സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനം
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ ദിവസവേതനത്തിന് താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതിനൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തസ്തിക നിർണയ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സ്ഥിരം നിയമന നടപടികൾ വൈകുമെന്ന് കണ്ടാണ് വ്യവസ്ഥകൾക്ക് വിധേയമായി നിയമനത്തിന് അനുമതിനൽകിയത്.
നിലവിലെ തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്ന് കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നെങ്കിൽ ആ കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ പാടില്ല. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിക്കണം. ഇൗ വർഷത്തെ തസ്തിക നിർണയം കഴിഞ്ഞാൽ ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
പി.എസ്.സി റാങ്ക് പട്ടിക നിലനിൽക്കുന്ന ജില്ലകളിൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷകരായുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകിയായിരിക്കണം താൽക്കാലിക നിയമനം നടത്തേണ്ടത്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന പ്രൈമറി സ്കൂൾ അധ്യാപകർക്ക് പ്രതിദിനം 850 രൂപയും പ്രതിമാസം പരമാവധി 24650 രൂപയും വേതനമായി അനുവദിക്കും.
ഹൈസ്കൂൾ അധ്യാപകർക്ക് പ്രതിദിനം 975 രൂപയും പ്രതിമാസം പരമാവധി 29200 രൂപയും അനുവദിക്കും. പാർട്ടൈം ഹൈസ്കൂൾ ഭാഷ അധ്യാപകർക്ക് പ്രതിദിനം 675 രൂപയും മാസത്തിൽ പരമാവധി 18900 രൂപയും പ്രൈമറി സ്കൂൾ പാർട്ടൈം ഭാഷാധ്യാപകർക്ക് ദിവസം 650 രൂപയും വേതനമായി അനുവദിക്കും.
തസ്തിക നിർണയം നടക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് താൽക്കാലിക നിയമനത്തിന് അനുമതിനൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ആറാം പ്രവൃത്തിദിനത്തിൽ കുട്ടികളുടെ കണക്കെടുപ്പ് നടത്തിയ ശേഷമായിരിക്കും ഇൗവർഷത്തെ തസ്തിക നിർണയ നടപടികളിലേക്ക് പ്രവേശിക്കൂ.