പി എസ് സി പരീക്ഷ : വിശ്വാസ്യത വീണ്ടെടുക്കണം

Share:

നമ്മുടെ പരീക്ഷകളെക്കുറിച്ചു ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനസ്സിൽ അനിശ്ചിതത്വത്തിൻറെ വിത്തുകൾ വിതക്കുന്നവയാണ്. പി എസ് സി മാത്രമല്ല സർവ്വകലാശാല പരീക്ഷകളും വേണ്ടത്ര ഉത്തരവാദിത്വത്തോടെ അല്ല നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ തൊഴിൽ -വിദ്യാഭ്യാസ മേഖലയിൽ വന്നു ചേർന്ന അപചയത്തെക്കുറിച്ചു കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : ഓരോ ദിവസവും പി എസ് സി യെക്കുറിച്ചും സർവ്വകലാശാല പരീക്ഷകളെക്കുറിച്ചും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനസ്സിൽ അനിശ്ചിതത്വത്തിൻറെ വിത്തുകൾ വിതക്കുന്നവയാണ്. രാഷ്ട്രീയ സ്വാധീനമുള്ളവർ പരീക്ഷയിൽ കൃത്രിമം കാട്ടി റാങ്ക് ലിസ്റ്റിലെത്തുന്നു. പരീക്ഷാനടത്തിപ്പിൽ ഉദാസീനത കാട്ടുന്ന സർവ്വകലാശാലകൾ…. ഇതേക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷാത്തട്ടിപ്പുകൾ കേരളത്തിൽ വ്യാപകമാകുമ്പോൾ ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത് സാധരണക്കാരായ , സത്യസന്ധരായ കുട്ടികളാണ്. കണ്ണൂർ കോഴിക്കോട് സർവകലാശാലാ പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങളും നമ്മിൽ അസ്വസ്ഥതയുണ്ടാക്കുന്നു. എല്ലാ പരീക്ഷകളും കുറ്റമറ്റ രീതിയില്‍ നടത്തേണ്ടതാണ്. പരീക്ഷ കഴിയാതെ ചോദ്യങ്ങള്‍ പുറത്ത് പോകാന്‍ പാടില്ല. ഇതൊക്കെയും കോടതി നിർദ്ദേശിച്ച കാര്യങ്ങളാണ്. പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളും അദ്ധ്യാപകരും കുറേക്കൂടി ഉത്തരവാദിത്തം ഇക്കാര്യങ്ങളിൽ കാട്ടേണ്ടതുണ്ട്. ഓരോ ഫയലിലും ഒരു ജീവിതം ഉണ്ടെന്ന് പറയുന്നത് പോലെ, ഓരോ പരീക്ഷയിലും നിരവധി ജീവിതങ്ങളാണുള്ളത്.

മുംതാസ് രഹാസ് : 35 ലക്ഷം തൊഴിൽ രഹിതരാണ് എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാൽപ്പത് ലക്ഷത്തോളം പേർ പി എസ് സി യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിലുള്ള വിശ്വാസം ഉദ്യോഗാർഥികൾക്ക് നഷ്ടപ്പെടുന്നതായി തോന്നുന്നു . എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: സർക്കാർ ഉദ്യോഗത്തിൽ എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്ന നിരന്തരമായ ആവശ്യങ്ങളെ തുടർന്നുണ്ടായ സ്ഥാപനമാണ് ഇന്നത്തെ കേരള പബ്ലിക് സർവീസ് കമ്മീഷൻ. സർക്കാർ നിയമനങ്ങളിലെ സ്വജന പക്ഷപാതവും അഴിമതിയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പൊതു നിയമന സംവിധാനം ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു വന്നത്.

ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക, യോഗ്യത നിശ്ചയിക്കുക, മല്‍സരപരീക്ഷകളും ഇന്‍റര്‍വ്യൂവും നടത്തുക, റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ തയ്യാറാക്കുക തുടങ്ങിയവയായിരുന്നു 1935 ജൂണ്‍ 25ന് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച ഉത്തരവില്‍ പബ്ലിക് സര്‍വീസ് കമ്മിഷണറുടെ ചുമതലകളായി നിര്‍വചിച്ചിരുന്നത്. ഗവണ്‍മെന്‍റ് നടപ്പിലാക്കിയ പുതിയ പദ്ധതി, റിക്രൂട്ട്മെന്‍റ് രംഗത്ത് അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തി. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വ്യക്തമായ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടു. റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് പബ്ലിക് സര്‍വ്വീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മത്സര പരീക്ഷകളുണ്ടായി . 1936 ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥനിയമനത്തെ സംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 1936 ജൂണ്‍ 14ാംതീയതി മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഈ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ ചില്ലറ ഭേദഗതികളോടെ 1940 വരെ നിലവിലിരുന്നു. 1940 ഒക്ടോബറില്‍ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ നവീകരിക്കപ്പെട്ടു. പബ്ലിക് സര്‍വീസ് കമ്മിഷണറുടെ നിയമനത്തോടൊപ്പം താല്‍ക്കാലികമായി രൂപവല്‍കരിക്കപ്പെട്ട പബ്ലിക് സര്‍വീസ് വകുപ്പ് 1942ല്‍ ഒരു സ്ഥിരം വകുപ്പായിത്തീര്‍ന്നു. 1949ല്‍ തിരുകൊച്ചി സംയോജനം നടക്കുന്നതുവരെ പബ്ലിക് സര്‍വീസ് കമ്മീഷണറും അദ്ദേഹത്തിന്‍റെ കീഴിലുള്ള പബ്ലിക് സര്‍വീസ് വകുപ്പും പ്രവര്‍ത്തിച്ചു. ഇതൊക്കെയും നിയമനങ്ങൾ നീതിപൂർവ്വമായിരിക്കുന്നതിനു വേണ്ടിയാണ്.

മുംതാസ് രഹാസ് : മറ്റു സർക്കാർ വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി പി എസ് സി കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളും വിശ്വാസ്യതയുമുണ്ട്. ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ?

രാജൻ പി തൊടിയൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയുടെ 320 (3) വകുപ്പ് പ്രകാരം വിവിധ വിഷയങ്ങളിൽ ഗവണ്മെന്റിനെ ഉപദേശിക്കാൻ പി എസ് സി ക്ക് അധികാരമുണ്ട്. സംസ്ഥാന ഗവൺമെന്റ് സർവീസിൽ ഉണ്ടാകുന്ന ഉദ്യോഗങ്ങൾ ബന്ധപ്പെട്ട അധികാരികൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച് ക്‌ളാസിഫൈ ചെയ്ത് പരസ്യപ്പെടുത്തുന്നതിനും അപേക്ഷകൾ ക്ഷണിക്കുന്നതിനും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷക്കിരുത്തുക, പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യോഗ്യരായ ഉദ്യോഗാർത്ഥികളെ റാങ്ക് അടിസ്ഥാനത്തിലും സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളിലേക്ക് അയക്കുകയുമാണ് പി എസ് സി യുടെ ഉത്തരവാദിത്തം. അതില്ല എന്ന് തോന്നുമ്പോൾ വിശ്വാസ്യത നഷ്ടപ്പെടും.

മുംതാസ് രഹാസ് : ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള നിയമനം പി എസ് സി വഴി നടക്കാറുണ്ട്. എന്നാൽ ഇന്ന് പി എസ് സി വഴി നടക്കുന്നതിനേക്കാൾ താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടക്കുന്നു ?

രാജൻ പി തൊടിയൂർ: സംസ്ഥാന സര്ക്കാര്‍ സര്‍വീസിലേക്ക് നിയമനം നടത്തുന്നത് കൂടാതെ , ഉദ്യോഗസ്ഥരുടെ പ്രൊമോഷനും സ്ഥിരപ്പെടുത്തലിനും സംബന്ധമായ യോഗ്യതാ നിര്ണ്ണയത്തിനും സർവീസ് സംബന്ധമായ മറ്റ് കാര്യത്തിനും സര്ക്കാരിന് ഉപദേശം നല്കുക തുടങ്ങിയ ചുമതലകള്‍ നിര്വ്വഹിക്കുന്നത് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷനാണ് . കേരളത്തില്‍ സര്ക്കാ്ര്‍ സര്‍വീസിന് പുറമേ പ്രത്യേക നിയമ നിര്മ്മാണത്തിലൂടെ പൊതു മേഖലാ – സഹകരണ സ്ഥാപനങ്ങളിലേക്കുമുള്ള റിക്രൂട്ടമെന്റും പി എസ് സിയെ ഏല്പ്പിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ തങ്ങളുടെ ഒഴിവുകള്‍ റിപ്പോര്ട്ട് ചെയ്യുന്നതിനനുസരിച്ചാണ് പി എസ് സി അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷ, കായിക ക്ഷമാതാ പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിങ്ങനെ ഓരോ തസ്തികക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്ത്തിയാക്കിയാണ് നിയമനം നടത്തുക. അഭിമുഖത്തിന് മുന്പ് ചുരുക്കപ്പട്ടിക (Short List) പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയും (Rank List). റാങ്കും സംവരണക്രമവും അനുസരിച്ച് ഉദ്യോഗാര്ഥി്കളെ നിയമനങ്ങള്ക്കാ യി ശുപാര്ശ ചെയ്യുന്നതും പി എസ് സിയാണ്. അതനുസരിച്ചാണ് വിവിധ സര്ക്കാര്‍ വകുപ്പുകള്‍ നിയമന ഉത്തരവ് നല്കു്ന്നത്. എന്നാൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തത് മൂലം താൽക്കാലിക നിയമനം, കരാർ നിയമനം, ദിവസവേതനാടിസ്ഥാനത്തിൽ നിയമനം എന്നിങ്ങനെ നിയമനങ്ങൾ നടത്തുന്നു. ഇതില്ലാതാക്കാൻ സർക്കാർ ശ്രദ്ധിക്കണം.

മുംതാസ് രഹാസ് : ഇന്നത്തെ പ്രൊഫഷണലായ യുവതലമുറയില്‍ ഭൂരിപക്ഷത്തിനും പി എസ്‌ സി യിൽ വലിയ മതിപ്പില്ലെന്ന് തോന്നും വിധമാണ് കാര്യങ്ങൾ പോകുന്നത്.

രാജൻ പി തൊടിയൂർ: അഭ്യസ്ത വിദ്യരായ നല്ലയൊരു ശതമാനം യുവാക്കളുടേയും ലക്ഷ്യം പി എസ് സി യും അതു വഴി ലഭിക്കുന്ന സർക്കാര്‍ ജോലിയും തന്നെയാണ്. ലോവര്‍ ക്ലാസും ലോവര്‍ മിഡില്‍ ക്ലാസുമാണ് ഇതില്‍ ഭൂരിപക്ഷവും. എന്നാൽ പി എസ് സി യെ മറികടന്നുള്ള നിയമനങ്ങൾ ഇവിടെ നടക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആക്ഷേപമാണ് കെ എസ് ആർ ടി സി യിലെ താല്‍ക്കാലിക കണ്ടക്ടര്‍ നിയമനം. താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വഴി ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുന്നുവെന്നു പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ പി എസ് സി യിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.

മുംതാസ് രഹാസ് : പി എസ് സി പരീക്ഷാ പേപ്പർ തയ്യാറാക്കുന്നതിൽ വേണ്ടത്ര ഉത്തരവാദിത്വം പാലിക്കുന്നില്ല എന്ന പരാതിയുണ്ടല്ലോ?

രാജൻ പി തൊടിയൂർ: നിരുത്തരവാദപരമായ കാര്യങ്ങൾ പി എസ് സിയിൽ സംഭവിക്കുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ 80% ചോദ്യങ്ങളും ഒരു സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിച്ച പരീക്ഷാ സഹായിയിൽ നിന്നു പകർത്തിയതാണെന്നു പരാതിയുണ്ടായി. പൊതുവിജ്ഞാനവും ജനറൽ ഇംഗ്ലിഷും ഒഴികെ നിയമപരിജ്ഞാനം അളക്കുന്ന എല്ലാ ചോദ്യങ്ങളും പകർത്തിയെഴുതിയതായിരുന്നു.ആകെ 100 ചോദ്യങ്ങളുള്ളതിൽ 80 എണ്ണവും ഇതിൽ നിന്ന് അതേപടി എടുക്കുകയായിരുന്നു. ഓപ്ഷനുകൾക്കു പോലും .മാറ്റമില്ലാതെയാണു മിക്ക ചോദ്യങ്ങളും പിഎസ്‌സി ചോദ്യക്കടലാസിൽ ഇടം കണ്ടത്. 2012 ലും ഇതേ പരാതി ഉയർന്നതിനെത്തുടർന്ന് ഈ തസ്തികയിലേക്കു രണ്ടാമതും പരീക്ഷ നടത്തിയിരുന്നു. ഉദ്യോഗാർഥികൾക്ക് പി എസ് സി യിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതിടയാക്കും.

മുംതാസ് രഹാസ് : പരീക്ഷാനടത്തിപ്പിൽ കാലികമായ മാറ്റം ഉണ്ടാകുന്നില്ല. അശ്രദ്ധയും അഴിമതിയും ഇന്ന് പത്രവാർത്തകളിൽ സ്ഥിരമായി കാണാൻ കഴിയുന്നു. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം കാര്യക്ഷമമാണോ?

രാജൻ പി തൊടിയൂർ: ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം വളരെ വേഗം നടപ്പാക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌സി. ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നാണ് പി എസ് സിയുടെ അവകാശ വാദം. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയും മെന്നാണ് പി എസ് സി പറയുന്നത്.

വിവരണാത്മക പരീക്ഷകളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായാണ് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം . വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കും. സ്‌ക്രീനിന്റെ പകുതി ഭാഗത്തായി ചോദ്യവും മറുഭാഗത്തായി ഉത്തരവും ദൃശ്യമാകുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമൂലം വേഗത്തില്‍ ഇവയുടെ മൂല്യനിര്‍ണയം നടത്തുവാന്‍ കഴിയുമെന്ന് പി എസ് സി പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ് ലേർണിംഗ് , തുടങ്ങിയ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകമെമ്പാടും ഓൺലൈൻ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങളിലേക്ക് പി എസ് സി മടങ്ങിപ്പോകുന്നത്. 18 ലക്ഷം വരെപ്പേർ ഒരു പരീക്ഷക്ക് അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് 10000 പേര്‍ക്ക് ഒരു സമയം പരീക്ഷയെഴുതാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കാൻ ലക്ഷ്യമിടുന്നത്. ഓൺലൈൻ പരീക്ഷ നടത്തുന്നതിലൂടെ ചോദ്യപേപ്പറിലെ അപാകതകളും മാർക്കിടുന്നതിലെ കാലതാമസവും കുറയ്ക്കാൻ കഴിയും. ഉദ്യോഗാർഥികളിലെ വിശ്വാസം വളർത്തിയെടുക്കാൻ പി എസ് സി കൂടുതൽ ശ്രദ്ധിക്കണം.
പതിനെട്ട് ലക്ഷം പേര് അപേക്ഷിച്ച എൽ ഡി ക്ളർക് പരീക്ഷ ഓൺലൈൻ ആക്കുന്നതിനായി  ഹൈക്കോടതിയെ സമീപിച്ച ‘കരിയർ മാഗസിൻറെ ആവശ്യത്തിന് പി എസ് സി പ്രതികരിച്ചതു ‘ അസാദ്ധ്യം ‘ എന്ന് പറഞ്ഞാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പി എസ് സി തയ്യാറാകണം. എങ്കിൽ മാത്രമേ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയു.                                                                                                              www.careermagazine.in

Share: