എൽ ഡി ക്ലർക്ക് പരീക്ഷ എഴുതുന്നവർക്ക് നീതി ലഭിക്കുമോ?

Share:

പി എസ് സിയെക്കുറിച്ചുള്ള നിരവധി പ്രശ്നങ്ങൾക്കിടയിലും കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ മത്സരത്തിനെത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മത്സരപരീക്ഷകളിൽ ചെറുപ്പക്കാർക്കുള്ള വിശ്വാസം നഷ്ടപെടുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. എൽ ഡി ക്ലർക്ക് പരീക്ഷ എഴുതുന്നവർക്ക് നീതി ലഭിക്കുമോ? കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : ആൾമാറാട്ടം നടത്തി മെഡിക്കൽ പ്രവേശനം നേടിയവരുടെ കഥകൾ പുറത്തു വരുന്നു. പി എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടക്കാറുണ്ടെന്ന് സംശയിക്കപ്പെടുന്നു. കേരളത്തിൽ ഏറ്റവുമധികം കുട്ടികൾ മത്സരത്തിനെത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സത്യസന്ധരായ ബഹുഭൂരിപക്ഷം കുട്ടികൾക്ക് നീതി ലഭിക്കുമോ?

രാജൻ പി തൊടിയൂർ: യോഗ്യതയും കഴിവും കഠിനാധ്വാനശീലവുമുള്ള മലയാളി യുവതീയുവാക്കളുടെ സ്വപ്‌നമാണ് സർക്കാർ ജോലി.  സ്വാധീനത്തിന്റെയും ശുപാർശയുടെയും  പണശേഷിയുടെയും പിൻബലമില്ലെങ്കിലും കഴിവിന്റെ മാത്രം അടിസ്ഥാനത്തിൽ  അത് നേടിയെടുക്കാമെന്ന് ബഹുഭൂരിപക്ഷം പേരും  കരുതുന്നു. കേരള പബ്ലിക് സർവീസ് കമ്മിഷൻ സാധാരണക്കാരൻറെ പ്രതീക്ഷയും വിശ്വാസവുമാണ്.  അവർക്ക് സർക്കാർ ജോലിയിേലക്കുള്ള പ്രധാനവാതിൽ പി എസ് സി മാത്രമാണ്. വിശ്വാസ്യതയ്ക്ക് പേരുകേട്ട  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ഒരു കത്തിക്കുത്തും തുടർന്നുണ്ടായ സംഭവപരമ്പരകളും സർക്കാർ ജോലി സ്വപ്‌നം കാണുന്ന ചെറുപ്പക്കാരായ മലയാളികളെ കുറെയൊന്നുമല്ല  ആശങ്കപ്പെടുത്തുന്നത്.

കുത്തുകേസിലെ പ്രതികളും മുൻ എസ്.എഫ്.ഐ. നേതാക്കളുമായ മൂന്നുപേർ കേരളാ പി.എസ്.സി. നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ ഒന്നും രണ്ടും 28-ഉം റാങ്കുനേടിയെടുത്തു. ആൾമാറാട്ടം മത്സരപരീക്ഷകളിൽ വ്യാപകമാവുന്നു. നീറ്റ് പ്രവേശന പരീക്ഷയിൽ‌ ആൾമാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം ‌നേടിയ കേസിൽ മലയാളി വിദ്യാർഥിയും പിതാവും അറസ്റ്റിലായി. അപരനെ കണ്ടെത്തി പരീക്ഷ എഴുതാനായി ഇരുപത് ലക്ഷം രൂപ നൽകിയതായാണ് പത്രവാർത്ത. പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ജോലിനേടാം, മെഡിക്കൽ പ്രവേശനം നേടാം എന്നൊക്കെയുള്ള അവസ്ഥയുണ്ടാകുന്നത് സത്യസന്ധരായ ചെറുപ്പക്കാരിൽ ആശങ്കയുണ്ടാക്കും എന്നതിന് സംശയം വേണ്ട.

മുംതാസ് രഹാസ് : പി.എസ്.സി. റാങ്ക് ലിസ്റ്റിൽ കടന്നുകൂടാൻ ഉത്തരക്കടലാസുകൾ സംഘടിപ്പിക്കുന്നു. മെഡിക്കൽ പ്രവേശനം നേടാൻ ആൾമാറാട്ടം നടത്തുന്നു. ഇതൊക്കെ തടയാൻ കഴിയില്ലേ?

രാജൻ പി തൊടിയൂർ: നീതിയും സത്യസന്ധതയും പാലിക്കേണ്ടവർ അഴിമതിക്കും തട്ടിപ്പിനും കൂട്ടുനിൽക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്.  കുത്തുകേസിലെ പ്രതികൾ ഒന്നും രണ്ടും റാങ്ക് നേടിയപ്പോൾ , അവർക്കെന്താ പി.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിക്കൂടേ എന്നായിരുന്നു ഇവരെ പിന്തുണച്ച രാഷ്ട്രീയനേതൃത്വത്തിന്റെ  നിറഞ്ഞ .പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമെന്നായിരുന്നു മന്ത്രിമാരടക്കമുള്ളവരുടെ പ്രതികരണം. മൊബൈൽ ഫോണും സ്മാർട്ട് വാച്ചും പരീക്ഷാ ഹാളിൽ ഉപയോഗിക്കാൻ പരീക്ഷാ നടത്തിപ്പുകാർ ചിലർക്കൊക്കെ അനുവാദം നൽകുന്നു. ഇപ്പോൾ നീറ്റ്‌ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് ചില ഉന്നതന്മാരുടെ മൗനാനുവാദം ഉണ്ടായിരുന്നു. പിൻബലവുമുണ്ടായിരുന്നു . കോളേജ് ഡീനിന്റെയോ അധികാരികളുടെയോ സഹായമില്ലാതെ അത് നടക്കില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്.

മുംതാസ് രഹാസ് : പി എസ് സി പരീക്ഷയിലും ആൾമാറാട്ടം നടന്നിട്ടുള്ളതായി ആക്ഷേപമുണ്ടല്ലോ ?

രാജൻ പി തൊടിയൂർ: കായിക പരീക്ഷയിലും എഴുത്തുപരീക്ഷയിലും ആൾമാറാട്ടം നടന്നിട്ടുള്ളതായി ധാരാളം പരാതികൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇൻവിജിലേറ്റർമാർ കാര്യമായി ശ്രദ്ധിക്കാറില്ല. പരീക്ഷാ ഹാളിലേക്ക് ആർക്കും കയറിചെല്ലാവുന്ന അവസ്ഥയാണുണ്ടായിരുന്നത്. അതിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് പി എസ് സി.

പി പി എസ് സി പരീക്ഷയെക്കുറിച്ചുള്ള ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷാ നടപടിക്രമങ്ങളിലെ വ്യവസ്ഥകൾ പുതുക്കുന്നതിനുള്ള തീരുമാനമായിട്ടുണ്ട്. പരീക്ഷാഹാളിൽ വാച്ച് , മൊബൈൽ, പേഴ്സ് എന്നിവ പൂർണ്ണമായും നിരോധിച്ചു. ഇൻവിജിലേറ്റർമാരും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. തിരിച്ചറിയൽ രേഖ , പ്രവേശന ടിക്കറ്റ് , ബോൾ പെൻ എന്നിവ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കുകയുള്ളു. ഇത് ഇൻവിജിലേറ്റർ ഉറപ്പാക്കണം. അവർക്ക് ആവശ്യമെങ്കിൽ പൊലീസിൻറെ സഹായം തേടാം.പരീക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം ചീഫ് സുപ്രണ്ടിനായിരിക്കും. പരീക്ഷാ സമയത്തിന് 15 മിനിറ്റിന് മുൻപ് മാത്രമേ ഉദ്യോഗാർഥികളെ ക്‌ളാസ് മുറിയിൽ പ്രവേശിപ്പിക്കുകയുള്ളു.
ഭക്ഷ്യ വസ്തുക്കൾ , കുപ്പി വെള്ളം എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
ക്യാമറ , ബ്ലൂ ടൂത് തുടങ്ങിയ ഉപകരണങ്ങളോ അവ ഒളിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങളോ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.

ഉദ്യോഗാർഥിയുടെ ഒപ്പും തിരിച്ചറിയൽ കാർഡും പരിശോധിച്ചു ഉറപ്പാക്കിയ ശേഷം മാത്രമേ ഉത്തരക്കടലാസ് നൽകു. വ്യവസ്ഥകൾ ലംഘിക്കുന്ന ഉദ്യോഗാർഥിയെ പി എസ് സി പരീക്ഷയിൽ സ്ഥിരമായി വിലക്കേർപ്പെടുത്തും.

മുംതാസ് രഹാസ് : സിവിൽ പോലീസ് റാങ്ക് ലിസ്റ്റ്, മലയാള ഭാഷ തുടങ്ങി പി.എസ്.സി. യെക്കുറിച്ചുള്ള ഒരുപാട് പരാതികൾ നില നിൽക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന എൽ ഡി ക്ലർക്ക് പരീക്ഷ വീണ്ടും വരുന്നത്. എന്നത്തേക്കുണ്ടാകും? എന്തൊക്കെയാണ് പ്രത്യേകതകൾ?

രാജൻ പി തൊടിയൂർ: എൽ ഡി ക്ലർക്ക് പരീക്ഷയുടെ വിജ്ഞാപനം ഈ മാസമോ അടുത്ത മാസമോ ഉണ്ടാകാനാണ്  സാധ്യത. നിലവിലുള്ള റാങ്ക് ലിസ്റ്റ് ഒന്നര വർഷം പിന്നിടുകയാണ്.പതിനെട്ട് ലക്ഷം പേരാണ് കഴിഞ്ഞ തവണ അപേക്ഷിച്ചത്. ഇത്തവണ ഇരുപത് ലക്ഷം കവിയാനാണ് സാധ്യത. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനു മുൻപ് പുതിയ ലിസ്റ്റുണ്ടാകണം. 2021 ഏപ്രിൽ മാസത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയും വിധം നടപടികൾ പൂർത്തിയാക്കാനാണ് പി എസ്‌ സി ശ്രമിക്കുന്നത്. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അടുത്ത ജൂണിൽ പരീക്ഷ ആരംഭിക്കണം. 2020 സെപ്റ്റംബറിന് മുൻപ് പരീക്ഷ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരും മുൻപ് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാവുകയുള്ളു.

മുംതാസ് രഹാസ് :  എൽ ഡി ക്ളർക് പരീക്ഷയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആകും എന്ന് കേൾക്കുന്നുണ്ടല്ലോ?

രാജൻ പി തൊടിയൂർ: എൽ ഡി ക്ളർക് പരീക്ഷയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആയി ഉയർത്തി 2011 ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്പെഷ്യൽ റൂൾ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു എസ് എസ് എൽ സി തന്നെയായിരിക്കും ഇത്തവണയും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. സ്പെഷ്യൽ റൂൾ  ഭേദഗതി ചെയ്യുന്നത് വരെ എസ് എസ് എൽ സി യോഗ്യതയായി നിയമനം നടത്താൻ പി എസ് സി ക്ക് അനുമതി നൽകിക്കൊണ്ട് 2013 ൽ പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവിൻറെ അടിസ്ഥാനത്തിലായിരിക്കും പുതിയ വിജ്ഞാപനം . ഉയർന്ന പ്രായ പരിധി 36 വയസായിരിക്കും. ഓ ബി സി ക്ക് 39 ഉം പട്ടിക ജാതി പട്ടിക വർഗ്ഗത്തിന് 41 വയസ്സും ആയിരിക്കും.

മുംതാസ് രഹാസ് : നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ എന്നൊരു പരാതി നിലവിലുണ്ടല്ലോ ?

രാജൻ പി തൊടിയൂർ: കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ 36,783 പേർ ഉണ്ടെങ്കിലും പത്തു ശതമാനത്തിൽ താഴെ മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഒഴിവുകൾ കൃത്യമായി അറിയിക്കാത്തതുകൊണ്ടാണ് നിയമനങ്ങൾ നടക്കാത്തതെന്നു റാങ്ക് ലിസ്റ്റ് നേടിയവർക്ക് പരാതിയുണ്ട്. പതിനെട്ടു ലക്ഷം പേർ പരീക്ഷ എഴുതിയപ്പോൾ ഇതുവരെ 3554 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഇനി ഒന്നര വർഷത്തെ കാലാവധിയുണ്ടെങ്കിലും നിയമനം വളരെ കുറവായിരിക്കുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക.

മുംതാസ് രഹാസ് : പരീക്ഷ ഇത്തവണയും ഓ എം ആർ രീതിയിൽ ആയിരിക്കുമോ?

രാജൻ പി തൊടിയൂർ: മാറ്റത്തിൻറെ ലക്ഷണങ്ങൾ ഇതുവരെയും കണ്ടു തുടങ്ങിയിട്ടില്ല. എൽ ഡി ക്ലർക്ക് പരീക്ഷ ഓൺലൈൻ ആയി നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് പി എസ് സി ഇപ്പോഴും തയ്യാറെടുക്കുന്നില്ല.

www.careermagazine.in

Share: