ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുക

Share:

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻറെ ഭാഗമായി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നകാര്യത്തിൽ എല്ലാ വോട്ടർമാരും തയ്യാറാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു . വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡുമായി വോട്ടർപട്ടികയെ ബന്ധിപ്പിക്കുന്നതെന്നും എല്ലാവരും ഇത്തരത്തിൽ ആധാർ കാർഡ് വോട്ടർ പട്ടികയായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലളിതമായ മാർഗ്ഗങ്ങളിലൂടെ ആധാർ കാർഡ് വോട്ടേഴ്‌സ് ഐഡി യുമായി ബന്ധിപ്പിക്കാം. www.nvsp.in എന്ന വെബ്സൈറ്റ്, വോട്ടർ ഹെല്പ് ലൈൻ ആപ് എന്നിവയിലൂടെയും ഫോറം 6ബി അപേക്ഷ വഴിയും, ബി എൽ ഒ മാർ വഴിയും ആധാർ നമ്പർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. ഓൺലൈനായി ആധാർ ബന്ധിപ്പിക്കുന്നതുമായ വിവരങ്ങൾ യു ഐ ഡി എ ഐ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആധാർ Vault ലാണ് സൂക്ഷിക്കുന്നത്. ഓൺലൈനിൽ അല്ലാതെ ലഭിക്കുന്ന 6ബി ഫോമുകൾ സംബന്ധിച്ച വിവരങ്ങൾ ഇ ആർ ഒ മാരുടെ ഡബിൾ ലോക്ക് സംവിധാനത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതാണ്. ആധാർ നമ്പർ നൽകാൻ കഴിയാത്ത മതിയായ കാരണം ബോധ്യപ്പെടുത്തിയവരെ വോട്ടർപട്ടികയിൽ നിന്നൊഴിവാക്കില്ല.

മുൻ വ്യവസ്ഥപ്രകാരം ബൂത്ത് മാറ്റം, എൽഎ സി മാറ്റം, തിരുത്തൽ എന്നിവ ഫോറം 8 വഴി അപേക്ഷിക്കാമായിരുന്നു. നിലവിൽ തിരിച്ചറിയൽ കാർഡ് മാറ്റം, അംഗപരിമിതരുടെ അടയാളപ്പെടുത്തൽ എന്നിവകൂടി ഫോറം 8ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവീസ് വോട്ടറുടെ രജിസ്ട്രേഷന് ഇനി പങ്കാളികളിൽ ആർക്കും അപേക്ഷിക്കാം. മുൻപ് ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കുന്നവർക്ക് ആയിരുന്നു വോട്ടർ പട്ടികയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നത്. എന്നാൽ ഇതിനു പകരം ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന്, എന്നീ തീയതികളിൽ 18 വയസ്സ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. ഈ വർഷം ഓഗസ്റ്റ് നാലു മുതൽ 2023 ജനുവരി അഞ്ച് വരെയാണ് ഇതിനായി ഇലക്ഷൻ കമ്മീഷൻ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. പോളിംഗ് ബൂത്തുകളുടെ പുന:ക്രമീകരണവും വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കും. തിരിച്ചറിയൽ കാർഡിലെ അപാകതകളും പരിഹരിക്കും.

ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഹെൽപ് ഡെസ്കിൻറെ സേവനം പ്രയോജനപ്പെടുത്താം.

Share: