യോഗ, കവിത പോലെ ലളിതമാണ്. അത് ശരീരഭാഷക്ക് സൗന്ദര്യം കൂട്ടും : ഡോ. ജെ രാജ്‌മോഹൻ പിള്ള

Share:
അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഭാഗമായി വൈ 2 എസും കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സും ചേർന്ന് സിങ്കപ്പൂർ ബ്രിക് ഫീൽഡ്‌സിലുള്ള കന്ദസ്വാമി ക്ഷേത്രത്തിൽ ജൂൺ 2 ന് 108 സൂര്യനമസ്കാര പരിപാടി നടത്തി. ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ രാജ്‌മോഹൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സിങ്കപ്പൂർ സ്വദേശികളുൾപ്പെടെ അഞ്ഞൂറിലേറെ പേർ പങ്കെടുത്തു.
സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണെന്നും  കലുഷിതമായ മനസ്സിനെ ശാന്തമാക്കി, മാനസികവും ശാരീരികവുമായ ക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കണമെന്നും പരിപാടി ഉത്‌ഘാടനം ചെയ്തുകൊണ്ട് ഡോ. ജെ രാജ്‌മോഹൻ പിള്ള പറഞ്ഞു.
മാനസിക സമ്മർദ്ദം അമിതമായുള്ള ഒരു വിഭാഗമാണ് ലോകമെമ്പാടുമുള്ള വ്യവസായികൾ. അവരിൽ യോഗ എത്തിക്കുക എന്നത് കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്‌ട്രീസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നു അദ്ദേഹം പറഞ്ഞു.
ജൂൺ 21 ലോകമെമ്പാടും യോഗ ദിനമായി ആഘോഷിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ശ്രമങ്ങളെ നാം അതിൻറെതായ ഗൗരവത്തിൽ കാണണം.യോഗ ഒരു പ്രത്യേക മതത്തിൻറേതല്ല.  അതൊരു ശാസ്ത്രമാണ്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. പതഞ്ജലി മഹർഷിയുടെ അഭിപ്രായത്തിൽ, ശരീരത്തിലെ നാഡികളെയും `നാഡീ’കേന്ദ്രങ്ങളായ `ചക്ര’ങ്ങളെയും ഉദ്ദീപിപ്പിച്ചാൽ, മറഞ്ഞിരിക്കുന്ന ഊർജ്ജമായ `കുണ്ഡലിനി’യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാർജ്ജിക്കാം. കവിത പോലെ ലളിതവും മനോഹരവുമാണത്.
യോഗയിലൂടെ നേടിയെടുക്കാൻ കഴിയുന്ന അപൂർവ്വ ശക്തി ചൈതന്യം ലോകമെമ്പാടുമുള്ള മനുഷ്യരിലെത്തിക്കുകയെന്നത് കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്‌ട്രീസിന്റെ ഉദ്ദേശ – ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ. ജെ രാജ്‌മോഹൻ പിള്ള പറഞ്ഞു. സിംഗപ്പൂരിൽ നാലാം തവണയാണ് ഇത്തരമൊരു യോഗ ക്‌ളാസ് സംഘടിപ്പിക്കുന്നത്. ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും യോഗ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
Share: