തൊഴിലില്ലായ്‌മ കൂടുന്നു; പൗരന്മാരുടെ അറിവും നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കുന്നില്ല.

Share:

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന‌് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിന്റെ ആനുകാലിക ലേബർ ഫോഴ്സ് സർവ്വേഫലം. 2017-18ലെ കണക്കുകൾപ്രകാരം 6.1 ശതമാനമാണ‌് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക‌്. 1972-73 കാലയള‌വ‌ിന‌് ശേഷം ആദ്യമായാണ‌് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക‌് ഇത്രയധികം ഉയരുന്നത‌്.

തൊഴിലില്ലായ്മ സംബന്ധിച്ച‌് രാജ്യത്ത‌് ആദ്യമായാണ‌് ഒരു സർക്കാർ ഏജൻസി സർവ്വേ നടന്നത‌്. നാഷണൽ സാമ്പിൾ സർവീസ് ഓഫീസിന്റെ ആദ്യത്തെ കുടുംബ വാർഷിക സർവേയാണ‌് പീരിയഡിക്കൽ ലേബർ ഫോഴ്സ് സർവേ. ജൂലൈ 2017 മുതൽ ജൂൺ 2018 വരെയുള്ള വിവരങ്ങളാണ‌് സർവേയുടെ ഭാഗമായി ശേഖരിച്ചത‌്. 2016 നവംബറിലെ നോട്ട‌് നിരോധനത്തിന‌് ശേഷം ആദ്യത്തെ സാമ്പത്തിക വർഷമായിരുന്നു 2017-18.

സർവ്വേ, യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കൂടുതൽ ഉയർന്നെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണ്. 15 നും 29 നും മധ്യേ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് 2017-ൽ 17.4 ശതമാനമായി വർധിച്ചു. 2011 ൽ ഇത് 5 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 2011 ൽ 4.8 ശതമാനമായിരുന്നത് 2017-18 ൽ 13.6 ശതമാനമായി വർധിച്ചു.

നഗരപ്രദേശങ്ങളിലെ യുവതി/യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ ഗ്രാമീണ മേഖലയേക്കാൾ ഉയർന്നതാണ്-. 2017-18 ൽ പുരുഷന്മാരിൽ 18.7, സ്ത്രീകളിൽ 27.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക‌്. വിദ്യാസമ്പന്നരായിട്ടുള്ളവരിൽ, 2004-05 ൽ ഉണ്ടായിരുന്നതിനേക്കാളും തൊഴിൽരഹിതർ 2017-18ൽ കുടുതലാണ‌്. ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, തൊഴിലില്ലായ്മ 2004-05, 2011-12 കാലഘട്ടത്തിൽ 9.7%, 15.2% എന്നിങ്ങനെ ആയിരുന്നെങ്കിൽ‌, 2017-18 ൽ 17.3% ആയി. ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ പുരുഷൻമാരിൽ തൊഴിലില്ലായ്മ 2004-05, 2011-12 കാലഘട്ടത്തിൽ 3.5%, 4.4% എന്നിങ്ങനെ ആയിരുന്നെങ്കിൽ. 2017-18 ൽ 10.5% ആയി.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയുടെ (6.1 %) ഇരട്ടിയിലേറെയാണെന്നും (12.5%) .പൗരന്മാരുടെ അറിവും നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതു സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹിക,സാമ്പത്തിക പ്രശ്നമായി മാറിയെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട്. സിക്കിം, ത്രിപുര, ഹിമാചൽ പ്രദേശ് എന്നീ ചെറിയ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇതിലേറെ തൊഴിലില്ലായ്മയുള്ളത്. മനുഷ്യശേഷി ഫലപ്രദമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ സർക്കാർ രൂപപ്പെടുത്തണമെന്നും നിയമസഭയിൽ സമർപ്പിച്ച അവലോകന റിപ്പോർട്ടിൽ സംസ്ഥാന ആസൂത്രണ ബോർഡ് നിർദേശിച്ചു.

Share: