തകഴിച്ചേട്ടനും ചെമ്മീനും പിന്നെ മലയാളനാടും -രാജൻ പി. തൊടിയൂർ

Share:

തകഴിച്ചേട്ടനുമായുള്ള ആദ്യ കണ്ടുമുട്ടൽ ‘മലയാളനാടി’ൻറെ ഓഫീസിൽ വെച്ചായിരുന്നു.

ഒരു പകൽ. കറുത്ത അംബാസിഡർ കാറിൽ അദ്ദേഹം വന്നിറങ്ങി. കൈയിൽ നീളൻ കുട. കക്ഷത്തിൽ കുറെ ഫയലുകൾ. മലയാളനാടിൻറെ ഓഫീസിനു മുന്നിൽ ഇരിക്കുകയായിരുന്ന ഞങ്ങളോട് എസ്. കെ. നായർ സാർ ചോദിച്ചു:

“ആരാണെന്നറിയാമോ? ……കേരളത്തിലെ ഏറ്റവും വലിയ ചെമ്മീൻ കച്ചവടക്കാരൻ…”

അദ്ദേഹം ഒന്നു നിർത്തി. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചു.

“ചെമ്മീൻറെ പിതാവ്… തകഴിച്ചേട്ടൻ!”

ആ പേര് കേട്ട നിമിഷം എൻറെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞത് ഓച്ചിറ പ്രീമിയർ തിയേറ്ററായിരുന്നു. അവിടെ 1967-ൽ കണ്ട ചെമ്മീൻ സിനിമയും. അന്ന് വെള്ളിത്തിരയിൽ കണ്ട കടലും കടപ്പുറവും മനുഷ്യരും കഥാപാത്രങ്ങളുമെല്ലാം ഓർമയിൽ തെളിഞ്ഞു. ആ സിനിമയുടെ പിന്നിലെ എഴുത്തുകാരൻ ഇതാ, ഇപ്പോൾ ഞങ്ങളുടെ മുന്നിൽ!

തകഴിച്ചേട്ടൻ അടുത്തെത്തിയപ്പോൾ ഞങ്ങൾ എഴുന്നേറ്റുനിന്ന് വണങ്ങി.

“ഇരിക്കിൻ കൊച്ചുങ്ങളേ…”

അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു. അടുത്തു കണ്ട ഒരു കസേര വലിച്ചിട്ട് ഞങ്ങളുടെ അരികിൽ ഇരുന്നു.

എന്നെയും ചാത്തന്നൂർ മോഹനനെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി എസ്. കെ. നായർ പറഞ്ഞു:

“പുതിയ സബ് എഡിറ്റർമാർ. രാജൻ, മോഹൻ.”

ആ പരിചയപ്പെടുത്തലിൽ ഒരു മുതിർന്ന എഴുത്തുകാരനു മുന്നിൽ നിൽക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കൗതുകവും, മലയാളനാടിൻറെ ഓഫീസിൽ രൂപപ്പെട്ടുകൊണ്ടിരുന്ന ഞങ്ങളുടെ പത്രപ്രവർത്തന ജീവിതത്തിൻറെ തുടക്കവും ഒരുമിച്ചുണ്ടായിരുന്നു.

1967-ൽ ഓച്ചിറ പ്രീമിയർ തിയേറ്ററിൽ ചെമ്മീൻ കണ്ട ഒരു ചെറുപ്പക്കാരൻറെ ഓർമയിൽ, 13 വർഷങ്ങൾക്കുശേഷം അതിൻറെ സ്രഷ്ടാവിനെ നേരിൽ കാണുന്ന ആ നിമിഷം എത്രത്തോളം ആഴത്തിൽ പതിഞ്ഞിരുന്നിരിക്കണം!

തകഴിച്ചേട്ടൻറെ കൈയിൽ പുതുതായി ആരംഭിക്കുന്ന മലയാളനാട് രാഷ്ട്രീയ വാരികയ്ക്കുവേണ്ടി എഴുതുന്ന നോവലിൻറെ ആദ്യ അധ്യായങ്ങളുണ്ടായിരുന്നു. അവ അദ്ദേഹം എസ്. കെ. നായരെ ഏൽപ്പിക്കാനായി കൊണ്ടുവന്നതായിരുന്നു.

“തേടിപ്പോകുന്നു; കിട്ടുമോ ” എന്നായിരുന്നു നോവലിൻറെ പേര്.

കൈയെഴുത്തുപ്രതികൾ മറിച്ചുനോക്കിയ എസ്. കെ. നായർ പതിവു നർമത്തോടെ ചോദിച്ചു:

“നീളം കൂടിപ്പോയില്ലേ തലക്കെട്ടിന്?”

തകഴിച്ചേട്ടന് അതിനും മറുപടി തയ്യാറായിരുന്നു.

“സാരമില്ല. പുസ്തകമാകുമ്പോൾ കുറയ്ക്കാം.”

ആ മറുപടിയിലും അദ്ദേഹത്തിൻറെ സ്വതസിദ്ധമായ ലാളിത്യവും എഴുത്തിനോടുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു.

ആ ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം തേടിപ്പോകുന്നു; കിട്ടുമോ നോവലിൻറെ തുടർന്നുള്ള അധ്യായങ്ങൾക്കായി തകഴിയിലേക്കുള്ള യാത്രകൾ പതിവായി. അങ്ങനെ മലയാളനാടിൻറെ ഓഫീസിൽവെച്ച് കണ്ടുമുട്ടിയ എഴുത്തുകാരനുമായുള്ള പരിചയം, അദ്ദേഹത്തിൻറെ വീട്ടിലേക്കും ജീവിതത്തിലേക്കും നീണ്ടു.

ശങ്കരമംഗലം എന്ന വീട്ടിലായിരുന്നു താമസം. അവിടേക്കുള്ള യാത്രകൾ എഴുത്തിൻറെ ആവശ്യത്തിനുള്ള സന്ദർശനങ്ങൾ മാത്രമായിരുന്നില്ല. ആ വീടിൻറെ അന്തരീക്ഷവും അവിടത്തെ ഭക്ഷണവും ആതിഥ്യവുമെല്ലാം ആ ഓർമകളുടെ ഭാഗമാണ്.

കാത്തച്ചേച്ചിയുടെ സൗമ്യമായ പെരുമാറ്റം പ്രത്യേകം ഓർക്കുന്നു. വീട്ടിലെത്തുന്നവരോട് അവർ കാണിച്ച സ്നേഹവും കരുതലും ആ സന്ദർശനങ്ങൾക്ക് ഒരു കുടുംബവീട്ടിലെത്തിയ അനുഭവം നൽകി.

ഒരു വലിയ എഴുത്തുകാരനെ കാണാൻ പോകുന്നു എന്ന അകലം അവിടെ അധികനേരം നിലനിൽക്കില്ല. എഴുത്തും ജീവിതവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്ന, സ്നേഹവും സൗഹൃദവും നിറഞ്ഞ ആ സന്ദർശനങ്ങൾ പിന്നീട് ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ശങ്കരമംഗലം എന്ന വീടും അവിടത്തെ മനുഷ്യരുമാണ്.

(തുടരും )

ചിത്രം: തകഴിച്ചേട്ടൻ കഥപറയുന്നു

rajan@careermagazine.in

Share: