പഴഞ്ചൊല്ലുകള്‍

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

മ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് പഴഞ്ചൊല്ലുകള്‍. തലമുറകളില്‍ നിന്നു തലമുറകളിലേക്കു വായ്‌മൊഴികളിലൂടെ പകര്‍ന്നു കിട്ടുന്നവയാണ് പഴഞ്ചൊല്ലുകള്‍. നിത്യജീവിതത്തിൻറെ എല്ലാ മേഖകളുമായും ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ എല്ലാ ഭാഷകളിലുമുണ്ട്. അചാരാനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ കാലാവസ്ഥ, പെരുമാറ്റം, വിശ്വാസങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ നിലവിലുണ്ട്. എല്ലാ നാട്ടിലും എല്ലാ ഭാഷകളിലും പഴഞ്ചൊല്ലുകളുണ്ട്. ചില ചൊല്ലുകളില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാം എന്നു മാത്രം. പഴഞ്ചൊല്ലിന്റെ ആധികാരികത ഉറപ്പിക്കാന്‍ പറയുന്ന ‘പഴഞ്ചൊല്ലില്‍ പതിരില്ല’ എന്ന .പ്രയോഗവും മലയാളത്തിലുണ്ട്. വളരെയേറെ അര്‍ത്ഥവ്യാപ്തിയുള്ള ഇംഗ്ലീഷിലെ ചില പഴഞ്ചൊല്ലുകള്‍ ആണിവിടെ കുറിക്കുന്നത്.

സംഭാഷണത്തെ ആകര്‍ഷകവും ഫലപ്രദവും രസകരവും ആക്കുന്നവ എന്നനിലയിൽ പ്രസക്തങ്ങളായ പഴഞ്ചൊല്ലുകള്‍. സംഭാഷണത്തിനിടക്ക് ഉപയോഗിക്കാ൯ കഴിഞ്ഞാല്‍അത് കേള്‍വിക്കാരില്‍ വലിയ മതിപ്പ് ഉളവാക്കും.. നിത്യജീവിതത്തിലെ സംഭാഷണങ്ങളില്‍ ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലുകളാണ്‌ താഴെ ചേര്‍ക്കുന്നത്. ഓരോന്നിന്‍റെയും അ൪ത്ഥവും അതുപയോഗിക്കേണ്ട സന്ദര്‍ഭവും അതോടൊന്നിച്ച് വ്യക്തമാക്കുന്നുണ്ട്.

1. All that glitters is not gold. (ഓള്‍ ദേററ് ഗ്ലിറ്റേഴ്സ് ഈസ് നോട് ഗോള്‍ഡ്‌)

അര്‍ത്ഥം: മിന്നുന്നതെല്ലാം പൊന്നല്ല. പുറം പൂച്ചുകണ്ടു ഭ്രമിക്കരുത് എന്നു സാരം.

2. All’s well that ends well. (ഓളീസ് വെല്‍ ദേററ് ഏന്‍ഡസ് വെല്‍ )

അര്‍ത്ഥം: അവസാനം ഭംഗിയായി കലാശിച്ചാല്‍ കാര്യമാകെ ഭംഗിയായി എന്നുപറയാം. ഇടയ്ക്കു കുഴപ്പങ്ങള്‍ പലതും നേരിട്ടശേഷം അവസാനം സന്തോഷകരമായി കലാശിച്ചാല്‍ ആശ്വസിപ്പിക്കാന്‍ വേണ്ടിപറയുന്ന ചൊല്ലാണ് ഇത്. ഇടയ്ക്കെന്തു നേരിട്ടാലെന്ത്, അന്ത്യം ഭംഗിയായല്ലോ. പിന്നെ എന്തിനു വിഷമിക്കുന്നു എന്നു സൂചന. ഷെയ്ക്സിപിയറുടെ ഒരു നാടകത്തിന്‍റെ പേര്‍ All’s well that ends well എന്നാണ്.

3. A fool and his money are easily parted. (എ ഫൂള്‍ എ൯ഡ് ഹിസ്‌ മണി ആ ഈസിലി പാട്ടിഡ്)

അര്‍ത്ഥം: വിഡ്ഢിയുടെ കയ്യില്‍ പണം അധികനേരം നില്‍ക്കുകയില്ല.

4. A man is known by the company he keeps. (എ മേന്‍ ഈസ്‌ നോണ്‍ ബൈ ദ കമ്പിനി ഹി കീപ്സ്)

അര്‍ത്ഥം: ഒരാളുടെ സ്വഭാവം അയാളുടെ കൂട്ടുകാരാരൊക്കെയാണ് എന്നു പരിശോധിച്ചാലറിയാം. അതായത് ചീത്ത കൂട്ടു കൂടുന്നവ൪ ചീത്തയാളുകള്‍ തന്നെയായിരിക്കും എന്നു വിവക്ഷ.

5. A rolling stone gathers no moss. (എ റോളിംഗ് സ്റ്റോണ്‍ ഗേദേഴ്സ് നൊ മോസ്)

അര്‍ത്ഥം: ഒന്നിലും ഉറച്ചുനില്‍ക്കാത്തവന് ഒന്നും നേടാ൯ കഴിയില്ല. (ഉരുണ്ടുകൊണ്ടിരിക്കുന്ന ഒരു കല്ലില്‍ ഒന്നും പറ്റിപ്പിടിക്കാത്തതു പോലെ)

ഇതിനെ സ്വല്പമൊന്നു മാറ്റി അവതരിപ്പിച്ചിട്ടുണ്ട് ഒരു രസിക൯. A rolling stone gathers no boss എന്ന്. ഒരിടത്തും ഉറച്ചു നില്‍ക്കാത്തവ൯ മേലധികാരിയെ ഭയപ്പെടേണ്ട എന്ന് വിവക്ഷ.

6. A stitch in time saves nine. (എ സ്റ്റിച്ച് ഇ൯ടൈം സേവ്സ് ണയന്‍)
അര്‍ത്ഥം: തക്ക സമയത്തു വേണ്ടത് ചെയ്താല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാം. ഒരു വസ്ത്രത്തിന്‍റെ തയ്യല്‍ സ്വല്പമൊന്നു വിട്ടാല്‍ അത് ഉടനെ തയ്ക്കണം. ഇല്ലാത്ത പക്ഷം പിന്നീട് 9 തവണ തയ്ക്കേണ്ടതായി വരും.

7. All is fair in love and war.(ഓളീസ് ഫേ ഇന്‍ലവ് എ൯ഡ് വാ) അര്‍ത്ഥം: യുദ്ധത്തിലും പ്രേമത്തിലും നിബന്ധനകളോ, നിയന്ത്രണങ്ങളോ, നിയമങ്ങളോ ആരും പാലിക്കാറില്ല. ഈ രണ്ടു കാര്യത്തിലും ജയിക്കാന്‍ വേണ്ടി ആരും ഏതടവും ഉപയോഗിക്കും എന്ന് സൂചന.

8. A bad workman quarrels with his tools. (എ ബേഡ് വേക്മേ൯ ക്വാറല്‍സ് വിത്ത്‌ ഹിസ്‌ ടൂള്‍സ്)

അര്‍ത്ഥം: ജോലിയറിയത്തവനാണ് തന്‍റെ ആയുധങ്ങളെ കുറ്റം പറയുക. സ്വന്തം പരാജയത്തിനുള്ള ഉത്തരവാദിത്വം മറ്റുള്ളവരിലോ, സാഹചര്യങ്ങളിലോ ചുമത്താന്‍ ശ്രമിക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ളതാണ് ഈ പഴഞ്ചൊല്ല്.

9. A Bird in the hand is worth two in the bush. (എ ബേഡ് ഇന്‍ ദ ഹേ൯ഡ് ഈസ്‌വേ൪ത്ത് ടു ഇന്‍ ദ ബുഷ്‌)

അര്‍ത്ഥം: കയ്യിലിരിക്കുന്ന പക്ഷിയെ വിട്ടിട്ട് ചെടി പ്പടര്‍പ്പിനകത്തിരിക്കുന്ന രണ്ടെണ്ണത്തെ പിടിച്ചു കളയാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ഉള്ളതു കൈവിട്ടിട്ട് കിട്ടുമെന്ന ഉറപ്പില്ലാത്തതിന്‍റെ പിന്നാലെ പാഞ്ഞു പോകുന്നതിന്‍റെ വിവേകരാഹിത്യം ഈചൊല്ല് ചൂണ്ടിക്കാട്ടുന്നു.

10. Ask no questions and you’ll be told no lies. (ആസ്ക് നോ ക്വസ്ച്യണ്‍സ് ഏന്‍ഡ് യു വില്‍ ബി ടോള്‍ഡ്‌ നൊ ലൈസ്)

അര്‍ത്ഥം: കള്ളം കേള്‍ക്കേണ്ടെങ്കില്‍ ചോദ്യം ചോദിക്കാതിരിക്കുക. ഒരാള്‍ ചോദ്യം ചോദിക്കുകയും അതിന്‍റെ സത്യമായ ഉത്തരം പറയാന്‍ പറ്റാത്ത പരിത:സ്ഥിതിയിലാവുകയും ചെയ്യുമ്പോള്‍ അസത്യ പ്രസ്താവനയില്‍ നിന്നോഴിഞ്ഞുമാറാ൯ ഈ പഴഞ്ചൊല്ല് സഹായിക്കുന്നു. ഉദാഹരണത്തിന് തന്‍റെ യഥാ൪ത്ഥ വയസ്സ് വെളിപ്പെടുത്തുവാന്‍ തയ്യാറില്ലാത്ത ഒരാളോട് മറ്റൊരാള്‍ ‘വയസ്സെത്രയായി? എന്ന് ചോദിച്ചാല്‍ മേല്‍ ചേര്‍ത്ത പഴഞ്ചൊല്ല് ഉദ്ധരിച്ച് തടി തപ്പാം.

(തുടരും )

Share: