നേതൃത്വം ആവശ്യപ്പെടുന്നത് …

570
0
Share:
മനസ്സിൻറെ  പരിശുദ്ധി നേതൃത്വത്തിൻറെ  ശോഭ ; 

വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം വേണം.

മനസ്സിലൊന്നുവച്ച് മറ്റൊന്ന് പറയരുത്.

പ്രൊഫ.കെ.എ. ഡൊമിനിക്ക് /

ണസംബന്ധമായ കാര്യങ്ങളിൽ  നേതാവ് വിശ്വസ്തനായിരിക്കണം. സത്യസന്ധനെന്ന പേരു നഷ്ടപ്പെട്ടാൽ എല്ലാവരാലും പുച്‌ഛിക്കപ്പെടും.  വരുമാനത്തിലൊതുങ്ങത്തക്കവിധം നേതാവ് ചെലവു ചുരുക്കണം. ആർഭാടമായ ജീവിതവും ധൂർത്തും സാമ്പത്തിക കുഴപ്പം ഉണ്ടാക്കും.  ആർത്തി കൂടുമ്പോൾ പണം കടം വാങ്ങും.  കടക്കാരൻ പലർക്കും വഴങ്ങേണ്ടിവരും; നട്ടെല്ലുവളക്കേണ്ടതായി വരും.  പണത്തോടും ഉപഭോഗവസ്തുക്കളോടും ഉള്ള ആസക്തി നിയന്ത്രിച്ചില്ലെങ്കിൽ നേതാവ് പ്രലോഭനങ്ങൾക്കു വശംവദനായി കെണിയിൽ പതിച്ചെന്നുവരാം.  സാമ്പത്തിക കാര്യങ്ങളിൽ അങ്ങേയറ്റം വിശ്വസ്തതപുലർത്തുക.  പണ സംബന്ധമായ കാര്യങ്ങളിൽ വിശ്വസ്തനല്ലെന്ന് ഒരിക്കൽ വെളിപ്പെട്ടു പോയാൽ ആ കളങ്കം ഒരിക്കലും മായുകയില്ല.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രി പാവപ്പെട്ടവനായിരുന്നു.  സ്വാതന്ത്ര്യസമരകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കേണ്ടപ്പോൾ ആവശ്യമാകുന്ന ചെലവിന് നാഷണൽ കോൺഗ്രസ് അദ്ദേഹത്തിന് നാല്പതു രുപ അനുവദിച്ചിരുന്നു.  സത്യസന്ധനായ ശാസ്ത്രി ഇരുപത്തഞ്ച് രുപ മാത്രം എടുത്തിട്ട് പതിനഞ്ചു രുപ കോൺഗ്രസ് ഫണ്ടിലേക്ക് മടക്കിക്കൊടുക്കുമായിരുന്നു.

വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം വേണം.  മനസ്സിലൊന്നുവച്ച് മറ്റൊന്ന് പറയരുത്.  വാക്കു പാലിക്കണം.  സത്യസന്ധതയെപ്പറ്റി വിദ്യാർ്‌തഥികളോടുപദേശിക്കുകയും യൂത്തുഫെസ്റ്റിവലിൽ സ്വന്തം മകൾക്ക് കൂടുതൽ മാർക്കിടുവാൻ ജഡ്‌ജിനെ പ്രേരിപ്പിക്കുകയും ചെയ്ത ടീച്ചറുടെ പ്രവൃത്തി മ്ലേച്ഛമാണ്.  ജാടയോ തലക്കനമോ ഇല്ലാത്തതും വിനയത്തോടുകൂടിയതുമായ പെരുമാറ്റമാണ് നേതാവിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

സത്യസന്ധനായ നേതാവിന് ഹൃദയസമാധാനം ഉണ്ടായിരിക്കും.  സത്യസന്ധനായിരിക്കുന്നതോടൊപ്പം നയതന്ത്രജ്ഞനുമായിരിക്കണം നേതാവ്.

സാമ്പത്തിക കാര്യത്തിലുള്ള വിശ്വസ്തത പോലെ തന്നെ പ്രധാനമാണ് സദാചാര ജീവിതവും. വികാര നിയന്ത്രണം അനുപേക്ഷണീയമാണ്.   അസാന്മാർഗ്ഗിയെന്നു പേരുണ്ടായാൽ സകല വിജയ സാധ്യതകളും തകരും.  അയാളെ നേതൃസ്ഥാനത്തു നിന്നും തൂത്തെറിയും.  ഒരാളുടെ വ്യക്തി ജീവിതവും പരസ്യജീവിതവും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നത് യുക്തിഹീനമാണ്.  ‘ചേരതിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുറി തിന്നണം’.  നിലവിലുള്ള നാട്ടുനടപ്പും സാമൂഹ്യാചാരങ്ങളും അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.  ഒരു വലിയ നേതാവ് മരുമകളെ പീഢിപ്പിക്കുന്നെങ്കിൽ അയാൾ വെറുക്കപ്പെടും.  രഹസ്യജീവിതം പരസ്യജീവിതം പോലെ കറയില്ലാത്തതായിരിക്കണം .  സാമൂഹ്യാചാരങ്ങൾ അനുസരിക്കുക തന്നെ വേണം.  കാരണം നാമെല്ലാം സമൂഹത്തിൻറെ  ഭാഗമാണ്.  നാം തന്നെയാണ് സമൂഹത്തെ വാർത്തെടുക്കുന്നതും.

സരസമായി സംസാരിക്കാനും ആത്മാർത്ഥമായി പുഞ്ചിരിക്കുവാനും ഓരോരുത്തരെയും അവർ ഇഷ്ടപ്പെടുന്ന പേരു പറഞ്ഞ വിളിക്കാനും കഴിവുള്ളവർ വിരളമല്ലേ? സംഭാഷണം കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കാനല്ലേ നമുക്ക് വിരുത്.  നമ്മുടെ വാക്കുകൾ ആത്മപ്രശംസാപരമല്ലേ? മറ്റുള്ളവരെ ബോറടിപ്പിക്കുന്നവരും വലിയ ഗമ കാട്ടുന്നവരും നേതൃത്വം മോഹിക്കരുത്.  ശുഭപ്രതീക്ഷ നൽകുന്നതും പ്രചോദനാത്മകവുമായ വാക്കുകൾ മാത്രമേ നേതാവിൻറെ  സംഭാഷണത്തിലുണ്ടാകാവൂ.  മറ്റുള്ളവരെ തരംതാഴ്ത്തുകയും പരിഹസിക്കുകയും ചെയ്യുന്നവരെ  ആരും ഇഷ്ടപ്പെടുന്നില്ല.

Share: