പ്രവാസികൾക്ക് സഹായമായി ഹെൽപ് ഡെസ്‌ക്കുകൾ

Share:

തിരുഃ കോവിഡ് 19ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഖത്തർ, ഒമാൻ, സൗദിഅറേബ്യ, ബഹറിൻ, കുവൈറ്റ്, യു. കെ, ഇൻഡോനേഷ്യ, മൊസാംബിക്, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലാണ് നോർക്ക ഇപ്പോൾ ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കായി അവിടങ്ങളിലും ഹെൽപ് ഡെസ്‌ക്കുകൾ രൂപീകരിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുന്ന സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. തിരികെ വരുമ്പോൾ അവർക്കായി പുനരധിവാസ പദ്ധതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു. എ. ഇയിൽ അസുഖബാധിതരായവരെ ആശുപത്രികളിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായത്തോടെ ആവശ്യമായ മലയാളികൾക്ക് ആഹാരം നൽകുന്നത് തുടരുന്നു. സംഘടനകളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവരെ ക്വാറന്റൈനിൽ ആക്കുന്നതിനും ഭക്ഷണം നൽകുന്നതിനും സംവിധാനമായതായി യു. എ. ഇ കോൺസൽ ജനറലുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം അറിയിച്ചു. നോർക്കയും കേരള പ്രവാസിക്ഷേമ ബോർഡും പ്രവാസികൾക്ക് ആശ്വാസ സഹായം നൽകുന്നുണ്ട്. പെൻഷനു പുറമെ കേരള പ്രവാസി ക്ഷേമ ബോർഡ് ആയിരം രൂപ വീതം നൽകും. ഇതിന്റെ പ്രയോജനം 15,000 പേർക്ക് ലഭിക്കും. ക്ഷേമനിധിയിലെ അംഗം കോവിഡ് പോസിറ്റീവ് ആയാൽ പതിനായിരം രൂപ തനതുഫണ്ടിൽ നിന്ന് നൽകും.
2020 ജനുവരി ഒന്നിന് ശേഷം വാലിഡ് പാസ്‌പോർട്ടും തൊഴിൽ വിസയുമുള്ള നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ പോകാൻ കഴിയാത്തവർക്കും വിസയുടെ കാലാവധി കഴിഞ്ഞവർക്കും 5000 രൂപ അടിയന്തരസഹായം നോർക്ക നൽകും. ക്ഷേമസഹായം ലഭിക്കാത്ത കോവിഡ് ബാധിച്ച പ്രവാസികൾക്ക് സാന്ത്വനരോഗ പട്ടികയിൽ ഉൾപ്പെടുത്തി പതിനായിരം രൂപ നൽകും. പ്രവാസികളുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റേയും എംബസികളുടെയും മലയാളി സംഘടനകളുടെയും വിദേശത്തെ പ്രമുഖ വ്യക്തികളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു. എ. ഇ ഭരണാധികാരികൾ പ്രവാസി മലയാളികളെ അവരുടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നവരാണ്. സ്വദേശി, വിദേശി എന്ന വ്യത്യാസമില്ലാതെ അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നു. പ്രവാസികൾക്ക് താങ്ങും തണലുമായ ഭരണാധികാരികളെ കേരളം പ്രത്യേക നിലയിൽ കാണുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Share: