രാജൻ പിള്ള പറഞ്ഞ കഥ ; സിദ്ധാർത്ഥൻ – പ്രകാശനം ജൂലൈ 7 ന്
കാലയവനികക്കുള്ളിൽ മറഞ്ഞു , കാൽ നൂറ്റാണ്ടടുക്കുമ്പോഴും , മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വ്യവസായ ചിത്രമാണ് ‘ബ്രിട്ടാനിയ രാജൻ പിള്ള’.
ലോക വ്യവസായ ഭൂപടത്തിൽ ദശാബ്ദങ്ങൾക്ക് മുപ് സ്ഥാനം പിടിച്ചവരാണ് , വെണ്ടർ കൃഷ്ണപിള്ളയും കുടുംബവും. ഇന്ത്യയിലെ കശുവണ്ടി വ്യവസായത്തിന്റെ സിംഹഭാഗവും വെണ്ടർ ഗ്രൂപ്പിൻറെ കൈപ്പിടിയിലായിരുന്നു. വെണ്ടർ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ, കെ ജനാർദ്ദനൻ പിള്ളയുടെ മകൻ , കെ രവീന്ദ്രനാഥൻ നായരുടെ അനന്തിരവൻ , രാജൻ പിള്ള ,ലോകത്തിലെ ഏറ്റവും വലിയ ബിസ്കറ്റ് സാമ്രാജ്യത്തിൻറെ തലപ്പത്തെത്തിയതിൽ മലയാളി സമൂഹം അഭിമാനം കൊണ്ടു . അതിനും മുൻപേ രാജ്യാന്തര വ്യവസായ രംഗത്ത് രാജൻ പിള്ള സ്ഥാനമുറപ്പിച്ചിരുന്നു.
രാജൻ പിള്ളയുടെ ജാതകം നോക്കി പ്രവചിച്ച വരെല്ലാം ഏകാഭിപ്രായക്കാരായിരുന്നു.’ തൊട്ടതെല്ലാം പൊന്നാക്കുന്ന, രാജ്യാന്തര പ്രശസ്തി നേടാൻ പോകുന്നവൻ!
42 വയസ്സിൽ സ്വപ്നതുല്യമായ പദവി, ഏഷ്യയിലെ ഏറ്റവും വലിയ ബിസ്കറ്റ് ഉൽപാദകരായ ബ്രിട്ടാനിയയുടെ ചെയർമാനായി രാജൻ പിള്ള സ്ഥാനമേറ്റപ്പോൾ പ്രവചനങ്ങളെല്ലാം സത്യമായി.
എഷ്യയിലെ പ്രശസ്ത സാമ്പത്തിക പത്രമായ, സിംഗപൂരിലെ ബിസിനസ്സ് ടൈംസ് എഴുതി, 44 മില്യൺ അമേരിക്കൻ ഡോളറിന്റെ (1988ലെ 200 കോടി ഇന്ത്യൻ രൂപ ) ഇടപാടിലൂടെ ഒരു പ്രാദേശിക ബിസിനസ്സുകാരൻ ഇന്ത്യയിലേയും, പാക്കിസ്ഥാനിലേയും ബിസ്കറ്റ് രാജാവായിരിക്കുന്നു.
‘ബിസ്കറ്റ് രാജാവ്’, എന്ന വിശേഷണം രാജൻ പിള്ളക്ക് ചാർത്തിക്കൊടുത്തത് ബിസിനസ് ടൈംസായിരുന്നു. അടുത്ത പതിറ്റാണ്ട് അദ്ദേഹമറിയപ്പെട്ടത് ഈ പേരിലാണ് ‘ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള !’ ഏഷ്യൻ മേഖലയുടെ തലവനായ രാജൻ പിള്ളയുടെ കീഴിൽ ബ്രിട്ടാനിയ ഉൽപ്പന്നങ്ങൾ വൻ പ്രചാരം നേടി. 5000 ലക്ഷം അമേരിക്കൻ ഡോളറിന്റെ വിറ്റുവരുവുള്ള ബ്രിട്ടാനിയ കമ്പനിയുടെ ചെയർമാനായി രാജൻ പിള്ള അവരോധിക്കപ്പട്ടു.
1977 ൽ ജനതാ ഗവൺമെന്റ് ഇന്ത്യയിൽ നിന്ന് നാട് കടത്തിയ കൊക്കകോള കമ്പനിയെ വീണ്ടും ഇന്ത്യയിലേക്ക് കൊണ്ടുവന്നതും രാജൻ പിള്ളയായിരുന്നു. അവരുമായുളള പങ്കാളിത്തത്തിൽ അദ്ദേഹം ‘ ആരംഭിച്ച ബ്രിറ്റ്സ്കോ കമ്പനിയാണ് കോക്കക്കോള ഇന്ത്യയിൽ പുനരവതരിപ്പിച്ചത്.പെപ്സിയുമായുള്ള യുദ്ധത്തിന് കൊക്കൊക്കോളയെ ഏറ്റവും സഹായിച്ചത് രാജൻ പിള്ളയായിരുന്നു. ഇന്ത്യയിൽ കമ്പ്യൂട്ടർ യുഗം വരുന്നതിനു രാജീവ് ഗാന്ധിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയതും അതിനായി രാജൻ പിള്ള ഒരു മില്യൺ ഡോളർ സംഭാവന നൽകിയതും അന്ന് വലിയ വാർത്തയായി.
ബിസ്ക്കറ്റ് രാജാവ് എന്ന പദവിയിൽ വിരാജിച്ച് പ്രശസ്തിയുടെ ഉയരങ്ങളിൽ പറക്കുമ്പോൾ, ഏറെയൊന്നും അകലയല്ലാതെ ശത്രുക്കളും ഉണ്ടായിരുന്നു. വാങ്ങിക്കൂട്ടലുകളിൽ അദ്ദേഹം വിജയിച്ചെങ്കിലും മത്സരത്തിലെ പരാജിതർ കരുക്കൾ നീക്കുന്നത് വിജയലഹരിയിൽ അദ്ദേഹം അറിഞ്ഞില്ല.
1992 നവംബറിൽ സിങ്കപ്പൂരിലെ കൊമേഴ്സ്യൽ അഫയേഴ്സ് ഡിപ്പാർട്മെന്റ് രാജൻ പിള്ളക്കെതിരെ ക്രിമിനൽ കുറ്റമാരോപിച്ചു നോട്ടിസ് നൽകി.തന്റെ പങ്കാളിയും, സ്നേഹിതനും പിന്നിട് ശത്രുവുമായ് മാറിയ റോസ് ജോൺസൺ എന്ന കനേഡിയൻ വ്യവസായിയുടെ പരാതിയായിരുന്നു കാരണം. സ്വന്തം കമ്പനിയുടെ നഷ്ടം തീർക്കാൻ ബ്രിട്ടാനിയയുടെ 75 ലക്ഷം ഡോളർ എടുത്തു എന്നായിരുന്നു കുറ്റം.26 കുറ്റങ്ങളടങ്ങിയ കേസ്. സിംഗപ്പൂരില്‍ കെട്ടിച്ചമച്ച ഒരുകഥ വെച്ചാണ് അദ്ദേഹത്തിനെതിരെ നിയമനടപടി തുടങ്ങുന്നത്. രാജന്റെ ഒലേ എന്ന ബ്രാന്റ് നെയിം ബ്രിട്ടാനിയക്ക് മറ്റ് ഡയറക്ടര്‍മാരറിയാതെ വിറ്റു എന്നായിരുന്നു ആരോപണം.രാജനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുത്തത് പഴയസുഹൃത്തും വിശ്വസ്തനുമായ റോസ് ജോണ്‍സണ്‍.
ബ്രിട്ടിഷ് രാജ്ഞിയുടെ ഉപദേശകനായ അല്ലൻ ജോൺസൺ സിംഗപൂർ കോടതിയിൽ രാജൻ പിള്ളക്ക് വേണ്ടി വാദിച്ചെങ്കിലും വിധി എതിരായിരുന്നു. 14 കൊല്ലത്തെ ജയിൽ ശിക്ഷ, ഏക പക്ഷിയമായ വിധി. സിംഗപ്പൂരിൽ തനിക്ക് നീതിയില്ല എന്ന് തിരിച്ചറിഞ്ഞ രാജൻ പിള്ള, അറസ്റ്റ് ചെയ്യും മുൻപ് ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കേറി.
ജന്മനാട്ടിൽ തനിക്ക് നീതി കിട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. സിംഗപ്പുർ ഗവൺമെന്റ് രാജൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ വലിയ തിടുക്കമൊന്നും കാട്ടിയില്ലെങ്കിലും ഇന്ത്യയിലെ, അദ്ദേഹത്തിന്റെ ശത്രുക്കളും, മാദ്ധ്യമങ്ങളും, ഈ കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നു. ബോംബെ ഹൈക്കോടതി, ജാമ്യാപേക്ഷ നിരസിച്ചതോടെ, അറസ്റ്റിലെക്ക് നീങ്ങി. ഭാഗ്യ നിർഭാഗ്യങ്ങൾ നീങ്ങിയ, ആ ,കളിയിൽ ഒടുവിൽ, തിരുവനന്തപുരത്ത്, ഒരു മജിസ്റ്റേറ്റ് കോടതിയിൽ രാജൻ പിള്ളക്ക് ജാമ്യം കിട്ടി.
രാജൻ പിള്ള കരൾവീക്കത്തിന് ചികിത്സയിലായിരുന്നു. ആ രോഗാവസ്ഥയിൽ അദ്ദേഹത്തിന് പ്രതിക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേരള ഹൈക്കോടതി സുവോ മോട്ടോവായി ഈ കേസ് പരിഗണനക്കെടുത്തു, അതോടെ ജാമ്യം റദ്ദായി.(സാധാരണ, ഭരണഘടന പ്രാധാന്യമുള്ളതോ, അതിവപ്രധാന്യമുള്ള വിഷയ മോ ആണ് സുവോ മോട്ടോവായി പരിഗണിക്കുക)
രാജൻ പിള്ള, ഗേറ്റ്നമ്പർ 4, തീഹാർ ജയിൽ, ന്യൂഡൽഹി. അറസ്റ് ചെയ്യപ്പെട്ട രാജൻ പിള്ളയുടെ, എൻട്രി ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തി. 55 ദശലക്ഷം അമേരിക്കൻ ഡോളർ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായിരിക്കുമ്പോഴാണ് രാജൻ പിള്ള തീഹാറിലെ സെല്ലിലെത്തുന്നത്.1995 ഏപ്രിലിലായിരുന്നു അത്.
രാജൻ പിള്ളയിൽ നിന്ന് ധാരാളം സഹായം പറ്റിയിട്ടുള്ള രാഷ്ട്രിയക്കാരും, ബ്യൂറോക്രാറ്റുകളും ഇന്ത്യയിലുണ്ടായിരുന്നു. ആ സ്വാധീനമുപയോഗിച്ച്, രാജൻ പിള്ളയെ രക്ഷപ്പെടുത്താൻ ഭാര്യ നീനപിള്ളയും, സഹോദരൻ രാജ്മോഹൻ പിള്ളയും കിണഞ്ഞു ശ്രമിച്ചു. ജാമ്യം കിട്ടിയാൽ, കേസ് കോടതിയിൽ നേരിടാമെന്ന ധൈര്യം അവർക്കുണ്ടായിരുന്നു. പക്ഷേ, ആരും സഹായിക്കാനെത്തിയില്ല.
അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞ പോലെ, രാജൻ പിള്ള ഡൽഹിയിൽ അപരിചിതനായിക്കഴിഞ്ഞിരുന്നു!
പൊള്ളുന്ന ചൂടിൽ കരൾരോഗം മൂർഛിച്ച് രോഗിയായ അദ്ദേഹം തിഹാറിലെ സെല്ലിലെ തിണ്ണയിൽ അവശനായി കിടന്നു,ഒരു തടവുകാരന് കിട്ടേണ്ട മിനിമം വൈദ്യസഹായം പോലും ലഭിക്കാതെ ! ജയിലെ ഡോക്ടറോ, അധികാരികളാ അദ്ദേഹത്തിന്റെ നില അപകടകരമായ നിലയെ അവഗണിച്ചു.കോടതിയിൽ ചികിത്സ ആവശ്യമാണെന്ന അഭിഭാഷകന്റെ വാദവും കോടതി തള്ളി.രക്‌തം ഛർദിച്ച നിലയിൽ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ചോ, വൈദ്യസഹായത്തെ കുറിച്ചോ ഒരു റിപ്പോർട്ടും നൽകപ്പെട്ടില്ല. ക്രൂരമായ വൈദ്യപരിശോധിനാ അവഗണനയുടെ ബലിയാടാവുകയായിരുന്നു. ദീനദയാൽ ആശുപത്രിക്കടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ നിന്ന്, കവടിയാറിലെ രാജൻ പിള്ളയുടെ വീട്ടിലേക്ക് രാത്രി വൈകി വന്ന ടെലിഫോൺ സന്ദേശം ഇതായിരുന്നു”എല്ലാം അവസാനിച്ചു’. കേരളം കണ്ട ഏറ്റവും വലിയ വ്യവസായി അങ്ങനെ ചരിത്രമായി. വ്യവസായികളിലെ ‘രക്തസാക്ഷി’യായി.
1995 ജൂലൈ 7 ന് രാജൻ പിള്ള ചരിത്രമായി. ഈ ജൂലൈ എഴാം തീയതിയാവുമ്പോള്‍ 24 വര്‍ഷം.
രാജൻ പിള്ളയുടെ ജീവിത വീക്ഷണം തികച്ചും വ്യത്യസ്തമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ , രാജൻ പിള്ള പറഞ്ഞ കഥകളുടെ പശ്ചാത്തലത്തിൽ , സഹോദരൻ ഡോ . രാജ്‌മോഹൻ പിള്ള എഴുതിയ നോവലാണ് , സിദ്ധാർഥൻ.
ഡോ . ജെ . രാജ്‌മോഹൻ പിള്ളയുടെ നാലാമത് പുസ്തകവും ആദ്യ നോവലുമാണ് , സിദ്ധാർത്ഥൻ . മുൻപ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളും യഥാർത്ഥ ജീവിതവുമായി വളരെ ചേർന്ന് നിൽക്കുന്ന രചനകളായിരുന്നു.
കശുവണ്ടി വ്യവസായ രംഗത്തെ അതുല്യ ശക്തിയായിരുന്ന പിതാവ് കെ ജനാർദ്ദനൻ പിള്ളയുടെ ജീവിതത്തിലെ അസാധാരണ മുഹൂർത്തങ്ങൾ പച്ചയായി വരച്ചു കാട്ടുന്ന , കെ. ജനാർദ്ദനൻ പിള്ളയുടെ ജീവിതം – ദൈവത്തിൻറെ നാടകവും ഇന്ത്യൻ വ്യവസായ ഭൂപടത്തിൽ അസാധാരണമാം വിധം ഉയർന്നുവന്ന , സഹോദരൻ ജെ രാജൻ പിള്ളയുടെ വളർച്ചയുടെയും പതനത്തിന്റെയും രേഖാചിത്രമായിരുന്ന A Wasted Death എന്ന പുസ്തകവും വളരെയേറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൃതികളാണ്. പെൻഗ്വിൻ ബുക്‌സ് പോലെ ലോക നിലവാരത്തിലുള്ള പ്രസാധകർ പ്രസിദ്ധീകരിച്ചു എന്നത് കൊണ്ട് മാത്രം A Wasted Death എന്ന പുസ്തകത്തിന്റെ മൂല്യം തിരിച്ചറിയാവുന്നതാണ്. അതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന രചനാ ശൈലിയിലൂടെ മനുഷ്യ ജീവിതത്തിൻറെ അവസ്ഥാന്തരങ്ങൾ വിശകലനം ചെയ്യുന്ന രചനയാണ് , ‘സിദ്ധാർത്ഥൻ’ എന്ന നോവൽ.
രാജ്യവും കുടുംബവും ഉപേക്ഷിച്ചു മനുഷ്യ ജന്മ്ത്തിൻറെ അർത്ഥ തലങ്ങൾ അന്വേഷിച്ചിറങ്ങിയ ഗൗതമ ബുദ്ധൻ, ഭാരത സംസ്കൃതിയുടെ ഭൂതകാലങ്ങളുടെ അത്യുന്നതങ്ങളിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രമാണ്. എന്നും. യഥാർത്ഥ ജീവിതത്തിൻറെ പൊരുൾ തേടി അലയുന്ന ഒരു വ്യവസായിയുടെ , ബന്ധങ്ങളുടെയും വിശ്വാസങ്ങളുടെയും തിരിച്ചറിവുകളുടെയും അവസ്ഥാഭേദങ്ങളാണ് ഡോ. ജെ . രാജ്‌മോഹൻ പിള്ളയുടെ സിദ്ധാർത്ഥൻ എന്ന നോവലിൻറെ അടിസ്ഥാനം.
വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു , സാധാരണക്കാരന്റെയും വിപ്ലവകാരിയുടെയും ഒപ്പം ജീവിച്ചു , ലോകമെമ്പാടും ബിസിനസ് സാമ്രാജ്യങ്ങൾ തീർത്തു ഒന്നിലും സത്യം കണ്ടെത്താനാകാതെ അലയുന്ന മനസുമായി കർമ്മ ഭൂമിയിലേക്ക് മടങ്ങിവരാൻ നിർബന്ധിതനാകുന്ന അസാധാരണ മനുഷ്യനെയാണ് , സിദ്ധാർത്ഥനിലൂടെ ഡോ. ജെ . രാജ്‌മോഹൻ പിള്ള വരച്ചുകാട്ടുന്നത്.
ജീവിതാനുഭങ്ങളിലൂടെ കലങ്ങിമറിയുന്ന മനസ്സിന് സ്വാസ്ഥ്യം കണ്ടെത്താൻ കഴിയാതെ വരുന്ന സാധാരണ മനുഷ്യൻറെ ദുരന്ത ചിത്രമാണ് സിദ്ധാർഥൻ നമുക്ക് മുന്നിൽ തുറന്നുതരുന്നത്.
വിപ്ലവ രാഷ്ട്രീയത്തിലെ സ്വാർത്ഥ താൽപ്പര്യങ്ങൾ. ജന്മി, പ്രഭുത്വ , മുതലാളിത്വ ശക്തികളെ ഉന്മൂലനം ചെയ്യണമെന്ന് വാദിച്ചവർ അതിലേക്ക് ലയിച്ചു ചേരുകയും പുത്തൻ മുതലാളിത്വ കൂട്ടായ്മകൾ രൂപം കൊള്ളുകയും ചെയ്യുന്നത് , ബന്ധങ്ങളിലെ ഊഷ്മളത, ചതിക്കുഴികൾ ഒക്കെയും തികഞ്ഞ ഗൗരത്തോടെ കഥാകാരൻ വരച്ചുകാട്ടുന്നു , ഈ കൃതിയിൽ.
മോക്ഷം തേടിയുള്ള ദീർഘ യാത്രകൾ എവിടെയാണ് മനുഷ്യനെ എത്തിക്കുന്നത് , ഒരു തിരിച്ചറിവിൽ, എന്ന ഉത്തരമാണ് നോവൽ തരുന്നത്. ആ തിരിച്ചറിവിലൂടെ സിദ്ധാർത്ഥൻ , മടക്കയാത്ര ആരംഭിക്കുകയാണ്. ജീവിതം നഷ്ടങ്ങളും ദുഖങ്ങളും നിറഞ്ഞതാണെന്ന് സിദ്ധാർത്ഥൻ തിരിച്ചറിയുന്നു. മോക്ഷത്തിന് വേണ്ടിയെന്നത് പോലെ അന്നത്തിനു വേണ്ടിയും തീർഥാടനങ്ങൾ! പ്രപഞ്ചത്തിൻറെ നീതിയാണ് ഏറ്റവും വലിയ ശരി എന്ന യാഥാർഥ്യം. രക്തം രക്തത്തെ തിരിച്ചറിയുമെന്നുള്ള പ്രകൃതി നിയമം.പണം കൊണ്ട് നേടാൻ കഴിയാത്തതായി പലതുമുണ്ടെന്ന സത്യം. അർഹതപ്പെട്ടതൊക്കെ നമ്മുടെ കൈകളിൽ എത്തിച്ചേരും എന്ന യാഥാർഥ്യം.
ഭക്തിയും രതിയും പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്നു. ജീവിതം ദുർഘടങ്ങളുടെ പാതയാണെന്ന തിരിച്ചറിവ്. അവനവൻറെ കർത്തവ്യങ്ങൾ നിർവഹിച്ചാൽ എല്ലാം ശരിയാകുമെന്ന അനുഭവജ്ഞാനം. സ്നേഹം, ദയ, ബുദ്ധി, കഠിനാദ്ധ്വാനം, ആജ്ഞാശക്തി, ആർജ്ജവം – അതാണ് ശക്തി , വിജയം.
ജീവിതം ഒളിച്ചോട്ടമല്ല. കർമ്മങ്ങൾ പൂർത്തീകരിക്കുക. കർമ്മവും ധർമ്മവും പരസ്പര പൂരകങ്ങൾ ആകുന്നു.
അത് തിരിച്ചറിയുമ്പോൾ സിദ്ധാർത്ഥന്റെ യാത്ര പൂർത്തിയാകുന്നു.
ഒരു വ്യവസായിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അനുഭവ പാഠങ്ങളാണ് സിദ്ധാർത്ഥനിലൂടെ രാജ്‌മോഹൻ പിള്ള അനാവരണം ചെയ്യുന്നത്. സിദ്ധാർത്ഥൻ ഒരു പുത്തൻ വായനാനുഭവമായി മാറുന്നത് അതുകൊണ്ടു മാത്രമാണ്.
വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്ക്കാരം നേടിയ ‘സിദ്ധാർത്ഥൻ ‘ ജൂലൈ ഏഴിന് വൈകുന്നേരം 6 ന് കൊല്ലം നാണി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൊല്ലം മേയർ അഡ്വ. വി രാജേന്ദ്ര ബാബുവിന് നൽകി പ്രകാശനം ചെയ്യും.
പാർലമെൻറ് അംഗം എൻ കെ പ്രേമചന്ദ്രൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊഫ കെ .പ്രസന്നരാജൻ പുസ്തകപരിചയം നടത്തും.
മുൻ എം പി എൻ പീതാംബരക്കുറുപ്പ് , പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്തു , കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ എന്നിവർ ആശംസ പ്രസംഗം നടത്തും.
ജി. ഗോപിമോഹൻ, രാജൻ പിള്ള അനുസ്മരണം നടത്തും. വ്യവസായ പ്രമുഖനും കൊല്ലം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ കെ രവീന്ദ്രനാഥൻ നായർക്ക് ഡോ.രാജ്‌മോഹൻ പിള്ള പുസ്തകം സമർപ്പിക്കും. ചടങ്ങിൽ മീന വസന്ത ഈശ്വര പ്രാർത്ഥന നടത്തും.ഡോ.ജെ . രാജ്‌മോഹൻ പിള്ള സ്വാഗതവും ഉളിയക്കോവിൽ ഉണ്ണികൃഷ്ണൻ നന്ദിയും പറയും.