92 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷ

Share:

92 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി 18 000 ഒഴിവുകൾ നികത്താൻ റെയിൽവേ നടത്തിയ ഓൺലൈൻ പരീക്ഷ ചരിത്ര സംഭവമാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷയാണ് റെയില്‍വെ നടത്തിയത്.

പരീക്ഷ ഓൺലൈൻ ആക്കിയതിലൂടെ റെയിൽവേ സംരക്ഷിച്ചത് 4 ലക്ഷം മരങ്ങൾ! ഇന്ത്യന്‍ റെയില്‍വേയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷയുടെ നടത്തിപ്പിനായി ഏകദേശം 319 കോടി എ4 പേപ്പറുകളാണ് ഉപയോഗിക്കുന്നത്. പരീക്ഷ ഓണ്‍ലൈനിലാക്കിയതോടെ പേപ്പറുകള്‍ ഉപയോഗിക്കാതെ ഹരിത പ്രോട്ടോക്കോള്‍ പാലിക്കാനും റെയില്‍വേയ്ക്കു കഴിഞ്ഞു.

351 പരീക്ഷാകേന്ദ്രങ്ങളിലായി 92 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. ഇത്രയും പേർക്ക് പരീക്ഷ എഴുതണമെങ്കിൽ ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളുമായി ചുരുങ്ങിയത് 319 കോടി പേപ്പർ ഷീറ്റുകൾ ആവശ്യമായി വരും.നാല് ലക്ഷം മരങ്ങളെങ്കിലും വെട്ടി പൾപ്പ് ആക്കിയാലേ ഇത്രയും പേപ്പറുകൾ തയ്യാറാക്കാനാകു എന്ന് റയിൽവേ മന്ത്രാലയം അധികൃതർ പറഞ്ഞു.

പരീക്ഷ ക്രമക്കേടുകൾ തടയുന്നതിൻറെ ഭാഗമായാണ് റെയിൽവേ പരീക്ഷ ഓൺലൈൻ ആക്കിയത്.പ്രിലിമിനറി, എഴുത്ത് പരീക്ഷ, അഭിരുചി, ടൈപ്പിങ് സ്‌കില്‍ പരീക്ഷ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലാണ് ഇന്ത്യന്‍ റെയില്‍വേ പരീക്ഷ നടത്തിയത്. മരങ്ങൾ സംരക്ഷിക്കാനും പേപ്പർ ലഭിക്കാനും ക്രമക്കേടുകൾ ഇല്ലാതാക്കാനും കഴിഞ്ഞതിനു പുറമെ സമയ നഷ്ടം ഒഴിവാക്കാനും ഓൺലൈൻ പരീക്ഷയിലൂടെ കഴിഞ്ഞു എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
18 ലക്ഷം പേർ അപേക്ഷിച്ച എൽ ഡി ക്ളർക് പരീക്ഷ ഓൺലൈൻ ആക്കണമെന്നും ക്രമക്കേടുകൾ ഇല്ലാതാക്കാനും ഓ എം ആർ പരീക്ഷയിൽ ഉണ്ടാകാനിടയുള്ള ന്യുനതകൾ ഒഴിവാക്കാനും അതുപകരിക്കുമെന്നും കാട്ടി ‘കരിയർ മാഗസിൻ ‘ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അതിനുള്ള സൗകര്യം പി എസ് സിക്കില്ലെന്നാണ്‌ സാക്ഷരതയിലും ഇ – സാക്ഷരതയിലും മുന്നിൽ നിൽക്കുന്ന കേരള സംസ്ഥാനത്തെ പി എസ് സി അധികാരികൾ കോടതിയോട് പറഞ്ഞത്. ( മലയാള മനോരമ -21 / 4 / 2017 http://www.manoramaonline.com/news/announcements/2017/04/20/06-chn-psc-ldc.html )
നമുക്ക് ലജ്ജിക്കാൻ ഒരു കാരണം കൂടി!!!

Share: