വിജയിക്കാനുള്ള എളുപ്പവും സന്തുഷ്ടവുമായ മാര്‍ഗ്ഗം…

Share:
Personality development

എം ആർ കൂപ് മേയർ                                                         പരിഭാഷ : എം ജി കെ നായർ

 

പൊരുത്തപ്പെട്ട് ജീവിക്കുക, പ്രവര്‍ത്തിക്കുക.

കുഴപ്പത്തിനും നഷ്ടത്തിനും തെയ്മാനത്തിനും കാരണം കണ്ടുപിടിക്കുക, അതിനുശേഷം വിപരീതം ചെയ്യുക – തെളിയിക്കപ്പെട്ട ഒരു വിജയമാര്‍ഗ്ഗമാണിത്.

പരിഗണിക്കുക : സംഘര്‍ഷം

ആളുകളുടെ ഇടയില്‍, ജോലിസ്ഥലത്ത്, വീട്ടില്‍, എവിടെയും – സംഘര്‍ഷം കുഴപ്പത്തിനിടയാക്കുന്നു. വാസ്തവത്തില്‍, ഏതെങ്കിലും കുഴപ്പത്തിന്‍റെ തുടക്കം പരിശോധിച്ചാല്‍, അതാരംഭിച്ചത് സംഘര്‍ഷത്തില്‍ നിന്നുമാണെന്നു കാണാം.

ആളുകളുടെ ഇടയിലുള്ള സംഘര്‍ഷം തളർച്ചയുണ്ടാക്കുന്നു. താന്‍ “തളര്‍ന്നു” പോയെന്ന് ഒരു പുരുഷനോ സ്ത്രീയോ പറയുമ്പോള്‍, സംഘര്‍ഷമുണ്ടെന്നു സംശയിക്കാം. കാരണം സംഘര്‍ഷം യന്ത്രങ്ങള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നതുപോലെ ആളുകള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്നു.

ആളുകളുടെ ഇടയിലുള്ള സംഘര്‍ഷം നഷ്ടത്തിനു കാരണമാകുന്നു – നഷ്ടപ്പെടുന്ന മാനസികനില, നഷ്ടപ്പെടുന്ന സൗഹൃദങ്ങള്‍, നഷ്ടപ്പെടുന്ന സഹകരണം, എല്ലായിടത്തും വ്യാപിക്കുന്ന എല്ലാ വിധത്തിലുള്ള നഷ്ടങ്ങള്‍.

അതിനാല്‍ ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ പറഞ്ഞിട്ടുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം ഉപയോഗിക്കുക : കുഴപ്പമോ തെയ്മാനമോ നഷ്ടമോ ഉണ്ടാക്കുന്നതെന്താണെന്നു കണ്ടുപിടിച്ചാല്‍ അതിനു വിപരീതം ചെയ്യുക. ആളുകളുടെ ഇടയിലുള്ള സംഘര്‍ഷത്തിനു വിപരീതം എന്താണ്?

ആളുകള്‍ക്കിടയിലുള്ള പൊരുത്തം! സൗഹൃദം !

അതേ, ആളുകളുടെ ഇടയിലെ സംഘര്‍ഷം കൊണ്ടുണ്ടാകുന്ന കുഴപ്പവും തേയ്മാനവും നഷ്ടവും ഒഴിവാക്കേണ്ടതെങ്ങനെയെന്ന് നിങ്ങള്‍ മനസ്സിലാക്കി. ‘സംഘര്‍ഷ’ത്തിനുപകരമായി ‘പൊരുത്തം’ മാറ്റിവെയ്ക്കുക – ജോലിസ്ഥലത്തായാലും വീട്ടിലായാലും എവിടെയായാലും.

പ്രശ്നകാരണവും അത് പരിഹരിക്കേണ്ട വിധവും നിങ്ങള്‍ക്കറിയാവുന്നതിനാല്‍, അറിയാവുന്ന കാരണവും അറിയാവുന്ന പരിഹാരവും അടുപ്പിച്ചു കൊണ്ടുവന്ന് “പ്രശ്നത്തിന്‍റെ വിടവു ചുരുക്കി” സംഘര്‍ഷത്തിനു പകരം പരിഹാരം – പൊരുത്തം, യോജിപ്പ്, സൗഹൃദം -പകരം വെയ്ക്കാന്‍ നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് വരികയില്ല.
നിങ്ങള്‍ ഏത് പ്രശ്നത്തിന് അല്ലെങ്കില്‍ ഏത് പ്രശ്നങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം ഉപയോഗിക്കുമെന്നറിയാത്തതിനാല്‍, വിശദാംശങ്ങള്‍ കുറിക്കുവാന്‍ ഞാന്‍ അശക്തനാണ്. എന്നാല്‍ നിരന്തരം പൊരുത്തം ആഗ്രഹിക്കുകയും ബന്ധപ്പെട്ട എല്ലാവരേയും അങ്ങനെ ചെയ്യാന്‍ പരസ്യമായി പ്രേരിപ്പിക്കുകയും ചെയ്താല്‍, വളരെ വേഗം നിങ്ങള്‍ ജോലിയിലും ജീവിതത്തിലും പൊരുത്തം കണ്ടെത്തും.

ഈ പുസ്തകത്തിലെ അടുത്ത അദ്ധ്യായം പദങ്ങള്‍ കൊണ്ടുള്ള സൈക്കോ തെറാപ്പിയാണ് പഠിപ്പിക്കുന്നത്.

കൂടെക്കൂടെ, ശക്തമായി ആവര്‍ത്തിക്കാവുന്ന ഏതാനും ‘മാന്ത്രിക’ പദങ്ങളുണ്ട്. ആവര്‍ത്തനം കൊണ്ട് അവ നിങ്ങളുടെ ഉപബോധമനസ്സിന്‍റെ ഭാഗമാവുകയും നിങ്ങളുടെ ജീവിതത്തില്‍ എല്ലായ്പ്പോഴും വഴികാണിക്കുന്ന ശക്തിയായിത്തീരുകയും ചെയ്യുന്നു.

അത്തരമൊരുവാക്കാണ് ‘പൊരുത്തം’ – യോജിപ്പ്. കൂടെക്കൂടെ ശക്തമായ ആവര്‍ത്തനം കൊണ്ട് മാന്ത്രികപദമായ “യോജിപ്പ്” നിങ്ങളുടെ പ്രവര്‍ത്തനങ്ങളേയും വിചാരങ്ങളേയും അബോധമായി നിയന്ത്രിക്കുന്നതുവരെ മനസ്സില്‍ നിറയ്ക്കുക.

ബിസിനസ്സിലും ജീവിതത്തിലും അത്ഭുതകരമായ സ്വസ്ഥതയോടെ നിങ്ങള്‍ വിജയിക്കുന്നതായി നിങ്ങള്‍ക്കു ബോദ്ധ്യപ്പെടും.

പൊരുത്തം, സൗഹൃദം, യോജിപ്പ് എല്ലാറ്റിനേയും എളുപ്പത്തിലാക്കുന്നു!

( തുടരും)

www.careermagazine.in

Share: