സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 20ന്
സംസ്ഥാന ഹയർ സെക്കൻഡറി നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക യോഗ്യതനിർണയ പരീക്ഷയായ ‘സെറ്റ്’ അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 20ന് നടക്കും. ജില്ല ആസ്ഥാനങ്ങൾ പരീക്ഷകേന്ദ്രങ്ങളായിരിക്കും. കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് ടെസ്റ്റ് നടത്തുന്നത്.
ടെസ്റ്റിൽ 30 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അറബിക്, ആന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഹോംസയൻസ്, ഇസ്ലാമിക് ഹിസ്റ്ററി, ജേണലിസം, മലയാളം, കന്നട, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉർദു, സുവോളജി എന്നിങ്ങനെയാണ് വിഷയങ്ങൾ.
ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/ തുല്യഗ്രേഡിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും ഏതെങ്കിലും വിഷയത്തിൽ ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ/തുല്യഗ്രേഡിൽ കുറയാത്ത എം.എസ്സി എജുക്കേഷൻ യോഗ്യത നേടിയവരെയും പരിഗണിക്കും. ആന്ത്രോപ്പോളജി, കോമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോംസയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ/തുല്യഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്ക് ബി.എഡ് േയാഗ്യത നിർബന്ധമില്ല. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് ഇംഗ്ലീഷ് വിഷയത്തിൽ ‘സെറ്റിൽ’ പെങ്കടുക്കാം.
പട്ടികജാതി/വർഗക്കാർക്ക് യോഗ്യതപരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. മാസ്റ്റേഴ്സ് ഡിഗ്രി നേടിയതിനുശേഷം ഫൈനൽ ബി.എഡിന് പഠിക്കുന്നവർക്കും ബി.എഡ് കഴിഞ്ഞ് ഫൈനൽ മാസ്േറ്റഴ്സ് ഡിഗ്രിക്ക് പഠിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി ‘സെറ്റിന്’ അപേക്ഷിക്കാം.
സെറ്റിൽ പങ്കടുക്കുന്നതിന് പ്രായപരിധിയില്ല. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ടെസ്റ്റിൽ രണ്ട് പേപ്പറുകളുണ്ട്. ഒാരോ പേപ്പറിനും 120 മിനിറ്റ് വീതം സമയം ലഭിക്കും. പേപ്പർ ഒന്ന് പൊതുവായിട്ടുള്ളതാണ്. ഇതിൽ പൊതുവിജ്ഞാന ചോദ്യങ്ങളും ടീച്ചിങ് അഭിരുചി പരിശോധിക്കുന്ന ചോദ്യങ്ങളും അടങ്ങിയ രണ്ട് പാർട്ടുകളുണ്ടാവും. പേപ്പർ രണ്ടിൽ പ്രത്യേകം തെരെഞ്ഞടുക്കപ്പെട്ട വിഷയങ്ങളിൽ പി.ജി നിലവാരത്തിലുള്ള േചാദ്യങ്ങളുണ്ടാവും. ഒാരോ പേപ്പറിനും 120 ചോദ്യങ്ങൾ ഉണ്ടാവും. ഒാരോ േചാദ്യത്തിനും ഒാരോ മാർക്ക് വീതം. എന്നാൽ, പേപ്പർ രണ്ടിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് 80 ചോദ്യങ്ങൾ വീതമാണുണ്ടാവുക. ഒാരോന്നിനും ഒന്നര മാർക്ക് വീതം. ഉത്തരം തെറ്റിയാലും സ്കോർ ചെയ്തതിൽനിന്ന് മാർക്ക് കുറക്കില്ല. മൂല്യ നിർണയത്തിന് നെഗറ്റിവ് മാർക്കില്ല. ടെസ്റ്റ് സിലബസും മുൻകാല ചോദ്യപേപ്പറുകളും വെബ്സെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ടെസ്റ്റിന് തയാറെടുക്കാം.
സെറ്റിനുള്ള അപേക്ഷഫോറം ജൂലൈ 12 വരെ തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഒാഫിസുകൾ വഴി വിതരണം ചെയ്യും. അപേക്ഷഫീസ് 750 രൂപയാണ്. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർക്ക് 375 രൂപ മതി. ഒാൺലൈൻ രജിസ്ട്രേഷനായുള്ള ആപ്ലിക്കേഷൻ നമ്പർ, ആക്സസ് കീ എന്നിവ അപേക്ഷഫോറത്തിലുണ്ടാവും. ഇവ രണ്ടും ഉപയോഗിച്ച് www.lbscentre.org / www.lbskerala.com എന്ന വെബ്സൈറ്റിലൂടെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ജൂലൈ 12ന് വൈകീട്ട് മൂന്നു മണിവരെ രജിസ്ട്രേഷൻ സ്വീകരിക്കും. അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ടെസ്റ്റിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗക്കാർ പേപ്പർ ഒന്നിന് 40, പേപ്പർ രണ്ടിന് 40, മൊത്തത്തിൽ 48 ശതമാനം എന്നിങ്ങനെ മാർക്ക് നേടണം. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർ യഥാക്രമം 35, 35, 45 ശതമാനം, പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ യഥാക്രമം 35, 35, 40 ശതമാനം എന്നിങ്ങനെ മാർക്ക് നേടണം. ഉത്തരസൂചിക ആഗസ്റ്റ് 23ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.org, www.lbskerala.com എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
അപേക്ഷഫോറം വിതരണം ചെയ്യുന്ന പോസ്റ്റ് ഒാഫിസുകൾ
തിരുവനന്തപുരം ജി.പി.ഒ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പൂജപ്പുര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പത്തനംതിട്ട, അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ, ചേർത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂർ, വടക്കാഞ്ചേരി, ആലത്തൂർ, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, കൽപറ്റ, കാഞ്ഞങ്ങാട്, കാസർകോട്, കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി.