വാഹന പരിശോധനക്ക് ഡിജിറ്റൽ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്

Share:

വാഹന പരിശോധനയിൽ പൊതുജനങ്ങൾ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനും പരിശോധനയിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും പുതിയ വാഹന പരിശോധനാ സംവിധാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഇ-പോസ് മെഷീനുകൾ ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനാ നടപടികൾ സ്വീകരിക്കുന്നത്.
പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്റെ കൈവശമുള്ള പി ഒ എസ് മെഷീനിൽ വാഹന നമ്പർ രേഖപ്പെടുത്തുന്നതോടെ വാഹനം സംബന്ധിച്ച എല്ലാ വിവരങ്ങളും മെഷീനിൽ ലഭ്യമാകും. വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച വിവരങ്ങളും മെഷീൻ സ്‌ക്രീനിൽ തെളിയും. ഇതോടെ രേഖകൾ പരിശോധിച്ച് വാഹന പരിശോധനാക്കുറിപ്പ് (ചെക്ക് റിപ്പോർട്ട് ) തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസം ഒഴിവായി കിട്ടും. കൂടാതെ, പരിശോധനാക്കുറിപ്പ് തയ്യാറാക്കുമ്പോൾ തന്നെ നിയമലംഘനം എന്തെന്നും അത് സംബന്ധിച്ച പിഴതുക അടക്കമുള്ള വിവരങ്ങളും ഉടമയുടെ മൊബൈലിൽ മെസേജായും ലഭിക്കും. ഈ തുക ഓൺലൈനായോ ഇ- പോസ് മെഷീനോട് ചേർന്നുള്ള എടിഎം സൈ്വപ്പിംഗ് സംവിധാനം ഉപയോഗിച്ചോ തത്സമയം അടക്കാവുന്നതാണ്.

പരിശോധനയ്ക്ക് ശേഷം പിഴതുക 30 ദിവസത്തിനുള്ളിൽ ഓൺലൈനായി അടയ്ക്കാനും വാഹന ഉടമയ്ക്ക് സാവകാശം ലഭിക്കും. അനുവദിച്ച 30 ദിവസത്തിനകം പിഴതുക അടയ്ക്കാതിരുന്നാൽ ചെക്ക് റിപ്പോർട്ട് (പരിശോധനാക്കുറിപ്പ്) വെർച്വൽ കോടതിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതോടൊപ്പം ‘വാഹൻ’ വെബ്‌സൈറ്റിൽ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുകയും വാഹനത്തിന് വകുപ്പിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്യും.

എ ടി എം സൈ്വപ്പിംഗ് സംവിധാനത്തോട് കൂടിയ പി ഒ എസ് യന്ത്രത്തിൽ ക്യാമറ ഉള്ളതിനാൽ ഹെൽമറ്റ് വെക്കാത്തത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തത്സമയം പകർത്താനാകും. ഇങ്ങനെ പകർത്തുന്ന നിയമലംഘന ചിത്രങ്ങൾ വാഹന പരിശോധനക്കുറിപ്പുകളിൽ ഉൾപ്പെടുത്തും. പരിശോധനയ്ക്ക് ശേഷം പരിശോധനാസ്ഥലം, സമയം, കുറ്റം, പിഴ എന്നിവ രേഖപ്പെടുത്തിയ അച്ചടിച്ച രസീത് ലഭ്യമാകും. വിവരം ഉടമയുടെ മൊബൈലിൽ മെസേജായും എത്തും.

പി ഒ എസ് മെഷീനുകൾ പൂർണ്ണമായും ഓൺലൈനിലൂടെ പ്രവർത്തിക്കുന്നതിനാൽ നടപടികൾ തീർത്തും സുതാര്യമായിരിക്കും. തെളിവുകൾ ഡിജിറ്റൽ ആയതിനാൽ എതിർപ്പുകളും തർക്കങ്ങളും കുറയും. കൂടാതെ പി ഒ എസ് മെഷീൻ എത്തിയതോടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കാനാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി ഒ എസ് മെഷിനുകൾ ഉപയോഗിക്കുന്നത് വഴി വാഹന പരിശോധനകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനും സാധിക്കുന്നുണ്ട്.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുറഞ്ഞ് വന്നിരുന്ന വാഹനാപകടനിരക്കുകൾ അൺ ലോക്ക് കാലഘട്ടത്തിൽ വർധിച്ചതായും കണക്കുകൾ കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിർത്തി വച്ചിരുന്ന വാഹന പരിശോധനകൾ ഇ – പോസ് സംവിധാനത്തിൽ സെപ്റ്റംബർ മുതൽ ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ ആർ.ടി ഒ എം.പി ജയിംസ് അറിയിച്ചു.

Share: