അവധിക്കാലം: മോഷണം തടയാന്‍ പോലീസിൻറെ നിര്‍ദേശങ്ങള്‍

Share:

ഓണം അവധി ദിവസങ്ങളും സ്‌കൂള്‍ അവധിക്കാലവും എത്തിയതിനാല്‍ വീടുകള്‍ പൂട്ടി ഉല്ലാസയാത്രകള്‍ക്കും വിനോദയാത്രകള്‍ക്കും പോകുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും ജനസുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ഓണം അവധി ദിവസങ്ങളില്‍ ജില്ലയില്‍ പോലീസിൻറെ ശക്തമായ പരിശോധനയുണ്ടാവും.

നിര്‍ദേശങ്ങള്‍ ഇപ്രകാരം:

കോവിഡിനുശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്നുളള ഓണാഘോഷമായതിനാല്‍ വീടുകള്‍ അടച്ചും മറ്റും ബന്ധുവീടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോകുന്നവര്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.

പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വാതിലുകളും ജനലുകളും കൃത്യമായി അടച്ചിട്ടുണ്ടെന്നും സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പ് വരുത്തണം.

ഓണവിപണി ലക്ഷ്യമിട്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്ന അനധികൃത മദ്യം, ലഹരിവസ്തുക്കള്‍ എന്നിവ പിടികൂടാന്‍ പകല്‍ സമയങ്ങളിലും രാത്രികാലങ്ങളിലും പട്രോളിങ് ഊര്‍ജ്ജിതമാക്കും.

പൊതു സ്ഥലങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന സാധന സാമഗ്രികള്‍ കണ്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കണം.

പൊതുനിരത്തുകളില്‍ അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും അമിത വേഗത, മദ്യപിച്ച് നിരുത്തരവാദപരമായ വാഹനം ഓടിക്കല്‍, അനധികൃത പാര്‍ക്കിങ്, സിഗ്നല്‍ തെറ്റിച്ചുള്ള ഡ്രൈവിങ് എന്നിവക്ക് കര്‍ശന നടപടി സ്വീകരിക്കും.

തിരക്കേറിയ പ്രദേശങ്ങളിലും ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മാലമോഷ്ടാക്കള്‍, പോക്കറ്റടിക്കാര്‍ എന്നിവരെ നിരീക്ഷിക്കാന്‍ ഷാഡോ പോലീസ് ഉണ്ടാവും.

സംശയാസ്പദമായി എന്ത് കണ്ടാലും ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.

Share: