പാദസ്പർശം; മറക്കില്ലൊരിക്കലും… – രാജൻ പി. തൊടിയൂർ

1976.
തൃശൂരിൽ ,ഐക്കഫിൻറെ ( AICUF )വിദ്യാർത്ഥികൾക്കായുള്ള ചലച്ചിത്ര ശിബിരം.
ലോക പ്രശസ്ത ചിത്രങ്ങൾ. കേരളത്തിലെ പ്രഗല്ഭ ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുന്നു.
സിനിമ സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന , വേറിട്ട സിനിമ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥിനി – വിദ്യാർഥികൾ.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളുണ്ട്.
കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്നെത്തുമ്പോൾ അഹങ്കരിക്കാൻ ഒരു കാരണമുണ്ടായിരുന്നു. ഞങ്ങൾ ,ഒരു പക്ഷെ കേരളത്തിലെ ആദ്യ ക്യാമ്പസ് സിനിമ ‘ദി ഗ്യാപ് ‘ പൂർത്തിയാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അത് ശിബിരത്തിൽ ചർച്ചാ വിഷയമായപ്പോൾ , ‘ദി ഗ്യാപ് ‘ അല്ല ‘ന്യൂസ്പേപ്പർ ബോയ് ‘ ആണ് ആദ്യ ക്യാമ്പസ് സിനിമ എന്നൊരു വാദം ചില വിദ്യാർഥികൾക്കിടയിൽ ഉയർന്നു വന്നു. എന്നാൽ ‘ന്യൂസ്പേപ്പർ ബോയ് ‘ സംവിധാനം ചെയ്ത പി രാമദാസ് ശിബിരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ, ‘ന്യൂസ്പേപ്പർ ബോയ് ‘ ഒരു ക്യാമ്പസ് സിനിമ അല്ലെന്നും അതിൽ പ്രവർത്തിച്ചവരിൽ സിനിമയിലുള്ള പ്രൊഫെഷണലുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞപ്പോൾ ,കലാലയ വിദ്യാർഥികൾ മാത്രം ചേർന്നെടുത്ത ‘ദി ഗ്യാപ്’ കേരളത്തിലെ ആദ്യ ക്യാമ്പസ് സിനിമ എന്ന സ്ഥാനം ഉറപ്പിച്ചു.
എന്നാൽ ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയുടെ നിർമ്മിതിയിൽ ‘നിയോ റിയലിസം’ എന്ന ചലച്ചിത്ര പ്രസ്ഥാനവും ‘ബൈസിക്കിൾ തീഫ് , ‘പഥേർ പാഞ്ചാലി’ എന്നീ ചിത്രങ്ങളും വിറ്റോറിയ ഡിസീക്ക , സത്യജിത് റായി എന്നീ സംവിധായകരും എത്രമാത്രം സ്വാധീനിച്ചു എന്നും അദ്ദേഹം പറഞ്ഞത് ശ്രദ്ധയോടെ ഞങ്ങൾ കേട്ടിരുന്നു. സത്യജിത് റായി എന്ന മഹാപ്രതിഭയെയും അപുത്രയവും , ( പഥേർ പാഞ്ചാലി , അപുർ സംസാർ , അപരാജിതോ ) അടുത്തറിയാൻ കഴിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട് വന്നത്. ഫിലിം ഇൻസ്റ്റിറ്റിറ്യുട്ടിൽ നിന്നും പുറത്തിറങ്ങിയ കെ ആർ മോഹൻ , ഷാജി എൻ കരുൺ, വി ആർ ഗോപിനാഥ് , അസീസ് തുടങ്ങിയ സംവിധായകർ റായി സിനിമകളെയും അദ്ദേഹത്തിൻറെ ചലച്ചിത്ര സപര്യയെയും കുറിച്ച് പകർന്ന അറിവുകൾ ഞങ്ങളെ ഒരു തീരുമാനത്തിൽ എത്തിച്ചു :
“നാം കൽക്കട്ടയിൽ പോകും. എങ്ങനെയെങ്കിലും സത്യജിത് റായിയെ കാണും. അദ്ദേഹത്തിൻറെ പാദങ്ങളിൽ തൊട്ട് വന്ദിക്കും”. സിനിമ അസ്ഥിക്ക് പിടിച്ച സണ്ണി ജോസഫ്, എം ടി യുടെ കൂട്ടെഴുത്തുകാരനും സുഹൃത്തുമായ എൻ പി മുഹമ്മദിൻറെ മകൻ ഹഫീസ് മുഹമ്മദ് , അലി – ഞങ്ങൾ പ്രതിജ്ഞ എടുത്തു.
ശിബിരം കഴിഞ്ഞു. ഹഫീസ് മുഹമ്മദും അലിയും കോഴിക്കോട്ടേക്ക് പോയി. സണ്ണി ജോസഫ് ചേർത്തലക്കും . കുറവിലങ്ങാട് ദേവമാതാ കോളേജിൽ പഠിക്കുന്ന സണ്ണിയും കൂട്ടുകാരും ഒരു ക്യാംപസ് സിനിമ എടുക്കാൻ തീരുമാനിച്ചു. ‘ഒടുക്കം’. ആദ്യ ക്ലാപ്പ് അടിക്കാൻ സണ്ണി വിളിച്ചു. സിനിമ മോഹവുമായി കഴിയുന്ന സണ്ണിയുടെ കൂട്ടുകാരുമുണ്ടായിരുന്നു. ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ, വയലാർ മാധവൻകുട്ടി, ജോസി ജോസഫ്. ഒരു സിനിമയുടെ ഒരുക്കങ്ങളായിരുന്നു സണ്ണി നടത്തിയത്. രാതിയിൽ ഒരുമിച്ചു കിടക്കുമ്പോൾ സണ്ണിയെ ഓർമ്മിപ്പിച്ചു. ” കൽക്കട്ടയിൽ പോകണം. സത്യജിത് റായിയെ കാണണം. കാലിൽ തൊട്ടു വന്ദിക്കണം.”
സണ്ണി ചിരിച്ചു.
പിന്നീട് സണ്ണി പൂന ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ പോയി. സിനോട്ടോഗ്രാഫി പഠിച്ചു . മികച്ച ചിത്രങ്ങളുടെ ഛായാഗ്രഹനായി; സംവിധായകനുമായി. ഹാഫിസ് മുഹമ്മദ് കോളേജ് അദ്ധ്യാപകനായി . ഡെന്നിസ് മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാ കൃത്തും സംവിധായകനുമായി. വയലാർ മാധവൻ കുട്ടി ടെലിവിഷനിലൂടെ ശ്രദ്ധേയനായി. ഗായത്രി അശോകൻ കലാസംവിധായകനായി. ഞാൻ മലയാളനാട് സിനിമ വാരികയുടെ പത്രാധിപരായി. ഇടയ്ക്ക് സണ്ണിയെ കാണുമ്പൊൾ സത്യജിത് റായിയെ കാണുന്നതിനെക്കുറിച്ചു പറയും.
സണ്ണി ചിരിക്കും.
1982.
മലയാള നാടിൻറെ ചീഫ് എഡിറ്റർ എസ് കെ നായർ സാർ ഒരു ദിവസം കാബിനിലേക്ക് വിളിപ്പിക്കുന്നു.
ഇരിക്കാൻ പറഞ്ഞു.
കുറെ നേരം മുഖത്തേക്ക് നോക്കി . പിന്നീട് ചോദിച്ചു.
“ലോക പ്രസ്തനായ ഒരു ചലച്ചിത്ര സംവിധായകനെ ഇൻറർവ്യൂ ചെയ്യാമോ?”
“തീർച്ചയായും”.
“മലയാളിയല്ല”.
“പിന്നെ ?”
“ബംഗാളിയാണ്. ഇംഗ്ലീഷിൽ ചോദിക്കാം. പത്തു ചോദ്യങ്ങൾ. വൈകുന്നേര ത്തിനകം തയ്യാറാക്കണം. നമുക്ക് വൈകിട്ടിരിക്കാം”.
“ആരാണദ്ദേഹം ?”
“ലോകപ്രശസ്തനായ ബംഗാളി സംവിധായകൻ …പറയു. ആരായിരിക്കും?”
“സത്യജിത് റായ് , മൃണാൾ സെൻ?”
അദ്ദേഹം കുറെ നേരം മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“സാക്ഷാൽ സത്യജിത് റായ് . അദ്ദേഹം കേരളത്തിൽ വരുന്നു. സൂര്യ കൃഷ്ണമൂർത്തി വിളിച്ചിരുന്നു”.
“വി ബി സി , വി എസ് നായർ ?”
വി ബി സി നായരാണ് അന്ന് മലയാളനാട് വാരികയിൽ സിനിമാ നിരൂപണവും ( മംഗലശേരി എന്ന പേരിൽ) മഹാ പ്രതിഭകളുമായുള്ള അഭിമുഖങ്ങളും നടത്തുന്നത്. സിനിമാ വാരികയ്ക്ക് വേണ്ടി വി എസ് നായരും.
” വേണ്ട. രാജനെയാണ് ഞാൻ കാണുന്നത്”.
