മലയാളത്തിന് പരിഗണന: പിഎസ്‌സി എന്നും മുന്നിൽ

Share:

– ആർ പാർവതീ ദേവി

സംസ്ഥാനസർക്കാരിന്റെ മലയാളഭാഷാ നയത്തിനനുസൃതമായി മലയാളഭാഷയുടെ വളർച്ചയ്‌ക്കും വികാസത്തിനുംവേണ്ടി പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് കേരള പബ്ലിക് സർവീസ്‌ കമീഷൻ നടത്തിവരുന്നത്. സർക്കാർ സർവീസിലേക്കുള്ള യോഗ്യരെ തെരഞ്ഞെടുക്കുകയെന്ന സുപ്രധാനമായ ചുമതല നിർവഹിക്കുന്ന പിഎസ്‌സിയെ സംബന്ധിച്ചിടത്തോളം മത്സരപരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തുക എന്നതാണ് വലിയ വെല്ലുവിളി. കൂലിവർക്കർമുതൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുവരെയുള്ള 1762 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തുന്നത്. വർഷം ശരാശരി ഒരു കോടിയോളം അപേക്ഷയാണ് കൈകാര്യം ചെയ്യുന്നത്. ശരാശരി എഴുനൂറിലധികം പരീക്ഷകൾ നടക്കുന്നു. മറ്റ്‌ സംസ്ഥാന പിഎസ്‌സികൾ ഉയർന്ന തസ്തികകളിലേക്കു മാത്രമാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. പല സംസ്ഥാനങ്ങളിലും അധ്യാപകർ, പൊലീസ് തുടങ്ങിയ തസ്തികകൾക്കായി വ്യത്യസ്ത ബോർഡുകളാണ് പ്രവർത്തിച്ചുവരുന്നത്. കേരള പിഎസ്‌സി മാത്രമാണ് ഏഴാംക്ലാസ് യോഗ്യത ആവശ്യമായ തസ്തികകളിൽപ്പോലും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇത്തരത്തിൽ വിപുലമായ നടപടിക്രമങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി പാലിച്ചുകൊണ്ടാണ് സർക്കാർ സർവീസിലേക്ക് ഉദ്യോഗാർഥികളെ പിഎസ്‌സി ശുപാർശ ചെയ്യുന്നത്.
പടിപടിയായുള്ള പരിഷ്കരണങ്ങൾ
മാതൃഭാഷ, ഒപ്പം ഭാഷാ ന്യൂനപക്ഷ ഭാഷകളായ കന്നഡ, തമിഴ് എന്നിവ ഉൾക്കൊള്ളിച്ചാണ് പൊതു തസ്തികകളുടെ ബിരുദം യോഗ്യതയായുള്ള പരീക്ഷ കമീഷൻ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷകൾ പൂർണമായും മലയാളം മാധ്യമത്തിലാക്കുക എന്നത് ഒറ്റയടിക്കു സാധ്യമാകുന്നതുമല്ല. കാരണം, 60 വർഷമായി പ്രവർത്തിച്ചുവരുന്ന പിഎസ്‌സിയുടെ പ്രവർത്തനരീതികളും നടപടികളും ചട്ടങ്ങളും വിപുലവും സങ്കീർണവുമാണ്. പടിപടിയായുള്ള പരിഷ്കരണങ്ങളിലൂടെ മാത്രമേ മാറ്റം സാധ്യമാകൂ. അതുകൊണ്ടുതന്നെ മാതൃഭാഷയുമായി ബന്ധപ്പെട്ടുകൊണ്ടും പുതിയ തീരുമാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

അടുത്ത കാലത്ത് ഈ മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ ചുവടുവയ്‌പ്‌ പ്ലസ്ടു, ബിരുദ പരീക്ഷ മലയാളത്തിലാക്കിയെന്നതാണ്. എസ്എസ്എൽസി യോഗ്യതയുള്ള പരീക്ഷകൾ മാത്രമാണ് 2019 വരെയും മലയാളത്തിലായിരുന്നത്. പ്ലസ്ടു യോഗ്യത ആവശ്യമായ തസ്തികകളുടെ പൊതുപരീക്ഷ 2021ൽ നടത്തുമ്പോൾ മാധ്യമം മലയാളത്തിലായിരിക്കും. ബിരുദതല പരീക്ഷകൾക്ക്‌ മലയാളത്തിൽക്കൂടി ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിക്കുമ്പോൾ ഓർക്കേണ്ടകാര്യം കേരളത്തിൽ ബിരുദപഠനം ഇംഗ്ലീഷിലാണെന്ന വസ്തുതയാണ്. തമിഴ്നാട്ടിലും മറ്റും മാതൃഭാഷയിൽ കോളേജുപഠനം ആഗ്രഹിക്കുന്നവർക്ക്‌ അതിന് അവസരവുമുണ്ട്. എന്നാൽ, കേരളത്തിൽ പ്ലസ്ടു മുതൽ ഇംഗ്ലീഷാണല്ലോ ബോധനമാധ്യമം. അതുകൊണ്ടാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ വിഷയങ്ങൾ പഠിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കും പരിചിതമാകുക. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ തെറ്റില്ലാതെ തയ്യാറാക്കിത്തരുന്നതിന് ചോദ്യകർത്താക്കൾ തയ്യാറാകേണ്ടതുണ്ട്. ഉത്തരവാദിത്തബോധത്തോടെ കുറ്റമറ്റ രീതിയിൽ ചോദ്യങ്ങൾ തയ്യാറാക്കേണ്ടത് കേരളത്തിലെ ഉന്നതപാരമ്പര്യമുള്ള അക്കാദമിക് സമൂഹമാണ്.

കേരളത്തിലെ ആദ്യത്തെ കെഎഎസ് പരീക്ഷയിലും 30 ശതമാനം ചോദ്യങ്ങൾ മലയാളത്തിലായിരുന്നു.(ഒപ്പം കന്നഡയും തമിഴും) ചോദ്യങ്ങൾ മലയാളത്തിൽക്കൂടി നൽകിയാൽമാത്രം ഉദ്യോഗാർഥികളുടെ മലയാളഭാഷാപ്രാവീണ്യം അളക്കാനാകില്ലെന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 30 ശതമാനംചോദ്യങ്ങൾ മലയാളത്തിൽ നൽകിയത്. മലയാളഭാഷാ വൈദഗ്ധ്യം ആവശ്യമായ പ്രത്യേകതസ്തികകളിൽ പരീക്ഷ നടത്തുമ്പോൾ ചോദ്യങ്ങൾ ആ രീതിയിലായിരിക്കാനും പിഎസ്‌സി ശ്രദ്ധിക്കാറുണ്ട്. ഓരോ പരീക്ഷയുടെയും സിലബസ് പ്രസിദ്ധീകരിക്കുന്ന രീതി പിഎസ്‌സി അവലംബിച്ചു തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. വിജ്ഞാപനത്തിനൊപ്പംതന്നെ സിലബസ് പ്രസിദ്ധീകരിക്കുന്നത് വിദ്യാർഥികൾക്ക്‌ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സഹായകമാകുന്നതിനുവേണ്ടിയാണ്.

സിലബസ് തയ്യാറാക്കുന്നത് അതതു മേഖലയിലെ വിദഗ്ധരാണ്. വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസയോഗ്യതയ്‌ക്കനുസരിച്ചാണ് പ്രധാനമായും സിലബസ് തയ്യാറാക്കുന്നത്. ഒപ്പം പൊതുവിജ്ഞാനം ഉൾപ്പെടെയുള്ള ചില വിഷയങ്ങൾകൂടി ഉൾപ്പെടുത്തുന്നു. കാലാകാലങ്ങളിൽ അക്കാദമിക് രംഗത്ത് ഉണ്ടാകുന്ന മാറ്റം അനുസരിച്ച് സിലബസിലും മാറ്റം വരുത്തുന്നു. അടുത്തിടെ ഉയർന്നുവന്നിരിക്കുന്ന ഒരു വിഷയമാണ് എൽപി, യുപി സ്കൂൾ അധ്യാപകരെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ മലയാളഭാഷാ/സാഹിത്യത്തിൽ നിന്നുള്ള ചോദ്യങ്ങളില്ലായെന്നത്. ഇതിന് വിശദീകരണം ആവശ്യമാണ്. ആദ്യം ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്ത സിലബസിൽനിന്ന്‌ മലയാളഭാഷയെ ഇപ്പോഴത്തെ കമീഷൻ ഒഴിവാക്കി എന്ന തരത്തിലാണ്. ഇത് വ്യാപകമായ തെറ്റിധാരണ പരത്താനും ഇടയാക്കി. ഈ കമീഷൻ സിലബസിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. എൽപി, യുപി സ്കൂൾ അധ്യാപകർക്കുള്ള യോഗ്യത ടിടിസിയാണ്. പത്താംക്ലാസ് പാസായശേഷം രണ്ടുവർഷം ടിടിസി പഠിക്കുന്നു. ഒരു ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസനിലവാരം അനുസരിച്ചേ സിലബസ് തയ്യാറാക്കാനാകൂ. 2016മുതൽ എൽപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ 7322 പേരെയും യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ 4346 പേരെയും ഇതിനോടകം നിയമനശുപാർശ ചെയ്തിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഇപ്പോഴത്തെ സംസ്ഥാനസർക്കാർ നടത്തിയ ഫലപ്രദമായ ഇടപെടൽ സർക്കാർ സ്കൂളുകളിൽ കുട്ടികൾ വർധിക്കാനിടയാക്കുകയും അങ്ങനെ അധ്യാപകരുടെ എണ്ണം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് എൽപി–- യുപി അധ്യാപകരുടെ തെരഞ്ഞെടുപ്പും നടക്കുന്നത്. 2019ൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും 2020 നവംബറിൽ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുകയുമാണ്. ആറു വർഷമായി വിജ്ഞാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ പഴയ ടിടിസി സിലബസിൽ പഠിച്ചിറങ്ങിയവരാണ്.

വർഷങ്ങളായി അവരീ സിലബസ് പ്രകാരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. വിജ്ഞാപനത്തിനൊപ്പം നൽകിയ സിലബസും അതുപ്രകാരമാണ്. ടിടിസി സിലബസിൽ മാതൃഭാഷ ഒരു പ്രത്യേക വിഷയമായി ഇവർ പഠിച്ചിട്ടില്ല. എന്നാൽ, പത്താം ക്ലാസുവരെ മലയാളം പഠിച്ചവർക്കുമാത്രമേ അപേക്ഷിക്കാൻ കഴിയൂ. കൂടാതെ, നൂറു മാർക്കിനുള്ള ചോദ്യങ്ങൾ പൂർണമായും മലയാളത്തിലുമാണ്. കുട്ടികളെ മലയാളം എങ്ങനെ പഠിപ്പിക്കണമെന്നതാണ് ടിടിസിക്കാർ പഠിക്കുന്നത്. അതുകൊണ്ടുതന്നെ പിഎസ്‌സി ചോദ്യങ്ങളും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.

ബിരുദതലപഠനം മലയാളത്തിലും
ഇപ്പോൾ ടിടിസി ഡിഎൽഇഡിയാക്കി മാറ്റിയിട്ടുണ്ട്. രണ്ടുവർഷത്തെ ഡിഎൽഇഡി പാസായി ഇറങ്ങുന്നവർക്ക്‌ ഇനിവരുന്ന വിജ്ഞാപനപ്രകാരം മാത്രമേ പരീക്ഷ എഴുതാനാകൂ. ഡിഎൽഇഡി കോഴ്സിന് മാതൃഭാഷ ഒരു വിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അടുത്ത വിജ്ഞാപനപ്രകാരമുള്ള പരീക്ഷയുടെ സിലബസിൽ മാറ്റം വരുത്താനാകും. അപ്പോഴും ടിടിസിക്കാർ പരീക്ഷ എഴുതാനുണ്ടാകുമെന്നതിനാൽ ഇരു വിഭാഗക്കാർക്കും സൗകര്യപ്രദമായ സിലബസായിരിക്കും അഭികാമ്യം. വിദഗ്ധസമിതി രൂപീകരിച്ചുകൊണ്ട് സിലബസിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന വിവരം പിഎസ്‌സി ചെയർമാൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ തസ്തികയ്‌ക്കും ആവശ്യമായ യോഗ്യത നിശ്ചയിക്കുമ്പോഴും ആ യോഗ്യതയ്ക്കനുസരിച്ചുള്ള കോഴ്സുകൾ തീരുമാനിക്കുമ്പോഴും മലയാളഭാഷ ഒരു വിഷയമായി ഉൾപ്പെടുത്തുകയാണ് ആവശ്യം. ബിരുദതലപഠനം മലയാളത്തിൽക്കൂടി ആക്കുന്നതിന് ശ്രമം നടക്കേണ്ടതുണ്ട്. മാത്രമല്ല, ഇംഗ്ലീഷിന്‌ പ്രാധാന്യം നൽകണം. “ഹലോ ഇംഗ്ലീഷ്‌ ‘എന്ന പേരിൽ ഒന്നാം ക്ലാസുമുതൽ നമ്മുടെ കുട്ടികൾ ഇപ്പോൾ ഇംഗ്ലീഷ് പഠിക്കുന്നു. പത്താംക്ലാസുവരെ മലയാളം പഠിച്ചുവന്നശേഷം ടിടിസി കഴിഞ്ഞ ഒരാൾക്ക്‌ എത്രമാത്രം ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അടിത്തറ ഉറയ്‌ക്കേണ്ട ഘട്ടമാണിത്.

പറഞ്ഞുവരുന്നത് ഇംഗ്ലീഷിനും മലയാളത്തിനും പ്രാധാന്യം നൽകണം എന്നാണ്. ഏറ്റവും ചെറിയ കുട്ടികളെ പഠിപ്പിക്കുന്നവർക്കാണ് ഏറ്റവും ഉയർന്ന യോഗ്യത ആവശ്യം. ഭാഷാപരിജ്ഞാനവും അവർക്ക്‌ കൂടുതൽ ഉണ്ടാകണം. ഈ വീക്ഷണത്തോടെ അധ്യാപക പരിശീലന കോഴ്സുകളിൽ പരിഷ്കാരങ്ങൾ വരേണ്ടതുണ്ട്. എല്ലാ പുരോഗമനപരമായ പരിഷ്കാരങ്ങൾക്കുമൊപ്പം കേരള പിഎസ്‌സി ഉണ്ടാകും. മാതൃഭാഷയുടെ ശാക്തീകരണവും പിഎസ്‌സിയുടെ മുൻഗണനാ പട്ടികയിൽപ്പെടുന്നു.

(കേരള പബ്ലിക് സർവീസ്‌ കമീഷൻ അംഗമാണ്‌ ലേഖിക)

Share: