ദി ഗ്യാപ് – ഗിന്നസ് ലക്ഷ്യങ്ങളോടെ ഒരു മലയാള സിനിമ

Share:

മലയാളത്തിലെ ആദ്യ ക്യാമ്പസ് സിനിമ പുനർജനിക്കുന്നു. 1975 ൽ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ ജന്മം കൊണ്ട ‘ദി ഗ്യാപ്’ എന്ന ലഘു ചിത്രത്തിന്റെ ശിൽപികൾ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ പൂർവ്വ വിദ്യാർഥി ദിനമായ ജനുവരി 26 ന് പുതിയൊരു മാധ്യമ സങ്കൽപ്പത്തിന് തിരികൊളുത്തുന്നു. ദി ഗ്യാപ് നിർമ്മിച്ച് 43 വർഷം പിന്നിടുമ്പോൾ , സിനിമയിൽ ഒരു ലോക റെക്കോർഡിനെക്കുറിച്ചാണ് ഡോ. സുബ്രഹ്മണ്യൻ ചിന്തിക്കുന്നത്. ദി ഗ്യാപ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഡോ. സുബ്രഹ്മണ്യൻ ഇന്ന് മൂന്ന് ലോക റെക്കോർഡുകളുടെ ഉടമയും ഗിന്നസ് ജേതാവുമാണ്. ഡോ. എ പി ജെ അബ്ദുൾകലാം റിസേർച് സെന്റർ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഡോ. സുബ്രഹ്മണ്യൻ ഓൺലൈൻ വിദ്യാഭ്യാസം , നവ മാധ്യമം, അനിമേഷൻ എന്നീ മേഖലകളിലാണ് ഗിന്നസ് / ലിംക റെക്കോർഡിന് ഉടമയായിട്ടുള്ളത്.വിദ്യാർഥികൾ മാത്രം ചേർന്ന് ഒരു സിനിമ എന്ന ആശയം അവതരിപ്പിക്കുകയും അത് യാഥാർഥ്യമാക്കുകയും ചെയ്ത സുബ്രഹ്മണ്യനും സുഹൃത്തുക്കളും ഒത്തു ചേരുന്നത് ‘ദി ഗ്യാപ്’ എന്നപേരിൽ മാറിയ കാലഘട്ടം ഉയർത്തുന്ന പുത്തൻ വ്യതിയാനങ്ങൾ കഥാചിത്രമായി അവതരിപ്പിക്കുവാനാണ്. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം സിനിമയിൽ ലോക റെക്കോർഡ് ആകും വിധം ചിത്രീകരിക്കാനാണ് പുതിയ ശ്രമം.
‘ദി ഗ്യാപ്’ എന്ന ഹൃസ്വ ചിത്രത്തിന് കഥയും തിരക്കഥയുമെഴുതുകയും അതിൽ നായകനായി അഭിനയിക്കുകയും ചെയ്ത രാജൻ പി തൊടിയൂർ , നിയമവും നീതിയും നേരിടുന്ന അന്തരത്തെക്കുറിച്ചാണ് പുതിയ കഥയിൽ പരാമർശിക്കുന്നത്. കലാലയ ജീവിതത്തിൻറെ പശ്ചാത്തലത്തിൽ തലമുറകൾ തമ്മിലുള്ള അന്തരത്തെക്കുറിച്ചു 1975 ൽ ‘ദി ഗ്യാപ് ‘ ചർച്ച ചെയ്തെങ്കിൽ 2018 ൽ മാറിയ സാമൂഹ്യ- രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലത്തിൽ പുതിയ പ്രശ്നങ്ങളാണ് സമൂഹം നേരിടുന്നത്. ഈ സിനിമ ഒരു ലോക റെക്കോർഡായിരിക്കും മലയാള സിനിമക്ക് നൽകുന്നതെന്നു, രാജൻ പി തൊടിയൂർ പറഞ്ഞു. മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം, കരിയർ മാഗസിൻ, ആദ്യ ഡിജിറ്റൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം , ആദ്യ ഇൻഫൊർമേഴ്‌സ്യൽ ടി വി ചാനൽ വിഷൻ ടി വി , ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് എന്നിവയുടെ ഉപജ്ഞാതാവും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ് രാജൻ പി തൊടിയൂർ ഇന്ന്.
മലയാള സിനിമയിലെ മികച്ചപ്രതിഭകൾ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ നിന്നുമുണ്ടായിട്ടുണ്ട്. ഭരതും പദ്മശ്രീയും നേടിയ ബാലചന്ദ്രമേനോൻ, സുരേഷ് ഗോപി, തുടങ്ങിയവർ. 1975 ൽ ‘ദി ഗ്യാപ് ‘ എന്ന ചിത്രവുമായി ചേർന്ന് പ്രവർത്തിച്ച വരെക്കൂടാതെ ഇത്തരമൊരു സംരംഭവുമായി സഹകരിക്കാൻ താല്പര്യമുള്ള ഏവരെയും ഉൾപ്പെടുത്തയായിരിക്കും ‘ദി ഗ്യാപ്’ പുനജ്ജനിക്കുന്നതെന്ന് ഡോ. സുബ്രഹ്മണ്യൻ അറിയിച്ചു.

അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിവെച്ച കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും അദ്ദേഹത്തിൻറെ ചിത്രങ്ങളും മലയാള സിനിമക്കും സിനിമ ചരിത്രത്തിനും നൽകിയ സംഭാവനകൾ എക്കാലവും മലയാളി മനസ്സിലുണ്ടാകും. ‘ദി ഗ്യാപ് ‘ എന്ന ഹൃസ്വചിത്രം ജന്മം കൊണ്ട സാഹചര്യം രാജൻ പി തൊടിയൂർ വിശദീകരിച്ചു. “കേരളത്തിൽ ഫിലിം സൊസൈറ്റികൾ വ്യാപകമാവുകയും ലോകത്തിലെ മികച്ച ചലച്ചിത്ര രചനകൾ കാണാൻ അവസരമുണ്ടാകുകയും ചെയ്തപ്പോൾ കലാലയങ്ങളിലും ചലച്ചിത്ര മാധ്യമത്തെ കുറിച്ചുള്ള പുനർവിചിന്തനങ്ങൾ ഉണ്ടായി. കോളേജ് ഫിലിം ക്ലബ്ബുകൾ രൂപം കൊണ്ടു . അവിടെ നിന്നാണ് ക്യാമ്പസ്‌ സിനിമകൾ പിറവി എടുത്തത്‌.

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഫിലിം ക്ലബ്‌ അന്ന് ഏറ്റവും സജീവമായിരുന്ന ഒന്നാണ്. അതുപോലെ മറ്റു പല കോളേ ജുകളും ഫിലിം ക്ലബുകൾക്ക് രൂപം നല്കി. അതിനു നേത്രുത്വം നൽകിയതും ചിത്രലേഖ യായിരുന്നു.

കോളേജ് വിദ്യാർഥികളുടെ സിനിമാ ചിന്തകൾ, ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് തിയേ റ്റ റിലേക്ക് മുങ്ങുക എന്നതിൽ നിന്നും സിനിമ എന്ന കലാ മാധ്യമത്തെ ക്കുറിച്ചും ലോകസിനിമയെ ക്കുറിച്ചും മനസിലാക്കുക, ക്ലാസ്സിക്ക് ചിത്രങ്ങൾ കാണുക, അവയെ കുറിച്ച് ചർച്ച ചെയ്യുക എന്നതിലെക്കെത്തി . കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഓഡിടോറിയം ലോക ക്ലാസ്സിക്കുകൾ പ്രദർ ശിപ്പിക്കുന്നതിനുളള വേദിയായി . ചാർളി ചാപ്ലിനും വിറ്റോറിയ ഡിസീകയും കാബിനെറ്റ്‌ ഓഫ് ഡോക്ടർ കലിഗരിയും അവിടെയെത്താൻ മുൻകൈ എടുത്തത്‌ അന്നത്തെ പ്രിൻസിപ്പൽ റോസാറിയോ അച്ചനും ജേക്കബ്‌ സാറും ജോർജ് സാറും ഒക്കെയാണ്. സിനിമയെ ക്കുറിച്ച് അന്നേ ‘സിനിരമ’ യിൽ എഴുതിയിരുന്നതിനാലാകം ഫാത്തിമ മാതാ കോളേജിലെ പെണ്‍കുട്ടികളുടെ ഇരിപ്പിടത്തിനു ചുറ്റും കറങ്ങിനടന്നി രുന്ന എന്നെ തോളിൽ കൈയിട്ട് പ്രിൻസിപ്പൽ അച്ചൻ മുറിയിൽ കൊണ്ടുപോയി ഫിലിം ക്ലബിൻറെ സെക്രട്ടറി ആക്കി.

‘അധികാരം ‘ കിട്ടിയപ്പോൾ ചിത്രലേഖ കോളേജ് ഫിലിം ക്ലബുകളെ അവഗണിക്കുന്നു എന്നപേരിൽ ‘സിനിരമ’ യിൽ എഴുതിയതും കുളത്തൂർ ഭാസ്‌കരൻ നായർ ചിത്രലേഖയിൽ വിളിച്ചു ഉടുപ്പിനു പിടിച്ചു ചോദ്യം ചെയ്തതും അടൂർജി ഇടപെട്ട് അടിയിൽ നിന്ന് രക്ഷപ്പെടുത്തിയതും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. പക്ഷെ നീണ്ടു നിൽക്കുന്ന സൗ ഹൃദത്തിനു അത് കാരണമായി.

കോളേജ് ലൈബ്രറി യിൽ സിനിമയെ ക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങാൻ പൂനയിലെ ‘മാനി’ ബുക്ക്‌ സ്റ്റാൾ പറഞ്ഞു തന്നതും അടൂർജി. പുസ്തകങ്ങൾ വന്നപ്പോൾ ലോക സിനിമ കുറേക്കൂടി അടുത്തു. ചലച്ചിത്ര പ്രസ്ഥാനങ്ങൾ …അവാങ്ങ് ഗാദ് , ഫ്രീ ഫിലിം മൂവ് മെൻറ് , ന്യൂ വേവ് …ഗൊദാദ് ..ആൻഡി വാറോൾ …
അങ്ങിനെയാണ് ആദ്യത്തെ ക്യാമ്പസ്‌ സിനിമ ഫാത്തിമ കോളേജിൽ ജന്മം കൊള്ളുന്നത്‌. 1975-ൽ. ‘ദി ഗ്യാപ് ‘.

തോപ്പിൽ ഭാസിയും അടൂർ ഗോപാലകൃഷ്ണനും കാമ്പിശ്ശേരി കരുണാകരനും തെങ്ങമം ബാലകൃഷ്ണനും അച്ചാണി രവിയും ദേവാനന്ദും ബാലചന്ദ്ര മേനോനും ഹരികുമാറും ഒക്കെ പകർന്നു തന്ന ഊർജം അതിനു പിന്നിലുണ്ടായിരുന്നു.

എഴുപതുകളിൽ, മൂവി ക്യാമറ എന്നത് മലയാളി വിദ്യാർഥിയുടെ സ്വപ്നത്തിൽ പോലുമില്ലാത്ത കാലത്താണ് ഞങ്ങൾ ക്യാമ്പസ്‌ സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. സുബ്രമണ്യ ത്തിൻറെ അച്ഛന് സ്റ്റുഡിയോ ഉണ്ട് സ്റ്റിൽ ക്യാമറയുണ്ട്. സൂര്യകുമാർ കെ ഷാ യുടെ വീട്ടിൽ മൂവി ക്യാമറയുണ്ട്. കൊഡാക് റിവേർസ് ഫിലിം ഇറക്കുന്നുണ്ട്. ഇത്രയുമായപ്പോൾ ധൈര്യമായി . ഞാൻ എഴുതിയ തിരക്കഥയും ഏവര്ക്കുമിഷ്ടമായി. സുബ്രമണ്യം സംവിധാനം. വേണു ബി നായർ സഹ സംവിധാനം. സൂര്യകുമാർ ക്യാമറ.

ആദ്യത്തെ വാർത്ത സിനിരമയിൽ പ്രസിദ്ധീകരിച്ചിട്ട് , കാമ്പിശ്ശേരി ചോദിച്ചു, ” ഇത് വല്ലതും നടക്കുവോടെ?”

അഭിനയിക്കാൻ ഒരു പെണ്‍കുട്ടിയെ തേടിയപ്പോഴും അത് തന്നെയായിരുന്നു ചോദ്യം. പക്ഷെ മോളി തയ്യാറായി. മറ്റൊരു പെണ്‍ കുട്ടിയെ കിട്ടാത്തത് കൊണ്ട് ഒരു അമ്മ വേഷം വേണ്ടെന്നു വെച്ചു . തോമസ്‌ പണിക്കർ, സാം , രാജശേഖരൻ , അപ്പുക്കുട്ടൻ , ഓമനക്കുട്ടൻ, പിയേർസണ്‍ , സ്കോബിൾ ജോർജ് എന്നിവരൊക്കെ അഭിനയിച്ചു. നാല്പതു മിനിട്ടോളം വരുന്ന ‘ദി ഗ്യാ പ്‌’ അദ്ധ്യാപകർക്കും പത്രക്കാർക്കും മുന്നിൽ പ്രദർശിപ്പിച്ചു. റൊസാറിയോ അച്ചൻ തോളിൽ തട്ടി. പത്രങ്ങൾ എഴുതി .

കേരളത്തിലെ ആദ്യത്തെ ക്യാമ്പസ്‌ സിനിമ , ‘ദി ഗ്യാ പ്‌’ ഫാത്തിമ കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.

മറ്റു കോളേജ് കളിലെ ചലച്ചിത്ര ക്യാമ്പ് കളിലേക്ക് ക്ഷണം. അങ്ങിനെ ഒരു ക്യാമ്പിൽ വെച്ചാണ്‌ സണ്ണി ജോസെഫിനെ പരിചയ പ്പെടുന്നത്. സണ്ണി പറഞ്ഞു, ”ഞങ്ങളും ഒരു ക്യാമ്പസ്‌ സിനിമ ആലോചിക്കുകയാണ്. സ്വിച്ച് ഓണ്‍ ചെയ്യാൻ വരണം”.

സണ്ണി ജോസഫ്‌, ഡെന്നിസ് ജോസഫ്‌, ഗായത്രി അശോകൻ , വയലാർ മാധവൻ കുട്ടി. അങ്ങനെ ഒരു സംഘം. ‘ഒടുക്കം’ അതായിരുന്നു സണ്ണിയുടെ ചിത്രം.

ഇന്നിപ്പോൾ ക്യാമ്പസ്‌ സിനിമ വ്യപകമാകുമ്പോൾ , യുവതലമുറയിൽ ചിത്രലേഖ പകർന്ന ഊർജം, ഒരു പുതിയ ചലച്ചിത്ര സംസ്കാരത്തിന് എത്ര മാത്രം ഉതകി എന്നത് കൂടി തിരിച്ചറിയണമെങ്കിൽ ‘ദി ഗ്യാപ് ‘ കൂടി അറിഞ്ഞിരിക്കണം.

സിനിമാപഠനം ഇന്നിപ്പോൾ സർവകലാശാലകളിൽ പഠനവിഷയമായിരിക്കുന്നു. പുതിയ സാങ്കേതിക സൗകര്യങ്ങൾ ‘മൊബൈൽ ഫോണ്‍’ ഉപയോഗിച്ചും സിനിമ എടുക്കാം എന്നതിൽ എത്തിച്ചിരിക്കുന്നു. അബുദാബി കൾച്ചറൽ ഫൌണ്ടേഷൻ നടത്തിയ ‘ക്യാമ്പസ്‌ ഫിലിം ഫെസ്റ്റിവലിൽ മുന്നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ആൻഡി വാറോൾ പറഞ്ഞതിന് കൂടുതൽ പ്രസക്തി ഏറുന്നു .

ചിത്രലേഖ പകർന്നു തന്ന പുത്തൻ അറിവുകളും തലമുറകളിലേക്ക് പകരുംപോൾ നമ്മുടെ ദൃശ്യ മാധ്യമ രംഗം കൂടുതൽ സജീവമാകുന്നു. ജനുവരി 26ന് ഫാത്തിമ കോളേജിൽ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ, അനിൽ സേവിയർ ഐ എ എസിൻറെ അദ്ധ്യക്ഷതയിൽ യോഗത്തിൽ പ്രസംഗിക്കവെ ഡോ. സുബ്രമണിയൻ , പറഞ്ഞു : ‘ദി ഗ്യാപ് ‘ ഫീച്ചർ ഫിലിം ആകുന്നു. ലോക റിക്കോർഡ് ലക്ഷ്യം വെച്ച് ഒരു മലയാള സിനിമ. കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കും ചലച്ചിത്ര പ്രവർത്തകർക്കും ഇതിൽ ഇടമുണ്ടാകും.”

Share: