18 ലക്ഷം ഉദ്യോഗാർഥികളെ പി എസ് സി കയ്യൊഴിയുന്നു

Share:

ഒടുവിൽ പി എസ് സി യിലെ അപ്പീൽ അധികാരിയുടെ വായ് തുറന്നു. 18 ലക്ഷം ഉദ്യോഗാർഥികൾ പങ്കെടുത്ത എൽ ഡി സി പരീക്ഷയിലെ നീതികേടിനെ അടിസ്ഥാനമാക്കി ഒരു വർഷമായി നടക്കുന്ന നിയമ പോരാട്ടത്തിന്
പി എസ് സി ഒരു മറുപടിക്കുറിപ്പെഴുതി. ഓ എം ആർ പരീക്ഷയിൽ ഉണ്ടാകാനിടയുള്ള സ്വാഭാവിക പിശക് എൽ ഡി സി പരീക്ഷയിൽ എത്ര ശതമാനമാണെന്നും പരീക്ഷ എഴുതിയവരുടെ കുറ്റംകൊണ്ടല്ലാതെ പുറത്തായവർക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്താൻ പി എസ് സി തയ്യാറാകുമോ തുടങ്ങിയ ചോദ്യങ്ങൾക്കു തൽക്കാലം മറുപടിയില്ല.
‘താങ്കൾ പരാമർശിക്കുന്ന വസ്തുതകൾ വിവരാവകാശ നിയമം 2005 വകുപ്പ് 2 f പ്രകാരം ‘വിവരങ്ങൾ ‘ എന്ന നിർവ്വചനത്തിൽ വരുന്നവയല്ല’ എന്നാണ് പി എസ് സി യുടെ മറുപടി.
പി എസ് സി യുടെ ശ്രദ്ധയിൽ പെടുത്തിയ വസ്തുതകളും അതിന് കേരള ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങളും ഉൾപ്പെടയുള്ള വിവരങ്ങൾ താഴെ ചേർക്കുന്നു.
കേരളത്തിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമാണ് ഇതിനു മറുപടി നൽകേണ്ടത്.

 

തിനെട്ട് ലക്ഷം ഉദ്യോഗാർഥികൾ അപേക്ഷിച്ച എൽ ഡി ക്ലർക് പരീക്ഷ ഓഗസ്ററ് അവസാന വാരത്തോടെ പൂർത്തിയായി. 17 , 94 , 091 അപേക്ഷകൾ ലഭിച്ചെങ്കിലും അതിൻറെ 60 % മാത്രമേ പരീക്ഷയിൽ പങ്കെടുത്തുള്ളൂ എന്നാണ് അറിയുന്നത്. പല ഘട്ടങ്ങളായി നടത്തിയ പരീക്ഷയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതിയവർ രംഗത്തെത്തിയെങ്കിലും പി എസ് സി മൗനം പാലിക്കുകയാണുണ്ടായത്. ചോദ്യങ്ങളുടെ ആവർത്തനം, ഉത്തരമില്ലായ്മ, ഗൈഡിൽനിന്നും പകർത്തി ചോദ്യങ്ങൾ അതേപടി നൽകിയത് തുടങ്ങി നിരവധി പരാതികൾ ഉണ്ടായിട്ടും അതൊന്നും കേൾക്കാത്ത മട്ടിലാണ് പി എസ് സി അധികാരികൾ. പി എസ് സി യുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയും സി എ ജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) അക്കമിട്ടു പറഞ്ഞിട്ടും അത് ചെവിക്കൊള്ളാൻ അധികാരികൾ തയ്യാറാകുന്നില്ല എന്നതാണ് കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുര്യോഗം.

സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പി.എസ്.സി. 11 മുതല്‍ 77 മാസം ( 6.4 വർഷം ) വരെ കാലതാമസം വരുത്തിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തി. 2016 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകളിലെ 128 തസ്തികകളില്‍ 452 ഒഴിവുകളെങ്കിലും വിജ്ഞാപനം ചെയ്യാനുണ്ടെന്നും സി.എ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിജ്ഞാപനം ഇറക്കുന്നതിലെ കാലതാമസം ( 107 ഒഴിവുകളില്‍ അഞ്ചുവര്‍ഷം വരെ 103 എണ്ണത്തില്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ രണ്ട് ഒഴിവുകളില്‍ 16 മുതല്‍ 18 വര്‍ഷം വരെ ) ഇല്ലാത്ത ഒഴിവില്‍ റാങ്കുപട്ടിക, റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിലുള്ള കാലതാമസം…… ഇങ്ങനെ പി എസ് സി യുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുന്ന നിരവധി കാര്യങ്ങളാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തിയത്. എൽ ഡി ക്ലർക് പരീക്ഷ എഴുതിയവരിൽ നിന്നും വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും പി എസ് സി പ്രതികരിക്കാൻ തയ്യാറാകുന്നില്ല. പരീക്ഷ റദ്ദാക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞുകഴിഞ്ഞു.
ലക്ഷക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷ നടത്തുന്നതിന് കാലഹരണപ്പെട്ട ഒ എം ആർ സമ്പ്രദായം ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായിട്ടും അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ചു പി എസ് സിയിലെ വിദഗ്ധർ പഠിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും ബന്ധപ്പെട്ടവർ അത് മുഖവിലക്കെടുത്തില്ല എന്നുവേണം കരുതാൻ. എൽ ഡി ക്ളർക് പരീക്ഷ ഒ എം ആർ സംവിധാനത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമം അനുസരിച്ചു പി എസ് സിക്ക് നൽകിയ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഇനിയും പി എസ് സി തയ്യാറായിട്ടില്ല.

ഒരാൾക്കുപോലും നീതി നിഷേധിക്കപെടാൻ പാടില്ല എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്ന ജനാധിപത്യ സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, തുല്യനീതി -എല്ലാമനുഷ്യർക്കും എന്ന് പറയുമ്പോൾ , കുറച്ചുപേർക്കെങ്കിലും നീതി നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചാൽ അതേക്കുറിച്ചന്വേഷിക്കാനും നീതിനിഷേധിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാനും എല്ലാ പൊതു സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. വിശേഷിച്ചു അനേകായിരങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കുന്ന കാര്യമാകുമ്പോൾ. ഒ എം ആർ രീതിയിൽ പരീക്ഷ നടത്തുമ്പോൾ സ്വാഭാവികമായി സ്‌കാനിംഗ്‌ സമ്പ്രദായത്തിൽ വരുന്ന പിഴവ് 1.5 % മുതൽ 4 .2 %വരെയാണെന്നത് ലോകം അംഗീകരിച്ചവസ്തുതയാണ്. ( The 2000 Census: Counting Under Adversity ) 2016 ഓഗസ്റ്റിൽ മേഘാലയയിൽ നടന്ന കോൺസ്റ്റബിൾ പരീക്ഷയിൽ 45 % ( http://meghalayatimes.info/index.php/front-page/21137-45-candidates-rejected-due-to-mistakes-in-filing-omr-sheets ) കുട്ടികളാണ് ഒ എം ആർ പരീക്ഷ യി ൽ പുറന്തള്ളപ്പെട്ടത്. ഒ എം ആർ പരീക്ഷക്ക് പകരം കൂടുതൽ സുതാര്യവും കുറ്റമറ്റതുമായഓൺലൈൻ പരീക്ഷ നടത്തുവാൻ പി എസ് സി യോട്‌ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ , ഓൺലൈൻ പരീക്ഷ നടത്താൻഅസാദ്ധ്യമാണെന്നു പി എസ് സി ഹൈക്കോടതിയോട് പറഞ്ഞപ്പോൾ ( മലയാള മനോരമ -21 / 4 / 2017 http://www.manoramaonline.com/news/announcements/2017/04/20/06-chn-psc-ldc.html ) പി എസ്സിയിലെ വിദഗ്ദ്ധർ അതേക്കുറിച്ചു പഠിക്കണമെന്നാണ് കോടതി നിദ്ദേശിച്ചത് .

ഉദ്യോഗാർത്ഥികളുടേതല്ലാത്ത കുറ്റം കൊണ്ട് അവർക്ക് മാർക്ക് ലഭിക്കാതെ വന്നാൽ , അവർ പിന്തള്ളപ്പെടുകയാണെങ്കിൽ , പി എസ് സി എന്ത് സമാധാനമാണ് ( compensation ) ഉദ്യോഗാർഥികൾക്ക് നൽകുന്നത്?

കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഓൺലൈൻ പരീക്ഷ നടത്തുകയും അതിൻറെ പേരിൽ പണം ചെലവഴിക്കുകയും ചെയ്ത പി എസ് സി എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളോട് ഒ എംആർ പരീക്ഷ എഴുതാൻ പറയുന്നത് ?
ഒ എം ആർ പരീക്ഷയിലെ യാന്ത്രിക പിഴവിനെക്കുറിച്ചു ( mechanical error percentage ) പി എസ് സി യിലെ വിദഗ്ദ്ധർ അന്വേഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതെത്രയാണ്? ഇതിൽപ്പെട്ട്അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം പി എസ് സി ചെയ്തു കൊടുക്കുമോ? വിശേഷിച്ചു എസ് എസ്‌ എൽ സി ക്കാർക്കുള്ളഅവസാനത്തെ അവസരമാണ് ഇതെന്ന് പി എസ് സി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ?

സാധാരണക്കാരായ കുട്ടികൾക്കാണ് ഇവിടെ നീതി നിഷേധിക്കപ്പെടാൻ പോകുന്നത്. 5000 രൂപക്കുമേൽ ഫീസ് നൽകി കോച്ചിങ് സെന്ററിൽ പോകാൻ കഴിയാത്ത ലക്ഷക്കണക്കിന്കുട്ടികൾ എന്താണ് ഒ എം ആർ എന്നറിയാതെയാണ് പരീക്ഷ എഴുതിയിരിക്കുന്നത്. ഓൺലൈൻ പരീക്ഷക്ക് മുൻപ് അതേക്കുറിച്ചു പരിശീലനം നൽകുമെന്ന് പറയുന്ന പി എസ് സി , ഒഎം ആർ പരീക്ഷക്ക് ഒരു പരിശീലനവും നൽകുന്നില്ല. പിന്നാക്ക സമുദായങ്ങളിൽപെട്ട പാവപ്പെട്ട കുട്ടികൾക്ക് ഇവിടെ നീതി നിഷേധിക്കുകയാണ്.
ഒ എം ആർ പരീക്ഷയുടെ ഫലം അറിയുന്നതിന് 300 രൂപ അടക്കണമെന്ന് പി എസ് സി പറയുമ്പോൾ , സാധാരണക്കാരായ കുട്ടികളാണ് പുറംതള്ളപ്പെടുന്നത്.

വിവരാവകാശ നിയമപ്രകാരം പി എസ് സി യോട് ചോദിച്ച 10 ചോദ്യങ്ങൾ:

പതിനെട്ട് ലക്ഷം പേർ അപേക്ഷിച്ചിട്ടുള്ള പി എസ് സി എൽ ഡി ക്ളർക് പരീക്ഷ ജൂൺ മാസത്തിൽ ആരംഭിക്കുകയാണ്. സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് ഇതേ സംബന്ധിച്ച്നിരവധി സംശയങ്ങൾ ബാക്കി നിൽക്കുകയാണ്. പി എസ് സി യിലെ അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച വാർത്തകൾ ഒരു വശത്തും ഒ എം ആർ പരീക്ഷ എന്നകാലഹരണപ്പെട്ട സമ്പ്രദായം ഉയർത്തുന്ന സംശയങ്ങൾ മറുവശത്തും . കഴിഞ്ഞ 32 വർഷങ്ങളായി ഉദ്യോഗാർഥികളോടൊപ്പം നിൽക്കുന്ന കരിയർ മാഗസിൻ , വിവരാവകാശ നിയമംഅനുസരിച്ചു പി എസ് സി ക്കു നൽകിയ പത്തു ചോദ്യങ്ങൾ താഴെ ചേർക്കുന്നു.

1. കേരളത്തിലെ 18 ലക്ഷം ഉദ്യോഗാർഥികൾ ( 1794091 ) അപേക്ഷിച്ചിട്ടുള്ള എൽ ഡി ക്ളർക് പരീക്ഷ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതും ഇത്രയധികം ഉദ്യോഗാർഥികളോട് നീതിപുലർത്താൻ കഴിയാത്തതുമായ ഒ എം ആർ സമ്പ്രദായത്തിൽ നടത്താൻ നിശ്ചയിച്ചത് എന്തുകൊണ്ടാണ്?

2 . ഒ എം ആർ സമ്പ്രദായത്തിനേക്കാൾ സുതാര്യവും പി എസ് സി 2014 മുതൽ നടത്തി വരുന്നതുമായ ഓൺലൈൻ പരീക്ഷാ സമ്പ്രദായം എന്തുകൊണ്ടാണ് ഈ പരീക്ഷക്ക് വേണ്ടന്ന്വെച്ചത്?

3 . 2015 -16 കാലഘട്ടത്തിൽ എഴുപതിലധികം ഓൺലൈൻ പരീക്ഷ പി എസ് സി നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക പത്രമായ പി\എസ് സി ബുള്ളറ്റിൻ വജ്ര ജൂബിലി പതിപ്പിൽ നിന്നുംമനസ്സിലാക്കാൻ കഴിയുന്നു. പിന്നീട് എന്തുകൊണ്ട് എൽ ഡി ക്ളർക് പരീക്ഷ കൂടുതൽ സുതാര്യവും ആധുനികവും ഉദ്യോഗാർഥികൾക്ക് അപ്പോൾത്തന്നെ എഴുതിയതിന്റെഫലമറിയാൻ കഴിയുന്നതുമായ ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നില്ല?

4 . പരീക്ഷാ ചെലവിൻറെ കാര്യത്തിൽ ഒ എം ആർ പരീക്ഷക്ക് ഒരു വിദ്യാർഥിക്ക് 60 രൂപ ചെലവ് വരുമെന്നും എന്നാൽ ഓൺലൈൻ പരീക്ഷക്ക് 5 രൂപയാണ് ചെലവെന്നും റിസേർച്ആൻഡ് അനാലിസിസ് ജോയിൻറ് സെക്രട്ടറി കെ പി തങ്കമണിഅമ്മ പി\എസ് സി ബുള്ളറ്റിൻ വജ്ര ജൂബിലി പതിപ്പിൽ എഴുതിയ ‘ഓൺലൈൻ പരീക്ഷ യാഥാർഥ്യവും വസ്തുതകളും ‘ എന്നലേഖനത്തിൽ പറയുന്നു. എന്നാൽ അടുത്തിടെ പി എസ് സി യുടേതായിവന്ന പത്രവാർത്തയിൽ ഇത് 300 രൂപ യാണെന്ന് പറയുന്നു. യഥാർഥത്തിൽ എത്ര രൂപയാണ് ചെലവ് വരുന്നത്?

5 . ഒ എം ആർ പരീക്ഷക്ക് 60 -ഉം ഓൺലൈൻ പരീക്ഷക്ക് 5 രൂപയുമാണെങ്കിൽ 12 ഇരട്ടിയുടെ വ്യത്യാസം പരീക്ഷാ നടത്തിപ്പിൽ വരുന്നു.18 ലക്ഷം കുട്ടികൾ പരീക്ഷ എഴുതുമ്പോൾ 10 കോടി രൂപ ഒ എം ആർ പരീക്ഷക്ക് ചെലവാകും. 300 രൂപ വെച്ചാണെങ്കിൽ 54 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതിൻറെ 12 / 1 ചെലവിൽ ഓൺലൈൻ പരീക്ഷ നടത്താമെന്നിരിക്കെഎന്തുകൊണ്ടാണ് അതിൽനിന്നും പി എസ് സി പിൻമാറുന്നത് ?

6. ചെലവ് എന്ത് തന്നെയായാലും ഒ എം ആർ പരീക്ഷയുടെ ഉത്തരക്കടലാസിൻറെ പകർപ്പിനായി 300 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ( ജി ഒ (പി) നമ്പർ 409 / 2014 ) ഓൺലൈൻപരീക്ഷ കഴിഞ്ഞാലുടൻ തന്നെ ഉത്തരസൂചികയും ചോദ്യപേപ്പറും പ്രസിദ്ധീകരിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് ഇങ്ങനെ ഒരു ചെലവ് നേരിടേണ്ടി വരുന്നില്ല. ഉദ്യോഗാർത്ഥികൾക്ക്സ്വന്തം മാർക്കറിയാൻ ചെലവേറെയുള്ള ഒ എം ആർ സംവിധാനം എന്തിനു വേണ്ടിയാണ്?

7 . ഓപ്ടിക്കൽ മാർക്ക് റെക്കഗ്നിഷൻ റീഡറിൽ (ഒ എം ആർ ) 4.2 % വരെ തെറ്റ് സംഭവിക്കാമെന്ന് അതിൻറെ നിർമ്മാതാക്കൾ തന്നെ ( ഐ ബി എം ) സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെവൃത്തം പൂർണ്ണമായും കറുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികൾക്ക് മാർക് ലഭിക്കില്ല. ഒരിക്കൽ രേഖപ്പെടുത്തിയ ഉത്തരം മാറ്റി എഴുതാൻ കഴിയില്ല എന്നതും ഈ സംവിധാനത്തിൻറെവലിയ പോരായ്മയാണ്. 1794091കുട്ടികളുടെ 4.2 ശതമാനം എന്ന് പറയുമ്പോൾ 75352 കുട്ടികൾ. പതിനായിരം പേർക്ക് ജോലി നൽകാനായി നടത്തുന്ന പരീക്ഷയിൽ 75352 പേർ, ഉപയോഗിക്കുന്ന യന്ത്രത്തിൻറെ തകരാറുകൊണ്ട് പുറംതള്ളപ്പെടാൻ സാധ്യതയുണ്ട് എന്നുപറയുമ്പോൾ പി എസ് സിക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? വിശേഷിച്ചുഅതിനേക്കാൾ സുതാര്യവും താരതമ്യേന കുറ്റമറ്റതുമായ ഓൺലൈൻ സംവിധാനം കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പി എസ് സി ഉപയോഗിച്ച് വരുന്ന സാഹചര്യത്തിൽ?

8 . പി എസ് സി കോച്ചിങ് എന്നപേരിൽ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് പരീക്ഷാ സമ്പ്രദായത്തെ ക്കുറിച്ചുള്ള പരിശീലനം ലഭിക്കുന്നത്. സാധാരണക്കാരായ കുട്ടികളാണ്ഇവിടെ പുറന്തള്ളപ്പെടാൻ സാധ്യതയുള്ളത് . 18 ലക്ഷം കുട്ടികൾ എഴുതുന്ന ഈ പരീക്ഷയിൽ സാധാരണക്കാർക്കായി, സംവരണ വിഭാഗങ്ങൾക്കായി, എന്ത് പരിശീലന സംവിധാനമാണ്പി എസ് സി ഏർപ്പെടുത്തിയിട്ടുള്ളത്?

9 . അഴിമതിയും സ്വജന പക്ഷപാതവും പി എസ് സി യുടെ സൽപ്പേരിനു കളങ്കം ചാർത്തിയിരിക്കുന്നു. പരീക്ഷാ പേപ്പർ തയ്യാറാക്കുന്നവർ ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതുന്നു. അവർ ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നു. നിയമന സ്ഥാപനങ്ങളുടെ മേധാവികൾ , രാഷ്ട്രീയ നേതാക്കൻമാർ ശുപാർശയുമായെത്തുന്നു . പരീക്ഷാ സമ്പ്രദായം സുതാര്യമാകണം. അതിന് നിലവിലുള്ളതിൽ വച്ചേറ്റവും മികച്ചതാണ് ഓൺലൈൻ പരീക്ഷ. എൽ ഡി ക്ലാർക് പരീക്ഷ ഓൺലൈൻ ആക്കാൻ ഇനിയും സമയമുണ്ട്. അതിനായി തീരുമാനംപുനഃപരിശോധിക്കുമോ?

10 . ഇല്ല എന്നാണുത്തരമെങ്കിൽ എന്തുകൊണ്ട്? 18 ലക്ഷം കുട്ടികളോട് നീതിപുലർത്താൻ പി എസ് സിക്ക് കഴിയുമോ?

പി എസ് സി എൽ ഡി ക്ളർക് പരീക്ഷ നീതിയുക്തവും സത്യസന്ധവും സുതാര്യവുമാണന്ന് ഉദ്യോഗാർഥികളെ ബോധ്യ പ്പെടുത്തേണ്ട ചുമതല കേരള പബ്ലിക് സർവീസ് കമ്മീഷനുണ്ട്. പ്രത്യേകിച്ച് , പി എസ് സി പരീക്ഷയുടെ നടത്തിപ്പിനെക്കുറിച്ചും നിയമനത്തെ സംബന്ധിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ.
തോറ്റയാളെ ജയിപ്പിക്കാൻ ജയിൽ ഐ ജി പി എസ സി ക്ക് കത്തെഴുതി എന്നുള്ളതാണ് ഉദ്യോഗാർഥികളെ അമ്പരപ്പിച്ച പുതിയ വാർത്ത. ജയിൽ വാർഡൻ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയിൽ തോറ്റയാളെ ജയിപ്പിക്കാൻ എം എൽ എ നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ ആദ്യത്തെ അഞ്ചിനങ്ങളിൽ നാലിലും പരാജയപ്പെട്ടഉദ്യോഗാർഥിക്കുവേണ്ടിയാണ് ജയിൽ ഐ ജി ശുപാർശ ക്കത്തു നൽകിയിരിക്കുന്നത്. ജയിൽ ഐ ജി യുടെ നടപടിയെക്കുറിച്ച്‌ വിജിലൻസ് അന്വേഷണത്തിന് സർക്കാർഉത്തരവിട്ടിരിക്കുകയാണ്.
പി എസ സി പരീക്ഷക്ക് ചോദ്യങ്ങൾ തയ്യാറാക്കിയ ആൾ തന്നെ ചോദ്യം ചോർത്തിക്കൊടുക്കുകയും ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുകയും ചെയ്ത സംഭവം പുറത്തുവന്നിട്ടുഅധികനാളാകുന്നില്ല. ചോദ്യം തയ്യാറാക്കിയവരിൽ ഒരാൾ ആൾമാറാട്ടം നടത്തി മറ്റൊരാളുടെ രജിസ്റ്റർ നമ്പരിൽ പരീക്ഷ എഴുതിയതു കഴിഞ്ഞ ഡിസംബറിൽ നടന്ന ലൈബ്രറേറിയൻഗ്രേഡ് 4 പരീക്ഷക്കാണ്. നിശ്ചിത യോഗ്യതയില്ലാത്ത ആളെ ചോദ്യകർത്താവായി പി എസ സി നിയമിച്ചതും ഇതോടെ പുറത്തായി. ഒ എം ആർ ഷീറ്റിൽ പരീക്ഷാ ഫലംരേഖപ്പെടുത്തുമ്പോൾ അതിൽ എഴുതുന്ന രജിസ്റ്റർ നമ്പർ ആരുടേതാണ് എന്നുള്ളത് ഉറപ്പുവരുത്താനും പി എസ സി ക്ക് കഴിഞ്ഞില്ല എന്നുള്ളതും’ ഇതോടെ പുറത്തുവന്നു.
സ്വാധീനവും പണവും ഉള്ളവർക്ക് പി എസ് സി പരീക്ഷയിൽ എന്ത് തിരിമറിയും നടത്താൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് സാധാരണക്കാരനായ ഉദ്യോഗാർഥിചിന്തിച്ചാൽ അവരെ കുറ്റംപറയാനാവില്ല. സർക്കാർ നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയതിൻറെ പേരിൽ ഒരു മന്ത്രി രാജി വെച്ചകഥയും മലയാളി മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. സ്വന്തക്കാരയും ബന്ധുക്കളെയും നിയമ വിരുദ്ധമായി സർക്കാർ ശമ്പളത്തിൽ നിയമിക്കുന്നതിന് മന്ത്രിമാരും അനുയായികളും മത്സരിക്കുന്ന ഒരു സംസ്ഥാനത്താണ് നാംജീവിക്കുന്നതെന്നും നമുക്കറിയാം. ഇത്തരമൊരു സാഹചര്യത്തി ഈ പരീക്ഷ നീതിയുക്തവും സുതാര്യവും പക്ഷപാത രഹിതവും ആണന്ന് ഉറപ്പുനൽകാൻ പി എസ സി ക്ക്കഴിയുമോ?

പി എസ സി പരീക്ഷയുടെ ചോദ്യക്കടലാസ് അത് തയ്യാറാക്കുന്നവർതന്നെ ചോർത്തിക്കൊടുക്കുന്നു. ആൾമാറാട്ടത്തിലൂടെ ഓ എം ആർ പരീക്ഷ എഴുതുന്നു. വർഷങ്ങളുടെ അദ്ധ്യാപനപരിചയമുള്ളവരെയും സത്യസന്ധമായി ചോദ്യങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവരെയും ആണ് ഇത്തരം ജോലികൾ ഏൽപ്പിക്കുന്നതെന്ന പി എസ സിയുടെ അവകാശവാദംസത്യമല്ലെന്ന് ലൈബ്രേറിയൻ പരീക്ഷയോടെ തെളിഞ്ഞു കഴിഞ്ഞു. സത്യസന്ധതയില്ലാത്തവരും തൊഴിൽ സദാചാരം കാത്തുസൂക്ഷിക്കാത്തവരും പരീക്ഷാപേപ്പറിൽതിരിമാറിനടത്തുന്നതും മാർക്കിടുന്നതും ഉത്തരക്കടലാസ് മാറ്റി എഴുതിപ്പിച്ചു വിജയിപ്പിച്ചെടുത്തിട്ടുള്ളതും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടുള്ളതാണ്. സ്വന്തം കൈപ്പടയിൽഉദ്യോഗാർത്ഥി എഴുതിയ പരീക്ഷാ പേപ്പറിൽ തിരിമറി നടത്തിയ ചരിത്രമുള്ള നാട്ടിൽ ഓ എം ആർ ഷീറ്റിൽ വൃത്തം കറുപ്പിച്ചു പരീക്ഷ നടത്തി മാർക്ക് നൽകാൻ പി എസ സിതീരുമാനിച്ചത് ഉദ്യോഗാർത്ഥികളെ ആശങ്കാകുലരാക്കുന്നു. 18 ലക്ഷം പരീക്ഷാർഥികൾ ഓ എം ആർ ഷീറ്റിൽ വൃത്തം കറുപ്പിച്ചു ഉത്തരം നൽകുന്ന പരീക്ഷയിൽ സ്കാനറിനുണ്ടാകുന്നസ്വാഭാവിക പിശക് എത്രമാത്രമായിരിക്കും എന്ന കാര്യത്തിലാണ് ഉദ്യോഗാർഥികളുടെ ഉറക്കം കെടുന്നത്.

പി എസ സി ചില പരീക്ഷകൾക്ക് നിലവിലുള്ള ഓൺലൈൻ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെങ്കിലും 18 ലക്ഷം പേർ എഴുതുന്ന പരീക്ഷയിൽ എന്തുകൊണ്ടാണത് നടപ്പാക്കാത്തത് ?

. ഉദ്യോഗാർഥികളെ പരിഹസിക്കാൻ വേണ്ടിയാകരുത് പരീക്ഷ. നിയമനങ്ങളിലെ അഴിമതി ഇല്ലാതാക്കുകയും സ്വജനപക്ഷപാതം നടത്താതിരിക്കുകയും ചെയ്യുന്ന ഒരുസംവിധാനത്തിൽ മാത്രമേ സാധാരണക്കാരന് നീതി ലഭിക്കൂ. ഡിജിറ്റൽ സംവിധാനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന വർക്ക്‌ പുതിയ തലമുറയെ സംരക്ഷിക്കാനാവില്ല.
പരീക്ഷ എഴുതാനും ജോലി ലഭിക്കാനുമുള്ള അവകാശം എല്ലാവർക്കും തുല്യമായിരിക്കണം.

കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഓൺലൈൻ പരീക്ഷാ സംവിധാനം ഒരുക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന പി എസ് സി ഇപ്പോഴും അതിനുള്ള സൗകര്യങ്ങൾ ഇല്ല
http://timesofindia.indiatimes.com/city/kochi/hc-rejects-pil-demanding-online-psc-test/articleshow/58287299.cms എന്ന് പറയുന്നതിൻറെ അടിസ്ഥാനമെന്താണ്? സാധാരണക്കാരന് നീതിനിഷേധിക്കപ്പെടാൻ അതൊരു ന്യായീകരണമാണോ?

ഓൺലൈൻ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിക്കു നൽകിയ പൊതുതാൽപ്പര്യ ഹർജിക്കു മറുപടിയായി 18 ലക്ഷം അപേക്ഷകരുള്ള എൽ ഡി ക്ലർക് പരീക്ഷനടത്താനുള്ള സൗകര്യം പി എസ് സിക്ക് ഇല്ല എന്നതാണ്. എന്നാൽ 92 ലക്ഷം അപേക്ഷകർക്ക് വേണ്ടി റെയിൽവേ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരീക്ഷയെക്കുറിച്ചു (http://indianexpress.com/article/jobs/indian-railways-online-test-conducts-worlds-largest-for-18000-jobs-vacancies-92-lakh-candidates-4519024/ ) പഠിക്കാനെങ്കിലും പി എസ് സി തയ്യാറാകണം.
അതോടൊപ്പം ഒരുകാര്യം കൂടി വ്യക്തമാക്കണം.

എൽ ഡി ക്ളർക് പരീക്ഷയിൽ എത്ര കുട്ടികൾക്ക് മാർക്ക് ലഭിക്കാതെ ( OMR Error Percentage ) പോയി ? അവർക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താൻ പി എസ് സി തയ്യാറാകുമോ?

പ്രായപരിധി വന്നതുകൊണ്ട് ഇനി ഒരിക്കലും പി എസ് സി പരീക്ഷ എഴുതാൻ കഴിയാത്ത ലക്ഷക്കണക്കിന് കുട്ടികൾ ഇതിലുണ്ട് എന്ന് പി എസ് സി മനസ്സിലാക്കണം.

രാജൻ പി തൊടിയൂർ

Share: