം ഒരു ഹോബിയായോ ഒരുപക്ഷെ ഒരു തൊഴിലായോ തിരഞ്ഞെടുത്തുകൂടെന്നില്ല. സ്‌കൗട്ടിലോ എൻസിസിയിലോ ഉള്ള താല്പര്യം ആർമിയിലോ നേവിയിലോ ഒരു കുട്ടിയെ കൊണ്ട് എത്തിച്ചെന്നിരിക്കാം.

ഒരു കുട്ടിയുടെ അഭിരുചി മനസ്സിലാക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും മറ്റാരെക്കാളും അവസരങ്ങൾ കിട്ടുന്നു. ശരിയായ മാർഗത്തിലൂടെ കുട്ടികളെ നയിക്കുക എന്ന ഉത്തരവാദിത്വം അവർക്കുള്ളതാണ്.

(കരിയർ മാഗസിൻ – ഓഗസ്റ്റ് – 1984 )

Share: