മലയാള ഭാഷയുടെ നക്ഷത്ര ദീപ്തി

Share:

-രാജൻ പി തൊടിയൂർ

ലയാള ഭാഷയുടെ നക്ഷത്ര ദീപ്തി പൊലിഞ്ഞു.
ഭാഷക്ക് വേണ്ടി മാറ്റിവെച്ച 86 വർഷങ്ങൾ !
മലയാള ഭാഷ തെറ്റില്ലാതെ ഉപയോഗിക്കണമെന്നും നമുക്ക് വേണ്ടത് നല്ല മലയാളമാണെന്നും മലയാളിക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാൻ വേണ്ടിയാണ് പ്രൊഫ. പന്മന രാമചന്ദ്രൻ നായർ ജീവിതത്തിൻറെ അധിക ഭാഗവും ചെലവഴിച്ചത്.
1986 സെപ്റ്റംബർ മുതൽ കരിയർ മാഗസിനിൽ അദ്ദേഹമെഴുതിയ ‘തെറ്റില്ലാത്ത മലയാളം’ എന്ന പംക്തി യായിരിക്കണം മലയാള ഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനെക്കുറിച്ചും പറയുന്നതിനെക്കുറിച്ചും മലയാളത്തിൽ ആദ്യമായി ഒരു പ്രസിദ്ധീകരണത്തിലുണ്ടാകുന്ന പരമ്പര.
‘കരിയർ മാഗസിൻ’ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിക്കാനായി ചോദ്യോത്തര പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തു.

1984 ൽ കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ , മലയാള ഭാഷക്ക് വേണ്ടി ഒരു പംക്തി തുടങ്ങണമെന്ന അപേക്ഷയുമായി , യൂണിവേഴ്സിറ്റി കോളേജിലെ മലയാളം അദ്ധ്യാപകനും കവിയും ഹാസസാഹിത്യകാരനുമായ ആനന്ദക്കുട്ടൻ സാറിനെ സമീപിച്ചപ്പോൾ അദ്ദേഹമാണ് പ്രൊഫ. പന്മന രാമചന്ദ്രൻ നായർ എന്ന ഭാഷാപണ്ഡിതനെക്കുറിച്ചു് പറയുന്നത്. സാഹിത്യകാരനും അദ്ധ്യാപക ശ്രേഷ്ഠനുമായ പ്രൊഫ: പന്മന രാമചന്ദ്രന്‍ നായർ, അതിനെക്കുറിച്ചു് ഏറെ പഠിക്കുകയും നിരന്തരം അന്വേഷണം നടത്തുകയും ചെയ്യുന്ന ആളാണെന്നും അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ അതായിരിക്കും ഉചിതം എന്നും ആനന്ദക്കുട്ടൻ സാർ പറഞ്ഞു.

ആദ്യം താല്പര്യം കാട്ടിയില്ലെങ്കിലും ‘തെറ്റില്ലാത്ത മലയാളം’ എന്ന പരമ്പര ആരംഭിക്കുകയും മലയാള ഭാഷാ ചരിത്രത്തിൽ എന്നും കാത്തുസൂക്ഷിക്കേണ്ട അമൂല്യ രചനയായി അത് മാറുകയും ചെയ്തു. ലേഖനങ്ങളുടെ സമാഹാരമായ ‘തെറ്റില്ലാത്ത മലയാളം’ എന്ന പുസ്തകം മലയാള ഭാഷ ഉള്ളിടത്തോളം കാലം പ്രസക്തമാണ്. ‘കരിയർ മാഗസി’നിൽ ൽ അദ്ദേഹം കൈകാര്യം ചെയ്ത ഭാഷാചോദ്യോത്തരപംക്തിയിലെ മൂവായിരത്തോളം ചോദ്യങ്ങളാണ് ‘മലയാളവും മലയാളികളും’ എന്ന പുസ്തകത്തിനാസ്പദം.

മലയാള ഭാഷയുടെ ശരിയായ ഉപയോഗ രീതി വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പന്മന എഴുതിയിട്ടുണ്ട്‌. ഇതുകൂടാതെ അനേകം സാഹിത്യസംബന്ധിയായ കൃതികളും ബാലസാഹിത്യ കൃതികളും പന്മനയുടേതായുണ്ട്‌. മലയാള ഭാഷയിൽ സാധാരണമായി സംഭവിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് നിരവധി കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം മാധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകളും എടുത്തിട്ടുണ്ട്.

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിന് സമീപമുള്ള സംസ്കൃത വിദ്യാലയത്തിൽ പഠിച്ച് അദ്ദേഹം ശാസ്ത്രിപ്പരീക്ഷ ജയിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂളിൽ പഠിച്ച് ഇഎസ്എല്‍സി പാസ്സായി. ഇന്റർമീഡിയറ്റ് കോളേജിലെ പഠനത്തെ തുടർന്ന് കൊല്ലം എസ്എൻ കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1957ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എംഎ മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവർമ്മ പുരസ്കാരം നേടി.

വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും കവിതാരചന നടത്തുകയും മാസികകൾ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ശൂരനാട്ട് കുഞ്ഞൻ പിള്ള എഡിറ്റർ ആയിരുന്ന കേരളസർവകലാശാലാ ലെക്സിക്കനിൽ രണ്ട് വർഷം ജോലി നോക്കി. 1960ൽ വകുപ്പധ്യക്ഷൻ പ്രൊഫ. എസ് ഗുപ്തൻ നായരുടെ കീഴിൽ പാലക്കാട് വിക്ടോറിയ കോളേജിൽ മലയാള അധ്യാപകനായി. 1958ൽ ഗ്രന്ഥശാലാസംഘത്തിൽ അംഗമാകുകയും രണ്ടാംവർഷത്തിൽ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപർ ആകുകയും ചെയ്തു.

28 വർഷം നീണ്ട അധ്യാപന സപര്യയിൽ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിനോക്കി. 1987ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.

കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ അഞ്ചു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. 1987ൽ സർവകലാശാലയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമിതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരൻ എ ശ്രീധര മേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി. സാഹിത്യ പ്രവർത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ സമിതിയംഗവും 1991ൽ സ്ഥാപിച്ച പി കെ പരമേശ്വരൻ നായർ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായി പ്രവർത്തിച്ചു. അദ്ദേഹം എഡിറ്ററും മാർഗ്ഗദർശിയുമായി പ്രവർത്തിച്ച ട്രസ്റ്റ് 29ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മികച്ച ജീവചരിത്ര രചയിതാക്കള്‍ക്ക്‌ പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ക്ലാസിക്കൽ കലകളെ, പ്രത്യേകിച്ച് കഥകളിയെ, പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1972ൽ തുടങ്ങിയ ദൃശ്യവേദിയിലും അദ്ദേഹം സജീവ പ്രവർത്തകനായിരുന്നു.

ഇരുപത് പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. ഇവയിൽ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉൾപ്പെടും. ഭാഷാപുസ്തകങ്ങൾ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാർത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളിൽ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തിൽ നിന്നുമാണ്. ഭാഷാ സംബന്ധമായ രചനകൾ സമാഹരിച്ച് ‘നല്ല ഭാഷ’ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.

കേരള പാണിനി എ. ആർ. രാജരാജവർമ്മയെക്കുറിച്ചുള്ള പഠനം, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം, നാരായണീയത്തിന്റെയും ആശ്ചര്യചൂഡാമണിയുടെയും സ്വപ്നവാസവദത്തത്തിന്റെയും പരിഭാഷ, പരിചയം എന്ന ലേഖനസമാഹാരം ഇവയ്ക്കൊക്കെ ശ്രദ്ധേയമായ കൃതികളാണ്‌. നിയോക്ലാസിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചന അത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ സംരംഭമാണ്.

നിരവധി പത്ര, റേഡിയോ, ടിവി മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും വന്നിട്ടുണ്ട്. മലയാളം സർവകലാശാലയ്ക്കു വേണ്ടിയുള്ള രൂപരേഖ സമർപ്പിക്കുന്നതിലും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുൻകൈയെടുത്തു.

2010ൽ പുറത്തു വന്ന ‘സ്മൃതിരേഖകൾ’ എന്ന ആത്മകഥ തന്റെ അമ്മ ലക്ഷ്മികുട്ടി അമ്മയ്ക്കും അമ്മൂമ്മ നാരായണിയമ്മയ്ക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുമാണ് കുട്ടിക്കാലത്ത് പന്മനയ്ക്ക് ഐതിഹിത്യങ്ങളുടെ കലവറ തുറന്നു കൊടുത്തത്. മലയാള ഭാഷാ പണ്ഡിതരും നിരൂപകരുമായ പ്രൊഫ. എസ് ഗുപ്തൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ നായർ, പ്രൊഫ. ജി ബാലകൃഷ്ണൻ നായർ, ഇളംകുളം കുഞ്ഞൻ പിള്ള എന്നിവരുമായി ദീർഘകാലം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

13 ആഗസ്ത് 1931 (28 കർക്കടകം 1106) ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിൽ കണ്ണകത്ത് കുഞ്ചു നായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക സന്തതിയായി രാമചന്ദ്രന്‍നായര്‍ ജനിച്ചു. ഭാര്യ: കെ എൻ ഗോമതി അമ്മ. മക്കൾ: ഹരീന്ദ്ര കുമാർ. ഡോ. ഉഷാകുമാരി, മഹേന്ദ്ര കുമാർ. മരുമക്കൾ: ശ്രീലേഖ, എം. രാജ്കുമാർ, ജയശ്രീ. കൊച്ചുമക്കൾ: വിനായക്, അനഞ്ജന, നന്ദകിഷോർ, ജയകിഷോർ, ഗൗരി, ഗോപിക.

കരിയർ മാഗസിനോട് എന്നും ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം സൗഹൃദങ്ങളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.
കരിയർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ചോദ്യോത്തരങ്ങളും സമാഹരിച്ചു ‘മലയാളവും മലയാളികളും’ എന്ന പുസ്തകം 1999 ൽ പ്രസിദ്ധീകരിക്കുമ്പോൾ അദ്ദേഹം കൊല്ലത്തെത്തി.
” മലയാളവും മലയാളികളും’ എന്ന പുസ്തകത്തിൻറെ പ്രകാശനമാണ്. തിരുവനന്തപുരത്തുവെച്ചു് . ആദ്യപ്രതി രാജൻ സ്വീകരിക്കണം.” അദ്ദേഹം പറഞ്ഞു.
“ഒരുപാട് മഹാരഥന്മാർ ഉള്ള സ്ഥലമല്ലേ സർ, തിരുവനതപുരം. ഞാനെന്തിനാണ്?”
” ഇങ്ങനെ ഒരു പുസ്തകം ഉണ്ടാകാനുള്ള കാരണം കരിയർ മാഗസിനും രാജനുമാണ്. അതുകൊണ്ട് വരണം, ആദ്യ പ്രതി വാങ്ങണം.”
” ഇത് പറയാൻ സാർ ഇത്രയും യാത്ര ചെയ്യേണ്ടതില്ലായിരുന്നു. ഫോണിൽ പറഞ്ഞാൽ ഞാൻ എത്തുമായിരുന്നു.”
“പോരാ. ഇത് നേരിൽ പറയേണ്ടതാണ്.”
അതായിരുന്നു പന്മന സാർ.

വിശുദ്ധ മലയാളത്തിൻറെ പോരാളി, നമുക്ക് പഠിക്കാൻ ഒരുപാടുകാര്യങ്ങൾ ബാക്കി വെച്ചിട്ടാണ് മടങ്ങുന്നത്.
ഭാഷയിൽ മാത്രമല്ല. ജീവിതത്തിൻറെയും മൂല്യങ്ങൾ!

Share: