സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന്
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ; മറക്കരുത് ഈ കാര്യങ്ങള്‍……
സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ. പരീക്ഷാ ദിവസം വരെ അഡ്മിഷന്‍ ടിക്കറ്റ് എടുക്കാം. പരീക്ഷക്ക് എത്തും എന്ന് ഉറപ്പ് നല്‍കാത്തവര്‍ക്ക് പരീക്ഷയെഴുതാനാകില്ല. ഇത്തവണ 6,89,362 അപേക്ഷകളാണ് സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷക്ക് ലഭിച്ചത്. നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റത്തിന് 5,774 പേരും .
സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പുറമെ വിജിലന്‍സ് ട്രിബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ചേര്‍ത്തിട്ടുണ്ട്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിനനുസരിച്ച് വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. പി.എസ്.സി. എൽ ഡി ക്ളർക് പരീക്ഷയുടേതിന് സമാനമായി ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്താണ് പരീക്ഷ.
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുമ്പോൾ അന്തിമ ലിസ്റ്റില്‍ നിന്ന് ആദ്യത്തെ 1000 റാങ്കിനുള്ളില്‍ വരുന്നവര്‍ക്കുമാത്രമാണ് നിയമനം ഉറപ്പുള്ളത്.
ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം തയ്യാറെടുപ്പിൻറെ പലഘട്ടങ്ങളും പിന്നിട്ടിട്ടുണ്ടാകും. എന്നാല്‍ അവസാന റൗണ്ടിലെ തയാറെടുപ്പുകളാണ് വിജയത്തില്‍ നിര്‍ണായകം. സിലബസ്, അവശേഷിക്കുന്ന സമയം, ഒടുവില്‍ നടന്ന സമാനമാന പരീക്ഷകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള കൃത്യമായ ആസൂത്രണവും പഠനവുമാണ് ഇനി നടത്തേണ്ടത്.
ഈ പരീക്ഷ എഴുതുന്ന 90 ശതമാനം പേരും ഓഗസ്റ്റില്‍ നടന്ന കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയിൽ പങ്കെടുത്തിട്ടുള്ളവരാകാനാണ് സാദ്ധ്യത .സിലബസില്‍ പരാമര്‍ശിച്ച 10 മേഖലകളിലൂടെ മാത്രമാണ് പ്രസ്തുത പരീക്ഷയില്‍ ചോദ്യകര്‍ത്താവ് കടന്നുപോയിട്ടുള്ളത്. ഇവിടേയും ഇതേ സ്വഭാവത്തിലുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കാനാണ് സാധ്യത. അതുകൊണ്ട് അടിയന്തരമായി ചെയ്യേണ്ടത് സിലബസില്‍ പറഞ്ഞ 10 മേഖലകളിലും നന്നായി കടന്നുപോയിട്ടുണ്ട് എന്ന് ഉറപ്പാക്കുകയാണ്.
ആനുകാലിക സംഭവങ്ങൾ
കഴിഞ്ഞ ആറുമാസത്തിനിടെ നടന്ന പി.എസ്.സി. പരീക്ഷകളില്‍ പൊതുവിജ്ഞാനം ഭാഗത്ത് കൂടുതല്‍ ചോദ്യങ്ങള്‍ വന്നത് ആനുകാലിക സംഭവങ്ങളിൽ നിന്നുമാണ്. അതുകൊണ്ട് ഇനി ആനുകാലിക സംഭവങ്ങൾക്ക് പ്രത്യേക ഊന്നല്‍ നല്‍കാം. പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ ജൂലായ്-ഓഗസ്റ്റോടെ തയ്യാറായിട്ടുണ്ടാവും. ആയതിനാല്‍ ജൂലായ് വരെയുള്ള സംഭവങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കണം. പി.എസ്.സി. പരീക്ഷകളിലെ ആനുകാലിക സംഭവങ്ങൾ ചോദ്യങ്ങള്‍ തൊട്ടുമുന്‍പത്തെ വര്‍ഷത്തിലെ അവസാന മാസങ്ങളിലൂടെയും കടന്നുപോകാറുണ്ട്. ഈ സാഹചര്യത്തില്‍, 2017 ഒക്ടോബര്‍ മുതല്‍ 2018 ജൂലായ്വരെയുള്ള സംഭവവികാസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
ഭരണഘടനയും വകുപ്പുകളും
ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രധാന വകുപ്പുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഇടംനേടുന്നു. മൗലികകര്‍ത്തവ്യങ്ങള്‍, നിര്‍ദേശകതത്ത്വങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാം അവസാനഘട്ട തയ്യാറെടുപ്പില്‍ ഹൃദിസ്ഥമാക്കണം. രാഷ്ട്രപതി, പാര്‍ലമെൻറ് എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രധാനങ്ങളാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രാധാന്യമര്‍ഹിക്കുന്നു.
ജനറല്‍ സയന്‍സ്
പലവട്ടം ആവര്‍ത്തിച്ച ചോദ്യങ്ങള്‍ മാത്രമാണ് ജനറല്‍ സയന്‍സില്‍നിന്ന് അടുത്തിടെ ചോദിച്ചുവരുന്നത്. എന്നാല്‍ ഇവിടെ കൂടുതല്‍ ഗൗരവമുള്ള ചോദ്യങ്ങള്‍ കരുതിയിരിക്കണം. പരമാവധി സയന്‍സ് ചോദ്യങ്ങളിലൂടെ ചുരുങ്ങിയ സമയംകൊണ്ട് കടന്നുപോകുക. അടുത്തിടെ നടന്ന പരീക്ഷകളില്‍ ഈ ഭാഗം അവഗണിക്കപ്പെടുന്നതുകൊണ്ട് സയന്‍സിനെ നിസ്സാരമായി കാണരുത്.
മാതൃകാപരീക്ഷ
അവസാന തയ്യാറെടുപ്പില്‍ ഊന്നല്‍ നല്‍കേണ്ടത് മാതൃകാ ചോദ്യപ്പേപ്പറുകള്‍ക്കാണ്. നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കണ്ടെത്താന്‍ ഇത് ഗുണംചെയ്യും. അടുത്തിടെ നടന്ന പി.എസ്.സി. ചോദ്യപ്പേപ്പറുകളും പരിശീലിക്കാന്‍ ഉപയോഗിക്കാം. നിശ്ചിതസമയത്തിനുള്ളില്‍ത്തന്നെ ഉത്തരം ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
റിവിഷന്‍
ശരിയായി റിവിഷന്‍ ചെയ്യാന്‍ കഴിയാത്തതാണ് പലര്‍ക്കും തിരിച്ചടിയാവുന്നത്. റിവിഷനില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ട മേഖലകള്‍ കണക്ക്/മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ് ഭാഗങ്ങളിലാണ്. ആശയക്കുഴപ്പം തോന്നിയിട്ടുള്ള മേഖലകളില്‍ പൊതുവിജ്ഞാന ഭാഗത്തും റിവിഷന്‍ നടത്താം. ദിനങ്ങള്‍, വര്‍ഷങ്ങള്‍, എണ്ണങ്ങള്‍ എന്നിവയെല്ലാം അവസാന റിവിഷനില്‍ തെറ്റുകൂടാതെ മനസ്സിലാക്കി പോകണം. ഒപ്പം പുതിയ വിവരങ്ങളും മനസ്സിലാക്കണം.
ലക്ഷ്യംവെക്കേണ്ട സ്‌കോര്‍
പരീക്ഷയ്ക്കുള്ള അവസാനഘട്ടത്തിലാണ് മികച്ച ഒരു സ്‌കോര്‍ ലക്ഷ്യംവച്ച് മുന്നേറേണ്ടത്. 80 മാര്‍ക്കെങ്കിലും ലക്ഷ്യംവെക്കണം. ഈ സ്‌കോറിലേക്ക് എത്താനുള്ള തീവ്രയജ്ഞമാവണം ഇനി. കരുത്തും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് ഈ സ്‌കോറിലേക്കെത്താനുള്ള പദ്ധതി സ്വയം ചിട്ടപ്പെടുത്തണം.
ഇംഗ്ലീഷ്, മലയാളം, മുന്‍ചോദ്യങ്ങള്‍
മുന്‍പരീക്ഷകളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്ന സ്വഭാവത്തിലുള്ള മേഖലകളാണ് ഇംഗ്ലീഷ്, മലയാളം, ഐ.ടി. എന്നിവ. ഇനിയുള്ള സമയത്തിനുള്ളില്‍ പി.എസ്.സി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ പരീക്ഷകളില്‍ പ്രസ്തുത ഭാഗങ്ങളില്‍ വന്ന ചോദ്യങ്ങള്‍ കണ്ടെത്തി പരിശീലിക്കണം. ഐ.ടി. ചോദ്യങ്ങള്‍ പൊതുവേ അടിസ്ഥാന മേഖലകളില്‍ ഊന്നിയുള്ളവ ആയിരിക്കും. ഇംഗ്ലീഷില്‍, വിവിധ ശൈലികള്‍, സ്‌പെല്ലിങ്ങുകള്‍, പ്രയോഗരീതികള്‍, നൗണ്‍ തുടങ്ങിയവയില്‍ പ്രത്യേക ശ്രദ്ധവെക്കണം.
കണക്കും മെന്റല്‍ എബിലിറ്റിയും
കണക്ക്/മെന്റല്‍ എബിലിറ്റി ഭാഗത്തെ അടിസ്ഥാനക്രിയകള്‍ തെറ്റുകൂടാതെ വേഗത്തോടെ ചെയ്യാനുള്ള തയ്യാറെടുപ്പുവേണം. ആറുമാസത്തിനിടെ വിവിധ പരീക്ഷകളില്‍ വന്നിട്ടുള്ള ഈ മേഖലകളിലെ ചോദ്യങ്ങള്‍ അപഗ്രഥിച്ച് മനസ്സിലാക്കാം. കണക്ക്/ എബിലിറ്റി ഭാഗത്തുനിന്ന് പരമാവധി സ്‌കോര്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
സമയക്രമം
വിവിധ മേഖലകളിലെ ശക്തിയും ദൗര്‍ബല്യവും അറിഞ്ഞുവേണം പഠനസമയവും പഠനക്രമവും ചിട്ടപ്പെടുത്താന്‍. ഓരോ ദിവസം എത്രസമയം പഠിക്കാന്‍ കഴിയുന്നു എന്നത് നിര്‍ണായകമാണ്. പരീക്ഷയുടെ അവസാന ദിവസങ്ങളിൽ പരമാവധി സമയം പഠിക്കാൻ മാത്രം നീക്കിവെക്കണം.
- പി കെ പത്മനാഭൻ കൊണ്ടോട്ടി