കോവിഡ് 19: അലംഭാവം അരുത് – ജില്ലാമെഡിക്കല്‍ ഓഫീസര്‍

Share:

ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴേക്കും ആളുകള്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തിങ്ങിക്കൂടുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഏതുസാഹചര്യത്തിലായാലും രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ലംഘിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുകയും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം ഇല്ലാതെ വരുകയും ചെയ്യും.

തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. വ്യാപാര സ്ഥാപനങ്ങള്‍, ലാബുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌ക്കുകളാണ് അനുയോജ്യം. ഇവ അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുജനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share: