ജോലിക്കാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം -വി.എസ്.

253
0
Share:

ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മുഖമായി ജനങ്ങള്‍ ഇടപെടുന്നത് ഉദ്യോഗസ്ഥന്‍മാരുമായാണ്. ജനങ്ങളുമായുള്ള ഇടപെടല്‍ ഒരു കലയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഭാഷയും ശരീരഭാഷയും പ്രധാനമാണ്.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാത്ത ഉദ്യോഗസ്ഥരും അവരുടെ ശേഷികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ വ്യത്യാസം അവരുടെ നൈപുണ്യം, അഭിരുചി, സമീപനം എന്നിവയിലെല്ലാം പ്രതിഫലിക്കും. പക്ഷേ, ഭരണസംവിധാനത്തിലെ ഘടകങ്ങളാകുമ്പോള്‍ ചില പ്രത്യേക ശേഷികള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ അനിവാര്യമാണ്. ഇത്തരം ശേഷികള്‍ കൈവരിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്യുന്ന പരിശീലനങ്ങള്‍ ഗുണം ചെയ്യും. ഉദ്യോഗസ്ഥരുടെ ശേഷിവികസനം എന്നത് ഭരണപരിഷ്‌കാരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.
കൂട്ടായ പ്രവര്‍ത്തനം, സമസ്ത മേഖലയുമായി ബന്ധപ്പെട്ട വിവര സമ്പാദനം, അര്‍പ്പണ മനോഭാവം, നൈപുണ്യവികസനം തുടങ്ങിയ ഗുണങ്ങള്‍ സൂക്ഷ്മതലങ്ങളായി വിഭജിച്ച് ഓരോരോ വിഭാഗക്കാര്‍ക്ക് വേണ്ടതേതെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. കമ്മീഷനംഗം സി.പി. നായര്‍ സംബന്ധിച്ചു. കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ് വിഷയാവതരണം നടത്തി.
കേരളത്തിലെ ഉദ്യോഗസ്ഥ പരിശീലന സ്ഥാപനങ്ങളുടെ മേധാവികളുടേയും ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ചാണ് ഐ.എം.ജിയില്‍ ശില്‍പശാല സംഘടിപ്പിച്ചത്.

Share: