മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം
കോവിഡ്––19നെത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിശാങ്ക് വ്യക്തമാക്കി.
സാമൂഹ്യമാധ്യമത്തിലൂടെ വിദ്യാർഥികളോടും രക്ഷിതാക്കളോടും സംവദിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലായശേഷം മാത്രമാകും പരീക്ഷ.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിയ 10, 12 ക്ലാസ് പരീക്ഷകൾ യാതൊരു കാരണവശാലും ഒഴിവാക്കില്ലെന്നും നേരത്തെ അറിയിച്ചതുപോലെ തുടർ പഠനത്തിന് അനിവാര്യമായ 29 വിഷയങ്ങളിൽ പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഇവയിൽ 12 വിഷയങ്ങൾ മാത്രമാണു കേരളത്തിൽ ബാധകം.
ലോക്ഡൗൺ തീരുന്ന മുറയ്ക്ക് തയാറെടുപ്പിനു 10 ദിവസം നൽകിയാകും തീയതി പ്രഖ്യാപിക്കുക. പരീക്ഷ ഒഴിവാക്കുമെന്ന് അഭ്യൂഹം പ്രചരിച്ചതിനാലാണു വിശദീകരണം. വിദേശത്ത് ഈ വർഷം ഇനി പരീക്ഷ നടത്തില്ലെന്നു നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇവരുടെ ഫലം എങ്ങനെയെന്നതിൽ വ്യക്തത വരാനുണ്ട് . ജെഇഇ, നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകൾ ജൂണിൽ നടത്താനാണ് ആലോചനയെന്നു മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.
പരീക്ഷ നടത്തുന്ന വിഷയങ്ങളുടെ ലിസ്റ്റ് സിബിഎസ്ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ സ്വീകരിച്ച ശേഷമാകും പരീക്ഷ. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൻ നിശാങ്ക് കൂടിക്കാഴ്‌ച നടത്തും.