"സാങ്കേതിക വിദ്യ പഠനത്തെ എളുപ്പമാക്കി " – ഒ. ആനന്ദ് ഐ. എ. എസ്
” പഠിക്കുന്നതിനായി പുത്തൻ സാങ്കേതിക വിദ്യ ഞാൻ ഏറെ ഉപയോഗി ച്ചു . ലാപ്ടോപ്പും ഇന്റര്‍നെറ്റും കുറച്ചൊന്നുമല്ല സഹായിച്ചത്. പത്രവായന മുടക്കിയിട്ടില്ല. ഇ – പേപ്പറുകളാണ് വായിച്ചിരുന്നത്. ആവശ്യമുള്ള വാര്‍ത്തകളും ലേഖനങ്ങളും അപ്പോള്‍ തന്നെ സേവ് ചെയ്തുവയ്ക്കും. പിന്നീട് കുറിപ്പുകള്‍ തയാറാക്കും. ഇതിനായി വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു. ദിവസേന രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ ഇതിനുവേണ്ടി ചെലവഴിച്ചു”
– പറയുന്നത് ഒ . ആനന്ദ് . ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമതെത്തിയ മലയാളി. ഈ മലപ്പുറം കാരൻ ഇന്ത്യയിൽ
33 -മതെത്തി ഐ എ എസ് നേടി.
അതൊരു സ്വപ്നമായിരുന്നു ആനന്ദിന്.
രണ്ടാമത്തെ തയാറെടുപ്പില്‍ സിവില്‍ സര്‍വീസ് കൈയിലൊതുക്കിയതിന്റെ രഹസ്യം ആനന്ദ് കരിയർ മാഗസിനുമായി പങ്കുവയ്ക്കുന്നു…….
തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സിവില്‍ സര്‍വീസിനായി ആനന്ദ് ശ്രമിച്ചു തുടങ്ങിയത്.
ക്ലാസുകള്‍ കേട്ട് പഠിച്ചിരുന്നില്ല. പഠനത്തിന് സ്വന്തമായി ഒരു വഴി രൂപപ്പെടുത്തി.
“സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോള്‍ തുടര്‍ച്ചയായി റിവിഷന്‍ ആവശ്യമാണ്”. ആനന്ദ് പറയുന്നു. “കുറിപ്പുകള്‍ തയാറാക്കി 60 ദിവസത്തിന് ശേഷം വീണ്ടും നോക്കേണ്ടിവരും. . ആവശ്യമുള്ള കുറിപ്പുകള്‍ വേഗത്തില്‍ കണ്ടുപിടിക്കാന്‍, എഴുതി തയാറാക്കിയതിനേക്കാള്‍ ഡിജിറ്റല്‍ രൂപത്തിലുള്ളവ സഹായിക്കും”.
വിദ്യാഭ്യാസത്തിനായി പുതിയ സാങ്കേതിക വിദ്യ എത്രമാത്രം സഹായകമാണ് എന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് ആനന്ദിന്റെ വിജയം. ഇന്റർനെറ്റും ഇ ലേണിംഗ് പ്ലാട്ഫോര്മുകളും ആനന്ദിനെ ഏറെ സഹായിച്ചു.
“ചെറുപ്പത്തിലേയുള്ള സിവില്‍ സര്‍വീസ് മോഹം വ്യക്തിത്വ വികസനത്തിനും കൈയ്യക്ഷരം നന്നാക്കാനും അഭിമുഖത്തെ നേരിടാനും സഹായിച്ചു.” ആനന്ദ് തുടർന്നു “കേരളത്തെ കുറിച്ചുള്ള കാര്യങ്ങളാണ് അഭിമുഖത്തില്‍ കൂടുതലായി ചോദിച്ചത്.
ഓപ്ഷണല്‍ വിഷയവുമായി ബന്ധപ്പെട്ട് വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ചോദ്യം കുഴക്കി. സബ്ജക്ട് എക്സ്പേര്‍ട്ട് പറഞ്ഞ പുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ല. വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. സൗഹൃദപരമായിരുന്നു ഇന്റർവ്യൂ ”
“വീട്ടുകാര്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍ അങ്ങനെ ഒട്ടേറെ പേര്‍ എന്റെ വിജയത്തില്‍ പങ്കാളികളാണ്. സെപ്റ്റംബറില്‍ ട്രെയിനിങ് തുടങ്ങും. കേഡര്‍ തിരഞ്ഞെടുക്കുന്നതിൽ കര്‍ണാടകയാണ് നല്‍കിയത്. അവിടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്ന് കരുതുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജീവിക്കാനുള്ള സാഹചര്യം കൂടുതലാണ്.സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. കേരളത്തേക്കാൾ പ്രയാസമനുഭവിക്കുന്നവരാണ് കർണ്ണാടകയിലുള്ളവർ . അതുകൊണ്ടാണ് കർണ്ണാടക കേഡർ തിരഞ്ഞെടുത്തത് ”
ഐ എ എസ് നേടുന്നതിൽ ഒന്നും ഭയക്കാനില്ല എന്നാണ് ആനന്ദിന് കേരളത്തിലെ കുട്ടികളോട് പറയാനുള്ളത്.
കൃത്യമായ പദ്ധതി തയാറാക്കിയതിനാല്‍ പഠന സമയത്ത് കാര്യമായ പ്രയാസങ്ങളൊന്നും അനുഭവിക്കേണ്ടിവന്നില്ല. പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷനായിരുന്നു ഓപ്ഷണല്‍ വിഷയം. മെയിന്‍ പരീക്ഷയ്ക്ക് വേണ്ടി കുറച്ച് കാലം ഹൈദരാബാദില്‍ പരിശീലനം നേടി.ദിവസവും 10 മണിക്കൂറെങ്കിലും പഠനത്തിനായി വെച്ചു. ഇങ്ങനെ ഒരു വര്‍ഷം കൃത്യമായി പഠിച്ചാല്‍ വിജയം ഉറപ്പാണെന്ന് ആനന്ദിന്റെ വാക്ക്. സിലബസ് മനസിലാക്കി പഠിക്കണം. ഇതിനായി യു.പി.എസ്.സിയുടെ വെബ്‌സൈറ്റിനെ ആശ്രയിക്കാം. ഓരോ വിഷയത്തിനും പഠിക്കേണ്ട ഭാഗങ്ങള്‍ സിലബസില്‍ പറയുന്നുണ്ട്.
ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം 2014 ല്‍ പരീക്ഷ എഴുതി നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നു . സിവില്‍ സര്‍വീസിന്റെ ലോകമാണ് അക്കാദമി. പഠനത്തിന്റെ പുതിയൊരു വഴിതന്നെ അക്കാദമിയില്‍ നിന്ന് ലഭിക്കും.അവിടെ എത്തിയാല്‍ പഠിക്കാന്‍ സമയം പോരെന്ന് തോന്നും. സംവാദങ്ങളും ചര്‍ച്ചകളുമായി പഠനത്തെ മുന്നോട്ട് കൊണ്ടുപോകാം. കൂടാതെ ലൈബ്രറി സൗകര്യമാണ് എടുത്തുപറയേണ്ടത്. രാവിലെ എഴ് മുതല്‍ രാത്രി 10 വരെ ലൈബ്രറി ഉപയോഗിക്കാം. ഇതൊരു തപസ്യ യാണ് . അതിനു പറ്റിയ അന്തരീക്ഷമാണ് അക്കാദമിയിൽ ഉള്ളത്. ഈ സൗകര്യം നമ്മുടെ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണം എന്നാണെനിക്ക് പുതിയ തലമുറയോട് പറയാനുള്ളത്. ഇന്റർനെറ്റ് നല്കുന്ന സൗകര്യം മുൻ തലമുറയ്ക്ക് ലഭിച്ചിട്ടില്ലാത്തതാണ് . നമ്മുടെ വിരൽതുമ്പിൽ എല്ലാ അറിവും ഇപ്പോൾ ലഭ്യമാണ്. അത് നമ്മൾ പ്രയോജനപ്പെടുത്തണം.
പഠിക്കാനും അറിയാനുമുള്ള സൗകര്യങ്ങൾ കാണാതെ ചാറ്റിങ്ങിനും കളിക്കാനും സിനിമ കാണാനും വേണ്ടി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ‘കരിയർ മാഗസിൻ ‘ കാലികമായ മാറ്റമാണ് ഇക്കാര്യത്തിൽ വരുത്തിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് അതൊരനുഗ്രഹമാണ് ” – ആനന്ദ് പറഞ്ഞു.