മദ്രാസിൽ, ‘തേരാപാരാ’…രാജൻ പി. തൊടിയൂർ

Share:

.
വർഷങ്ങൾക്ക് മുൻപ് , ഒരു ദിവസം ജഗതിച്ചേട്ടൻ പറഞ്ഞു.

“സിനിമയിൽ തെളിയണോ, മദ്രാസിൽ വരണം. തേരാപാരാ നടക്കണം. അവിടത്തെ പൈപ് വെള്ളം കുടിക്കണം. മോനെ മദ്രാസാണ്, സിനിമ. ഇവിടെ നിന്നാൽ തേരാപാരാ…സ്വാഹാ …”

ആനന്ദക്കുട്ടൻ സാറിൻറെ വീട്ടിലേക്കുള്ള യാത്രകൾ മഹാ പ്രതിഭകളുമായുള്ള ബന്ധങ്ങളായി. സാഹിത്യകാരന്മാർ…പത്രപ്രവർത്തകർ… അവിടെയുണ്ടാകും. ഉറൂബ്, എസ് ഗുപ്തൻ നായർ, കാവാലം നാരായണപ്പണിക്കർ , വേണു നാഗവള്ളി , സുകുമാർ, പ്രൊഫ. പന്മന രാമചന്ദ്രൻ നായർ, ആകാശവാണിയിലെ നാഗവള്ളി ആർ എസ്‌ കുറുപ്പ്, ജഗതി എൻ കെ ആചാരി, പത്മനാഭൻ നായർ, കെ ജി സേതുനാഥ്‌, പി ഗംഗാധരൻ നായർ, പത്മരാജൻ, എം ജി രാധാകൃഷ്ണൻ. …

ഭദ്രാഞ്ജലിയിൽ നിന്ന് ആകാശവാണിയിലേക്ക് നടത്തം, സ്ഥിരമായി. കെ ജി സേതുനാഥിൻറെയും ജഗതിയുടെയും വീട്ടിലേക്ക് ക്ഷണം.

ഒരു ദിവസം അച്ഛന് ഉച്ചക്ക് ആകാശവാണിയിൽ ചോറുമായെത്തുമ്പോഴാണ് ജഗതി ശ്രീകുമാറിനെ പരിചയപ്പെടുന്നത്.

മനസ്സ് നിറയെ സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരനോട് അച്ഛന് സ്വാഭാവികമായ പിണക്കം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നില്ല. പരാതി. ശ്രീകുമാർ കേഴ്ക്കാത്ത പോലെ നിൽക്കും.

യുവവാണിയിൽ ചർച്ചകളിൽ പങ്കെടുത്തു തുടങ്ങി. കഥകളെഴുതി. ഗാനങ്ങൾ എഴുതി. പത്മരാജനും പ്രതാപനും ജോൺ സാമുവലും എസ് വേണുവുമൊക്കെ സൗഹൃദത്തിലായി.

മുടവൻ മുകളിലുള്ള വീട്ടിലിരിക്കുമ്പോൾ കെ ജി സേതുനാഥ് പുതിയ നോവൽ എടുത്തു തന്നു. ‘കൊമ്പൻ സ്രാവ്’ . ഇത് തിരക്കഥയാക്കണം. കൊല്ലം പശ്ചാത്തലത്തിൽ. എനിക്കൊരാളുണ്ട് നിർമ്മിക്കാൻ.

അന്ന് അദ്ദേഹം റേഡിയോ നാടകങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. രണ്ടു-മൂന്ന് കഥകൾ സിനിമയായിട്ടുമുണ്ട്. മാത്രമല്ല തിക്കുറിശ്ശി ആത്മമിത്രവും. തിരക്കഥ എഴുതിത്തുടങ്ങി. പുരോഗതി… ചർച്ചകൾ. തിക്കുറിശ്ശി സ്ഥലത്തുണ്ടെങ്കിൽ അവിടേക്കു നീളും. ചർച്ച. ഇടക്ക് കാണുമ്പോൾ ജഗതി ചോദിക്കും. എന്തായി തിരക്കഥ? എനിക്കുണ്ടോ വേഷം ?…ഒരു ദിവസം മദ്രാസിലേക്ക് ജഗതി ശ്രീകുമാർ അപ്രത്യക്ഷമായി.
തിരക്കഥ പൂർത്തിയായി. തിക്കുറിശ്ശി ഗാനങ്ങൾ എഴുതാൻ തയ്യാറായി. പക്ഷെ നിർമ്മാതാവിനെ കാണാനില്ല.
” മോനെ സാരമില്ല. നീ കൊല്ലംകാരോട് ചോദിക്കു” .

അന്ന് കെ പി പി ഗ്രൂപ്പ് സിനിമ തീയേറ്ററും നിർമ്മാണവും തുടങ്ങിയ സമയമാണ്. രണ്ടു സിനിമയെടുത്തു.
പി ലക്ഷ്മണൻ പിള്ള ‘കൊമ്പൻ സ്രാവ്’ നിർമ്മിക്കാൻ താൽപ്പര്യം കാട്ടി. പലതവണ ഓഫീസിൽ കയറിയിറങ്ങി. തെങ്ങമം അദ്ദേഹവുമായി സംസാരിച്ചു. പക്ഷെ അവസാനമെടുത്ത ചിത്രവും പരാജയപ്പെട്ടതോടെ , അവർ ചലച്ചിത്ര നിർമ്മാണത്തിൽ നിന്ന് പിന്മാറി. തിരക്കഥ ജനറൽ പിൿ ചേ ർസി ൻറെ ഓഫീസിൽ… അവിടെ നിന്ന് ചെറുപുഷ്പം ഫിലിംസ് കൊച്ചേട്ടൻറെ അടുത്തേക്ക്.

ഇതിനിടെ ജഗതി ചേട്ടൻറെ അറിയിപ്പ് വന്നു. “ഞാൻ സിനിമയിൽ അഭിനയിക്കുകയാണ്” .

(തുടരും)

ചിത്രം : ജഗതി ശ്രീകുമാറുമൊത്ത്

rajan@careermagazine.in

Share: