മാധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുത് – ശശികുമാര്‍

Share:

മാധ്യമരംഗത്തുണ്ടാകുന്ന വളര്‍ച്ച മാധ്യമപ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ അഭിപ്രായപ്പെട്ടു.
പൊതുതാത്പര്യത്തില്‍ നിന്ന് വിപണിതാത്പര്യത്തിലേക്ക് മാധ്യമങ്ങള്‍ മാറിയതായും വിശ്വാസ്യതാനഷ്ടം മറികടക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളില്‍നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ ‘മാധ്യമരംഗം: പുതിയകാലം, പുതിയവെല്ലുവിളികള്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുതാത്പര്യസ്വഭാവം തിരിച്ചുപിടിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ മാധ്യമങ്ങളില്‍നിന്നുണ്ടാകണം. അങ്ങനെവന്നാല്‍ മാധ്യമങ്ങളും ജനങ്ങളുമായുള്ള അകലം കുറയും.
ഗാന്ധിജിയെപ്പോലുള്ളവര്‍ പത്രപ്രവര്‍ത്തനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം വരെ നേടിത്തന്നത്. പൊതുതാത്പര്യമെന്ന ഉത്തരവാദിത്വം നിറവേറ്റിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം ലാഭലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
മാധ്യമങ്ങള്‍ മധ്യവര്‍ഗത്തെയാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ഗ്രാമീണ ഇന്ത്യയിലേയും വളരെക്കുറച്ച് വാര്‍ത്തകള്‍ മാത്രമാണ് മാധ്യമചര്‍ച്ചയാകുന്നത്. വരുന്നവയാകട്ടെ പലപ്പോഴും പതിവുചട്ടക്കൂടുകളില്‍പെട്ടവയാണ്. 70 ശതമാനത്തിലധികം ഗ്രാമീണ ഇന്ത്യയും തമസ്‌കരിക്കപ്പെടുകയാണ്.
മാധ്യമങ്ങള്‍ക്ക് ഒരുപാട് തിരുത്തലുകള്‍ ആവശ്യമാണ്. അധികാരകേന്ദ്രങ്ങള്‍ക്ക് ഉപദേശകശക്തിയായും തിരുത്തല്‍ശക്തിയായും മാധ്യമങ്ങള്‍ നിലനില്‍ക്കണം. എന്നാല്‍ രാഷ്ട്രീയനേതൃത്വത്തെയാകെ മോശമാക്കുന്ന സമീപനം ശരിയാണെന്ന് കരുതുന്നില്ല. സമൂഹമാധ്യമങ്ങള്‍ ഇന്ന് മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ പറയുന്നതുമാത്രം അറിഞ്ഞാല്‍ മതിയെന്ന മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടിനെ ഒരുപരിധിവരെ തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്കായി. പലപ്പോഴും വലിയ സ്‌റ്റോറികള്‍ ബ്രേക്ക് ചെയ്യുകയോ, സ്‌റ്റോറികള്‍ക്കുള്ള വഴിതുറന്നിടുകയോ ചെയ്യുന്നുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ കൃത്യമല്ലാത്തതും വ്യാജവുമായ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും മുഖ്യധാരയ്ക്ക് ഒരു വെല്ലുവിളി തന്നെയാണിവ.
ദേശീയതലത്തില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍, അടിയന്തരാവസ്ഥക്കാലത്ത് കണ്ടതിനേക്കാള്‍ അധികാരികള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന അവസ്ഥയാണ്. അമേരിക്ക പോലുള്ളിടങ്ങളില്‍ വ്യത്യസ്തമായി പ്രസിഡന്റിനെ വിമര്‍ശിക്കുന്നവരും പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നതുമായ മാധ്യമങ്ങളാണ് അധികവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെക്കാലത്ത് സ്വതന്ത്രമായ മാധ്യമങ്ങളില്ലാതെ മനുഷ്യന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാവില്ലെന്ന് ‘മാധ്യമരംഗം: പ്രത്യാശകള്‍, സന്ദേഹങ്ങള്‍’ എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച മുതിര്‍ന്ന മാധ്യമനിരീക്ഷകനായ ഡോ. സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടു. കഠിനമായ സാഹചര്യങ്ങളിലൂടെ പിറവിയെടുത്ത ഇന്ത്യന്‍ പത്രപ്രവര്‍ത്തനം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. രൂപത്തിലും ഭാവത്തിലും മാധ്യമങ്ങള്‍ക്ക് മാറ്റം വന്നേക്കാം. എന്നാല്‍ ഈ രീതിയില്‍ തന്നെയാണോ മാധ്യപ്രവര്‍ത്തനം മുന്നോട്ടുപോകേണ്ടത് എന്ന സന്ദേഹം സമൂഹത്തിനുണ്ട്.
വ്യക്തിയുടെ ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യമാണ് മാധ്യമസ്വാതന്ത്ര്യം. കോര്‍പറേറ്റുകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്ന ഒന്നായി മാധ്യമങ്ങള്‍ മാറി. ഇന്ന് ഭരണകൂടവുമായി ഏറ്റുമുട്ടാതെ ‘കംഫര്‍ട്ട് സോണി’ല്‍ പോകാനാണ് ദേശീയമാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമായ അവസ്ഥയാണ്.
ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റിയാല്‍ ജനങ്ങളും മാധ്യമങ്ങളെ സംരക്ഷിക്കും. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങള്‍ ഇടപെട്ടാണ് ഏകാധിപത്യഭരണം ഇല്ലാതാക്കിയത്. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നുണ്ടോ, അറിയുന്നതിനുള്ള അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം.
വാര്‍ത്തകള്‍ നല്‍കുന്നതിനപ്പുറം നമ്മെ പഠിപ്പിക്കുകയും, പ്രബോധിപ്പിക്കുകയും, പ്രക്ഷോഭകന്റെയും വഴികാട്ടിയുടേയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യത്തില്‍ മാധ്യമങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ അവരവരുടെ സ്ഥാപനമെന്ന തുരുത്തിലാണ് ജീവിക്കുന്നതെന്ന് സെമിനാറില്‍ ആദ്യ സെഷനില്‍ മോഡറേറ്ററായിരുന്ന ദി ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ പറഞ്ഞു. ആ തുരുത്തിനപ്പുറത്തെ ലോകത്തെക്കുറിച്ച് ഓര്‍ക്കുന്നത് അപൂര്‍വമായാണ്. സങ്കീര്‍ണത കലര്‍ന്ന തൊഴിലാണ് മാധ്യമപ്രവര്‍ത്തനമെങ്കിലും ആത്മവിമര്‍ശനം വേണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹം ഫാസിസ്റ്റ്‌വത്കരിക്കുകയാണെന്നും മാധ്യമങ്ങള്‍ പക്ഷപാതികളാകാന്‍ മത്‌സരിക്കുന്ന അവസ്ഥയാണെന്നും തുടര്‍ന്ന് സംസാരിച്ച ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വിഷലിപ്തമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലെ ഇളക്കാന്‍ പറ്റാത്തതെന്ന് കരുതുന്ന നിശ്ചയങ്ങളെ തച്ചുടയ്ക്കാന്‍ യുവതലമുറയ്ക്കാകണമെന്ന് ജയ്ഹിന്ദ് ടി.വി ചീഫ് എഡിറ്റര്‍ കെ.പി. മോഹനന്‍ പറഞ്ഞു.
നിഷ്പക്ഷതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധാരണജീവിതം നയിക്കാനാവാത്തവിധം ഭീഷണിയാണ് നേരിടേണ്ടിവരുന്നതെന്ന് മാതൃഭൂമി ന്യൂസിലെ ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല പറഞ്ഞു. ഇത് അന്തസ്സോടെ ജോലി ചെയ്യാനാവാത്തവിധമുള്ള തൊഴില്‍സുരക്ഷിതത്വത്തിന്റെ പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ സ്വാധീനം ഇന്ന് കുറച്ചുകാണാനാകില്ലെന്ന് കെ.യു.ഡബ്‌ള്യൂ.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അഭിപ്രായപ്പെട്ടു.
കോര്‍പറേറ്റ് ലോകത്തില്‍ പത്രങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്നുവെന്നും എഡിറ്റര്‍മാരുടെ പ്രസക്തി നഷ്ടമാകുന്നെന്നും ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ വി.ബി. പരമേശ്വരന്‍ പറഞ്ഞു. ഏറ്റവും അടിത്തട്ടിലുള്ള ആളുകള്‍ക്ക് പോലും പ്രതികരിക്കാന്‍ കഴിയുന്ന സമൂഹമാധ്യമങ്ങള്‍ക്കു പോലും കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉടമയുടെ സ്വാധീനം എല്ലാ പത്രങ്ങളിലുമുണ്ടെങ്കിലും വായനക്കാരന്റെ താത്പര്യം പരിഗണിച്ചു മാത്രമേ പത്രങ്ങള്‍ക്ക് മുന്നോട്ടുപോകാനാവൂയെന്ന് മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ പ്രക്ഷോഭകാരികളാകുന്നതിലപ്പുറം നല്ല ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും നിലനില്‍ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാ സീമകളും ലംഘിക്കുകയാണെന്നും സമൂഹമാധ്യമത്തിലോ മറ്റേതു മാധ്യമത്തിലോ ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യം പൊതുസമൂഹത്തിന് ഗുണമാകില്ലെന്നും ജനയുഗം ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഗീതാ നസീര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ലോകനിലവാരമുള്ളവയാണെന്നും പത്രങ്ങളില്ലാത്ത അവസ്ഥ വരില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് പറഞ്ഞു. വിശ്വാസ്യത നിലനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പത്രങ്ങള്‍ക്ക് ഇനിയും പ്രത്യാശക്ക് വകയുണ്ടെന്നും ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കാലങ്ങളോളം നിലനില്‍ക്കുമെന്നും ജന്‍മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു.
സന്ദേഹങ്ങളെ പ്രത്യശകളാക്കാനുള്ള അവസരങ്ങള്‍ മാധ്യമരംഗത്തുണ്ടെന്നും ഇന്ന് തൊഴിലിടങ്ങള്‍ വിശാലമാകുകയാണെന്നും ഇന്നെന്നും കെ.യു.ഡബ്‌ള്യൂ.ജെ ജില്ലാ സെക്രട്ടറി ആര്‍. കിരണ്‍ബാബു അഭിപ്രായപ്പെട്ടു.
രാവിലെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. എല്ലാവര്‍ക്കും നീതി എത്തിക്കാനാകുന്ന കാവലാളായി നിലനില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആമുഖപ്രഭാഷണം നടത്തി. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് സ്വാഗതവും അഡീ. ഡയറക്ടര്‍ പി. വിനോദ് നന്ദിയും പറഞ്ഞു. കേരള മീഡിയ അക്കാദമി, കെ.യു.ഡബ്‌ള്യൂ.ജെ, പ്രസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Share: