നവംബര്‍ 1-7: ഭരണഭാഷാവാരമായി ആഘോഷിക്കും

391
0
Share:

കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിൻറെ ഭാഗമായി നവംബര്‍ ഒന്നിന് മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായും ആഘോഷിക്കും.

ഇക്കാലയളവില്‍ ഭരണഭാഷാമാറ്റത്തിന് ഉതകുംവിധമുള്ള ചര്‍ച്ചകളും സെമിനാറുകളും സംസ്ഥാന, ജില്ലാ, താലൂക്ക്, പഞ്ചായത്തുതലങ്ങളില്‍ സംഘടിപ്പിക്കും. അപ്രതീക്ഷിതമായി കേരളത്തിനുണ്ടായ പ്രളയദുരിതസാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കും.

നവംബര്‍ ഒന്നിന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളില്‍ ഓഫീസ് തലവൻറെ അധ്യക്ഷതയില്‍ ഭരണഭാഷാസമ്മേളനം സംഘടിപ്പിക്കും. ഭരണഭാഷാപ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കും.

ഭരണഭാഷാ പ്രതിജ്ഞ:

‘മലയാളം എൻറെ ഭാഷയാണ്. മലയാളത്തിൻറെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വഹണത്തില്‍ മലയാളത്തിൻറെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എൻറെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും’.

സ്‌കൂളുകളില്‍ നവംബര്‍ ഒന്നിന് നടക്കുന്ന അസംബ്‌ളിയില്‍ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാര്‍ഥികളും താഴെച്ചേര്‍ത്തിട്ടുള്ള പ്രതിജ്ഞ എടുക്കണം.

‘മലയാളമാണ് എൻറെ ഭാഷ

എൻറെ ഭാഷ എൻറെ വീടാണ്.

എൻറെ ആകാശമാണ്.

ഞാന്‍ കാണുന്ന നക്ഷത്രമാണ്.

എന്നെത്തഴുകുന്ന കാറ്റാണ്.

എൻറെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണ്.

എൻറെ അമ്മയുടെ തലോടലും ശാസനയുമാണ്.

ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത്

എൻറെ ഭാഷയിലാണ്.

എൻറെ ഭാഷ ഞാന്‍ തന്നെയാണ്.’

Share: