‘മാർത്താണ്ഡവർമ്മ’യും സി വി രാമന്‍പിള്ളയും

Share:

മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ അദ്ദേഹം 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു. 1881-ൽ ബി.എ പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- ൽ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മ. ഇവർ 1904-ൽ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.

1881-ല്‍ ബി.എ. ബിരുദം നേടി. ഹൈക്കോടതിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1891 ല്‍ പ്രസിദ്ധപ്പെടുത്തി. എങ്കിലും തുടര്‍ന്നുള്ള ഇരുപതോളം വര്‍ഷത്തിനിടയില്‍ സി.വി. രചിച്ചത് ചന്ദ്രമുഖീവിലാസം, കുറിപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങള്‍ മാത്രമായിരുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ “മാര്‍ത്താണ്ഡവര്‍മ്മ’, “ധര്‍മ്മരാജ’ തുടങ്ങിയ കൃതികള്‍ക്ക് ഇതിഹാസതുല്യമായ സ്ഥാനമാണുള്ളത്. ഇവയുടെ കഥാകാരന്‍ സി.വി. രാമന്‍ പിള്ള ചരിത്ര നോവലുകളുടെ രചനയിലൂടെ മലയാളത്തിന് നവ്യാനുഭവം പകര്‍ന്നുകൊടുത്തു.

1905 ല്‍ ഗവണ്‍മെന്‍റ് പ്രസ് സൂപ്രണ്ടായി. ഉദ്യോഗത്തില്‍ നിന്നും 1912 ല്‍ വിരമിച്ച സി.വി. രാമന്‍ പിള്ള ഇംഗ്ളീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി.

സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളിലും മലയാളി മെമ്മോറിയല്‍ മുതലായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. നിയമപഠനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്കു കുറേക്കാലം ചെന്നൈയില്‍ താമസിച്ചു. മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു.

അവിടങ്ങളില്‍നിന്ന് ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചു. ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു.ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് നിയമപഠനത്തിന് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ചു.

തിരുവിതാംകൂറിന്റെ ചരിത്രത്തെ ആധാരമാക്കിയുള്ള ‘മാര്‍ത്താണ്ഡവര്‍മ’ (1891), ‘ധര്‍മരാജാ’ (1913), ‘രാമരാജാ ബഹദൂര്‍’ (1921) എന്നിവയും സാമൂഹിക നോവലായ ‘പ്രേമാമൃത’ (1917)വുമാണ് സി. വി. യുടെ നോവലുകള്‍. ദര്‍ശനത്തിന്റെയും രചനാവൈഭവത്തിന്റെയും അസാധാരണത്വo കൊണ്ട് ‘ധര്‍മ്മരാജാ’യും ‘രാമരാജാബഹദൂറും’ നിത്യവിസ്മയങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. ദാര്‍ശനിക ചിന്തയോടെ തിരുവിതാംകൂര്‍ ചരിത്രം അദ്ദേഹം എഴുതിഎന്നതല്ല; പകരം ഒരു കാലത്ത് അധികാരത്തിന്റെ കേന്ദ്രങ്ങളായിരുന്ന രാജകുടുംബത്തിന്റെയും പ്രജാകുടുംബങ്ങളുടെയും ചരിത്രമാണ് അദ്ദേഹം രചിച്ചത്. ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍ പിള്ളയെ മലയാളത്തിലെ ‘സ്കോട്ട്’ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു. മലയാള സാഹിത്യവും ചരിത്രവും അറിയാൻ ആഗ്രഹിക്കുന്നവരും മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ”മാര്‍ത്താണ്ഡവര്‍മ’. തിരുവനന്തപുരം സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഡിജിറ്റൽ പതിപ്പ് കരിയർ മാഗസിൻ .ഇൻ (https://careermagazine.in/product/marthandavarma ) വായനക്കാർക്ക് പുസ്തക വിഭാഗത്തിൽ സൗജന്യമായി വായിക്കാൻ കഴിയും.

ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി.വി യുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല. അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി.വി. യുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട് ഭൂതത്തെ തൊട്ട്, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച് മാനവികതയെ സൃഷ്ടിക്കുവാന്‍ വായനക്കാരനെ പ്രേരിപ്പിച്ചു.

 

1891-ൽ പ്രസിദ്ധീകരിച്ച മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയാണ് (Historical Romance). കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവൽ (Historical Novel) കൂടിയായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക (Historical Narrative) എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു.തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ (CV’s Historical Narratives) എന്നറിയപ്പെടുന്നു.

ചരിത്രകഥയുടെയും (Historical fiction) കാല്പനികസാഹിത്യത്തിൻറെയും (Romance) സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു.

രാജാ രാമവർമ്മയുടെ ഭരണത്തിന്റെ അവസാനകാലത്താണ്‌ കഥ നടക്കുന്നത്. നിലവിലുള്ള മരുമക്കത്തായസമ്പ്രദായമനുസരിച്ച് അടുത്ത രാജാവാകേണ്ടത് മാർത്താണ്ഡവർമ്മയാണെങ്കിലും രാജാവിന്റെ മകനായ പദ്മനാഭൻ തമ്പി രാജാവാകാനാഗ്രഹിക്കുന്നു. സുന്ദരയ്യന്റെയും എട്ടുവീട്ടിൽ പിള്ളമാരുടെയും സഹായത്തോടെ തമ്പി മാർത്താണ്ഡവർമ്മയെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. സുഭദ്ര, അനന്തപദ്മനാഭൻ, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ വിജയം വരിക്കുന്നു. അനന്തപദ്മനാഭൻ, പാറുക്കുട്ടി എന്നിവർ തമ്മിലുള്ള പ്രണയവും നോവലിലെ ഇതിവൃത്തമാണ്‌.

മെസ്സേഴസ് അഡിസൻ ആൻറ് കമ്പനിയുടെ മദ്രാസിലെ അച്ചുകൂടത്തിൽ തയ്യാറാക്കിയ മാർത്താണ്ഡവർമ്മ 1891-ലാണ് ഗ്രന്ഥകാരൻ പ്രകാശിപ്പിച്ചത്. രണ്ടാമത്തെ പതിപ്പ് 1911-ൽ ബി.വി. ബുക്ക് ഡിപ്പോ ആണ് പ്രസിദ്ധീകരിച്ചത്. 1973 മുതൽ സാഹിത്യ പ്രവർത്തക സഹകരണസംഗം പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള സാഹിത്യ അക്കാദമി 1999-ൽ മലയാള നോവൽ സാഹിത്യത്തിൻറെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു.

തർജ്ജമകൾ
മാർത്താണ്ഡവർമ്മ നോവലിന് രണ്ടു തമിഴ് തർജ്ജമകളും രണ്ടു ആംഗലേയ (English) തർജ്ജമകളും ഉണ്ടായിട്ടുണ്ട്. ഒ. കൃഷ്ണപിള്ളയുടെ തമിഴ് വിവർത്തനം 1934-ലും, പി. പത്മനാഭൻ തമ്പിയുടെ തമിഴ് വിവർത്തനം 2007-ലും പ്രകാശിതമായി. ആംഗലേയ ഭാഷയിലെ ആദ്യ പതിപ്പായ ബി. കെ. മേനാൻറെ വിവർത്തനം 1936-ൽ കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു, 1998-ൽ പ്രസ്തുത പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമി പുനഃപ്രസിദ്ധീകരിച്ചു; രണ്ടാമത്തെതായ ആർ. ലീലാദേവിയുടെ പരിഭാഷ 1979-ൽ ന്യൂ ഡെൽഹിയിലെ സ്റ്റെർലിംഗ് പബ്ലിഷേർസ് മുഖാന്തരം പ്രകാശിതമായി.

സായാഹ്ന ഫൗണ്ടേഷൻ, തിരുവനന്തപുരം പ്രസിദ്ധീകരിച്ച ഡിജിറ്റൽ പതിപ്പ് കരിയർ മാഗസിൻ.ഇൻ വായനക്കാർക്കായി സൗജന്യമായി ബുക്ക്സ് വിഭാഗത്തിൽ ( https://careermagazine.in/product/marthandavarma/ )ഉൾപ്പെടുത്തുന്നു. മലയാള സാഹിത്യവും ചരിത്രവും മുഴുവൻ മലയാളികളും അറിഞ്ഞിരിക്കേണ്ടതാണ്. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിലെ പ്രമേയം. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.

Share: