തീവ്രമായി ആഗ്രഹിച്ചാൽ… -രാജൻ പി. തൊടിയൂർ

Share:

പത്താം ക്ലാസ്സിൽ മാർക്ക് കുറഞ്ഞവർക്കുള്ള അഭയ സ്ഥാനമായിരുന്നു അന്ന് കായംകുളം എം എസ് എം കോളേജ്.
സ്കൂളിൽ, പഠിത്തത്തെക്കാൾ ‘എക്സ്ട്രാ കരിക്കുലർ’ പരിപാടികൾ.
പ്രണയം. കയ്യെഴുത്ത് മാസിക. നാടകം. പാട്ട്.
പ്രണയ ലേഖനമെഴുത്ത്. ( സ്വന്തം ആവശ്യത്തിനു മാത്രമല്ല; സുഹൃത്തുക്കൾക്കും).

അപ്പൻറെ മരണം. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ .

പരീക്ഷ എഴുതണ്ട എന്നായിരുന്നു ചിറ്റപ്പൻമാരുടെ തീരുമാനം.
എഴുതി തോറ്റാലോ …രണ്ട് സ്വർണ്ണക്കടകളുള്ളത് ആര് നോക്കി നടത്തും?

പക്ഷെ കോശി സാർ സമ്മതിച്ചില്ല.
ക്ലാസ്സിൽ ജയിക്കാൻ സാദ്ധ്യതയുള്ള അപൂർവ്വം കുട്ടികളിൽ ഒരാൾ.

അപ്പൻ ആശുപത്രിയിൽ കിടന്ന ദിവസങ്ങളിലെ പാഠങ്ങൾ കോശി സാറും ഗ്രേസി ടീച്ചറും കൂടി പഠി പ്പിച്ചു.
വർഗീസ് സാർ ഹിന്ദി പറഞ്ഞുതന്നു.
ഒരുപാട് ആത്മവിശ്വാസം പകർന്നു തന്നു.

അത്യാവശ്യം മാർക്കോടുകൂടി പത്താം ക്ലാസ്സ് കടന്നു കൂടി.
ക്ലാസ്സിൽ ജയിച്ച അഞ്ച് പേരിൽ ഒരാൾ.

അപ്പൻ നടത്തിയിരുന്ന ‘രാജൻ ജുവല്ലറി’ തുടർന്ന് നടത്തണം എന്നായിരുന്നു ചിറ്റപ്പൻമാരുടെ പക്ഷം.
കോളേജിൽ പഠിപ്പിക്കണമെന്ന് അമ്മക്ക് നിർബന്ധം.
ശിവൻ മാമൻ എം എസ് എം കോളേജിൽ അന്വേഷിച്ചു.
പരിചയത്തിലൂടെ.

മാർക്ക്‌ കുറവ്.
സംഭാവന കൊടുക്കണം….ഇരുനൂറു രൂപ .
പരിചയത്തിലൂടെ അത് നൂറാക്കി കുറച്ചു.
ഗോപാലൻ മാമൻറെ മകൻ മോഹൻ ജി യും അവിടെ പഠിക്കുന്നുണ്ട്.
ധൈര്യമായി.

കോളേജിൽ പഠിക്കുക എന്നാൽ പ്രണയിക്കുക എന്നാണ് വായിച്ചുള്ള അറിവ്.
മനോരമ വാരികയിലെ നീണ്ടകഥകൾ എല്ലാം അങ്ങനെയാണ്.

അങ്ങിനെയാണ് വർഗിസിനോടൊപ്പം സാറാമ്മയുടെ പിന്നാലെ കൂടിയത്.

കോളേജ് ഡേ യുടെ തിരക്കിനിടയിൽ നിന്നും അകന്ന് വേണുവും ചന്ദ്രനും ജോർജ് ജോസെഫും രഘുവും വർഗീസിനുമൊപ്പം ചുറ്റിനടക്കുമ്പോൾ സ്റേറ ജിനടുത്ത് വലിയ കൂവൽ.

തിക്കുറുശി സുകുമാരൻ നായർ സ്റ്റേജിൽ കയറിയതിൻ റേ താണ് കൂവൽ.

അന്ന് തിക്കുറുശി മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്ന കാലം. സർവകലാവല്ലഭൻ.
മലയാള സിനിമയുടെ ആദ്യത്തെ സൂപ്പർ സ്റ്റാർ .
നടൻ എന്നതലുപരി കവി, തിരക്കഥാകൃത്ത്‌, സംവിധായകൻ , നിർമാതാവ് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു തിക്കുറുശി.

കോളേജിൽ എഴുത്തുകാരനായി അറിയപ്പെടുന്നതിൻറെ അഹങ്കാരം കൂട്ടുകാർക്കിഷ്ടപ്പെടാത്തകാലം.
“തിക്കുറുശിയെ പരിചയമില്ലേ നിനക്ക്?”
കളിയാക്കിയുള്ള ചോദ്യം.

“ഇന്ന് പരിചയപ്പെടും. ഞാൻ കൈകൊടുത്ത് മടങ്ങിവരും.”
അതൊരു തീരുമാനമായിരുന്നു.
സത്യത്തിൽ അതിനു വേണ്ടിയാണു ആനന്ദക്കുട്ടൻ സാറിനെ പരിചയപ്പെടുന്നത്.

പ്രസംഗത്തിനിടയിൽ ആനന്ദക്കുട്ടൻ സാർ പറഞ്ഞ ഒരു വാചകം മനസ്സിൽ ഉടക്കി.
” തിക്കുറുശി എൻറെ സുഹൃത്ത്‌ മാത്രമല്ല, ബന്ധു കൂടിയാണ്”.
അത് മാറി ചിന്തിക്കാൻ പ്രേരണയായി.
ഒരു സാഹിത്യകാരൻ എന്ന നിലയിൽ ആനന്ദക്കുട്ടൻ സാറുമായി പരിചയപ്പെടുക.
തിക്കുറുശ്ശിയുമായി പരിചയപ്പെടാൻ എളുപ്പവഴി അതാണെന്ന് പ്രിൻസിപ്പലിൻറെ മുറിക്കുമുന്നിൽ
എത്തിയപ്പോൾ മനസ്സിലായി.

തിക്കുറുശ്ശിയെ പൊതിഞ്ഞുനിൽക്കുന്ന ജനക്കൂട്ടം.
അദ്ധ്യാപകർ , അദ്ധ്യാപികമാർ , മുതിർന്ന കുട്ടികൾ….
അവിടെ ഒരു പ്രീഡിഗ്രിക്കാരന് യാതൊരു സാദ്ധ്യതയുമില്ല.

അൽപ്പം അകലെ, ഒരു കസേരയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ആനന്ദക്കുട്ടൻ സാർ, ഒറ്റക്ക്.
തിരിഞ്ഞു നോക്കിയപ്പോൾ തിക്കുറുശ്ശിക്ക് കൈ കൊടുക്കുന്നത് കാണാൻ ചന്ദ്രനും ജോർജ് ജോസെഫും രഘുവും കൂട്ടരും.

ആനന്ദക്കുട്ടൻ സാറിൻറെ അടുത്തെത്തി സ്വയം പരിചയപ്പെടുത്തി.
” എഴുതാറുണ്ട്. കഥകളും ലേഖനങ്ങളും.”
“പ്രസിദ്ധീകരിച്ചിട്ടുണ്ടോ?”
“ഉണ്ട്. ബാലയുഗം, ബാലരമ, കുട്ടികളുടെ ദീപിക, തളിര് …പിന്നെ ഞങ്ങൾ ഇവിടെ ഒരു മാസിക ഇറക്കുന്നുണ്ട്.
‘സുവർണ്ണരേഖ ‘.
കയ്യിൽ കരുതിയ പ്രതി അദ്ദേഹത്തിന് കൊടുത്തു.
” ഓഹോ…കൊള്ളാമല്ലോ”
” പണിക്കർ സാറാണ് ചീഫ് എഡിറ്റർ. മലയാളം ഡിപ്പാർട്മെൻറ് തലവനാണ്.”
“അറിയാം…. തിരുവന്തപുരത്തു വരുമ്പോൾ വീട്ടിൽ വരാൻ മടിക്കേണ്ട ”

അന്ന് ഞങ്ങൾ, എഴുതാൻ താൽപര്യമുള്ളവർ, മലയാളം പ്രൊഫസർ പണിക്കർ സാറിൻറെ നേതൃത്വത്തിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ‘സുവർണരേഖ’. അതിൽ പ്രസിദ്ധീകരിച്ച കഥ കണ്ട പ്പോൾ ആനന്ദക്കുട്ടൻ സാറിന് സന്തോഷം.
ലക്ഷണമൊത്ത ഒരു മാസിക, അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് കേരള സർവകലാശാലയിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ‘സുവർണരേഖ’ യാണ് .
മാധ്യമ രംഗത്തെ പല പദ്ധതികൾക്കും പിന്നീട് തുടക്കം കുറിക്കാൻ ധൈര്യം തന്നത് ഈ പരീക്ഷണമാണ്.
“ആകാശവാണിയിൽ വരാറുണ്ട് ”
” എങ്കിൽ തീർച്ചയായും വരണം. വഴുതക്കാടാണ് വീട്. ഭദ്രാഞ്ജലി , ടാഗോർ തിയേറ്ററിൻറെ പുറകുവശത്ത് ”
” എനിക്ക് തിക്കുറുശ്ശിയെ ഒന്ന് പരിചയപ്പെടണം.”
” അതിനെന്താ …വാ …”
അദ്ദേഹം തിക്കുറുശ്ശിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ആൾക്കൂട്ടത്തെ ചികഞ്ഞു മാറ്റി. പരിചയപ്പെടുത്തി.

” എഴുത്തുകാരനാണ്. രാജൻ തൊടിയൂർ”
തിക്കുറിശ്ശി തറപ്പിച്ചു നോക്കി.
ഇരുത്തിയൊന്നുമൂളി.
പെട്ടെന്ന് കൈ നീട്ടി. ഒരു ഷേക് ഹാൻഡിനായി.
അദ്ദേഹം തറപ്പിച്ചൊന്നുകൂടി നോക്കി.
പതുക്കെ കൈനീട്ടി.
മൃദുവായി പിടിച്ചു.
ദൂരെ കൂവൽ.

“സമ്മതിച്ചു മോനെ” – ജോർജ് ജോസഫ്‌ വിളിച്ചു പറഞ്ഞു.
ഒരു പ്രീ ഡിഗ്രിക്കാരൻറെ അഭിമാനം ഉണർന്നു.
‘അതെ , എനിക്ക് കഴിയും’.

1971- ൽ എം എസ് എം കോളേജിൽ വരുമ്പോൾ തിക്കുറുശി നാന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
ഞാൻ ജനിക്കുന്നതിനു മുൻപ് അദ്ദേഹം മലയാള സിനിമ യുടെ അവിഭാജ്യഘടക മായി. അങ്ങനെയുള്ള ഒരു ഒരു മഹാ പ്രതിഭയെ കൈകൊടുക്കാൻ മുതിർന്നത് ശരിയായില്ല എന്ന് അമ്മ പറഞ്ഞെങ്കിലും അത് ഒരു മധുരിക്കുന്ന ഓർമ്മയായി എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ചില ചെറിയ സന്തോഷങ്ങളാണ് ജീവിതത്തിൽ എന്നും ഓർക്കുന്ന വലിയ സാഫല്യങ്ങളായി മാറുന്നതെന്ന് പറയാറുണ്ട്.
എന്നാൽ തിക്കുറുശിയുമായി ഏറെ അടുക്കാനും അദ്ദേഹത്തിൻറെ ‘പാരഡി’ കവിതകൾ കേൾക്കാനും അവസരങ്ങൾ ഉണ്ടായത് കെ ജി സേതുനാഥ്‌മായി വീട്ടിൽ പോയി തുടങ്ങിയ കാലത്താണ്.

ഒരു കാര്യം വ്യക്തമായി : തീവ്രമായി നാം ആഗ്രഹിച്ചാൽ അത് നടക്കും.
പ്രകൃതി ശക്തികൾ നമുക്കൊപ്പം നിൽക്കും.
അതോടെ ആനന്ദക്കുട്ടൻ സാറും തിക്കുറുശ്ശിയും കെ ജി സേതുനാഥും ജഗതി എൻ കെ ആചാരിയുമൊക്കെ തിരുവനന്തപുരം യാത്രയുടെ ആകർഷണങ്ങളായി.

ചിത്രം : പ്രൊഫ. ആനന്ദക്കുട്ടനുമൊത്ത്

(തുടരും )

rajan@careermagazine.in

Share: