ഇംഗ്ലീഷ് പ്രയോഗത്തിലെ തെറ്റുകൾ

Share:
Interview tips
  • പ്രൊഫ. ബലറാം മൂസദ്

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇന്ത്യക്കാ൪ സാധാരണ വരുത്താറുള്ള അബദ്ധങ്ങള്‍ക്ക് ഇംഗ്ലീഷുകാ൪ നല്‍കിയിട്ടുള്ള ഒരു ഓമനപ്പേരാണ് , ‘ഇന്‍ഡ്യനിസംസ്’. ഇന്‍ഡ്യനിസങ്ങള്‍ പല വകുപ്പുകളില്‍ പെട്ടതായുണ്ട്. ഇംഗ്ലീഷ് ഭാഷ പഠിച്ചിട്ടും അതിലെ പ്രയോഗങ്ങള്‍ ശ്രദ്ധിച്ച് പഠിക്കാത്തതുകൊണ്ട് വരുന്ന അബദ്ധങ്ങളാണ് ബഹുഭൂരിപക്ഷവും.

കഴിഞ്ഞ ലക്കത്തിൻറെ തുടർച്ചയാണീ അദ്ധ്യായത്തിൽ :

COUSIN BROTHER; COUSIN SISTER

ഇംഗ്ലീഷില്‍ Cousin brother, എന്നോ Cousin sister എന്നോ ഒരു പ്രയോഗമേ ഇല്ല. ‘Cousin’ എന്ന പദംമാത്രമേയുള്ളു. He is my cousin; she is my cousinഎന്നൊക്കെയാണ് ശരിയായ ഇംഗ്ലീഷ് പ്രയോഗ രീതി. സാധാരണയായി സഹോദരിമാരുടെയോ സഹോദരന്മാരുടെയോ മക്കളാണ് അന്യോന്യം Cousins എന്നറിയപ്പെടുന്നത്.സ്വല്പം അകന്ന ബന്ധു എന്ന വിശാലാ൪ത്ഥത്തിലും ‘Cousin’ എന്ന പദം ഉപയോഗിക്കാറുണ്ട്.അകന്നബന്ധുവല്ല സഹോദരന്മാരുടെയോ, സഹോദരികളുടെയോ മക്കള്‍ തന്നെയാണ് എന്ന് എടുത്ത് പറയണമെന്നുണ്ടെങ്കില്‍ first cousins എന്ന് പ്രത്യേക പ്രയോഗവുമുണ്ട്. പക്ഷെ Cousin brother ഉം Cousin sisterഉം ഒരിക്കലും നീതീകരിക്കത്തക്കതല്ല.

GOOD NIGHT; GOOD BYE

രണ്ടു പേര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ Good morning, Good Afternoon, Good evening എന്നൊക്കെ പറയുന്ന പതിവ് ഇംഗ്ലീഷ് ഭാഷയിലുണ്ടല്ലോ. പക്ഷെ ആ രീതിയില്‍ Good night എന്ന് ഉപയോഗിക്കാറില്ല. രാത്രി പിരിഞ്ഞു പോകുമ്പോഴാണ് Good night ഉപയോഗിക്കാറുള്ളത്. രാത്രി കണ്ടുമുട്ടിയാല്‍ Good evening എന്ന് തന്നെയാണ് ഉപയോഗിക്കേണ്ടത്.

അതുപോലെ വളരെ കാലത്തേക്ക് പിരിഞ്ഞു പോകുമ്പോഴോ അഥവാ എന്നെന്നേക്കുമായി പിരിയുമ്പോഴോ ആണ് Good bye ഇപ്പോള്‍ ഉപയോഗിക്കുന്നത്. തല്ക്കാലത്തേക്ക് പിരിയുമ്പോള്‍ രാത്രിയാണെങ്കില്‍ Good night ഉപയോഗിക്കുന്നു. മറ്റു സമയത്താണെങ്കില്‍ ‘see you again’ എന്നോ ‘Bye Bye, എന്നോ ഉപയോഗിക്കാം.

GENTLE MEN, LADIES

വെറും ‘men’ എന്ന അ൪ത്ഥത്തില്‍ ‘gentlemen’ എന്നുപയോഗിക്കുന്ന ഒരു പതിവ് നമുക്കിടയിലുണ്ട്. ‘I saw half a dozen gentlemen there’ എന്നൊക്കെ പറയുന്ന പതിവ്. ഇവിടെ half a dozen men എന്നേ വേണ്ടൂ. ‘Gentleman’ എന്നാല്‍ സംസ്ക്കാരസമ്പന്നനായ, decent ആയ ആള്‍ എന്നാണര്‍ത്ഥം.ഉദാ- He is every inch a gentlemen.

ഇതുപോലെയാണ് ‘lady’ എന്ന പദവും, സ്ത്രീകള്‍ എന്നതിന് women എന്നാണ് ഇംഗ്ലീഷ് പദം. സ്വല്പം ഉയര്‍ന്ന നിലവാരമുള്ള സ്ത്രീകള്‍ എന്നര്‍ത്ഥത്തിലേ ‘ladies’ എന്നുപയോഗിക്കാവൂ. അതുകൊണ്ട് സ്വന്തം ഭാര്യയെക്കുറിച്ച് she is a nice lady എന്നൊക്കെ പറയുന്നത് ഇംഗ്ലീഷ് പ്രയോഗരീതി അനുസരിച്ച് അക്ഷന്തവ്യമായ ആത്മപ്രശംസയാവും. അതുകൊണ്ടുതന്നെ Ladies’ college, Ladies’ Hostel എന്ന പ്രയോഗങ്ങള്‍ ഇംഗ്ലീഷ് ഭാഷ നിയമമനുസരിച്ച് തെറ്റാണ്. Women’s College, Women’s Hostel എന്നാണ് ശരിയായ പ്രയോഗങ്ങള്‍.

MALES, FEMALES

Men, women എന്നതിനു പകരം gentlemen, Ladies എന്നു പറയുന്നതുപോലെ തന്നെ തെറ്റാണ് Males, Females എന്ന് പറയുന്നതും. Sex സൂചിപ്പിക്കാന്‍ മാത്രമേ Male, Female എന്ന പദങ്ങള്‍ ഉപയോഗിക്കാവൂ. There were many females in the compartment എന്നൊക്കെ പറയുന്നത് അനാവശ്യമായ അപമാനിക്കലാണ്.

NO, PLEASE

Yes, please എന്ന പ്രയോഗം ഇംഗ്ലീഷിലുണ്ട്. പക്ഷെ No, please എന്നില്ല. പകരം No, thank you എന്നാണ് പറയേണ്ടത്. ആരെങ്കിലും ഒരു വിവരം അന്വേഷി ച്ചാലാകട്ടെ, അറിയില്ലെങ്കില്‍, No Sir എന്നാണ് ശരിയായ മറുപടി.

BACK SIDE; FRONT SIDE

വീടിന്‍റെ മുന്‍വശത്തിന് front എന്നും പിന്‍വശത്തിന് back എന്നുമാണ് ഇംഗ്ലീഷുപദങ്ങള്‍. Back side, Front side എന്നത് മലയാള പദങ്ങളുടെ യഥാര്‍ത്ഥ തര്‍ജ്ജമ കൊണ്ട് പറ്റുന്ന അബദ്ധങ്ങളാണ്. Back side, എന്നതിനാണെങ്കില്‍ ഇംഗ്ലീഷില്‍ പ്രത്യേക അ൪ത്ഥമുണ്ട് – buttocks എന്ന്!. അതുകൊണ്ട് വീട് കാണിച്ചുകൊടുക്കുമ്പോള്‍ ‘ഇനി back side കാണണ്ടേ’ എന്ന് ചോദിക്കുന്നത് സ്വല്പം അശ്ളീലമാകും.

DRAMA, POETRY

മലയാളത്തില്‍ ‘നാടകം’ എന്ന പദം ഒരു പ്രത്യേക സാഹിത്യ ശാഖ എന്ന അ൪ത്ഥത്തിലും ആ ശാഖയില്‍പെട്ട കൃതി എന്ന അ൪ത്ഥത്തിലും ഉപയോഗിക്കുന്നു.

‘കവിതയെക്കാള്‍ വിഷമം പിടിച്ചതാണ് നാടകം’ എന്നും ‘ഞാന്‍ ഇന്നലെ ഒരു നാടകം കണ്ടു’ എന്നും മലയാളത്തില്‍ പറയാം.പക്ഷെ ഇംഗ്ലീഷില്‍ drama എന്ന പദം സാധാരണയായി സാഹിത്യ ശാഖയ്ക്കു മാത്രമേ ഉപയോഗിക്കൂ. I saw a drama yesterday എന്ന് ഇംഗ്ലീഷില്‍ പറയാറില്ല. പകരം I saw a play yesterday എന്നാണ് പറയേണ്ടത്.

അതുപോലെ ‘കവിത’ എന്ന പദം മലയാളത്തില്‍ സാഹിത്യ ശാഖയ്ക്കും ആ ശാഖയിലെ കൃതിയ്ക്കും ഉപയോഗിക്കുന്നു. ഇംഗ്ലീഷിലാണെങ്കില്‍ സാഹിത്യ ശാഖയ്ക്ക് poetry എന്നും അതിലെ ഒരു കൃതിയ്ക്ക് poem എന്നും പറയുന്നു. I read a few poetries today എന്നു പറയുന്നത്, അതുകൊണ്ട്, തെറ്റാണ്.

INVENT; DISCOVER

ഈ രണ്ടു പദത്തിനും മലയാളത്തില്‍ കണ്ടുപിടിക്കുക എന്നു പറയുന്നു. ഇംഗ്ലീഷില്‍ രണ്ടു പദങ്ങളും വ്യത്യസ്തങ്ങളാണ്.പുതുതായി സൃഷ്ടിക്കുന്നതിന് invent എന്നും പണ്ട് തന്നെയുള്ളതിനെ കണ്ടെത്തുന്നതിന് discover എന്നും പറയുന്നു. Columbus invented America എന്നും James watt invents the steam engine എന്നും പറയുന്നത് അതുകൊണ്ട് തെറ്റാണ്. പറയേണ്ടത് Columbus discovered America എന്നും James watt invented the steam engine എന്നും ആണ്.

(തുടരും )

Share: