ഒരാൾക്കെങ്കിലും ….രാജൻ പി. തൊടിയൂർ

‘മധുരം’ വാരിക പുനർജനിച്ചു.
ഒരു സാഹസിക സംരംഭം !!!
അപ്പനെ ഓർത്തു.
ഒരു കർക്കിടക രാവിൻറെ തുടക്കത്തിൽ, 1970 ജൂലൈ 19-ന് എന്നെ അരികിൽ വിളിച്ച് കിടക്കയോട് ചേർത്തുപിടിച്ച് അപ്പൻ പറഞ്ഞു:
” മോൻ പഠിക്കണം. പഠിച്ച് വലിയ ആളാകണം. വലിയ കാര്യങ്ങൾ ചെയ്യണം. എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം….”
ജൂലൈ 20 തുടക്കത്തിൽ, പുലരും മുൻപ് അപ്പൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.
എനിക്ക് ജന്മം നൽകിയ, എന്നെ ജീവനോളം സ്നേഹിച്ച അപ്പൻറെ വാക്കുകൾ പാലിക്കാൻ കാട്ടിയ സാഹസികതയാണോ എന്ന് അന്ന് ചിന്തിച്ചില്ല…. ഞാൻ വലുതായോ?
വലിയ ആളാകണം എന്നതുകൊണ്ട് അപ്പൻ ആഗ്രഹിച്ചത് എന്തായിരിക്കും?
പ്രസിദ്ധൻ ആകണമെന്നാണോ ?
സമ്പന്നനാകണമെന്നാണോ ?… നന്മ നിറഞ്ഞവൻ ആകണമെന്നാണോ ?..
അതായിരിക്കും… നന്മ നിറഞ്ഞവൻ! മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ….
പ്രസിദ്ധനാകണമെന്ന് ആഗ്രഹിച്ചു.
കഥ യെഴുതാനും ലേഖനം എഴുതാനും രാവേറെ ചെല്ലും വരെ ഉണർന്നിരുന്നു.
സിനിമയെടുക്കാനും തിരക്കഥ എഴുതാനും രാത്രി മുഴുവൻ പകലാക്കി.
യാതൊരു വേവലാതിയും ഇല്ലാതെ ജീവിക്കാനുള്ള പണം കിട്ടുമെന്ന് ഉറപ്പുള്ള ജോലി കൈപ്പിടിയിൽ ആയിരിക്കുമ്പോഴും പത്രം തുടങ്ങിയതെന്തിനാണ്?
എത്ര ചോദിച്ചിട്ടും മനസ്സ് സത്യം പറയുന്നില്ല. പണം ഉണ്ടാക്കാൻ ആയിരുന്നോ?
പ്രസിദ്ധനാകാൻ ആയിരുന്നോ?
വലിയവൻ ആകാൻ ആയിരുന്നോ?
എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
കേരളം കണ്ട ഏറ്റവും വലിയ ഷോമാൻ എസ് കെ നായർ കോടികളുടെ ബാധ്യതകളുമായാണ് ഈ ഭൂമി വിട്ടു പോകുന്നത്. പബ്ലിഷർ, പത്രാധിപർ, ചലച്ചിത്ര നിർമ്മാതാവ്…കശുവണ്ടി വ്യവസായി….കോളേജ് അധ്യാപകൻ…
അദ്ദേഹം മധുരം വരികയ്ക്ക് വേണ്ടി ലക്ഷങ്ങൾ കത്തിച്ചു കളഞ്ഞത് നേരിട്ട് കണ്ടിട്ടും അത് ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചു.
എന്തിനുവേണ്ടിയായിരുന്നു?
പ്രസിദ്ധനാകാൻ? വലിയവനാകാൻ? ജീവിക്കാൻ വേണ്ടി?
എന്നിട്ടിപ്പോൾ, ഈ നിമിഷം, ആലോചിച്ചു പോകുന്നു.
പ്രസിദ്ധനായോ? വലിയവനായോ?
പലപ്പോഴും ആലോചിടുണ്ട്.
1970 ജൂലൈ 19ന് രാവേറെ ചെന്നപ്പോൾ അപ്പൻ ചെവിയിൽ പറഞ്ഞു തന്ന മന്ത്രം ഈ വലിപ്പത്തിനു വേണ്ടിയായിരുന്നോ ഞാൻ ഉൾക്കൊണ്ടത്?
എത്രയോ കർക്കിടക രാവുകൾ ആഘോഷിക്കുകയായിരുന്നു… തിരുമുല്ലവാരത്ത്…
ഇപ്പോൾ മനസ്സിൽ ഒരു നൊമ്പരത്തോടെ ഓർക്കുന്നു… അത് പാടില്ലായിരുന്നു…
അകാലത്തിൽ ഹൃദയം വെന്ത് മരിച്ച ഒരപ്പൻ എനിക്കുണ്ടായിരുന്നു എന്ന് ഞാൻ ഓർക്കണമായിരുന്നു. സ്വർണ്ണ ബിസിനസ് ചെയ്തു ഒരുപാട് സമ്പാദിച്ച് ഈ ലോകം വിട്ടുപോയ ഒരു മനുഷ്യൻ…
മരണം അടുത്തെത്തുന്നത് നേരിൽ കണ്ട് ഒരു മനുഷ്യൻ!
42 വയസ്സ് ഒരിക്കലും മരിക്കാനുള്ള പ്രായം ആയിരുന്നില്ല.
പക്ഷേ ഹൃദയം നീറി മരണത്തെ തൊട്ട് മുന്നിൽക്കണ്ട് ആ മനുഷ്യൻ ഒരുപാട് ഉപദേശങ്ങൾ നൽകി, ഞാൻ ഉറങ്ങിക്കിടന്ന കർക്കിടകരാവിൽ വിടപറയുകയായിരുന്നു.
മകൻ പഠിക്കണമെന്നും ലോകത്തോളം വലിയവനാകണമെന്നുമായിരുന്നു ആ അപ്പൻറെ ആഗ്രഹം.
അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റൊണാൾഡ റിഗാൻൻറെ ഉപദേശകനായിരുന്ന എം. ആർ. കൂപ്പമേയയർ, “രാജൻ, താങ്കളുടെ കത്തുകൾ എന്നിൽ സന്തോഷം നിറയ്ക്കുന്നു, താങ്കൾ ഒരത്ഭുത മനുഷ്യനാണ് എന്നുപറഞ്ഞതുകൊണ്ട് ഞാൻ വലിയവനായോ?
ലോകമെമ്പാടും ആയിരക്കണക്കിന് സുഹൃത്തുക്കൾ… ഭരണാധികാരികൾ… ചലച്ചിത്രകാരന്മാർ… സാഹിത്യകാരന്മാർ, കത്ത് എഴുതിയതുകൊണ്ട്, മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയത് കൊണ്ട് ഞാൻ വലിയവനായോ?
കരിയർ മാഗസിൻ തുടങ്ങിയതുകൊണ്ട് ഒരുപാട് പേർക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ ലഭിച്ചു. ജോലി ലഭിച്ചു. കേരളത്തിലെ പുതിയ തലമുറയ്ക്ക് തൊഴിൽ വിദ്യാഭ്യാസ അവബോധം നൽകുന്നതിനുള്ള ഒരു പുതിയ പ്രസിദ്ധീകരണ സംസ്കാരം ജന്മം കൊണ്ടു.
അത് കേൾക്കുമ്പോൾ കയ്യടിക്കുന്ന സുഹൃത്തുക്കൾ ഉണ്ട്. ഇന്ത്യയിൽ ആദ്യം എന്ന് പറഞ്ഞ് അഭിനന്ദിച്ചവരുണ്ട്….
ആദ്യത്തെ ക്യാമ്പസ് സിനിമ … ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം – കരിയർ മാഗസിൻ, കേരളത്തിൽ നിന്നും വിദേശത്ത് എത്തുന്ന ആദ്യ ബ്രാണ്ട്. ദുബായ്, ലെബനൻ, റഷ്യ, ജർമ്മനി. നാല് രാജ്യങ്ങളിൽ ഒരു ടൈറ്റിൽ. കരിയർ മാഗസിൻ. ആദ്യത്തെ സോഷ്യൽ മീഡിയ നെറ്റ്വർക്ക്.. എപിജെ അബ്ദുൽ കലാം സ്വിച്ച് ഓൺ ചെയ്യുമ്പോൾ അഭിനന്ദിച്ചത് കരിയർ മാഗസിന്റെ പേര് പറഞ്ഞാണ്. ആദ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം കാബൂളിവാല ഡോട്ട് കോം, ആദ്യത്തെ ടിവി ചാനൽ ദുബായിൽ നിന്നും എക്സ് വിഷൻ ടിവി. ഇന്ത്യയിൽ വിശ്വകർമ്മജർക്കായി ആദ്യദിന പത്രം കർമ്മഭൂമി… ആദ്യത്തെ സ്റ്റുഡന്റ് ന്യൂസ് പേപ്പർ ‘കരിയർ മാഗസിൻ’ ഇംഗ്ലീഷ്…
“താങ്കൾ ഒരിടത്തും ഉറച്ചു നിന്നില്ല.” എന്ന് പറഞ്ഞ ജനറൽ പിച്ചേഴ്സ് രവി മുതലാളി… അത് ആവർത്തിച്ച അടൂർ ഗോപാലകൃഷ്ണൻ… താങ്കൾ സ്വർണ്ണക്കട തുടങ്ങിയിരുന്നെങ്കിൽ കോടീശ്വരനായേനെ എന്ന് ഓർമ്മിപ്പിക്കുന്ന സുഹൃത്തുക്കൾ..
അതല്ല മദ്യ കച്ചവടം തുടങ്ങിയാൽ മതിയായിരുന്നു എന്ന് പറയുന്നവർ…
ചെറുപ്പത്തിലെ ചോരത്തിളപ്പിൽ കാണിച്ച സാഹസങ്ങൾ.
സാഹസികത മഹാവിജയം ആയില്ലെങ്കിൽ ആരും കൂടെ കാണില്ല എന്ന ആബേൽ അച്ഛൻറെ വാക്കുകൾ…
ഏതാണ് ശരി… അറിയില്ല.
കരിയർ മാഗസിൻ കേരളത്തിലെ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് പ്രയോജനപ്പെട്ടു എന്ന് പറഞ്ഞ പെൺകുട്ടി. ‘തൊഴിൽ വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങൾ കേരളത്തിൽ’ എന്നതിനെക്കുറിച്ച് റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയ പെൺകുട്ടി. 1984 നു ശേഷം കേരളത്തിൽ ഉണ്ടായ 20 ഇരുപതോളം തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീ കരണങ്ങൾ…. അതിലൂടെ ജീവിതവിജയം നേടിയ ലക്ഷക്കണക്കിന് യുവതി യുവാക്കൾ.
അതാണ് എൻറെ വിജയം എന്ന് പലപ്പോഴും തോന്നാറുണ്ട്.
കരിയർ മാഗസിൻ ഒരാൾക്കെങ്കിലും പ്രയോജനകരമായി തീർന്നിട്ടുണ്ടെങ്കിൽ അതാണ് വലുത് എന്ന് പറഞ്ഞ ഡോക്ടർ സുകുമാർ അഴീക്കോട്. ഒരു മലയാളം പ്രസിദ്ധീകരണത്തിന് ഇംഗ്ലീഷ് തലക്കെട്ട് യോജ്യമല്ല എന്ന അദ്ദേഹത്തിൻറെ വാക്കുകൾ.. ഒരാൾക്ക് ഒരാൾക്ക് അത് പ്രയോജനപ്പെട്ടെങ്കിൽ ജീവിതം ധന്യമായി.
അതായിരുന്നു അപ്പൻ പറഞ്ഞത്: “നീ ചെയ്യുന്ന കാര്യം ഒരാൾക്കെങ്കിലും പ്രയോജനം ചെയ്യണം!”
(തുടരും)
ചിത്രം : അപ്പൻ ( പി . പുരുഷോത്തമൻ ആചാരി )
rajan@careermagazine.in






