You are here
Home > Career News > കരസേന റിക്രൂട്ട്മെൻറ് റാലി : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കരസേന റിക്രൂട്ട്മെൻറ് റാലി : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിസംബർ 2 മുതൽ 11 വരെ കരസേന റിക്രൂട്ട്മെൻറ് കോട്ടയത്തു നടക്കുകയാണ്. അതിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ പങ്കുവെക്കുന്നു.

മുംതാസ് രഹാസ് : ഡിസംബർ 2 മുതൽ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് നടത്തുന്ന കരസേന റിക്രൂട്ട്മെൻറ് റാലി നടക്കുകയാണല്ലോ . റാലിയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതേക്കുറിച്ചൊന്ന് വിശദീകരിക്കാമോ?

രാജൻ പി തൊടിയൂർ: മികച്ച ശമ്പളവും സേവന-വേതന വ്യവസ്ഥകൾ ഉള്ളതും കരസേനയിലെ ഉത്തരവാദപ്പെട്ട ജോലികളിലേക്കുമാണ് ഡിസംബര് 2 മുതല് 11 വരെ റിക്രൂട്ട്മെൻറ് റാലി നടക്കുന്നത്.
പത്താം ക്ലാസും പ്ലസ്ടുവും വിദ്യാഭ്യാസയോഗ്യതയുള്ള യുവാക്കൾക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. കോട്ടയത്തു നടക്കുന്ന റാലിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്നിന്നുള്ളവർക്ക് പങ്കെടുക്കാം. ആയിരക്കണക്കിന് യുവാക്കൾ റിക്രൂട്ട്മെൻറ് റാലിയിൽ പങ്കെടുക്കാറുണ്ടെങ്കിലും അവസാനഘട്ട തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വളരെ കുറച്ചു പേരായി ചുരുങ്ങുകയാണ് പതിവ്. ഓരോ റിക്രൂട്ട്മെന്റ് റാലി കഴിയുമ്പോഴും വേണ്ടത്ര ഉദ്യോഗാര്ഥികളെ കേരളത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നാണ് സൈനിക റിക്രൂട്ടിങ് ഉദ്യോഗസ്ഥരുടെ പരാതി.

താഴെ പറയുന്ന തസ്തികളിലേക്കാണ് ഇപ്പോൾ റാലി നടത്തുന്നത്.

സോൾജ്യർ ജനറൽ  ഡ്യൂട്ടി,
പ്രായം: 17½ – 21
വിദ്യാഭ്യാസ യോഗ്യത: 10 പാസ് – (45% മാർക്ക് )

സോൾജ്യർ ടെക്നിക്കൽ ,
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10+2 പാസ് (50% മാർക്ക് )

സോൾജ്യർ ക്ളർക് , സ്റ്റോർ കീപ്പർ  ടെക്നിക്കൽ 
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10+2 പാസ് (60% മാർക്ക് )

സോൾജ്യർ ട്രേഡ്സ്മെൻ ,
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10 /ഐ ടി ഐ പാസ്

സോൾജ്യർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റൻറ് )
പ്രായം: 17½ – 23
വിദ്യാഭ്യാസ യോഗ്യത: 10+2 പാസ് (50% മാർക്ക് )

വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഇതേ വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തത്തേണ്ടത് .

നവംബർ 16 വരെ  അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആര്മി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

മുംതാസ് രഹാസ് : വേണ്ടത്ര ഉദ്യോഗാർഥികളെ കിട്ടുന്നില്ല എന്ന് പറഞ്ഞു. എന്തുകൊണ്ടാണിത് ?

രാജൻ പി തൊടിയൂർ: ഓൺലൈൻ രജിസ്ട്രേഷൻ ആയതിനാൽ മതിയായ സർട്ടിഫിക്കറ്റുകളില്ലെങ്കിൽ തുടക്കത്തില്തന്നെ തള്ളിപ്പോകും. ശ്രദ്ധയോടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാൽ അസാധുവാക്കപ്പെടുന്നത് തടയാം. കഴിഞ്ഞ തവണ തിരുവനന്തപുരത്തു നടന്ന റാലിയിൽ ആകെ റജിസ്റ്റർ ചെയ്തത് 31000 ഉദ്യോഗാര്ത്ഥികളാണ്. അതിൽ അയ്യായിരത്തോളം പേർ മാത്രമാണ് റാലിയിൽ പങ്കെടുത്തത് . നമ്മുടെ ചെറുപ്പക്കാർ പലതിലും ശ്രദ്ധിക്കുന്നില്ല. പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ തള്ളിപ്പോകുന്നത് തള്ളിപ്പോകുന്നത് ഒഴിവാക്കാം.

കരസേനാ റിക്രൂട്ട്മെന്റിൽ പല തരത്തിലുള്ള വിവരങ്ങൾ (ഉയരം, തൂക്കം, നെഞ്ചളവ്) ആവശ്യമായതിനാൽ ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി തയ്യാറെടുക്കുമ്പോൾത്തന്നെ ഇനി പറയുന്ന കാര്യങ്ങൾ കടലാസിൽ വ്യക്തമായി എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും.

1 . വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജനനത്തിയ്യതി എന്നിവ
2 . ഉയരം, തൂക്കം, നെഞ്ചളവ്.
3 . സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ
4 . ഇ-മെയില് ഐഡി

ഇത്രയും കയ്യിലുണ്ടെങ്കിൽ തെറ്റ് കൂടാതെ രജിസ്റ്റർ ചെയ്യാൻ കഴിയും.

മുംതാസ് രഹാസ് : ഓൺലൈൻ രജിസ്ട്രേഷന് നടപടിക്രമം എങ്ങനെയാണ്?

രാജൻ പി തൊടിയൂർ: ഉദ്യോഗാര്ത്ഥി http://joinindianarmy.nic.in/ എന്ന വെബ്സൈറ്റ് തുറന്ന് സെക്യൂരിറ്റി നമ്പർ ( Captcha ) എന്റർ ചെയ്യുക എന്നതാണ് ആദ്യ നടപടി. പിന്നീട് Apply/Login link in JCO/OR enrolment ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ രജിസ്ട്രേഷൻ പേജ് തുറക്കും. ഇതിനു മുൻപ് രജിസ്റ്റർ ചെയ്തവരാണെങ്കിൽ User Name ഉം Password ഉം ടൈപ്പ് ചെയ്ത് രജിസ്ട്രേഷന് ബട്ടണിൽ അമര്ത്തിയാൽ പുതുതായി രജിസ്റ്റർ ചെയ്യാൻ പറ്റും.
അതോടൊപ്പം നിര്ദേശങ്ങളടങ്ങിയ പേജ് തുറന്നുവരും. നിബന്ധനകൾ നല്ലവണ്ണം വായിച്ച് മനസ്സിലാക്കിയശേഷം മാത്രം Continue ബട്ടണ് അമർത്തുക.

സ്വന്തം വ്യക്തി വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങളും ഇ-മെയിൽ ഐഡി, മൊബൈൽ നമ്പര്, തുടങ്ങിയവ അതിൽ ചേര്ക്കുക. പിന്നീട് അനുയോജ്യമായ പാസ് വേർഡ് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.
അപ്പോൾ One Time പാസ്സ് വേര്ഡ് ( OTP ) ഇ-മെയിലിലും മൊബൈൽ നമ്പറിലും അയച്ചു തരും. OTP എന്റർ ചെയ്ത SUBMIT ബട്ടൻ അമർത്തുക.

പിന്നീട് ARO (Army Recruitment Office) ലിങ്ക് പരിശോധിച്ച് ജില്ല, താലൂക്ക്, ഉയരം, ജനനതിയ്യതി/വയസ്സ്, തുടങ്ങിയവയിൽ ഏതിലെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ തിരുത്താവുന്നതാണ്.

ഓരോ തസ്തികയിലേക്കും അപേക്ഷിക്കേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ സശ്രദ്ധം വായിച്ച് മനസ്സിലാക്കുക. അതിനുശേഷം വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് അനുയോജ്യമായ വിഭാഗം ഏതെന്ന് ഉറപ്പു വരുത്തി ബന്ധപ്പെട്ട APPLY ബട്ടണിൽ അമർത്തുക.

വിശദമായ നിർദ്ദേശത്തോടുകൂടിയ വെബ്പേജ് ഇപ്പോൾ തുറക്കപ്പെടും. CONTINUE ബട്ടണിൽ അമർത്തുക. JCO/OR (Junior Commissioned Officer)/(Other Ranks) അപേക്ഷാഫോറം തുറന്നുവരും. നിർദ്ദേശങ്ങൾ മനസ്സിരുത്തി വായിച്ചതിനുശേഷം മാത്രം മറ്റ് കോളങ്ങൾ പൂരിപ്പിക്കുക.

വിദ്യാഭ്യാസ യോഗ്യത ( Education details ) പൂരിപ്പിക്കുമ്പോൾ പൂർണ്ണമായും പാസായ പരീക്ഷകൾ മാത്രമാണ് ഉദ്ദേശിക്കുന്നത്. പ്ലസ്ടു പൂർണ്ണമായും പാസ് ആയിട്ടില്ലെങ്കിൽ എസ്.എസ്.എൽ .സി., യോഗ്യതയുള്ളതിനെ അപേക്ഷിക്കാൻ പറ്റു .

Personal Information ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക. പേരിൻറെ സ്പെല്ലിങ്, ഇനീഷ്യൽ എന്നിവ കൃത്യമായി തന്നെ എഴുതുക. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത് SAVE & CONTINUE ബട്ടണിൽ അമർത്തുക.

Detalis ൽ അമർത്തി ഏത് വിഭാഗത്തിൽപ്പെടുന്നു എന്നും കായിക ഇനങ്ങളിൽ നേട്ടങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരങ്ങൾ , എൻ .സി.സി. തുടങ്ങിയ യോഗ്യതകൾ ഉണ്ടെങ്കിൽ അവയും രേഖപ്പെടുത്തുക.
പിന്നീട് SAVE & CONTINUE ബട്ടൺ അമർത്തുക.

അടുത്തതായി വിദ്യാഭ്യാസ യോഗ്യതയുടെ കോളങ്ങൾ പൂരിപ്പിക്കുക.
ADD ബട്ടൻ അമർത്തിയാൽ പുതുക്കിയ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ ഒരു പട്ടികയിൽ SAVE & SUBMIT ബട്ടണോടുകൂടി പ്രത്യക്ഷപ്പെടും.
SAVE & SUBMIT കീ അമർത്തുമ്പോൾ റോൾ നമ്പറോടുകൂടിയ ഒരു പേജ് വരും. ഈ റോൾ നമ്പർ എഴുതി സൂക്ഷിക്കുക. ഭാവിയിൽ അപേക്ഷയുടെ സ്ഥിതി അറിയുവാൻ ഇത് സഹായകമാകും.

മുംതാസ് രഹാസ് : റാലിയിൽ പങ്കെടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ:  റിക്രൂട്ട്മെൻറ് റാലിക്ക് എത്തുന്നതിനു മുൻപ് അഡ്മിറ്റ് കാർഡും വിശദവിവരങ്ങളും പ്രിൻറ് ഔട്ട് എടുത്തു കയ്യിൽ സൂക്ഷിക്കണം. അതുമായി റാലി നടക്കുന്ന ദിവസം റാലി നടക്കുന്ന സ്ഥലത്ത് കൃത്യസമയത്തു എത്തിച്ചേരണം.

അഡ്മിറ്റ് കാർഡിൽ പുതിയ ഫോട്ടോ ഒട്ടിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഓൺലൈൻ രജിസ്ട്രേഷനിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ എല്ലാ രേഖകളും ഏറ്റവും പുതിയ ഫോട്ടോയും സഹിതം www.joinindianarmy@gov.in എന്ന ഇ മെയിലിൽ അയക്കണം.

മുംതാസ് രഹാസ് : ഏതൊക്കെ സർട്ടിഫിക്കറ്റുകളാണ് കരുതേണ്ടത്? ഒർജിനൽ വേണോ ഫോട്ടോ കോപ്പി മതിയാകുമോ ?

രാജൻ പി തൊടിയൂർ: യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും നാല് വീതം ഫോട്ടോസ്റ്റാറ്റ് പകർപ്പുകളും . എസ്.എസ്.എൽ .സി. സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
10 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഇംഗ്ലീഷിൽ എഴുതിയ സത്യവാങ്മൂലം, അടുത്തകാലത്തെടുത്ത 15 പാസ്പോര്ട്ട് സൈസ് കളര്ഫോട്ടോകൾ, ( പഴകിയതോ കമ്പ്യൂട്ടര് നിര്മിതമോ ആയ ഫോട്ടോ സ്വീകരിക്കില്ല) തഹസില്ദാരുടെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ പക്കൽ നിന്നുള്ള നേറ്റിവിറ്റി സര്ട്ടിഫിക്കറ്റും ജാതിസര്ട്ടിഫിക്കറ്റും അതിൻറെ പകര്പ്പുകളും, ലോക്കൽ പോലീസ് സ്റ്റേഷനില്നിന്നോ വില്ലേജ് ഓഫീസില്നിന്നോ ലഭിച്ച സ്വഭാവ സര്ട്ടിഫിക്കറ്റ്. ( ആറുമാസത്തിനകം ലഭിച്ചതാവണം. ) എന്നിവ ആവശ്യമാണ്
ജവാന്മാരുടെ മക്കൾ , വിമുക്തഭടന്മാരുടെ മക്കൾ , യുദ്ധത്തിൽ മരിച്ചവരുടെയോ വിധവകളുടെയോ സർവീസിൽ ഇപ്പോഴുള്ളവരുടെയോ മക്കൾ ആണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുള്ള റിലേഷൻ ഷിപ്പ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. സാക്ഷ്യപ്പെടുത്തുന്നവരുടെ നമ്പറും റാങ്കും പേരും വ്യക്തമാക്കിയിരിക്കണം.
എൻ .സി.സി. സർട്ടിഫിക്കറ്റുള്ളവർ അവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ മൂന്ന് പകര്പ്പുകളും ഹാജരാക്കണം .
രേഖകൾ എല്ലാം ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയതാവണം.
കായിക പരീക്ഷയ്ക്ക് ആവശ്യമായ റണ്ണിങ് ഷൂവും ഷോര്ട്സും ഉദ്യോഗാർഥി കരുതണം.

മുംതാസ് രഹാസ് : എന്തുകൊണ്ടാണ് കേരളത്തിൽ നിന്നും വേണ്ടത്ര ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാതെ പോകുന്നത്?

രാജൻ പി തൊടിയൂർ: നമ്മുടെ ചെറുപ്പക്കാർ അതിനെ ഗൗരവ പൂർവ്വം കാണാത്തതു കൊണ്ട് തന്നെയാണ്. ഉദാഹരണത്തിന് ശാരീരിക ക്ഷമതാ പരിശീലനം. എല്ലാ വിഭാഗത്തിനും നിശ്ചിത മാര്ക്കോടുകൂടി പാസാകേണ്ട ഇനമാണ് 1600 മീറ്റര് ഓട്ടം. ഈ ദൂരം 5 മിനിറ്റ് 30 സെക്കണ്ടി നുള്ളിൽ ഓടിയെത്തുന്ന വർക്ക് 60 മാര്ക്ക് ലഭിക്കും. 5 മിനിറ്റ് 31 സെക്കന്ഡും അതിലധികവും സമയമെടുക്കുന്നവര് രണ്ടാം ഗ്രൂപ്പിലായിരിക്കും. ശരിയായ പരിശീലനം നടത്തിയാൽ മാത്രമേ ഇതിൽ വിജയിക്കാൻ കഴിയൂ. ടാർ ചെയ്ത റോഡിലും ഗ്രൗണ്ടിലും ഓടി പരിശീലിക്കുന്നത് നന്നായിരിക്കും. ഓട്ടത്തിൻറെ വേഗം എത്രത്തോളം കൂടുതലാണോ കായികക്ഷമതാ പരീക്ഷയ്ക്കുള്ള മാര്ക്ക് അത്ര കൂടുതൽ ലഭിക്കും. ഓട്ടത്തിൽ വിജയിച്ചാൽ മാത്രമേ കായികക്ഷമതയുടെ മറ്റിനങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. സൈനികജീവിതത്തിലുടനീളം വേണ്ട പ്രധാന ഇനമാണ് ഓട്ടം എന്ന കാര്യം മനസിലാക്കി മടികൂടാതെ ഓടിപരിശീലിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ല.

ഓട്ടത്തിൽ വിജയിച്ചാൽ മാത്രമേ പുൾ അപ്പ് പരീക്ഷയ്ക്ക് അനുവാദമുള്ളു. റിക്രൂട്ട്മെൻറ് റാലിയിൽ ചുരുങ്ങിയത് ആറ് പുൾ അപ്പ് എടുക്കണം. ആറ് പുൾ അപ്പ് എടുത്താൽ 16
മാര്ക്ക് മാത്രമേ ലഭിക്കൂ. അതിനാൽ ഓരോ ഉദ്യോഗാര്ഥിയും കുറഞ്ഞത് 10 പുൾ അപ്പ് എടുത്ത് പരിശീലിച്ചാൽ 40 മാര്ക്ക് നേടാം. കിടങ്ങു ചാട്ടം: ഒൻപതടി വീതിയുള്ള കിടങ്ങ് ചാടിക്കടക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. ബാലന്സിങ് ബീം. ബാലന്സിങ് ബീമിലൂടെ ബാലന്സ് ചെയ്തു നടക്കുകയാണ് ഇവിടെ വേണ്ടത്. ഇതൊക്കെ നന്നായി പരിശീലിക്കണം.

വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ഉയരം, ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ള ശരീരഭാരം എന്നിവ നിര്ബന്ധമായും ഉണ്ടായിരിക്കണം. അമിത ശരീരഭാരം കാരണം പുറന്തള്ളപ്പെടുന്ന ഉദ്യോഗാര്ഥികളുടെ എണ്ണം ക്രമാതീതമായി വര്ധിച്ചുവരുന്നു. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കണം. നെഞ്ചളവ് പരിശോധിക്കുമ്പോൾ നന്നായി നിവര്ന്ന് നെഞ്ചുവിരിച്ച് ശ്വാസം ക്രമീകരിച്ചുനില്ക്കാൻ ശ്രദ്ധിക്കണം. കൂനിക്കൂടി നില്ക്കുന്നവർ ഈ ഘട്ടത്തിൽത്തന്നെ പുറത്താകും. നെഞ്ച് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം.
റാലി സമയത്ത് മെഡിക്കൽ പരിശോധന എപ്പോഴാണെന്ന് മനസ്സിലാക്കിവെക്കണം. വൈദ്യപരിശോധനയ്ക്ക് ഹാജരായില്ലെങ്കിൽ പിന്നീടൊരു അവസരം ലഭിക്കില്ല. മെഡിക്കൽ ചെക്കപ്പ് വിജയിക്കാൻ ഉദ്യോഗാര്ഥികൾക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ലെങ്കിലും മുൻ കൂട്ടി ഒരു ഡോക്ടറെ സമീപിച്ച് വൈകല്യങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. വിശദമായ വൈദ്യപരിശോധന നടത്തിയാണ് ഓരോ ഉദ്യോഗാര്ഥിയെയും തിരഞ്ഞെടുക്കുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം റാലിക്കെത്താൻ . തയ്യാറെടുപ്പ് അത്ര നിസ്സാരമായി കാണരുതെന്ന് സാരം.

മുംതാസ് രഹാസ് : ആർമി റിക്രൂട്ട് മെൻറുമായി ബന്ധപ്പെട്ട് ധാരാളം തട്ടിപ്പ് കഥകൾ കേൾക്കാറുണ്ട്. എന്താണ് ഉദ്യോഗാർഥികൾ എടുക്കേണ്ട മുൻകരുതലുകൾ?

രാജൻ പി തൊടിയൂർ: റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ സഹായ വാഗ്ദാനങ്ങളിൽപെട്ട് വഞ്ചിതരാകരുതെന്ന് ആർമി റിക്രൂട്ടിങ് ഓഫിസ് പ്രത്യേകം അറിയിച്ചിട്ടുണ്ട്. കരസേന റിക്രൂട്ട്മെൻറ് റാലിയിൽ തട്ടിപ്പിനും കൃത്രിമ പണിക്കും ഒരു സാധ്യതയും ഇല്ലെന്ന് ബംഗളൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടര് ജനറൽ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കരസേന തിരഞ്ഞെടുപ്പു പ്രക്രിയ തികച്ചും സത്യസന്ധവും വസ്തുതാപരവും സുതാര്യവുമാണ്. ആദ്യമായി രേഖകൾ പരിശേധിക്കുകയും തുടർന്ന് ബാര്കോഡ്, ബയോമെട്രിക് പോലുളള നുതനമായ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലുടെ സുതാര്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു . കൂടാതെ അതാത് ലോക്കൽ പൊലീസ് സ്റ്റേഷൻ വഴി , രേഖകളുടെ സത്യാവസ്ഥ ഉറപ്പ് വരുത്തുന്നു. ഏല്ലാ മത്സരപരീക്ഷയിലും വിജയിക്കുന്നവർക്ക് ഒഴിവനുസരിച്ച് കരസേനയിൽ നിയമനം ലഭിക്കും.

പാങ്ങോട് മിലിട്ടറി സ്റ്റേഷൻറെയും , ജില്ലാഭരണകൂടത്തിൻറെയും സഹകരണത്തോടെയാണ് റാലി നടത്തുന്നത്.

ആർമി റിക്രൂട്ട്മെൻറ് റാലിയിൽ വിജയിക്കാൻ യാതൊരു വിധത്തിലുള്ള കഠിന പ്രകടനത്തിന്റെയും ആവശ്യമില്ല. മഴയത്തും മഞ്ഞത്തും വെയിലത്തും ഉയരമേറിയ പ്രദേശങ്ങളിലും ജോലി ചെയ്യാനും ജീവിക്കാനുമുള്ള ആരോഗ്യം ഉദ്യോഗാര്ഥിക്കുണ്ടോ എന്നു മാത്രമേ ആര്മി റിക്രൂട്ടിങ്ങിൽ പരിശോധിക്കുന്നുള്ളൂ.

Top