ഡ്രൈവിംഗ് എന്ന തൊഴിൽ ; റോഡപകടങ്ങൾ
കേരളത്തിൽ റോഡപകടങ്ങൾ പെരുകുകയാണ്. കേന്ദ്ര സർക്കാരിൻറെ കണക്കനുസരിച്ചു കഴിഞ്ഞ വർഷം ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടായത് കേരളത്തിൽ ആണ്. 31672 . രണ്ടാംസ്ഥാനം കർണ്ണാടകത്തിനും. 21277 . എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ അപകടങ്ങൾ പെരുകുന്നത്? ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ സംസാരിക്കുന്നു.
മുംതാസ് രഹാസ് : കേരളത്തിൽ റോഡപകടങ്ങൾ പെരുകുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ അപകടങ്ങൾ പെരുകുന്നത്?
രാജൻ പി തൊടിയൂർ: നമ്മുടെ തൊഴിലുകളിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് ഡ്രൈവിംഗ്. ചെറിയ ജോലി എന്ന് തോന്നുമെങ്കിലും വളരെയേറെപ്പേരുടെ ജീവൻ സൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഓരോ ഡ്രൈവർക്കുമുള്ളത്. ട്രാഫിക് നിയമങ്ങൾ പാലിച്ചുള്ള സുരക്ഷിത ഡ്രൈവിംഗ് ഇനിയും നമ്മുടെ സ്വഭാവത്തിൻറെ ഭാഗമായി മാറിയിട്ടില്ല. റോഡ് സുരക്ഷാ വാരം നാം കൊണ്ടാടുന്നുണ്ട്. എന്നാൽ റോഡപകടങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്.
ഡ്രൈവിംഗ് ഒരു കലയാണ്. ഒപ്പം ഒരു എഞ്ചിനീയറിംഗ് സ്കിൽ കൂടിയാണത്. നിയമങ്ങളെയും ശിക്ഷയെയും പേടിച്ചാവരുത് നാം നല്ല രീതിയിൽ വാഹനമോടിക്കുന്നത്. മറിച്ച് അത് നമ്മുടെ ഒരു സംസ്ക്കാരമായി വളർത്തിയെടുക്കണം. ഓരോ നിമിഷവും ജീവിതത്തെ ആസ്വദിക്കുന്ന അവസ്ഥയുണ്ടാവണം. സ്വയം സ്നേഹിക്കുകയും മറ്റുള്ളവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്ക്ക് മാത്രമേ നല്ല ഡ്രൈവിംഗ് സംസ്ക്കാരം വളർത്തിയെടുക്കാനാവൂ .
അശാസ്ത്രീയമാണ് നമ്മുടെ നാട്ടിലെ മിക്ക റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം. നാം ഓടിക്കുന്ന വാഹനത്തെ കുറിച്ച് മാത്രം ശ്രദ്ധയുണ്ടായാൽ പോരാ. മറ്റു വാഹനങ്ങൾക്ക് മേൽ കൂടി ഒരു കണ്ണുവേണം. നമ്മുടെ റോഡുകളിൽ വാഹനമോടിക്കുകയെന്നത് ഒരു വലിയ അഭ്യാസമാണ്. മിടുക്കരായ ഡ്രൈവര്മാര് പോലും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുന്നത് ദൈവത്തിൻറെ കാരുണ്യത്താലാണ്. നമുക്ക് റോഡ് വികസനമില്ല . റോഡുകൾ ശാസ്ത്രീയമായ രീതിയിലല്ല. ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല. റോഡ് മര്യാദ പാലിക്കപ്പെടുന്നില്ല. ഇതൊക്കെയാണ് അപകടങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങൾ.
മുംതാസ് രഹാസ് : നമ്മുടെ റോഡുകൾ ശാസ്ത്രീയമായ രീതിയിലല്ല എന്ന് പറയുമ്പോൾ ?
രാജൻ പി തൊടിയൂർ: എൻ എച്ച് 47 നാലുവരി പാതയാക്കുന്നതിനായി സ്ഥലമെടുത്തിട്ട് അരനൂറ്റാണ്ടാകുന്നു. നാലുവരിപ്പാതയെന്നത് ദേശീയ പാതയിൽപ്പോലും യാഥാർഥ്യമായിട്ടില്ല. ഇപ്പോൾ ആറുവരിപ്പാതയുടെ ആവശ്യകതയാണ് നമുക്ക് മുന്നിലുള്ളത്. സിഗ്നൽ പാലിക്കാത്തതും റോഡ് മാർക്കിങ് ശ്രദ്ധിക്കാത്തതും നമുക്ക് പ്രശ്നമല്ല. ഈ അടുത്തകാലത്ത് പൂർത്തിയായ കൊല്ലം ബൈപാസ് നോക്കിയാൽ മതി നമ്മുടെ റോഡുകൾ ശാസ്ത്രീയമായ രീതിയിലല്ല എന്ന് മനസിലാക്കാൻ. റോഡിൽ എവിടെയെങ്കിലും ഒരു പഴുതു കണ്ടാൽ അവിടേക്ക് വാഹനം ഓടിച്ചു കയറ്റുന്നതാണ് നമ്മുടെ രീതി. ലോകത്തെ എല്ലാത്തരം വാഹനങ്ങളും ഇന്ന് നമ്മുടെ റോഡിലുണ്ട്. എന്നാൽ നമ്മുടെ റോഡ് ഇന്നും പഴയത് തന്നെ. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ കേരളത്തിൽ അപകടത്തിൽ മരിക്കുന്നു. ഇതൊരു ദുരന്തമായി നാം ഇനിയും കാണുന്നില്ല. പതിനായിരങ്ങൾ പരുക്ക് പറ്റി ആജീവനാന്തം പരസഹായത്തോടെ ജീവിക്കേണ്ടിവരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥകൾക്ക് പുറമേ ആളുകൾ റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവവും ഉദാസീനതയും റോഡ് യാത്രകൾ വെല്ലുവിളികളാക്കുന്നു. ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കാനും സുരക്ഷിതത്വബോധത്തോടെ വാഹനം ഓടിക്കാനും തയ്യാറാവാത്തിടത്തോളം ഇതെല്ലാം അവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും. വാഹനങ്ങളുടേയും യാത്രക്കാരുടേയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മരണഭീതിയോടെയല്ലാതെ റോഡിലേക്ക് പോകാൻ വയ്യാത്ത അവസ്ഥയാണുള്ളത്.
മുംതാസ് രഹാസ് : എന്താണ് കേരളത്തിൽ ഇത്രയധികം റോഡപകടങ്ങൾ ഉണ്ടാകാൻ കാരണം?
രാജൻ പി തൊടിയൂർ: റോഡ് വികസനം ഇല്ലാത്തത് പ്രധാനകാരണമാണ്. ലോകത്ത് എവിടെയും റോഡപകടങ്ങളുടെ പ്രധാന ഉത്തരവാദികൾ റോഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റം ആണ്, അല്ലാതെ റോഡിൻറെയോ വാഹനത്തിൻറെയോ ഘടനാപരമായ കുഴപ്പം അല്ല. അപകടം കുറക്കണമെങ്കിൽ നാം ശ്രദ്ധിക്കേണ്ടത് റോഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റം മാറ്റിയെടുക്കാൻ ആണ്.
തുടക്കം ഡ്രൈവിംഗ് പരിശീലനത്തില്തന്നെ ആകണം. ഇപ്പോഴത്തെ നമ്മുടെ ഡ്രൈവിംഗ് പരിശീലനത്തിൻറെ പ്രധാന ഉദ്ദേശം ഏറ്റവും വേഗത്തിൽ ലൈസൻസ് എടുത്തുകൊടുക്കുക എന്നതാണ്. ടെസ്റ്റ് പാസാവാനുള്ള ഏറ്റവും ചുരുങ്ങിയ കലാപരിപാടി ഒക്കെ പഠിപ്പിച്ചാൽ ഡ്രൈവിംഗ് സ്കൂളിൻറെ പണി കഴിഞ്ഞു. പൊതുവഴിയിൽ വണ്ടി ഓടിക്കാനുള്ള കഴിവ്, തിരക്കിൽ വണ്ടി ഓടിക്കാനുള്ള സംയമനം, മഴക്കാലത്തും രാത്രിയിലും വണ്ടി ഓടിക്കാനുള്ള പരിചയം ഇതൊന്നും പരിശീലനത്തിൻറെ ഭാഗമല്ല. കേരളത്തിൻറെ മറ്റു ലൈസൻസ് ലഭിക്കാൻ പഴയ രീതികളാണ് ഇപ്പോഴും നാം പിന്തുടരുന്നത്.
ഇതു മാറണം. ഡ്രൈവിംഗ് പഠനം എന്നത് പ്രൊഫഷണൽ ആയി ചെയ്യുന്ന ഒന്നാകണം. നിയമലംഘനം ഉണ്ടായാൽ ലൈസന്സ് നഷ്ടപ്പെട്ട് ആദ്യം മുതൽ തുടങ്ങേണ്ട സാഹചര്യം ഉണ്ടാക്കണം. ഇപ്പോൾ ലൈസന്സ് ഉള്ള ഓരോരുത്തരും അടുത്ത അഞ്ചു വര്ഷത്തിനകം പ്രതിരോധപരമായ (Defensive) ഡ്രൈവിംഗ്, അതായത് റോഡിന്റേയും റോഡിലെ മറ്റുള്ളവരുടേയും പെരുമാറ്റം മനസ്സിലാക്കി വണ്ടി ഓടിക്കുന്ന രീതി, പരിശീലനം നേടണം.
മുംതാസ് രഹാസ് : മദ്യപിച്ചുള്ള ഡ്രൈവിംഗ് ഒരു പ്രശ്നമല്ലേ?
രാജൻ പി തൊടിയൂർ: തീര്ച്ചയായിട്ടും. പക്ഷെ, കേരള പോലീസിന്റെ കണക്കനുസരിച് മദ്യപിച്ചു വാഹനമോടിച്ചതിലൂടെ 25 മരണങ്ങളെ കഴിഞ്ഞ വർഷം ഇവിടെ ഉണ്ടായിട്ടുള്ളൂ. ഇതു ഒരു ലോക റെക്കോർഡ് ആയിരിക്കണം. ലോകത്ത് കർശനമായി നിയമങ്ങൾ പാലിക്കുന്നിടത്തു പോലും ഇത് മുപ്പതു ശതമാനത്തിലും ഏറെയാണ്. അപ്പോൾ ഈ കണക്കിൽ എന്തോ പ്രശ്നം ഉണ്ട്. മദ്യപിച്ചു വണ്ടി ഓടിക്കുന്നത് ഒരു പ്രശ്നം ആയി നമ്മൾ അംഗീകരിക്കാതെ എങ്ങനെ അതിനെ പറ്റി എന്തെങ്കിലും ചെയ്യാൻ പറ്റും ? സർക്കാർ വാഹനങ്ങൾ ഓടിക്കുന്നവർ പോലും മദ്യപിച്ചു കൊണ്ട് ജോലി ചെയ്യുന്നു. മദ്യപിച്ച് വാഹനമോടിച്ചാൽ പിഴ ഈടാക്കുക മാത്രമല്ല ജയിൽ ശിക്ഷ കിട്ടാനുള്ള വകുപ്പും നമുക്കുണ്ട്. വണ്ടി തടഞ്ഞു വെക്കാനും ഒരു വർഷത്തേക്ക് വരെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിയമമുണ്ട്. മദ്യപിച്ചുള്ള ഡ്രൈവിംഗ് നമ്മുടെ ചിന്തയെയും കാഴ്ചയെയും മന്ദീഭവിപ്പിക്കുകയും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയുന്നു. മദ്യപിച്ചിരിക്കുകയാണെങ്കിൽ ഒരു കാരണവശാലും വാഹനം ഓടിക്കരുത്.
മദ്യപിച്ച് ആളെക്കൊല്ലുന്നത് തടയണമെങ്കിൽ മൂന്നു കാര്യങ്ങൾ ചെയ്യാം. ഒന്നാമത്, പരിശോധനയിൽ, മദ്യപിച്ചു എന്നു കണ്ടാൽ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ കുറച്ചു ദിവസം ജയിലിൽ കിടക്കുന്നത് നിര്ബന്ധമാക്കണം, ലൈസൻസ് രണ്ടുവര്ഷത്തേക്ക് റദ്ദു ചെയ്യണം. പിന്നെ ലൈസൻസ് കിട്ടണമെങ്കിൽ ആദ്യം തൊട്ടു തുടങ്ങുകയും വേണം. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നത് നരഹത്യയായി പരിഗണിച്ച് കേസെടുക്കണം. ഇത്ര ശക്തമായി ഇതിനെ നേരിട്ടാൽ അഞ്ചു വര്ഷം കൊണ്ട് ഈ പ്രശ്നം നാമമാത്രമാകും.
മുംതാസ് രഹാസ് :റോഡും കാലാവസ്ഥയും പ്രശ്നമല്ല എന്നാണോ?
രാജൻ പി തൊടിയൂർ: കേരളത്തിലെ പല റോഡുകളിലും ആവശ്യത്തിന് സൂചനകള് ഇല്ല. അനാവശ്യത്തിന് ഹമ്പുകൾ ഉണ്ട്. ആളുകൾ എവിടെനിന്നും റോഡിലേക്ക് കയറുന്ന സ്ഥിതിവിശേഷം ഒക്കെ ഉണ്ട്. പണ്ടൊക്കെ ചീത്ത റോഡും പഴഞ്ചന് കാറുകളും ആയിരുന്ന കാലത്ത് ഇതൊന്നും വലിയ കുഴപ്പം ഉണ്ടാക്കിയില്ല. പക്ഷെ വാഹനങ്ങൾ കൂടുകയും ആളുകളുടെ സ്വഭാവം മാറാതിരിക്കുകയും ചെയ്തപ്പോൾ റോഡുകൾ മരണക്കെണിയായി വരികയാണ്. റോഡുകൾ സുരക്ഷിതമാക്കാൻ നോക്കണം, ആവശ്യത്തിന് സൂചനകൾ ഉണ്ടാകണം, കാലാവസ്ഥ മാറുന്നതനുസരിച്ച് സ്പീഡ് ലിമിറ്റ് മാറ്റുന്ന സമ്പ്രദായം ലോകത്തു പലയിടത്തും ഉണ്ട്. ഇവിടെയും അതെങ്ങനെയും വരണം. രാത്രി യാത്രക്ക് ചില നിയന്ത്രണങ്ങൾ കൊണ്ടു വരണം.
പക്ഷെ റോഡുകളുടേയും കാലാവസ്ഥയുടെയും ഒക്കെ സ്വഭാവം അറിഞ്ഞ് റോഡ് ഉപയോഗിക്കാനുള്ള കഴിവുണ്ടാക്കുകയാണ് കൂടുതൽ എളുപ്പത്തിൽ ചെയ്യാവുന്നത്.
മുംതാസ് രഹാസ് : അശ്രദ്ധമായി വാഹനമോടിക്കുന്നത് ?
രാജൻ പി തൊടിയൂർ: റോഡപകടങ്ങൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അപകടങ്ങൾ ഒരു പരിധി വരെ നമ്മൾ ക്ഷണിച്ചു വരുത്തുന്നതാണ്. നമ്മുടെ ചില ശീലങ്ങളും അശ്രദ്ധയുമൊക്കെ ഒഴിവാക്കിയാൽ തന്നെ അപകടസാധ്യത വലിയൊരളവിൽ കുറയ്ക്കാം.
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും തന്നെ ഉപയോഗിക്കരുത്. അതായത് ഫോൺ, ടാബുകൾ മുതലായവ ശ്രദ്ധ തിരിക്കുന്നത് വഴി വലിയ അപകടങ്ങൾ ഉണ്ടാക്കിയേക്കാം. വാഹനം ഓടിക്കുമ്പോൾ മറ്റൊന്നിലും ഏർപ്പെടാതെ റോഡിലെ സിഗ്നൽ ബോർഡ്സ് ശ്രദ്ധിച്ച് മുന്നോട്ട് പോകുക. ഫോൺ കോളുകൾ വന്നാൽ വാഹനം ഒതുക്കി നിർത്തി മാത്രം സംസാരിക്കുക. മറ്റുള്ള കാര്യങ്ങളിൽ ഏർപ്പെടേണ്ട സന്ദർഭമല്ല ഇത് എന്ന് മനസിലാക്കുക
വാഹനം ഓടിക്കുമ്പോൾ സെൽ ഫോൺ ഉപയോഗിക്കുന്നത് എന്ത് കാരണം കൊണ്ടാണെങ്കിലും വലിയൊരു ട്രാഫിക് നിയമ ലംഘനം ആണ്. ഇത് ഒരു തരത്തിലും നമുക്ക് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം.ഹാൻഡ് ഫ്രീ മോഡിലുള്ള ഫോൺ അല്ലെങ്കിൽ ഡയൽ ചെയ്യാനും മറ്റും ഫോൺ നോക്കേണ്ടി വരുന്നത് ഡ്രൈവിങ്ങിലെ ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നു. ഫോൺ ഹാൻഡ് ഫ്രീ മോഡിൽ ആണെങ്കിൽ പോലും പരിസരം മറന്നുള്ള സംസാരം ദുന്തങ്ങൾ ഉണ്ടാക്കും.
മുംതാസ് രഹാസ് : വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ?
രാജൻ പി തൊടിയൂർ: വാഹനം ഓടിക്കുമ്പോൾ പാട്ട് കേൾക്കുന്നത് പലരുടെയും ശീലമാണ്. പാട്ടു കേൾക്കുന്നതിന് കുഴപ്പമില്ലെങ്കിലും പാട്ട് മാറ്റുന്നതിനും മറ്റുമായി പ്ലെയറിലേക്ക് ശ്രദ്ധ പോകുന്നത് അപകടകാരണമാകാം. നമ്മുടെ കണ്ണുകൾ റോഡിൽ നിന്നും മാറുന്ന നിമിഷം വൻ ദുരന്തങ്ങൾ ഉണ്ടായേക്കാം. ഡ്രൈവ് ചെയുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
വാഹനത്തിൽ കയറിയാൽ ഉടൻ സേഫ്റ്റി ബെൽറ്റ് ധരിക്കുക. ഡ്രൈവർ ആയാലും സഹയാത്രികരായാലും അതിൽ ഉപേക്ഷ കാണിക്കരുത്. അപകടം ഉണ്ടായാൽ തെറിച്ച് വീഴാതിരിക്കാനും അതുമൂലം ഉണ്ടാകാൻ ഉണ്ടാകാൻ ഇടയുള്ള ഗുരുതരമായ പരുക്കുകൾ ഒരു പരിധി വരെ സീറ്റ് ബെൽറ്റ് കൊണ്ട് ഒഴിവാക്കാവുന്നതാണ്.
ബൈക്കിലായാലും കാറിലായാലും മറ്റേത് വാഹനമായാലും ഓവർലോഡ് പാടില്ല. വാഹനത്തിൽ ആളുകളെ കുത്തി നിറച്ചുള്ള യാത്രകളിൽ അപകടങ്ങൾ പതിയിരിക്കുന്നതായി സമകാലിക അനുഭവങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രം യാത്രക്കാരെ കയറ്റുക.
രാത്രി 2 മണി മുതൽ പുലർച്ചെ 5 മണി വരെ യാത്രകൾ ഒഴിവാക്കുക. നമ്മുടെ തലച്ചോർ വിശ്രമിക്കുന്ന സമയമാണിത്. രാത്രി യാത്ര ചെയ്യേണ്ട ആവശ്യങ്ങൾ വന്നാൽ മതിയായ ഉറക്കം ലഭിച്ചിട്ട് മാത്രം പുറപ്പെടുക. യാത്രവേളയിൽ യാത്ര ചെയ്യേണ്ട ആവശ്യങ്ങൾ വന്നാൽ മതിയായ ഉറക്കം ലഭിച്ചിട്ട് മാത്രം പുറപ്പെടുക. യാത്രവേളയിൽ ഉറക്കം തോന്നിയാൽ വാഹനം ഒതുക്കി നിർത്തി കുറച്ചു നേരം വിശ്രമിച്ച് മാത്രം യാത്ര പുനരാരംഭിക്കുക.
മുംതാസ് രഹാസ് : പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്.?
രാജൻ പി തൊടിയൂർ: 18 വയസിനുമേല് പ്രായമുളളവര്ക്കാണ് വാഹനം ഓടിക്കാനുള്ള ലൈസന്സിന് അപേക്ഷിക്കാവുന്നത്. . 20 വയസിനുമേല് പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്ഷത്തെ പരിചയവും ഉണ്ടെങ്കില് ട്രാന്സ്പോര്ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്സിന് അപേക്ഷിക്കാം. ട്രാന്സ്പോര്ട്ട് വാഹനം ഓടിക്കാന് എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്. 16 നും 18 വയസിനും ഇടെ പ്രായമുള്ളവര്ക്ക് രക്ഷകര്ത്താവിന്റെ സമ്മത പത്രമുണ്ടെങ്കില് 50 സി.സിയ്ക്കു താഴെയുളള വാഹനം ഓടിക്കാനുള്ള ലൈസന്സിന് അപേക്ഷിക്കാം. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കൊച്ചു കുട്ടികളെക്കൊണ്ടുപോലും വാഹനമോടിപ്പിക്കുന്നതു ഇന്നൊരു ശീലമായി മാറിയിട്ടുണ്ട്.
മുംതാസ് രഹാസ് : അപകടങ്ങൾ ഇല്ലാതാക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമില്ലേ?
രാജൻ പി തൊടിയൂർ: തീർച്ചയായും. വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും മരണനിരക്കുകളും എല്ലാവരും ശ്രദ്ധിക്കണം. വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരാൾ തിരികെയെത്തുംവരെ കുടുംബാംഗങ്ങൾ ആശങ്കകളോടെ കാത്തിരിക്കേണ്ട സാഹചര്യം എത്ര പരിതാപകരമാണ്. ഓരോ അപകടങ്ങളും വ്യക്തിയ്ക്കും കുടുംബത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങൾ നികത്താവുന്നതല്ല. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗും മൂലം എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ആണ് പൊലിഞ്ഞുപോകുന്നതെന്ന് ഏവരും തിരിച്ചറിയണം.
ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നതും കാറുകളിലും മറ്റും പോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നതും ഇനിയും നമ്മുടെ ശീലമായിട്ടില്ല. എവിടെയെങ്കിലും പോലീസ് പരിശോധനയോ ക്യാമറാപോയിൻറ്റോ ഉണ്ടെങ്കിൽ ഒരാചാരംപോലെയാണ് പലരും അതൊക്കെ ചെയ്യുന്നത്.
ആവശ്യത്തിന് വെളിച്ചമുള്ള റോഡുകളിൽപോലും രാത്രിയാത്രകളിൽ ‘ഹൈ ബീം ലൈറ്റ്’ തെളിച്ച് വണ്ടിയോടിക്കുന്നതാണ് പലരുടേയും മറ്റൊരു ശീലം! എതിരെവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണുകളെ ഒരുനിമിഷത്തേക്കെങ്കിലും നിഷ്പ്രഭമാക്കുന്നതിലൂടെ അപകടം വിളിച്ചുവരുത്തുകയാണ്. അമിതവേഗത,മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കൽ, ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക,റോഡിലെ ട്രാഫിക് സിഗ്നലുകളും മുന്നറിയിപ്പുകളും അവഗണിക്കുക, അശ്രദ്ധമായി വണ്ടിയോടിക്കുക, മറ്റുവാഹനങ്ങളുമായി മത്സരിച്ച് ഓടിക്കുക, തെറ്റായ സമയത്ത് തെറ്റായ ഇടങ്ങളിൽവച്ച് വാഹനങ്ങൾ നിർത്തുക , തിരിക്കുക,മാറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യുക, മതിയായ വിശ്രമമില്ലാതെയും ഉറക്കമിളച്ചും തുടർച്ചയായി വാഹനമോടിക്കുക, തുടങ്ങി ഡ്രൈവിംഗിൽ നമ്മൾ കാണിച്ചുകൂട്ടുന്ന അസംഖ്യം നിയമലംഘനങ്ങളുടെ പ്രത്യാഘാതമാണ് ചെറുതും വലുതുമായ ഓരോ അപകടങ്ങളും.
2020-ഓടു കൂടി റോഡപകടങ്ങൾ അമ്പത് ശതമാനം കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടന 2011-2020 റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിക്കുകയും അതിനുവേണ്ടിയുള്ള കർമ്മപദ്ധതികളും റിപ്പോർട്ടുകളും തയ്യാറാതയ്യാറാക്കുന്നതിന്2010ൽ ലോകാരോഗ്യ സംഘടനയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.WHO യുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്നതിന് എട്ടാം സ്ഥാനമാണ് റോഡപകടങ്ങൾക്കുള്ളത്. ഓരോ വർഷവും 1.35ദശലക്ഷം ആളുകളാണ് ഇത്തരത്തിൽ മരണപ്പെടുന്നത്. അമിത വേഗത,മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ്,ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒഴിവാക്കൽ തുടങ്ങിയവ അപകടത്തിന് കാരണമാകുന്നു.
റോഡ് സുരക്ഷയിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം ഉണർന്നുപ്രവർത്തിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം! ഓരോ ജീവനും വിലപ്പെട്ടതാണ്. നമ്മുടെ ചെറിയൊരു അശ്രദ്ധ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ കവരാൻ ഇടവരരുത്.