മിശ്രഭോജനത്തിൻറെ നൂറാം വർഷം

707
0
Share:
ജി വാസുദേവൻ /
ജാതിക്കോയ്മക്ക് കനത്ത പ്രഹരമേല്‍പിച്ച മിശ്രഭോജനത്തിൻറെ  നൂറാം വർഷം ( 2017 മെയ് 29 ).  ജന്മിത്തവും ഉച്ചനീചത്വവും കൊടികുത്തിവാണ 1917 മെയ് 29 നാണ് സഹോദരൻ അയ്യപ്പൻറെ  നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ മിശ്രഭോജനം നടത്തുന്നത്. ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി ചെറായിയിൽ നടത്തിയ  മിശ്രഭോജനം കേരള ചരിത്രത്തിൽ ജാതി വ്യവസ്ഥാക്കെതിരെ നടത്തിയ ചരിത്ര സംഭവമായി മാറി.
താഴ്ന്ന ജാതിക്കാരെ മനുഷ്യരായി കാണാന്‍പോലും തയ്യാറാകാത്ത കാലം. കീഴ്ജാതിക്കാര്‍ക്കൊപ്പം നടക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ആലോചിക്കാന്‍പോലും പറ്റാതിരുന്ന കാലത്താണ് സാമൂഹ്യമാറ്റത്തിന് കരുത്തുപകര്‍ന്ന മിശ്ര ഭോജനത്തിന് സഹോദരൻ അയ്യപ്പൻ  തീരുമാനിച്ചത്. ഇത് സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ വിവരണാതീതം.
മിശ്രഭോജനം നടത്താൻ അയ്യപ്പൻ  സുഹൃത്തുക്കളോടൊപ്പം  തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ചെയ്തു. . സ്നേഹിതനായ കെ.കെ.അച്യുതൻ മാസ്റ്റർക്കു പരിചയമുള്ള വള്ളോൻ, ചാത്തൻ എന്നീ അധഃകൃതവിദ്യാർത്ഥികളെ മിശ്രഭോജനത്തിൽ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും കഴിച്ചു.മിശ്രഭോജനം, ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു കാരണമായി. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.
പ്രതീക്ഷിച്ചതിനേക്കാളും ഭയങ്കരമായിരുന്നു പ്രതികരണം. അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാ‍നം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർദ്ധിനിസഭയിൽ നിന്ന് പുറത്താക്കി. അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ പല വീട്ടിലും കയറ്റാതായി. വിജ്ഞാനവർദ്ധിനി സഭയുടെ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്, കൂടാതെ തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ അയ്യപ്പൻ മുഖാന്തരം അറിയിച്ചാൽ മതിയെന്നും ഉത്തരവിട്ടു.
ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തി തീർക്കാനായി യാഥാസ്ഥിതികരായ ചിലർ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ സംശയനിവർത്തിക്കായി ശ്രീനാരായണ ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു ഗുരു.( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല”).ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.
സാമൂഹിക പരിഷ്കര്‍ത്താവും സമത്വവാദിയുമായിരുന്ന സഹോദരന്‍ അയ്യപ്പന്‍ ശാസ്ത്രബദ്ധമായി ചിന്തിക്കുകയും യുക്തിഭദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാള്‍ കൂടിയായിരുന്നു. ജാതിചിന്തയ്ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. മിശ്രവിവാഹം ജാതിവിശ്വാസം മാറ്റാനുള്ള ഒരു ഉപാധിയാണെന്ന് അദ്ദേഹം മനസിലാക്കി. അതുകൊണ്ട് ഒട്ടേറെ മിശ്രവിവാഹ സംഘങ്ങള്‍ക്ക് രൂപം നല്‍കി.
സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ചു മാറ്റാനുള്ള ഏക ഉപാധി യുക്തിവിചാരം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് നാടെങ്ങും യുക്തിവാദി സംഘടനകള്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം മുന്‍‌കൈയെടുത്തു.
ശ്രീനാരായണ ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന അയ്യപ്പന്‍ അഹിംസയിലും അക്രമരാഹിത്യത്തിലും വിശ്വസിച്ചു. പക്ഷെ, അദ്ദേഹത്തിനു സ്വജാതിയില്‍ നിന്നുപോലും എതിര്‍പ്പുകളും ഭത്സനങ്ങളും നേരിടേണ്ടിവന്നു.
മനുഷ്യന്‍റെ വേഷവും ഭാഷയും മതവും ഏതായിരുന്നാലും ജാതി ഒന്നാണ് എന്ന ശ്രീനാരായണ ഗുരുവിന്‍റെ ഉപദേശം കണക്കിലെടുത്ത് അദ്ദേഹം പന്തി ഭോജനത്തിനും മിശ്രഭോജനത്തിനും  നേതൃത്വം നല്‍കി.
അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പന്‍. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെ അശ്ലീലതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തു. തിരുവിതാം‌കൂര്‍ മഹാറാണി ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് കല്‍പ്പിച്ചിരുന്നു. എന്നാല്‍ കൊച്ചി രാജാവ് അതിനു തയാറായില്ല. പെണ്ണായ മഹാറാണിക്ക് കഴിഞ്ഞത് ആണായ താങ്കള്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാജാവിന്‍റെ മുഖത്തു നോക്കി അയ്യപ്പന്‍ ചോദിച്ചിരുന്നു.
ചെറായിയിലെ കുമ്പളത്തു വീട്ടിലെ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടേയും ഇളയ മകനായിരുന്നു അയ്യപ്പന്‍. 1889 ഓഗസ്റ്റ് 22 ന് (1065 ചിങ്ങം ഏഴിന്) ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
കോഴിക്കോട്ട് പോയി പഠിച്ചതുകൊണ്ട് അദ്ദേഹത്തിന്‍റെ ചിന്തയില്‍ ആധുനിക പ്രവണതകള്‍ മുളപൊട്ടി. മഹാകവി കുമാരനാശാന്‍, ശ്രീനാരായണ ഗുരു എന്നിവരുമായുള്ള സമ്പര്‍ക്കം ഒരു സാധാരണക്കാരനായ അദ്ദേഹത്തെ അധ:സ്ഥിതരുടെ സഹോദരനാക്കി മാറ്റി.
1917ൽ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു.[മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പൻ കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരനയ്യപ്പൻ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. ചെറായി രാമവർമ്മ സ്കൂളിൽ കുറേ നാൾ അദ്ധ്യാപകനായിരുന്നു. കിട്ടുന്ന ശമ്പളം പൊതുപ്രവർത്തനത്തിനുപയോഗിച്ചു.
1917-ൽ (1093 കന്നിമാസത്തിൽ) മാസിക എന്ന നിലയിൽ സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങി. അയ്യപ്പൻ തന്നെയായിരുന്നു പത്രാധിപർ. പറവൂർ എസ്.പി. പ്രസ്സിൽ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് ഈ മാസികയുടെ പ്രഥമ ലക്കങ്ങൾ പ്രസിദ്ധീകൃതമായത്.കേരളത്തിൻറെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും ഈ പത്രം നൽകിയ സംഭാ‍വന അമൂല്യമാണ്. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം. കേൾക്കുന്ന സമയത്തുമാത്രമേ പ്രസംഗങ്ങൾക്ക് ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളുവെന്നും സാവധാനത്തിൽ അത് കെട്ടടങ്ങുമെന്നും അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ചത്. സാമ്പത്തികമായി കഠിനയാതനകൾ സഹിച്ചുകൊണ്ടാണ് ‘സഹോദരൻ’ പത്രം  പ്രസിദ്ധീകരിച്ചത്.
ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരൻ അയ്യപ്പൻ പ്രവർത്തിച്ചിരുന്നു. മാർക്സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങൾ ആദ്യം മനസ്സിലാക്കുന്നത് സഹോദരൻ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ആണ്.
 കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയും അദ്ദേഹമായിരുന്നു. 1928ൽ ആരംഭിച്ച ‘യുക്തിവാദി’ മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.
ജാതി വ്യത്യാസമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാനായിരുന്നു അദ്ദേഹം എപ്പോഴും ശ്രമിച്ചത്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും സഹോദരന്‍ അയ്യപ്പന്‍ നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്.
പി എസ് സി പരീക്ഷയിൽ സഹോദൻ അയ്യപ്പനുമായി ബന്ധപ്പെട്ട്  വന്നിട്ടുള്ള ചോദ്യങ്ങൾ:
1.മിശ്രഭോജനം സംഘടിപ്പിച്ചത്?
2. ‘സഹോദരൻ’ മാസികയുടെ പ്രത്രാധിപർ ?
3. ‘യുക്തിവാദി’ എന്ന പ്രസിദ്ധീകരണത്തിൻറെ സ്ഥാപകൻ?
4. തിരുകൊച്ചി മന്ത്രിസഭയിൽ അംഗമായ നവോത്‌ഥാന നായകൻ?
5. സഹോദൻ അയ്യപ്പൻ അന്തരിച്ച വർഷം – (1968 )
6. “ജാതി വേണ്ട , മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ” എന്നുപറഞ്ഞത് ?
7. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ? ( വിദ്യാപോഷിണി )
8. ജാതി വ്യവസ്ഥക്കെതിരെ മിശ്രഭോജനം പ്രോത്സാഹിപ്പിച്ചത് ഏത് സഘടനയാണ്? ( സഹോദരസംഘം )
9. മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
10 മരുമക്കത്തായം തീയ്യബിൽ, മക്കത്തായം തീയ്യബിൽ,സിവിൽ മാര്യേജ് ബിൽ എന്നിവ നിയമസഭയിൽ അവതരിപ്പിച്ചത്?
11. ‘ഈഴവോൽബോധനം’ എന്ന കവിത രചിച്ചത്?
 12. ‘ശ്രീനാരായണ സേവികാ സമാജം’ ആരംഭിച്ചത്?
Share: