അധ്യാപക പരിശീലനം : നിലവാരം ഉറപ്പാക്കും

485
0
Share:

അധ്യാപക പരിശീലന സ്ഥാപനങ്ങളുടെ നിലവാരം പരിശോധനയിലൂടെ ഉറപ്പാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻറെ നിയന്ത്രണത്തിലുള്ള നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്‍ (എന്‍സിടിഇ) ചെയര്‍മാന്‍ സന്തോഷ് മാത്യു പറഞ്ഞു. അധ്യാപക പരിശീലന സ്ഥാപനങ്ങളിലെ അധ്യാപകരുടെ മേഖലവ യോഗങ്ങള്‍ ബിഹാര്‍, മഹാരാഷ്ട്ര, കൊച്ചി എന്നിവിടങ്ങളില്‍ നടന്നു. കുസാറ്റില്‍ നടന്ന യോഗത്തില്‍ കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അധ്യാപകരാണ് പങ്കെടുത്തത്. ഇതിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് മാത്യു.

സ്ഥാപനങ്ങളുടെ നിലവാരപരിശോധനയില്‍ ഭൌതിക ആസ്തിക്ക് 10 മാര്‍ക്കും അക്കാദമിക ആസ്തിക്ക് 20 മാര്‍ക്കും അധ്യയന-അധ്യാപന മേന്മയ്ക്ക് 30 മാര്‍ക്കും വിദ്യാര്‍ഥികളുടെ പഠനമികവിന് 40 മാര്‍ക്കുമാണുള്ളത്. പരിശോധന പൂര്‍ണമായും ഡിജിറ്റല്‍സങ്കേതങ്ങള്‍ ഉപയോഗിച്ചാകും. 2018 മാര്‍ച്ചോടെ പരിശോധന പൂര്‍ത്തിയാക്കി ഗ്രേഡ് നല്‍കും. സ്ഥാപനങ്ങളുടെ നിലവാരം ഉയരുന്നതോടെ വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസത്തിന്റെയും നിലവാരം ഉയരും. അംഗീകാരമില്ലാത്തവ സ്വാഭാവികമായും പൂട്ടിപ്പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയില്‍ ലഭിക്കുന്ന മാര്‍ക്കനുസരിച്ച് സ്ഥാപനങ്ങളെ എ, ബി, സി, ഡി ക്രമത്തില്‍ നാലായി തിരിക്കും. ഡി വിഭാഗത്തെ അടുത്ത അധ്യയനവര്‍ഷംമുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സി വിഭാഗത്തിന് രണ്ടാമതൊരു അവസരംകൂടി നല്‍കും. ബി ഗ്രേഡ് കിട്ടിയവയ്ക്ക് എന്‍സിടിഇ നിബന്ധനകള്‍ക്കു വിധേയമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ എ ഗ്രേഡ് കിട്ടിയ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാം. ഒരിക്കല്‍ എ ഗ്രേഡ് നേടിയവര്‍ക്ക് തുടര്‍ന്ന് ഒരു പരിശോധനയും ഉണ്ടാകില്ല. ഫീസ്നിരക്ക് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അവര്‍ക്ക് സ്വയം തീരുമാനിക്കാമെന്നും സന്തോഷ് മാത്യു പറഞ്ഞു. എന്‍സിടിഇ മെമ്പര്‍ സെക്രട്ടറി സഞ്ജയ് അവസ്തിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share: