ബാങ്ക് പരീക്ഷ ഇനി മലയാളത്തിൽ എഴുതാം

Share:

ഭരണഘടന അംഗീകരിച്ച മലയാളമടക്കമുള്ള 22 ഭാഷകളിൽ സിവിൽ സർവീസ്‌ പരീക്ഷ എഴുതാം. എന്നാൽ ബാങ്ക് പരീക്ഷ എഴുതാൻ അങ്ങനെ ഒരവസരമില്ലായിരുന്നു. എന്നാൽ ഇനിമുതൽ ഗ്രാമീണ്‍ ബാങ്ക് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളത്തിലും പരീക്ഷയെഴുതാനുള്ള അവസരം വരുന്നു. റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ സ്‌കെയില്‍-I ഓഫീസര്‍ തസ്തികകളിലേക്കും ഓഫീസ് അസിസിറ്റന്റ് തസ്തികകളിലേക്കുമുള്ള പരീക്ഷകള്‍ ഇനിമുതല്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും നടത്തും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.

അസമീസ്, ബംഗ്ലാ, ഗുജറാത്തി, കന്നട, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു എന്നിവയാണ് ബാങ്ക് പരീക്ഷകള്‍ക്ക് പുതുതായി പരിഗണിക്കുന്ന ഭാഷകള്‍. ഈ വര്‍ഷത്തെ പരീക്ഷയില്‍ തന്നെ ഇത് നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റൂറല്‍ ബാങ്കുകളില്‍ പ്രാദേശിക ഭാഷയില്‍ പ്രാവണ്യമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത് ഗുണകരമാകുമെന്ന നിരീക്ഷണത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. മലയാളത്തിലാവുമ്പോൾ ചിന്തകളും ആശയങ്ങളും ഒട്ടും ചോരാതെ എഴുതാം. ഒരു ശരാശരി മലയാളി ഇംഗ്ളീഷിൽ പഠിച്ചാലും ചിന്തിക്കുന്നതും ആശയങ്ങൾ രൂപപ്പെടുത്തുന്നതും മലയാളത്തിലാണ്. ഇംഗ്ളീഷിൽ പഠിച്ച്, മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലീഷിൽ എഴുതേണ്ടിവരുമ്പോൾ ആശയശോഷണം സംഭവിക്കാം. മലയാളത്തിൽ പരീക്ഷയെഴുതുന്നത് വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കും.
മാതൃഭാഷ ശരിയായ രീതിയിൽ പഠിക്കാനും പ്രയോഗത്തിൽ വരുത്താനും മലയാളി കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ 45 റൂറല്‍ ബാങ്കുകളാണ് രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷത്തോളം ത്തോളം ഉദ്യോഗസ്ഥരാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് പരീക്ഷകളും മലയാളത്തിൽ എഴുതാൻ കഴിയുന്ന സാഹചര്യം ഉടൻ ഉണ്ടാകുമെന്നതിൻറെ സൂചനയായി കരുതി ഉദ്യോഗാർഥികൾ മലയാളം ശരിയായി പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

Share: