ലോക്ക് ഡൗൺ ഇളവ്: സർക്കാർ മാർഗ്ഗരേഖയായി

Share:

ലോക്ക്ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനുളള നിർദ്ദേശങ്ങളും മാർഗ്ഗരേഖയും സർക്കാർ പുറപ്പെടുവിച്ചു.
1. റെഡ് സോൺ ജില്ലകളിലെയും സംസ്ഥാനത്തെ വിവിധ ഹോട്സ്പോട്ടുകളിലെയും ഓഫീസുകളിൽ അതാത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
2. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും / സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കേണ്ടതാണ്.
3. റെഡ് സോൺ /ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ ഗ്രൂപ്പ് എ, ബി ജീവനക്കാരിൽ പരമാവധി 50% ഉദ്യോഗസ്ഥർ സർക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടതാണ്. ഗ്രൂപ്പ് സി, ഡി, വിഭാഗം ജീവനക്കാരിൽ പരമാവധി 33% ഹാജരാകേണ്ടതാണ്. ശേഷിക്കുന്ന ജീവനക്കാർ വർക്ക് ഫ്രം ഹോം എന്ന രീതിയിൽ ജോലി ചെയ്യേണ്ടതാണ്. അടിയന്തര ജോലികളോ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫീസ് ജോലികൾക്ക് നിയോഗിക്കേണ്ടതാണ്.
4. റെഡ് സോൺ /ഹോട്ട് സ്പോട്ട് പ്രദേശങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നവയാണെങ്കിൽ കൂടി സെക്രട്ടറിയേറ്റ്, കളക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവ പ്രവർത്തിക്കേണ്ടതാണ്.
5. പൊതുഗതാത സൗകര്യം ലഭ്യമല്ലാത്തതിനാൽ അതാത് ജില്ലകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ഡ്യൂട്ടി ചാർട്ട് തയ്യാറാക്കേണ്ടതാണ്. അതാത് ജില്ലകളിലെ ജീവനക്കാരെ ലഭ്യമല്ലെങ്കിൽ മാത്രം തൊട്ടടുത്ത ജില്ലകളിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാവുന്നതാണ്. ഓഫീസ് തിരിച്ചറിയൽ കാർഡും ഡ്യൂട്ടി ചാർട്ടിന്റെ ഉത്തരവും ഹാജരാക്കുന്ന പക്ഷം ഇപ്രകാരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് അന്തർജില്ലാ യാത്രാനുമതി നൽകുന്നതിന് പോലീസ് വകുപ്പ് ശ്രദ്ധിക്കേണ്ടതാണ്.
6. ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷാകർത്താക്കളായ ഉദ്യോഗസ്ഥർ എന്നിവരെ ഡ്യൂട്ടിയിൽ നിന്നും പരമാവധി ഒഴിവാക്കേണ്ടതാണ്.
7. ഇ -ഫയൽ പ്രോസസ്സ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഐ ടി വകുപ്പ് / ബന്ധപ്പെട്ട അധികാരികൾ വഴി വിപിഎൻ കണക്ടിവിറ്റി നേടേണ്ടതാണ്.
8. ആവശ്യ സേവനം നടത്തുന്ന ഓഫീസിലെ ജീവനക്കാർ എല്ലാ ദിവസവും ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ മാർഗനിർദ്ദേശങ്ങൾ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കർശനമായി പാലിക്കപ്പെടേണ്ടതാണ്. പൊതുഭരണവകുപ്പാണ് മാർഗ്ഗരേഖ പുറപ്പെടുവിച്ചത്.

Share: