മലയാളം തെറ്റില്ലാതെ – പ്രൊഫ. പന്മന  രാമചന്ദ്രൻനായർ 

Share:
എൽ ഡി ക്ളർക് പരീക്ഷയിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലയാളം ഭാഷ . മലയാള ഭാഷ ശരിയായി ഉപോയോഗിക്കാൻ എല്ലാ മലയാളിയും ശീലിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ ആധികാരികമായി പഠനങ്ങൾ നടത്തിയിട്ടുള്ള ഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമാണ് പ്രൊഫ. പന്മന രാമചന്ദ്രൻ നായർ. മലയാള ഭാഷയിൽ ഇത്തരമൊരു പരമ്പര ആദ്യമായി ആരംഭിക്കുന്നത് 1986 ൽ ‘കരിയർ മാഗസിൻ ‘ ആണ്. പ്രൊഫ. പന്മന രാമചന്ദ്രൻ നായർ   സംശയങ്ങൾക്ക്‌ മറുപടി പറയുന്ന വിഭാഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാളോടു സംസാരിക്കുമ്പോൾ,സദസ്സിൽ പ്രസംഗിക്കുമ്പോൾ, കത്തെഴുതുമ്പോൾ, പരീക്ഷയെഴുതുമ്പോൾ,ലേഖനമോ,പുസ്തകമോ എഴുതുമ്പോൾ-അപ്പോഴെല്ലാം ഉള്ളിലിരിക്കുന്ന ആശയം ഭാഷയിലൂടെ പകർന്നു കൊടുക്കുകയാണു നാം ചെയ്യുന്നത്. ഒരാളുടെ സ്വഭാവത്തെയും സംസ്കാരത്തെയും കുറിച്ച് സ്പഷ്ടമായ ധാരണ നല്കാൻ അയാൾ പറഞ്ഞ രണ്ടോ മൂന്നോ വാക്കുകൾക്കു കഴിഞ്ഞേക്കാം. ആദ്യമായി കണ്ടുമുട്ടുന്ന രണ്ടുപേരെ ആജീവനാന്ത സുഹൃത്തുക്കളാക്കി മാറ്റാൻ ഏതാനും വാക്കുകൾ മതിയാകും.നാളിതുവരെ മനുഷ്യൻ നേടിയ സംസ്കാര സമ്പത്തു മുഴുവൻ നമുക്കു പകർന്നുതരുന്നത് ഭാഷയാണ്.ലോകത്തെമ്പാടുമുള്ള മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയും ഭാഷയല്ലാതൊന്നുമല്ല.അവനവൻ്റെ ഭാഷ ആവുന്നത്ര നന്നാക്കിയെടുക്കാൻ ഏവരും ശ്രമിക്കേണ്ടതാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണല്ലോ.
മലയാള ഭാഷയിൽ എന്തു തെറ്റു വരാൻ?കൊച്ചുകുഞ്ഞുങ്ങളും വിദ്യാഭ്യാസമൊന്നുമില്ലാത്തവരും മലയാളം പറയുന്നു;ഉറക്കത്തിൽപ്പോലും പറയുന്നു!അപ്പോൾപ്പിന്നെ ഇത്ര ശ്രദ്ധിക്കാനെന്തിരിക്കുന്നു?ഇതാണു മിക്കവരുടെയും വിചാരം.ഏതൊരാൾക്കും തെറ്റു വരാമെന്നും തങ്ങൾക്കും തെറ്റു വരുന്നുണ്ടെന്നും ഇവരറിയുന്നില്ല.ഇതുതന്നെയാണ് പലരെ സംബന്ധിച്ചുമുള്ള ഏറ്റവും വലിയ അപകടം.ഒന്നാമതായി , തെറ്റു തെറ്റാണെന്നറിയണം.രണ്ടാമതായി, ശരി എന്തെന്നറിയണം. മൂന്നാമതായി, ശരിയേ പറയൂ,എഴുതൂ എന്ന നിർബന്ധബുദ്ധിയും വേണം.ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാവില്ല. തീർച്ച
ഭാഷ നന്നാക്കാനുള്ള ശ്രമത്തിന്‌ രണ്ടു പടവുകളുണ്ട്.ഒന്ന്, ശുദ്ധഭാഷ- തെറ്റില്ലാത്ത ഭാഷ. രണ്ട്, നല്ല ഭാഷ- ശക്തിയും സൗന്ദര്യവുമുള്ള ഭാഷ. ഇങ്ങനെ പറഞ്ഞതുകൊണ്ട്,ഒരു തെറ്റുമില്ലാത്ത ഭാഷ സ്വായത്തമായതിനുശേഷമേ ശക്തിയും സൗന്ദര്യവുമുള്ള ഭാഷയ്ക്കുവേണ്ടി ശ്രമിക്കാവൂ എന്നു ധരിച്ചു പോകരുത്.കാരണം,ഒരു തെറ്റും വരാത്ത ഒരവസ്ഥ ആർക്കും ഒരിക്കലും ഉണ്ടാവുകയില്ല എന്നതുതന്നെ.
ഭാഷ പറയുമ്പോഴും എഴുതുമ്പോഴും തെറ്റുകൾ വരാം.പറച്ചിലിൽ തെറ്റു വരുന്നവർക്ക് എഴുത്തിലും അതേ തെറ്റു വരും. പറച്ചിലിൽമാത്രം വരുന്ന തെറ്റുകളുമുണ്ട്- ഉച്ചാരണത്തെറ്റുകൾ. ഇവ ചൂണ്ടികാണിച്ചു കൊടുത്താൽ മിക്കവർക്കും വേഗം തിരുത്താൻ കഴിയും.ചില തെറ്റുകൾ ശീലം കൊണ്ടുറച്ചുപോയിരിക്കും.നന്നായി ശ്രദ്ധിച്ചാൽ അതും മാറ്റാം.ചിലർ അല്പമൊരു ‘ഫാഷനാ ‘ യിട്ടുച്ചരിച്ചു മലയാളത്തെ വികൃതമാക്കാറുണ്ട്.ചില ‘ഗൾഫു’ കാരെയും വിദേശിഭാവം ഉയർത്തിപ്പിടിക്കുന്ന മറ്റു ചിലരെയും ശ്രദ്ധിക്കുക.അവർ ‘മലയാലം ‘ എന്നും ‘ബാഷ’ എന്നും ഉച്ചരിക്കുന്നത്, തങ്ങൾ ഇംഗ്ലീഷ് ഭാഷ സ്ഥിരമായി കൈകാര്യം ചെയ്യുന്നതിനാൽ മലയാളം ഇങ്ങനെയൊക്കെയേ ‘വരൂ’ എന്നൊരു ഭാവത്തിലാണ്. എന്നാൽ മറ്റു ചിലർ ‘വിദ്യബ്യാസം’  ‘വിദ്ധ്യാർത്തി’  ‘അദ്യാപഹൻ’ എന്നൊക്കെപ്പറയുന്നത് ശരിയായ ഉച്ചാരണം അറിയാത്തതുകൊണ്ടു തന്നെയാണ്. ‘വിദ്യാഭ്യാസം’ ‘വിദ്യാർത്ഥി’ ‘അദ്ധ്യാപകൻ’ എന്നിങ്ങനെ വേണം പറയാനെന്ന് ആരെങ്കിലും മനസിലാക്കികൊടുത്താൽ പിന്നീട് അവർ തീർച്ചയായും അങ്ങനെ പറഞ്ഞുകൊള്ളും.
തെറ്റില്ലാത്ത ഭാഷ സ്വന്തമാക്കുക എന്നത് എല്ലാവർക്കും ആവശ്യമാണെങ്കിലും ‘കരിയർ മാഗസിൻ’  ൻ്റെ വായനക്കാർ ഉദ്യോഗാർത്ഥികളായതുകൊണ്ടു അവർക്കുവേണ്ടി ചില കാര്യങ്ങൾ പറയാമെന്നു വിചാരിക്കുന്നു.മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ഉദ്യോഗാർത്ഥികളെ സ്സംബന്ധിച്ചു പ്രധാനമായിത്തീരുന്ന അവസരങ്ങൾ മൂന്നാണ്: എഴുത്തു പരീക്ഷ മുഴുവനും മലയാള ഭാഷയിലാവുമ്പോൾ, ഉത്തരങ്ങളുടെ കുറെ ഭാഗം മലയാളത്തിലെഴുതേണ്ടി വരുമ്പോൾ,ഇൻറർവ്യൂ മലയാളത്തിൽ നടത്തുമ്പോൾ.
അക്ഷരത്തെറ്റുകൾ,പ്രയോഗത്തെറ്റുകൾ,വാക്യഘടനയിലെ തെറ്റുകൾ-ഇങ്ങനെ തെറ്റുകൾ പല തരത്തിൽ വരാം.എഴുതുമ്പോൾ അക്ഷരം വിട്ടുപോവുക എന്നത് ഭാഷയിൽ പ്രാവീണ്യമുള്ളവർക്കും സംഭവിക്കാറുണ്ട്.അങ്ങനെ വരാതെ നോക്കേണ്ടത് ആവശ്യം തന്നെയെങ്കിലും അതൊരു വലിയ കുഴപ്പമായി കണക്കാക്കേണ്ടതില്ല.എന്നാൽ അക്ഷരം മാറി വീഴുക വലിയ തെറ്റു തന്നെയാണ്.ഉത്തരക്കടലാസിൻ്റെ ഒന്നാം പേജിൽത്തന്നെ ‘അനന്തിരവൻ ‘ ‘നിസ്സരം’ ‘പൂർവീകൻ’ എന്നിങ്ങനെ കണ്ടെന്നു വയ്ക്കുക.ഉത്തരം സാമാന്യം നന്നാണെന്നും എഴുതിയത്എസ്.എസ്.എൽ.സി.ക്കാരനാണെന്നും ഇരിക്കട്ടെ.എന്നാലും ചെറിയ മാർക്കേ ഇടാൻ തോന്നൂ .എന്തുകൊണ്ടെന്നാൽ, ‘അനന്തരവൻ’ ‘നിസ്സാരം’ പൂർവികൻ’ എന്നിവയാണ് ശരി രൂപങ്ങളെന്ന് എസ്.എസ്.എൽ.സി. ക്കാരൻ തീർച്ചയായും അറിഞ്ഞിരിക്കണം.
ഇതേ തെറ്റുകൾ ഒരു ബി.ഏ.ക്കാരൻ വരുത്തുകയാണെങ്കിൽ അയാളെ തീരെ മോശക്കാരനായിട്ടേ കരുതാൻ പറ്റൂ.എം.എ.ക്കാർ മാത്രം എഴുതിയിരിക്കുന്ന പരീക്ഷയിലാണെങ്കിലോ? ഇങ്ങനെയെഴുതിയ ആളിനെ,മറ്റെന്തൊക്ക മെച്ചമുണ്ടായാൽക്കൂടി ജയിപ്പിക്കാതിരിക്കുകയാണു വേണ്ടത്.തെറ്റുകൾക്കു നിലവാരഭേദമുണ്ട് എന്നു സാരം.
അക്ഷരത്തെറ്റു കണ്ടുപിടിക്കാൻ നിങ്ങൾക്ക് ഇതാ ഒരവസരം.
1. അങ്ങിനെ      2. അടിമത്തം  3. പ്രവൃത്തിക്കുക  4.അല്ലങ്കിൽ   5.ക്രിതൃമം  6.പുരാതിനം
7. ചെലവ്  8.ആഡംബരം  9.രക്ഷകർത്താവ്  10.കവിയിത്രി  11. മടയൻ  12.പ്രാവിശ്യം
13.സ്രഷ്‌ഠാവ്  14.മുഖാന്തരം  15.മന:പ്പീഡ്ഡ
ഈ പതിനഞ്ചു വാക്കുകളിൽ ചിലതു തെറ്റും ചിലതു ശരിയുമാണ്.
   (നിങ്ങൾ തുടർന്നു വായിക്കാൻ വരട്ടെ.ഒരു കടലാസെടുക്കുക.അതിൽ ഈ വാക്കുകളെല്ലാം ശരിയായിട്ടെഴുതുക.നിങ്ങൾ എഴുതിയതിൽ വല്ല തെറ്റുമുണ്ടോ എന്നു നോക്കുന്നതു പിന്നീടാകാം.അതവിടെ ഇരിക്കട്ടെ.)
 ധാരാളമായി കണ്ടുവരുന്ന ചില തെറ്റുകളെപ്പറ്റി പറയാം.
ഇരട്ടിപ്പു വേണ്ടിടത്തു അങ്ങനെ എഴുതാതിരിക്കുക പലരുടെയും ശീലമാണ്.ഓണചന്ത ,ആനകൂട്ടം, കളികളം- ഇവ തെറ്റും ഓണച്ചന്ത,ആനക്കൂട്ടം,കളിക്കളം- ഇവ ശരിയുമാണ്.ഇരട്ടിപ്പില്ലാഞ്ഞാൽ,ചിലയിടങ്ങളിൽ അർത്ഥം വല്ലാതെ മാറിപ്പോകും. ‘ആനപ്പുറത്തു  കയറുന്ന’തിനു പകരം ആന പുറത്തു കയറി’യാൽ മതിയോ? ‘വളക്കുഴിയിൽ   വീഴുന്ന’തും ‘വള കുഴിയിൽ വീഴുന്ന’തും തുല്യമാണോ? ‘വാഴക്കുല വെട്ടു’ന്നതിനു പകരം ‘വാഴ കുല വെട്ടി’യാൽ ശരിയാകുന്നതെങ്ങനെ?
‘ഓരോ കവികളെപ്പറ്റിയും’ ‘ഓരോ മനുഷ്യരുടെ കാര്യത്തിലും’-എന്നീ പ്രയോഗങ്ങൾ തെറ്റാണ്.’ഓരോ’ ഉപയോഗിക്കുമ്പോൾ ഏകവചനമേ ചേർക്കാവൂ.’ഓരോ കവിയെപ്പറ്റിയും’ ‘ഓരോ മനുഷ്യൻ്റെ കാര്യത്തിലും’ എന്നിങ്ങനെ മതി.
‘കൊല്ലത്തുനിന്നും പുറപ്പെടുന്ന ‘കരിയർ മാഗസിൻ’ എന്നു പറഞ്ഞാൽ തെറ്റാണ്.’കൊല്ലത്തു നിന്നു പുറപ്പെടുന്ന കരിയർ മാഗസിൻ’ എന്നായാൽ ശരി.ഒരിടത്തു നിന്നു മാത്രമേ പുറപ്പെടുന്നുള്ളൂ എങ്കിൽ ‘ഉം’ ചേർക്കരുത്.’തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടു നിന്നും പുറപ്പെടുന്ന മാതൃഭൂമി’ എന്നു പറയാം.കാരണം, ഒന്നിലേറെ സ്ഥലത്തു നിന്നു പുറപ്പെടുന്ന എന്ന വസ്തുത ചേർത്തു പറഞ്ഞിരിക്കുകയാണിതിൽ.
‘എരിയുന്ന സിഗരറ്റു ചുണ്ടിൽ വച്ചുകൊണ്ട് ഡോക്ടർമാർ പുകവലിയുടെ ദോഷങ്ങളെപ്പറ്റി പ്രസംഗിക്കുന്നത് വല്ലാത്ത വിരോധാഭാസമാണ്.’
‘വിരോധാഭാസ’ത്തിൻ്റെ ഈ പ്രയോഗം ശരിയല്ല.’വിരോധാഭാസ’മെന്നാൽ വിരോധത്തിൻ്റെ ആഭാസമാണ്-പൊരുത്തക്കേടുണ്ടെന്ന തോന്നലാണ്.അതിൽ വൈരുദ്ധ്യം അഥവാ പൊരുത്തക്കേട് ഇല്ല.എന്നാൽ ഉദാഹരണ വാക്യത്തിൽ പൊരുത്തക്കേടുണ്ട്.അതുകൊണ്ട് ‘വിരോധാഭാസമാണ് ‘എന്നതിൻ്റെ സ്ഥാനത്തു ‘വൈരുദ്ധ്യമാണ്’ എന്നായാലേ പ്രയോഗം ശരിയാകൂ.
ഇനി ഏതാനും തെറ്റുകളുള്ള ഒരു വാക്യം കാണിക്കാം.വാക്യത്തിനു താഴെയുള്ള ഭാഗം മറച്ചു പിടിച്ചു കൊണ്ട് വാക്യം ശ്രദ്ധിച്ചു വായിക്കുക.വാക്കുകൾ എഴുതിയ കടലാസിൽ ഈ വാക്യവും തിരുത്തിയെഴുതുക. മറച്ചുപിടിച്ചിരുന്ന ഭാഗം വായിച്ചു ഏതെങ്കിലും തെറ്റു നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയാതെ പോയോ എന്ന് പരിശോധിക്കുക. വാക്യം ഇതാണ്:
 ‘രാപ്പകൽ പ്രവർത്തിയെടുത്താൽ കുറഞ്ഞതു രണ്ടു രൂപയെങ്കിലും സ്വന്തം കുഡുംബത്തിൽ കൊണ്ട് ചെല്ലാൻ കഴിയണ്ടെ?’
വാക്കുകളുടെ ശരിരൂപം കാണിച്ചിട്ട് ഈ വാക്യത്തിലെ തെറ്റുകളെക്കുറിച്ചു പറയാം.
1.അങ്ങനെ  2.അടിമത്തം 3.പ്രവർത്തിക്കുക 4 .അല്ലെങ്കിൽ  5.കൃത്രിമം 6.പുരാതനം  7.ചെലവ് 8.ആഡംബരം 9.രക്ഷാകർത്താവ് 10.കവയിത്രി 11.മടയൻ  12.പ്രാവശ്യം 13.സ്രഷ്‌ടാവ്‌ 14.മുഖാന്തരം 15.മന:പീഡ
(2,7,8,11,14 -ഈ അഞ്ചെണ്ണം ശരിരൂപങ്ങളായിരുന്നു.) രാപ്പകൽ തെറ്റ് : രാപകൽ ശരി. ‘പ്രവർത്തിക്കുക’ ശരി.എന്നാൽ ഇതിൻ്റെ നാമരൂപം ‘പ്രവൃത്തി’ എന്നാണ്  ‘കുറഞ്ഞത്’ ‘എങ്കിലും’ ഇവയിൽ ഒന്നു മതി. ‘കുറഞ്ഞതു രണ്ടു രൂപ’ എന്നോ ‘രണ്ടു രൂപയെങ്കിലും’ എന്നോ  ആകാം. ‘കുടുംബം’ ആണ് ശരി. ‘കൊണ്ട് ചെല്ലാൻ’ തെറ്റ്., ‘കൊണ്ടു ചെല്ലാൻ ‘ ശരി. ‘കഴിയണ്ടെ?’ എന്നല്ല, ‘കഴിയണ്ടേ?’ എന്നാണു വേണ്ടത്. (ആറു തെറ്റ്)
മൂന്നു ‘ട്രാവലേഴ്‌സ് ‘
ഏ.ബി.സി- ഇവർ കോട്ടയം തീവണ്ടിയാപ്പീസിൽ കണ്ടു മുട്ടുന്നു.
ഏ. ബി.യോട് : താങ്കൾ എങ്ങോട്ടാ?
ബി : ഞാൻ ട്രിവാൻഡ്രം പോകുന്നു.
ഏ.സി. യോട് :താങ്കൾ എവിടേക്കാ?
സി : ട്രിച്ചുർക്ക് 
സി.ഏ യോട് : താങ്കൾ?
ഏ : ട്രെണാകുളത്തിന് …
(തുടരും )
Share: