ഓ വി വിജയൻ തന്ന അനുവാദപത്രം!

Share:

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻറെ തിരക്കിലേക്ക് , കാലെടുത്തു വെക്കുമ്പോൾ എവിടേക്കോ ഒഴുകിപ്പോകുന്ന പ്രതീതി.
1981 – ൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ അന്വേഷിച്ചു തിരക്കിലൂടെ ഊളിയിട്ടു.
പുറത്തേക്കുള്ള വാതിലിൽ നീളൻ ജുബ്ബയും പാൻറ്സുമിട്ട മാവേലിക്കര രാമചന്ദ്രനെ കണ്ടുപിടിക്കണം.
അദ്ദേഹത്തിൻറെ ചിത്രം കണ്ടിട്ടുണ്ട്. കട്ടിക്കണ്ണടയും താടിയുമുള്ള രൂപം.
തിരക്കൊഴിയും വരെ പ്ലാറ്റഫോമിൽ കാത്തുനിന്നു.
പ്ലാറ്റഫോമിൻറെ മദ്ധ്യഭാഗത്തെ ഗ്രിൽ ഗേറ്റിനപ്പുറം ,കട്ടിക്കണ്ണടയും താടിയും നീളൻ ജുബ്ബയും ആരെയോ തിരയുന്നത് പോലെ.
അടുത്തെത്തി.
“ചേട്ടാ ഞാനിങ്ങെത്തി.”
“ഞാൻ വല്ലാതെ ഭയന്നു . കുറെ നേരമായി നോക്കി നിൽക്കുന്നു.”
ഒരുമിച്ചുനടന്നു.
പിന്നെ കേരളാ ഹൗസിലേക്ക്.
“എന്തോക്കെയാണ് പരിപാടികൾ?”
എല്ലാവരെയും കാണണം. ‘ മലയാള നാട് രാഷ്ട്രീയ വരിക’ ക്ക് വേണ്ടി ചില  അഭിമുഖങ്ങൾ. നമ്മുടെ സുഹൃത്തുക്കൾ , എം മുകുന്ദൻ, ഓ വി വിജയൻ, വി കെ മാധവൻ കുട്ടി, ഷേണായ്, അശോകൻ, ഓംചേരി, ജനാർദ്ദൻ താക്കൂർ, ജി എൻ വില്യം…എന്നിവരെ കാണണം.”
” ഒ വി വിജയൻ ചാണക്യപുരിയിലാണ്. എം മുകുന്ദനെ ഫ്രഞ്ച് എംബസ്സിയിൽ പോയിക്കാണാം.”

ഒരുകാലത്തു ഡെൽഹിയിലെത്തുന്ന എല്ലാവരുടെയും വഴികാട്ടിയായിരുന്ന മാവേലിക്കര രാമചന്ദ്രൻ.
റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കും.
ആകാശവാണിയിലെ ജോലിക്ക് പോകാതെ അവരോടൊപ്പം കൂടും.

അടുത്ത ദിവസം ഓ വി വിജയൻറെ വീട്ടിലെത്തുമ്പോൾ , സ്റ്റേറ്റ്മാനുവേണ്ടിയുള്ള ലേഖനം ടൈപ്പ് ചെയ്യുകയായിരുന്നു അദ്ദേഹം. പോർട്ടബിൾ ടൈപ്പ് റൈറ്റർ ഒതുക്കി വെച്ച് കുറെ നേരം അദ്ദേഹം നോക്കിയിരുന്നു.

” എപ്പോ എത്തി ?”
“ഇന്നലെ ”
പെട്ടെന്നദ്ദേഹം അസ്വസ്ഥനായി.
“എന്നാലും …ആ വി ബി സി … എന്നാലും …ആ വി ബി സി … അത് പറഞ്ഞില്ലല്ലോ, രാജൻ വരുന്ന കാര്യം  ?”

മലയാളനാടിൻറെ പത്രാധിപർ വി ബി സി ഇങ്ങനെയൊരാൾ എത്തുന്ന കാര്യം മുൻകൂട്ടി പറഞ്ഞില്ല എന്നതായിരുന്നു അദ്ദേഹത്തിൻറെ അസ്വസ്ഥത.
“ഞാൻ സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. എത്തിച്ചില്ലേ ?”
” എന്നാലും …”
അതായിരുന്നു ഓ വി വിജയൻ .
മൃദുവായ സംഭാഷണം.
നമുക്കൊന്നും സ്വപ്നം കാണാൻ പോലുമാകാത്ത ചിന്തകൾ. മൂർച്ചയേറിയ എഴുത്തും വരയും.

മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനും  പത്രപ്രവര്‍ത്തകനുമൊക്കെയായിരുന്നു ഒ.വി. വിജയന്‍ .

ഇന്ത്യൻ ഭരണ സംവിധാനത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും നിശിതമായി വിമർശി ച്ചുകൊണ്ടു എഴുതിയ ‘ധർമ്മപുരാണം’ പോലൊരു നോവൽ മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ( അത് പ്രസിദ്ധീകരിച്ച മലയാളനാട് വരികയോടും എസ് കെ നായരോടും നാം മലയാളികൾ കടപ്പെട്ടിരിക്കുന്നു) മികച്ച ക്ലസ്സിക് രചനകൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന പെൻഗ്വിൻ ബുക്ക്സ് ‘ധർമ്മപുരാണം’ പരിഭാഷപ്പെടുത്തി The Saga of Dharmapuri എന്നപേരിൽ ലോകമെമ്പാടും എത്തിച്ചതിൽ നിന്നും ഓ വി വിജയൻറെ മഹത്വം നമുക്ക് മനസ്സിലാക്കാം. 1975 ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നിശിതമായി അദ്ദേഹം വിമര്‍ശിച്ചു . അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ‘ധര്‍മ്മപുരാണം’ എന്ന നോവല്‍ വിജയനെ വേറിട്ട എഴുത്തുകാരില്‍ പ്രമുഖനാക്കി.

മലയാളത്തിൽ ആധുനിക സാഹിത്യ രചനക്ക് തുടക്കം കുറിച്ചുകൊണ്ട് ഓ വി വിജയൻ  തുടങ്ങിയ കഥാരചന പിന്നീട് നോവല്‍ സാഹിത്യത്തിലേക്കു വ്യാപിക്കുകയായിരുന്നു.

ആദ്യ നോവലായ ‘ഖസാഖിൻറെ  ഇതിഹാസം’ മലയാളത്തിലെ മികച്ച നോവലായി ക്‌ളാസിക് പദവിയില്‍ എത്തി. അത് പിന്നീട് The Legends of Khasak എന്ന പേരിൽ ഇംഗ്ലീഷിലെത്തി.

നിരൂപകര്‍ വിശേഷിപ്പിച്ചതു പോലെ ഖസാക്കിന് മുമ്പും ഖസാക്കിന് ശേഷവും എന്ന രീതിയില്‍  മലയാളി യുടെ സാഹിത്യ ചിന്തകളെ ഈ നോവല്‍ പുതുക്കിയെടുത്തു .

തുടര്‍ന്നെഴുതിയ ഗുരുസാഗരം, തലമുറകള്‍, പ്രവാചകൻറെ  വഴി എന്നീ നോവലുകളിലൂടെ നവീനമായ വായനാനുഭവമാണ്  ഒ.വി വിജയന്‍ മലയാളിക്ക് നൽകിയത്.

ധർമ്മപുരാണം നോവൽ, ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പര കാർട്ടൂണുകൾ ഇവയൊക്കെ മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു.

കൊല്ലത്തെത്തുമ്പോൾ എപ്പോഴും ആശ്രാമം ഗസ്റ്റ് ഹൗസിൽ താമസിക്കാൻ ആഗ്രഹിച്ചു.

ആഘോഷങ്ങളില്ലാത്ത ഒറ്റക്കുള്ള താമസം. സൗമ്യമായ സംഭാഷണം. പതിയെയുള്ള കാൽവെയ്പുകൾ.

ആരോടും പരിഭവമില്ലാതെ , എല്ലാം കണ്ട് ,എല്ലാറ്റിനെക്കുറിച്ചും ആഴത്തിൽ ചിന്തിച്ചു എഴുതുകയും വരക്കുകയും ചെയ്ത അസാധാരണ പ്രതിഭ .

മലയാളത്തിൻറെ ‘ഇൻറർനാഷണൽ’  എഴുത്തുകാരൻ. കാർട്ടൂണിസ്ററ് , പത്രപ്രവര്‍ത്തകൻ . മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ കണ്ണുനട്ട കഥാകാരൻ.

ശങ്കേഴ്സ് വീക്കിലി, പേട്രിയോട്ട്, സ്റ്റേറ്റ്സ്മാന്‍, ഹിന്ദു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു .

1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡു ലഭിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ അദ്ദേഹത്തെ  തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

അദ്ദേഹം  എഴുതിയതെന്തും ‘കരിയർ മാഗസിനി’ ൽ പ്രസിദ്ധീകരിക്കാനുള്ള അനുവാദം തന്നിട്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത് !

അവസാനമായി അദ്ദേഹം എഴുതി.

സുഹൃത്തേ, കത്ത് കിട്ടി.
പ്രസിദ്ധീകരണം സ്ഥിരമായി കിട്ടാറുണ്ട്. അഭിനന്ദനങ്ങൾ.
രോഗവും ചികിത്സയും എന്നെ അവശനാക്കിയിരിക്കുകയാണ് .
അതുകൊണ്ടു ഒഴിച്ചുകൂടാനാകാത്ത പണികൾ മാത്രമേ ഞാൻ ചെയ്യുന്നുള്ളു.
അച്ചടിച്ചുവന്ന എൻറെ ഏത് ലേഖനം വേണമെങ്കിലും താങ്കൾക്ക് ഉപയോഗിക്കാം. ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ വന്ന ലേഖനങ്ങൾ തർജ്ജമ ചെയ്ത് ഉപയോഗിക്കാം. ക്ഷമിക്കുമല്ലോ.

സ്നേഹത്തോടെ ,
വിജയൻ

ഏറെക്കാലം  പാര്‍ക്കിന്‍സണ്‍സ് രോഗബാധയില്‍ കഴിഞ്ഞ മലയാളത്തിന്‍റെ ഇതിഹാസ കഥാകാരൻ  75ാം വയസ്സില്‍ 2005 മാര്‍ച്ചു മാസം 30ന് അന്തരിച്ചു.

-രാജൻ പി തൊടിയൂർ

Share: