ന്യൂനപക്ഷങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ്
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പഠനം മുടങ്ങാതിരിക്കാൻ നിരവധി സ്കോളർഷിപ്പുകളും സഹായ പദ്ധതികളുമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചിട്ടുള്ളത്. സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ധനസഹായംകൊണ്ട് ഉദ്ദേശിക്കുന്നത് .
ഇതിൽ പ്രധാനപ്പെട്ടതാണു രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, സിഖ് തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പുകൾ.
പ്രീ-മട്രിക്/പോസ്റ്റ് മട്രിക് സ്കോളർഷിപ്പാണ് ഇതിൽ പ്രധാനം. പത്താം ക്ലാസ് വരെയുള്ളവർക്ക് പ്രീമട്രിക് സ്കോളർഷിപ്പിനും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പോസ്റ്റ് മട്രിക് സ്കോളർഷിപ്പിനും അപേക്ഷിക്കാം. വൊക്കേഷണൽ, ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലെ 11, 12 ക്ലാസുകാർക്കും പോസ്റ്റ് മട്രിക്കിന് യോഗ്യതയുണ്ട്. പ്രഫഷണൽ കോഴ്സിൽ പഠിക്കുന്നവർക്കുള്ള മെരിറ്റ് കം മീൻസ് സ്കോളർഷിപ്പാണു ഏറ്റവും കൂടതൽ വിദ്യാർഥികളെ ആകർഷിക്കുന്ന ഇനം. ഈ മൂന്നു സ്കോളർഷിപ്പുകൾക്കും ഇപ്പോൾ അപേക്ഷിക്കാം.
മെരിറ്റ്-കം-മീൻസ് സ്കോളർഷിപ്
അപേക്ഷകർ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരും കേരളത്തിൽ ജനിച്ചവരുമായിരിക്കണം. കേന്ദ്ര സർക്കാർ അംഗീകരിച്ച പട്ടിക പ്രകാരമുള്ള ഏതെങ്കിലും സാങ്കേതിക/പ്രഫഷണൽ കോഴ്സിനു പഠിക്കുന്നവരായിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കുറഞ്ഞത് 50 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. ഒന്നാം വർഷ പ്രഫഷണൽ ഡിഗ്രി തലത്തിൽ പഠിക്കുന്നവർക്ക് പ്ലസ് ടുവിനു കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ് നൽകുന്നത്. ഡിഗ്രി തലത്തിൽ കിട്ടിയ ആകെ മാർക്കിന്റെ ശതമാനം ആയിരിക്കും പിജി തലത്തിൽ കണക്കാക്കുന്നത്.
അപേക്ഷകർ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിനു മറ്റ് യാതൊരുവിധ സ്കോളർഷിപ്പോ സ്റ്റൈപ്പൻഡോ സ്വീകരിക്കാൻ പാടില്ല. സ്കോളർഷിപ്പിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www. scholarship.gov.in, www.minorityaffairs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഓണ്‍ലൈൻ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു. ഓണ്‍ലൈൻ അപേക്ഷകളുടെ പ്രിന്റൗട്ടോ കോപ്പികളുടെ പകർപ്പോ കോപ്പികളോ അയച്ചു കൊടുക്കേണ്ട.
കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ നിർബന്ധമായും പുതുക്കലിന് അപേക്ഷിക്കണം. മുൻ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് അനുമതി ലഭിച്ചിട്ടും ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കാതിരുന്ന അപേക്ഷകർ ഈ വർഷം പുതുക്കലിനാണ് അപേക്ഷ നൽകേണ്ടത്. പുതുക്കലിനു പകരം പുതുതായി അപേക്ഷ സമർപ്പിച്ചാൽ നിരസിക്കും. ആധാർ കാർഡ് അപേക്ഷയോടൊപ്പം നൽകുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ആധാർ കാർഡ് ഇല്ലാത്തവരുണ്ടെങ്കിൽ 21ലെ എസ്ഒ1284 (ഇ) നന്പരിലുള്ള കേന്ദ്ര ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്ന മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497723630, 0471-2561214 എന്നീ ഫോണ്‍ നന്പരുകളിൽ ബന്ധപ്പെടണം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
പ്രീ-മട്രിക് സ്കോളർഷിപ്
പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള 2018-19 അധ്യയനവർഷത്തെ ന്യൂനപക്ഷ പ്രീ-മട്രിക് ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽതാഴെയുള്ളവരുടെ മക്കൾക്ക് ന്യൂനപക്ഷ പ്രീ-മട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകാം. 2018-19 വർഷത്തേയ്ക്ക് കേരളത്തിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കായി 1,92,789 സ്കോളർഷിപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. കുറഞ്ഞ സ്കോളർഷിപ് തുക 1000 രൂപ. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് തൊട്ടു മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓണ്‍ലൈൻ ആയി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളൂ. അപേക്ഷകരായ കുട്ടികൾക്ക് ആധാർ കൂട്ടിച്ചേർത്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അവസാന തീയതി സെപ്റ്റംബർ 30 ആണ്.
പൊതുവിദ്യാലയങ്ങളിൽ 9.10 ക്ലാസുകളിൽ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികൾക്കായുള്ള പ്രീ-മട്രിക് സ്കോളർഷിപ്പിനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 40 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് വൈകല്യത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയർന്ന സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കും. ഈ ഇനത്തിൽ 1307 പുതിയ സ്കോളർഷിപ്പുകളാണ് ഓരോ വർഷവും കേരളത്തിന് അനുവദിക്കുന്നത്.
2017 നവംബറിൽ എസ്സിഇആർടി നടത്തിയ നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് യോഗ്യതാ പരീക്ഷ വിജയിച്ച കുട്ടികൾക്കും ഇപ്പോൾ നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 2018-19 വർഷത്തേക്ക് 3473 കുട്ടികളെയാണ് നാഷണൽ മീൻസ്- കം മെറിറ്റ് സ്കോളർഷിപ്പിനായി പുതുതായി തെരഞ്ഞെടുത്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് 9496304015, 0471 2580583.
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്
ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2018 -19 വര്‍ഷത്തില്‍ നല്കുന്ന പോസ്റ്റ് മട്രിക് സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്ത തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഗവണ്മെന്റ്/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കൻഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം എംഫില്‍/പിഎച്ച്ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസി തലത്തിലുള്ള ടെക്നിക്കല്‍/വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ മെരിറ്റ് കം -മീന്‍സ് സ്കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരാകണം. കോഴ്സിന്റെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഫ്രഷായി അപേക്ഷിക്കാന്‍ സാധിക്കൂ. കോഴ്സിന്റെ മുന്‍വര്‍ഷം സ്കോളര്‍ഷിപ് ലഭിച്ച വിദ്യാർഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന് ഐഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം. റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബര്‍ 30നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സ്കോളർഷിപ് പോർട്ടൽ
ഇന്ന് സ്കോളർഷിപ്പുകളെല്ലാം ഒരു മൗസ് ക്ലിക്കിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ഇ ഗവേണൻസ് മിഷനാണ് ഇത്തരമൊരു സൗകര്യമൊരുക്കി വിദ്യാർഥി സമൂഹത്തിന് സഹായകരമാകുന്നത്. http://www.scholarship.gov.in എന്ന വെബ്സൈറ്റ് തുറന്നാൽ എല്ലാ വിവരങ്ങളും ലഭ്യമാണ്. സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ ആദ്യമായി ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തങ്ങളുടെ വിവരങ്ങളും ഇമെയിൽ ഐഡിയും പഠിക്കുന്ന സ്ഥാപന വിവരവും നൽകി ന്യൂ യൂസർ രജിസ്ട്രേഷൻ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തയുടൻ ഒരു യൂസർ ഐഡിയും പാസ്വേഡും ലഭ്യമാകും. ഇതുവഴിയാണ് പിന്നീടുള്ള എല്ലാ ഇടപാടുകളും ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാർഥികളെ സഹായിക്കുന്നതിനായി ഓരോ സ്ഥാപനത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്കോളർഷിപ് പോർട്ടലിൽ രജിസ്ട്രേഷന് ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നന്പർ, ആധാർ എൻറോൾമെന്റ് നന്പർ എന്നിവയിലേതെങ്കിലും ഒന്ന് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.