അതദ്ദേഹത്തിൻറെ തീരുമാനമായിരുന്നു.
വൈകുന്നേരം പത്തു ചേദ്യങ്ങളുമായി എസ് കെ സാറിൻറെ കാബിനിലെത്തുന്നു. പത്രാധിപരും ബിസിനസ്കാരനുമാകുന്നതിനു മുൻപ് കോളേജദ്ധ്യാപകനായിരുന്ന അദ്ദേഹം ചോദ്യങ്ങൾ മിനുക്കിയെടുത്തു തന്നു.
” സത്യജിത് റായിയെ കാണുമ്പോൾ മുട്ടിടിക്കരുത്.’ – അദ്ദേഹം പൊട്ടിച്ചിരിച്ചു.
ഇന്ത്യൻ സിനിമയിലെ ഇതിഹാസ പുരുഷനെ നേരിൽ കാണാനും സംസാരിക്കാനും ഒരവസരം.
ഒരു ചലച്ചിത്ര വാരികയുടെ പത്രാധിപർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി തോന്നി. അതിനുമപ്പുറം വർഷങ്ങൾക്ക് മുൻപ് എടുത്ത ഒരു തീരുമാനം. ‘ശുദ്ധ ചലച്ചിത്ര’മെന്ന് വിശേഷിക്കപ്പെട്ട പഥേർ പാഞ്ചാലിയുടെ സംവിധായകൻറെ കാലിൽ തൊട്ടു വണങ്ങുക.
ഇപ്പോൾ ഒരവസരം. പഥേർ പാഞ്ചാലിയുടെ സംവിധായകനെ നേരിൽ കാണുക. അദ്ദേഹവുമായി സംസാരിക്കുക. എസ് കെ സാറിന് നന്ദി.
കോവളം അശോക ഹോട്ടലിൽ എത്തുമ്പോൾ കൃഷ്ണമൂർത്തി ഞങ്ങളെ കാത്തു നിൽപ്പുണ്ട്.
ഞാനും ഫോട്ടോഗ്രാഫർ ജോർജ് വര്ഗീസും. മനോരമയിൽ നിന്ന് ബാലചന്ദ്രനും ജയചന്ദ്രനും. ഫോട്ടോഗ്രാഫർ എൻ എൻ ബാലകൃഷ്ണനും.
ഹോട്ടലിലെ വിശാലമായ മുറിയിൽ നീണ്ടു മലർന്ന് കിടന്ന് , ചുണ്ടിൽ ഒരു പൈപ്പുമായി ഇന്ത്യൻ സിനിമയുടെ വിജയ പ്രതീകം – സത്യജിത് റായ് .
പ്രശസ്തിയും പ്രതിഭയും ഒരു മനുഷ്യനിൽ, അടുത്തെത്താൻ കഴിയാത്ത ഒരു പ്രഭാവലയം സൃഷ്ടിക്കുന്നുണ്ട്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ മുന്നിലെത്തിയപ്പോൾ എല്ലാം തകിടം മറിഞ്ഞു.
കൽക്കട്ടയിൽ ‘ദി റിവർ ‘ എന്ന ചിത്രത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തിയ റെനോയറെ കാണാൻ ചെന്നതിനെക്കുറിച്ചു 1950 ൽ ‘സീക്വൻസ്’ മാഗസിനിൽ സത്യജിത് റായ് എഴുതിയ ലേഖനമാണ് മനസ്സിൽ ഓടിയെത്തിയത്.
സത്യജിത് റായിയെ അടുത്തുകണ്ടപ്പോൾ അതെ അവസ്ഥ. എല്ലാ ചോദ്യങ്ങളും അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. ചീഫ് എഡിറ്ററുമായി ചേർന്ന് തയ്യാറാക്കിയ ചോദ്യങ്ങൾ! .
അതെല്ലാം മാറിമറിഞ്ഞു.
ഒരുതരം സൗഹൃദ സംഭാഷണം.
കേരളത്തെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്.
സാംസ്കാരിക വളർച്ചയിൽ കേരളവും ബംഗാളുമായുള്ള ബന്ധം. സിനിമയിൽ അത് പ്രതിഫലിക്കുന്നതിനെക്കുറിച്ചു അദ്ദേഹം വാചാലനായി. കേരളം നൽകിയ സ്വീകരണത്തെക്കുറിച്ചു , മുൻപെങ്ങും , ഒരിക്കൽപ്പോലും ലഭിച്ചിട്ടില്ലാത്ത വരവേൽപ്പ് എന്നാണദ്ദേഹം വിശേഷിപ്പിച്ചത്.
“കഥകളിയുടെയും വിദ്യാസമ്പന്നരുടെയും കേരവൃക്ഷങ്ങളുടെയും നാടായ കേരളം വളരെനാൾ മുൻപേ എൻറെ മനസ്സിൽ ഇടം പിടിച്ചിരുന്നു. ഒരുദിവസം ഇവിടെ വരണമെന്നും ആഗ്രഹിച്ചിരുന്നു. തിരക്കിനിടെ കഴിഞ്ഞില്ല.മനോഹരമായ സ്ഥലം. സംസ്കാര സമ്പന്നരായ ആളുകൾ. വൃത്തിയുള്ള നഗരം”.
അദ്ദേഹം തിരുവനന്തപുരത്തെ വിശേഷിപ്പിച്ചു.
“സിനിമ എടുക്കുമ്പോൾ അതിൽ പൂർണ്ണമായും മുഴുകുക എന്നതാണെനിക്കിഷ്ടം”. കോവളം അശോക ഹോട്ടലിലെ വിശാലമായ മുറിയിൽ , കട്ടിലിൽ നീണ്ടു നിവർന്നു കിടന്ന് ചുണ്ടിൽ പുകയുന്ന പൈപ്പുമായി മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞത് കാതിൽ അലയടിക്കുന്നു.
“നാം ചെയ്യുന്ന തൊഴിലിൽ പൂർണമായും മുഴുകുക. അത് തരുന്ന ആത്മസംതൃപ്തിയാണ് വലുത്.”
സത്യജിത് റായ്, എല്ലാം പറഞ്ഞത് സിനിമയിലൂടെയാണ് .
ഭാരതത്തെ കുറിച്ച് …അവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെക്കുറിച്ചു് .
അവരുടെ ജീവിതം , സ്വപ്നങ്ങൾ, നൊമ്പരങ്ങൾ , വിജയങ്ങൾ , പരാജയങ്ങൾ, സംസ്ക്കാരം , രാഷ്ട്രീയം ഒക്കെയും അതിൽ പ്രതിഫലിച്ചു.
ഇതിനൊക്കെയപ്പുറം, എല്ലാം കണ്ട് , അറിഞ്ഞു അദ്ദേഹം ഇന്ത്യൻ ജനജീവിതത്തെ സിനിമയിലൂടെ പുനഃ സൃഷ്ടിച്ചു.
മുഴക്കമുള്ള പൊട്ടിച്ചിരിയും സാധാരണയിൽ കവിഞ്ഞ ഉയരവും അദ്ദേഹത്തെ എവിടെയും തലയുയർത്തി നിൽക്കുന്ന മനുഷ്യനാക്കി.
അസാധാരണ ചലച്ചിത്രകാരനാക്കി. എല്ലാറ്റിലുമുപരി റായിയുടെ ചിത്രങ്ങൾ ഇന്ത്യൻ ജീവിതത്തിൻറെ പരിച്ഛേദമാണെന്നുള്ളത് ലോകം അംഗീകരിച്ചു.
മുപ്പത്തിനാല് വർഷങ്ങൾക്കു മുൻപ് 1992 ഏപ്രിൽ മാസം 23 ന് അദ്ദേഹം വിടപറയുമ്പോൾ ശേഷിച്ചത് ലോക സിനിമാ ഭൂപടത്തിൽ ഇന്ത്യക്ക് എന്നും തലയുയർത്തി നിന്ന് പറയാൻ കഴിയുന്ന ഒരുപിടി ചലച്ചിത്ര കാവ്യങ്ങൾ.
പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങൾ ‘അപുത്രയം, ‘ ദേവി, ചാരുലത, അശനി സങ്കേത്, മഹാനഗർ….. ആഗന്തുക് വരെ .
വേറിട്ട സിനിമയുടെ ആളായിരുന്നു റായ്. ഇറ്റാലിയൻ നിയോ റിയലിസം സിനിമയിൽ വേരൂന്നിയ കാലത്തു ഇന്ത്യൻ സിനിമയിൽ അതിൻറെ തരംഗങ്ങൾ ഉയർത്തിവിട്ട സിനിമയാണ് പഥേർ പാഞ്ചാലി. ഇന്ത്യൻ സിനിമയിലും ലോകസിനിമയിലും അതുയർത്തിവിട്ട തരംഗം , ഇന്ത്യൻ സിനിമ റായിക്ക് മുൻപും പിൻപും എന്നൊരു വകഭേദം തന്നെയുണ്ടാക്കി.
റായ് ചിത്രങ്ങൾ ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തി. ആദ്യ ചിത്രം , പഥേർ പാഞ്ചാലി , കാൻ പുരസ്കാരം നേടിയപ്പോൾ തന്നെ റായ് ലോക സിനിമയോടൊപ്പമായി.
ക്യാംപസ് സിനിമയെക്കുറിച്ചും ചെറുപ്പക്കാരുടെ സിനിമാ മോഹങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. പുതിയ ചലച്ചിത്രകാരന്മാരിൽ ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിച്ച ആളായിരുന്നു അദ്ദേഹം.
” സിനിമയിലെത്തുന്ന ചെറുപ്പക്കാരിൽ ശുഭാപ്തി വിശ്വാസമാണെനിക്കുള്ളത്. അവർ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നു.വിദേശമാർക്കറ്റുകൾ ലഭിക്കുന്നതോടെ അവരുടെ നില ഭദ്രമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ഒരു ചലച്ചിത്രകാരന് സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് നല്ല അറിവുണ്ടാകണം. ഇവിടത്തെ സ്ഥിതി അതല്ല. സിനിമക്ക് വ്യക്തമായ ഒരു മാസ്റ്റർപ്ലാൻ ഉണ്ടായിരിക്കണം.ചിത്രീകരണ സമയത്തു മാറ്റങ്ങൾ വരുത്തുന്നതിൽ കുഴപ്പമില്ല. അവസാന നിമിഷം പോലും പുതിയ ആശയങ്ങൾ കടന്നുവരാം.അവ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചു സംവിധായകന് അറിവുണ്ടായിരിക്കണം.വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്”.
പൂർണ്ണതയെക്കുറിച്ചും യാഥാർഥ്യത്തെക്കുറിച്ചും ചിന്തിക്കാതെയുള്ള ചലച്ചിത്രങ്ങൾ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഒരു പ്രത്യേക ഫോര്മുലയിൽ നിർമ്മിക്കുന്ന സിനിമ സമൂഹത്തിനും സിനിമക്കും യാതൊന്നും സംഭാവന ചെയ്യുന്നില്ല. കച്ചവട ലക്ഷ്യങ്ങളോടെ നിർമ്മിക്കുന്ന ചിത്രങ്ങളുടെ പരാജയം നല്ല സിനിമക്ക് വഴിയൊരുക്കുമെന്നദ്ദേഹം വിശ്വസിച്ചു.” താരങ്ങളും മറ്റു ആകർഷക ഘടകങ്ങളും ചേർത്ത് കച്ചവട ലക്ഷ്യങ്ങളോടെ നിർമ്മിക്കുന്ന ചിത്രങ്ങൾ നല്ല സിനിമയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഫോർമുല ചിത്രങ്ങൾ എന്നും നിലനിൽക്കുമെന്ന് കരുതേണ്ടതില്ല. എന്നാൽ ഗൗരവമേറിയ ചിത്രങ്ങൾ എന്ന് നാം കരുതുന്നത് ഒരു നല്ല ചിത്രമല്ലെങ്കിൽ അതിലർത്ഥമില്ല”.
” വിജയങ്ങൾക്കു എളുപ്പവഴികളില്ല- അതാണ് റായ് പറഞ്ഞ പ്രധാന കാര്യം”.
അഭിമുഖം പൂർത്തിയായി മടങ്ങുമ്പോൾ , മഹാപ്രതിഭയുടെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു.
ഉറക്കെ പൊട്ടിചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“എൻറെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചതുകൊണ്ട് താങ്കൾക്കൊരു മികച്ച സംവിധായകനാകാൻ കഴിയില്ല.
കഠിനാദ്ധ്വാനം , അർപ്പണബോധം അതാണ് സിനിമ ആവശ്യപ്പെടുന്നത്.”
ഒരുനിമിഷം ജാള്യതയോടെ നിന്ന എൻറെ ശിരസിൽ തലോടിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു.
“എസ്, യു ക്യാൻ. ട്രൈ യുവർ ലെവൽ ബെസ്ററ് …”
സത്യജിത് റായിയുമൊത്തു ചെലവഴിച്ച മണിക്കൂറുകൾ.
ഒരു പക്ഷെ , കേരളത്തിലെ വിരലിലെണ്ണാവുന്ന പത്രപ്രവർത്തകർക്ക് ലഭിച്ച അവസരം.
അതിലുമുപരി അത്തരമൊരവസരം ഒരുക്കിത്തന്ന ചീഫ് എഡിറ്റർ : എസ് കെ നായർ.
മറക്കില്ലൊരിക്കലും.
(തുടരും )
ചിത്രം – സത്യജിത് റായിയുമൊത്ത്
rajan@careermagazine.in






