സ്പോർട്സ് ക്വാട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ, ഹോമിയോപ്പതിക് കോളേജുകൾ, അഗ്രിക്കൾച്ചർ കോളേജുകൾ എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള കായിക താരങ്ങൾ എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായികനേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
2017-18, 2018-19 കലണ്ടർ വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിട്ടുള്ളതാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കുന്നത്. അപേക്ഷകർ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) സാക്ഷ്യപ്പെടുത്തണം.
എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കപ്പെടുകയുള്ളൂ.
എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി തന്നെയായിരിക്കും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-1. ഫോൺ: 0471-2330167, 2331546.