ചരിത്രനിയോഗം – രാജൻ പി. തൊടിയൂർ

ഒരു പിറവി,
ചരിത്രത്തിൻറെ നിയോഗമാകുന്നു എന്നാദ്യം ഓർമിപ്പിച്ചത് ഡോ. ജോർജ്ഓണക്കൂറാണ്. ചരിത്രത്തിൻറെ ഭാഗമാകുന്നതും…. അദ്ദേഹം പറഞ്ഞുതന്നു.
കൊല്ലം ബീച്ചിൽ സാക്ഷരതായോഗത്തിൽ പങ്കെടുക്കാനെത്തിയ ഒരുവൈകുന്നേരം ദേഹത്തോട്ചേർത്തു പിടിച്ചു വാത്സല്യത്തോടുകൂടി ജോർജ് സാർ പറഞ്ഞു ” മലയാള പത്രപ്രവർത്തനചരിത്രത്തിൽ ഒരിടംനേടിയെടുത്തത്, രാജൻ, ചരിത്രത്തിൻറെ ഭാഗമായിക്കൊണ്ടാണ് . ‘കരിയർമാഗസിൻ ‘ ചരിത്രമാണ് . മലയാളത്തിലെ ആദ്യത്തെതൊഴിൽ – വിദ്യാഭ്യാസമാസിക” .
ആയിരത്തിതൊള്ളായിരത്തി എണ്പത്തിനാല് ഓഗസ്ററ് ഒന്നിന് മുൻപ് അത്തരമൊരു പ്രസിദ്ധീകരണത്തെക്കുറിച്ചു ആരും ചിന്തിക്കാതിരുന്നത് ചരിത്രത്തിൻറെ തീരുമാനങ്ങളിൽഒന്നായിരിക്കാം.
അതിനുശേഷം, പക്ഷെ, തൊഴിൽ – വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങളുടെ മലവെള്ളപ്പാച്ചിൽ മലയാളത്തിലുണ്ടായി.
‘കരിയർമാഗസിൻ ‘ മലയാളത്തിലെ ഏറ്റവും പ്രയോജനപ്രദമായപത്രമാണെന്ന് പറഞ്ഞ ഡോ. സുകുമാർഅഴിക്കോട് ഒരുകാര്യത്തിൽവിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു . അതിൻറെ തലക്കെട്ടിനോട് . അതദ്ദേഹംഎഴുതി. ‘ഇംഗ്ലീഷ് വാക്കുകൾ, മലയാളം പോലെ ഉപയോഗിക്കുന്നത് അപകടകരമായ ഒരവസ്ഥയുണ്ടാക്കും എന്നായിരുന്നു ആദ്ദേഹം പറഞ്ഞത് , അത് സത്യമായി.
കരിയർമാഗസിൻറെ ചുവടൊപ്പിച്ച് ധാരാളം പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായി എന്നുമാത്രമല്ല പലരും ‘കരിയർ’ എന്ന ഇംഗ്ലീഷ് വാക്ക് അതേ പോലെ പകർത്തിയാണ് തലക്കെട്ടുണ്ടാക്കിയതും!
നൂറിലേറെവർഷംപഴക്കമുള്ള പത്രമുത്തശ്ശി പോലും ‘കരിയർമാഗസിൻ’ എന്ന തലക്കെട്ട് അനുകരിച്ചു . കരിയർ ദീപിക , യുനിവേഴ്സൽ കരിയർ മാഗസിൻ , കരിയർ കേരള എന്നിങ്ങനെ തലക്കെട്ട് അതേപടി അനുകരിച്ച് ഒരുകൂട്ടർ .
ഡോ. സുകുമാർഅഴീക്കോട് ഭയന്നതുപോലെ, ‘കരിയർ’എന്നവാക്ക്, മലയാളം പോലെ ഉപയോഗിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായി .
പത്തു വർഷങ്ങൾക്കുള്ളിൽ പതിനെട്ടോളം തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളാണ് കേരളത്തിൽ ജന്മം കൊണ്ടത് . അത്തരമൊരു പ്രസിദ്ധീകരണത്തിൻറെ സാദ്ധ്യത മനസ്സിലാക്കി മലയാളത്തിലെ പ്രമുഖപത്രങ്ങളും തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുമായി രംഗത്തിറങ്ങി .
42 വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ച കരിയർ മാഗസിനിലെ പല ലേഖനങ്ങളും കുറിപ്പുകളും ഇപ്പോഴും ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും തീർച്ചയായും പ്രയോജനപ്പെടുന്നവയാണ്.
പ്രഗൽഭരായ വ്യക്തികൾ എഴുതിയ ലേഖനങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്.
ചിത്രം : ഡോ.ജോർജ്ജ് ഓണക്കൂർ
(തുടരും )






