ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

453
0
Share:

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നാഷനല്‍ ഹാന്‍ഡികാപ്ഡ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (എന്‍.എച്ച്.എഫ്.ഡി.സി) ഏര്‍പ്പെടുത്തിയ 2500 സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 30 ശതമാനം സ്കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രഫഷനല്‍ സാങ്കേതിക ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ പഠിക്കുന്ന വർക്ക്‌ അപേക്ഷിക്കാം.
അപേക്ഷകരു ടെ വാര്‍ഷിക കുടുംബവരുമാനം മൂന്നുലക്ഷത്തില്‍ കവിയാന്‍ പാടില്ല. പ്രതിമാസ വരുമാനം 25,000 രൂപയില്‍ കവിയരുത്. പഠിക്കുന്ന കോഴ്സില്‍ മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപന്‍ഡോ വാങ്ങുന്നവരാകരുത്.
അപേക്ഷ ഓണ്‍ലൈനായി www.nhfdc.nic.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. നടപ്പ് അധ്യയനവര്‍ഷം 2017 ജൂണ്‍ 30നകമുള്ള ഏത് ദിവസവും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ പ്രിന്‍റൗട്ട് എടുത്ത്, പഠിക്കുന്ന സ്ഥാപന മേധാവിയെക്കൊണ്ട് ശിപാര്‍ശ ചെയ്ത് National Handicapped Finance and Development Corporation (NHFDC), 3rd Floor, PHD House, 4/2, Siri Institutional area, August Kranti Marg, New Delhi- 1100016 എന്ന വിലാസത്തില്‍ അയക്കുകയും വേണം. ഹാര്‍ഡ് കോപ്പി ലഭിക്കാതെ സോഫ്റ്റ് കോപ്പിയില്‍ തുടര്‍നടപടി സ്വീകരിക്കില്ല. ഹാര്‍ഡ് കോപ്പിയോടൊപ്പം വിദ്യാഭ്യാസയോഗ്യത, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ്, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസ്എബ്ലിറ്റി സര്‍ട്ടിഫിക്കറ്റിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്സ് ഫീസ് രസീത്, സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍െറ ഫോട്ടോകോപ്പി, കാന്‍സല്‍ചെയ്ത ചെക്ലീഫ് തുടങ്ങിയ നിര്‍ദേശിച്ച രേഖകള്‍ ഉള്ളടക്കം ചെയ്യാന്‍ മറക്കരുത്.
ആനുകൂല്യങ്ങള്‍: സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ സമാന കോഴ്സുകളിലേതിന് തുല്യമായി പരിമിതപ്പെടുത്തി അടച്ച ഫീസ് തിരികെ ലഭിക്കും.
പ്രതിമാസ മെയ്ന്‍റനന്‍സ് അലവന്‍സായി പ്രഫഷനല്‍ ബിരുദ കോഴ്സുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് 2500 രൂപയും പ്രഫഷനല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പഠിക്കുന്നവര്‍ക്ക് 3000 രൂപയും വീതം പരമാവധി ലഭിക്കുന്നതാണ്. ഇതിന് പുറമെ ബുക്/സ്റ്റേഷനറി അലവന്‍സായി പ്രതിവര്‍ഷം പ്രഫഷനല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയും പ്രഫഷനല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ലഭ്യമാകും. ഇതിന് പുറമെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തിലൊരിക്കല്‍ എയ്ഡ് അപൈ്ളയന്‍സസ് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും ഈ സ്കോളര്‍ഷിപ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നതാണ്.
2016-17 അധ്യയന വര്‍ഷത്തെ ഈ സ്കോളര്‍ഷിപ് സംബന്ധിച്ച സമഗ്രവിവരങ്ങള്‍ www.nhfolc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീ-മെട്രിക് സ്കോളര്‍ഷിപ്പുകള്‍
കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും.
കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളില്‍ പഠിക്കുന്നതും മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെടുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ്/അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെയും പരിഗണിക്കും. ഒരു കുടുംബത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കേ അര്‍ഹതയുള്ളൂ. രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകര്‍ മുന്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്/ഗ്രേഡ് നേടി വിജയിച്ചിരിക്കണം. ഒന്നാം സ്റ്റാന്‍ഡേര്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല.
രക്ഷാകര്‍ത്താക്കള്‍ അവരുടെ വാര്‍ഷിക വരുമാനം സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഉദ്യോഗമുള്ളവര്‍ അതത് സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷകന്‍െറ (കുട്ടിയുടെ) മതം തെളിയിക്കുന്നതിന് രക്ഷാകര്‍ത്താവ് സ്വയം തയാറാക്കിയ സത്യവാങ്മൂലവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മുദ്രപത്രം ആവശ്യമില്ല.
അപേക്ഷകരുടെ (കുട്ടികളുടെ) ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്‍െറ പേര്, സ്ഥിതിചെയ്യുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളും അപേക്ഷയിലുണ്ടാവണം.
www.scholarships.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ. മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് തുക ലഭിച്ചിട്ടുള്ളവര്‍ ‘Renewal’ എന്ന കോളം മാര്‍ക്ക് ചെയ്ത് പുതുതായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.education.kerala.gov.in.

Share: