You are here
Home > Articles > സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷ: അനന്ത സാദ്ധ്യതകൾ ; അപേക്ഷിക്കാൻ ഒരു ദിവസം കൂടി…!

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷ: അനന്ത സാദ്ധ്യതകൾ ; അപേക്ഷിക്കാൻ ഒരു ദിവസം കൂടി…!

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷ എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ഈ പരീക്ഷ മറ്റു പല വകുപ്പുകളിലേക്കുമുള്ള വാതായനമാണ്. അതുകൊണ്ടുതന്നെ ജയിച്ചുവരുന്ന ഉദ്യോഗാർഥികളുടെ മുന്നിൽ തുറന്നുകിട്ടുന്നത് അനന്ത സാദ്ധ്യതകളാണ്. സംസ്ഥാന തലത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നാണ് പല തസ്തികകളിലേക്കുമുള്ള നിയമനം നടക്കുന്നത്. ധനകാര്യ വകുപ്പ്, പൊതു ഭരണം, പി.എസ്.സി, ഓഡിറ്റ്, അഡ്വക്കേറ്റ് ജനറലിന്‍റെ കാര്യാലയം എന്നിവിടങ്ങളിലുള്ള ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനാൽ കൂടുതൽ പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയാണ് അതിൽ പ്രധാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് മാത്രമായി ഒതുങ്ങുമായിരുന്നെങ്കിൽ വടക്കൻ കേരളത്തിലുള്ളവർക്ക് തിരുവനന്തപുരത്തേക്ക് ജീവിതം പറിച്ചുനടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. ഇത്
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ വരുത്താനിടയുണ്ട്.

സെക്രട്ടറിയേറ്റിൽ നിയമനം ലഭിക്കുമ്പോള്‍ നാടും വീടും ഉപേക്ഷിച്ച് തിരുവനന്തപുരത്ത് താമസമാക്കേണ്ടി വരും. അഡ്വ.ജനറലിന്‍റെ കാര്യാലയത്തിൽ നിയമനം ലഭിക്കുന്നവർക്ക് ഏറണാകുളത്തും ജോലി ചെയ്യേണ്ടി വരും.

എന്നാല്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് ലിസ്റ്റില്‍ നിന്നും ഏത് വകുപ്പ്സ്ഥാ അല്ലെങ്കിൽ സ്ഥാപനത്തില്‍ നിയമനം ലഭിച്ചാലും, താത്പര്യമുള്ള സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ടെന്നത് ഈ തസ്തികയുടെ എടുത്തു പറയേണ്ട പ്രത്യേകത ആണ്. ഇന്‍റര്‍ / മ്യൂച്വല്‍ സ്ഥലം മാറ്റത്തിലൂടെ ആണ് ഇത് സാധിക്കുക. ധനകാര്യ വകുപ്പ്, പൊതു ഭരണം, പി.എസ്.സി, സംസ്ഥാന ഓഡിറ്റ്, അഡ്വക്കേറ്റ് ജനറലിന്‍റെ കാര്യാലയം എന്നിവിടങ്ങളില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 10% അന്തര്‍ വകുപ്പ് സ്ഥലം മാറ്റം നല്‍കാന്‍ മാറ്റി വെക്കണമെന്നാണ് ചട്ടം, ഉദ്യോഗാര്‍ത്ഥി ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മുൻഗണന അനുസരിച്ചു അന്തര്‍ വകുപ്പ് സ്ഥലം മാറ്റം ലഭിക്കും. തിരുവനന്തപുരത്തു സെക്രെട്ടറിയേറ്റിൽ ജോലി ലഭിച്ച കോഴിക്കോട് സ്വദേശിക്ക് വെണമെങ്കില്‍ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/പി
എസ്.സി എന്നിവയിലൊന്നിലേക്ക് മാറ്റം വാങ്ങി സ്വന്തം ജില്ലയില്‍ എത്താം. മധ്യകേരളത്തിലുള്ള ഉദ്യോഗാര്‍ത്തികള്‍ക്ക് ഇതേ രീതിയില്‍ എറണാകുളത്തെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്കും എത്താം.സംസ്ഥാന ഓഡിറ്റ് വകുപ്പിന് കേരളത്തിലെ 14ജില്ലകളിലുമായി 60 ലേറെ ഓഫീസുകളുണ്ട്. പി.എസ്.സി ക്കും എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്.വകുപ്പ് മാറാന്‍ നിശ്ചിത കാലത്തെ
സര്‍വീസ് പൂരത്തിയാക്കണമെന്ന വ്യവസ്ഥകള്‍ ഒന്നും തന്നെ ഇല്ല.

പരസ്പരമുള്ള അന്തര്‍വകുപ്പ് സ്ഥലം മാറ്റത്തിലൂടെയും ഈ സൗകര്യം ഉപയോഗപ്പെടുത്താം. പൊതു
ലിസ്റ്റില്‍ നിന്നും രണ്ടു സ്ഥാപങ്ങളിലേക്ക് നിയമനം ലഭിച്ചവര്‍ക്ക് ഉഭയ സമ്മത പ്രകാരം പരസ്പര വകുപ്പുകള്‍ മാറാന്‍ അന്തര്‍ വകുപ്പ് സ്ഥലം മാറ്റത്തിലൂടെ വേഗത്തില്‍ സാധിക്കും.

34,000 രൂപ തുടക്കശമ്പളം

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് തസ്തികയിലെ ശമ്പളസ്കെയില്‍ ആരംഭിക്കുന്നത് 27800 രൂപയിലാണ് . നിലവിലുള്ള 14% ഡി.എ, എച്ച്.ആര്‍.എ (2000 രൂപ), സി.സി.എ (400) എന്നിവ ചേരുമ്പോള്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് ജോലി ലഭിക്കുന്ന തുടക്കക്കാരന്‍റെ ശമ്പളം 34000 രൂപയാണ്. നിയമനം കിട്ടി പരമാവധി നാല്
വര്‍ഷത്തിനുള്ളിൽ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് തസ്തികയില്‍ പ്രവേശിക്കാൻ കഴിയും.
അപ്പോൾ ശമ്പളം 40000 രൂപ പിന്നിടും. അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍ പദവിയില്‍ എത്തുമ്പോള്‍ ശമ്പളം 50000 രൂപയിൽ കൂടുതലാകും.. ലീവ്സറണ്ടര്‍ ആനുകൂല്യങ്ങള്‍ക്കും ഈ പ്രയോജനം ലഭിക്കും. അടിസ്ഥാന ശമ്പളം, മൊത്തം ശമ്പളം എന്നിവയിലെ വര്‍ധനവ് മൂലം ഭാവന വായ്പ തുടങ്ങിയവക്ക് ഉയര്‍ന്ന പരിഗണനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

ജോലിക്കയറ്റം

സര്‍ക്കാരിന്‍റെ മറ്റ് വകുപ്പുകളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു ഉദ്യോഗസ്ഥന് ചുരുങ്ങിയത് 18-20 വര്‍ഷം കഴിഞ്ഞാലെ ഗസറ്റഡ് പദവിയിലെത്താനാകൂ. എന്നാല്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്
നിയമനം ലഭിക്കുന്നവര്‍ക്ക് 10-12 വര്‍ഷത്തിനകം ഗസറ്റഡ് പദവിയിലെത്താനാകും.
മുകളിലേക്ക് വളരെ വലിയ തസ്തികകളുമാണ് കാത്തിരിക്കുന്നത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് നിയമനം ലഭിക്കുന്നവരുടെ വിവിധ വകുപ്പുകളിലെ പ്രൊമോഷന്‍ സാധ്യതകള്‍ താഴെ പറയുന്നവയാണ്.

തസ്തിക ശമ്പള സ്കെയില്‍

അസിസ്റ്റന്‍റ് 27,800 – 59,400
സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് 30,700 – 68,700
അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍ 32,300 – 68,700
സെക്ഷന്‍ ഓഫീസര്‍ 36,600 – 79,200
അണ്ടര്‍ സെക്രട്ടറി 45,800 – 1,15,200
ജോയിന്‍റ് സെക്രട്ടറി 85,000 – 1,17,600
അഡീഷണല്‍ സെക്രട്ടറി 89,000 – 1,20,000
സ്പെഷ്യല്‍ സെക്രട്ടറി – 93,000 – 1,20,000

കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലെ തസ്തികകള്‍ക്കും സമാനമായ പേരുകളാനുള്ളത്.
അഡീഷണല്‍ സെക്രട്ടറിക്കു ശേഷമുള്ള തസ്തികയുടെ പേര് പി.എസ്.സി യില്‍ സെക്രട്ടറി എന്നതാണ്.സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ സെക്രട്ടറിയേറ്റിനു തത്തുല്യമായ തസ്തികകളുടെ പേരുകള്‍, ഓഡിറ്റര്‍, സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, അസിസ്റ്റന്‍റ് ഓഫീസ് ഓഡിറ്റര്‍, ഓഡിറ്റ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍, ഡയറക്ടര്‍ എന്നിങ്ങനെ ആണ്.
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, പി.എസ്.സി എന്നിവിടങ്ങളില്‍ ഓഡിറ്റര്‍/അസിസ്റ്റന്‍റ് തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഡയറക്ടര്‍ /സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങള്‍ വരെ ഉയരാനാകും.
ഇത്രയേറെ സാദ്ധ്യതകളുള്ള ഈ പരീക്ഷയിൽ ഉന്നതനിലയിൽ വിജയിക്കുന്നവർക്ക് മാത്രമേ ജോലിയിൽ കടന്നു കൂടാനാകൂ. ആറു ലക്ഷംപേർ അപേക്ഷിക്കാൻ സാദ്ധ്യതയുള്ള ഈ തസ്തികയിൽ പരമാവധി ആയിരം പേർക്കാണ് ജോലി ലഭിക്കുക. റാങ്ക് ലിസ്റ്റിൽ അഞ്ഞൂറിനുള്ളിൽ എത്തുന്നവർക്ക് ജോലി ഉറപ്പാക്കാം.

സമഗ്ര പരിശീലനത്തിലൂടെ മാത്രമേ ഈ പരീക്ഷയിൽ മുൻനിരയിൽ എത്താൻ കഴിയൂ.അത് മനസ്സിലാക്കി കൃത്യമായ ആസൂത്രണത്തിലൂടെയും പഠന ക്രമത്തിലൂടെയും പരീക്ഷയെഴുതി ആദ്യത്തെ അഞ്ഞൂറ് പേരിൽ എത്തുന്നവർക്ക് ഈ ജോലി ലഭിക്കും എന്നുറപ്പുവരുത്താം. സം വരണാനുകൂല്യമുള്ള കുറെപ്പേർക്കും ജോലി ലഭിക്കും . ഇനിയുള്ള ദിവസങ്ങൾ പഠനത്തിനായി മാറ്റിവെക്കാൻ തയ്യാറാകുന്നവർക്കുള്ളതാണ് വിജയം. ജോലിയും.


പി കെ മധു നായർ

For more Articles Subscribe Now!

Top