സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share:

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023 -24 അധ്യയനവര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരികരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യത പരീക്ഷയ്ക്ക് 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കണം.

തൊഴിലാളികളുടെ മക്കളില്‍ 2023 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ മുഖേനെ പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പിജി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. മറ്റു കോഴ്‌സുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സുകളായിരിക്കണം.

നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍/ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 2023 -24 അധ്യായ വര്‍ഷം ഏത് ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതിന് പഠിക്കുന്ന സ്ഥാപനത്തിൻറെ മേധാവിയില്‍ നിന്നും ലഭിക്കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനം ഗവ. അംഗീകാരമുള്ളതാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കണം.

അപേക്ഷ ഫോറത്തിൻറെ മാതൃകയും വിശദവിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻറെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. നിര്‍ദിഷ്ട മാതൃകയില്‍ അല്ലാത്തതും മതിയായ രേഖകള്‍ ഉള്‍പ്പെടുത്താത്തതും അപൂര്‍ണ്ണവുമായ അപേക്ഷകള്‍ നിരസിക്കും.

Share: